കേൽകർ നിയമനം: വി.ഡി. സതീശന് തുടക്കം പിഴച്ചോ?മുഖ്യമന്ത്രിക്ക് കോർപറേറ്റ് താത്പര്യമെന്നും ആക്ഷേപം.
രതീഷ് കൃഷ്ണരാജ്
24 May 2026, 3:23 pm
മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി ചീഫ് ഇലക്ടറൽ ഓഫീസറായ രതൻ കേല്‍ക്കറെ നിയമിച്ചതിൽ രാഹുല്‍ ഗാന്ധിക്കും ഹൈക്കമാന്‍ഡിനും കടുത്ത അതൃപ്തിയാണുള്ളത്.
പശ്ചിമ ബംഗാളിലെ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സെക്രട്ടറിയായി ബംഗാളിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിയമിതനായതിനെ ചൊല്ലി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ട് ചോരി വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് കേരളത്തിൽ രത്തൻ യു കേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയായി നിയമിച്ചത്.
കോണ്‍ഗ്രസിനെ ഞെട്ടിച്ച്'മംഗലാപുരം കൂടിക്കാഴ്ച'യ്ക്ക് പിന്നാലെ കേല്‍ക്കര്‍ നിയമനവും. ഇപ്പോൾ കെ.എസ്.ശബരിനാഥനെ പൊളിട്ടിക്കല്‍ സെക്രട്ടറിയായി നിയമിക്കാൻ ശ്രമിക്കുന്നതും ചേർത്ത് വായിക്കുമ്പോൾ സതീശന്റെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
ആഭ്യന്തര ജനാധിപത്യവും കൂട്ടായ നേതൃത്വവും പ്രസംഗിച്ച് അധികാരത്തിലേറിയ മുഖ്യമന്ത്രി സതീശന്റെ ഓരോ നീക്കവും ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള കടുത്ത നിരീക്ഷണത്തിലാണെന്നാണ് സൂചനകൾ. എല്‍ഡിഎഫ് ഉന്നയിച്ച അദാനി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ആരോപണങ്ങള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും സതീശന്റെ ചില നീക്കങ്ങളെ സംശയത്തോടെയും അതൃപ്തിയോടെയുമാണ് കാണുന്നത്.
ഹൈക്കമാന്‍ഡിനെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായ രത്തന്‍ യു. കേല്‍ക്കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതാണ്.
ദേശീയതലത്തില്‍ ബിജെപിയും കേന്ദ്ര ഏജന്‍സികളും തിരഞ്ഞെടുപ്പ് കമ്മിഷനെ ദുരുപയോഗം ചെയ്യുന്നു എന്ന വാദമുയർത്തി നിരന്തരം പോരാടുന്ന രാഹുല്‍ ഗാന്ധിക്ക്, കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ ഈ തിടുക്കത്തിലുള്ള നിയമനം ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒന്നായി മാറി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായ ഉടന്‍ വി.ഡി. സതീശന്‍ മംഗലാപുരത്തേക്ക് നടത്തിയ രഹസ്യ യാത്രയാണ് മറ്റൊരു പുകിലായിരിക്കുന്നത്. സതീശന്‍ കൂടിക്കാഴ്ച നടത്തിയത് അദാനിയുടെ ഉന്നത പ്രതിനിധിയുമായാണെന്നാണ് ആക്ഷേപം. അദാനി ഗ്രൂപ്പിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ ഗാന്ധി കടുത്ത യുദ്ധം നയിക്കുമ്പോള്‍, കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അദാനിയുടെ ആളുകളെ കണ്ടത് എന്തിനായിരുന്നു എന്ന ചോദ്യം എഐസിസി നേതൃത്വത്തിൽ തന്നെ ഉയരുകയാണ്.
തുറമുഖവകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വെക്കണമെന്ന് സതീശന്‍ വാശി പിടിച്ചിരുന്നു. വകുപ്പ് മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്നതിന് പിന്നില്‍ മംഗലാപുരം കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ 'അദാനി ഡീല്‍' ആണോ എന്ന സംശയം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അനുയായികള്‍ പരസ്യമായി പങ്കുവെക്കുന്നുണ്ട്.
ആക്ഷേപങ്ങൾക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെ.എസ്. ശബരിനാഥനെ നിയമിക്കാനുള്ള സതീശന്റെ നീക്കം. വിഴിഞ്ഞം അദാനി പോര്‍ട്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ ദിവ്യ എസ്. അയ്യരുടെ ഭര്‍ത്താവാണ് മുന്‍ എം.എല്‍.എ കൂടിയായ ശബരിനാഥന്‍. ഈ നിയമന നീക്കവും കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നാണ് ആക്ഷേപം.
രത്തന്‍ കേല്‍ക്കറെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുവരുന്ന കാര്യം മുസ്ലീം ലീഗ് ഉൾപ്പെടെ മുന്നണിയിലെ പ്രമുഖ നേതാക്കളാരും അറിഞ്ഞിരുന്നില്ല. സതീശന്റെ ഈ ഏകപക്ഷീയമായ ശൈലി മുന്നണിക്കുള്ളിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
പാര്‍ട്ടി താല്പര്യങ്ങളേക്കാള്‍വ്യക്തിപരമായ ഇമേജ് വര്‍ദ്ധിപ്പിക്കാനും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാനുമാണ് സതീശന്‍ ശ്രമിക്കുന്നതെന്ന വികാരമാണ് മറ്റു ഗ്രൂപ്പുകളിലൂടെ പാര്‍ട്ടിയില്‍ പടരുന്നത്.
രത്തന്‍ കേല്‍ക്കറുടെ നിയമനം ഉയര്‍ത്തിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഇതിനകം തന്നെ എഐസിസിക്കു മുന്നിൽ എത്തിക്കഴിഞ്ഞു. അദാനി വിഷയത്തില്‍ പാര്‍ട്ടി ദേശീയതലത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായി കേരളത്തിലെ മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് നല്‍കിയതായാണ് സൂചന.