NewsAd1
അന്തമില്ലാ കയങ്ങളിലേക്കിതാ ഹന്ത താഴുന്നു... താഴുന്നു
ശ്രീധരൻ നീലേശ്വരം
8 June 2026, 6:08 pm
main image of news

കേരളത്തിലെ സകലമാന തട്ടിപ്പിലും വെട്ടിപ്പിലും അഴിമതിയിലും അഴിഞ്ഞാട്ടത്തിലും ഒരു ഭാഗത്ത് സിപിഎമ്മിനെ അടയാളപ്പെടുത്താൻ നിർബ്ബന്ധിതമാകുന്ന കാലമാണിത്.

സ്ഥാപനവൽക്കരിക്കപ്പെട്ട വെട്ടിപ്പ് സംവിധാനം പതിറ്റാണ്ടുകൾ കൊണ്ട് ഇവിടെ മെടഞ്ഞെടുത്തിരിക്കുന്നു.. പണം വരുന്ന വഴിത്താരകളികളിൽ ഇടവഴി വെട്ടാൻ ആൾബലവും അധികാരവും സുലഭം. .പാദസേവ ചെയ്യാൻ ഉദ്യോഗസ്ഥരെയും കിട്ടി. അങ്ങനെ നാലാം
ക്ലാസും ഗുസ്തിയും ചട്ടമ്പിത്തരവും സ്വായത്തമാക്കിയ ഘടാഘടിയന്മാർ മാനേജ്മെന്റ് വിദഗ്ധരെ പോലും ഞെട്ടിച്ചു.

 image 2 of news

ഇതൊക്കെ ചോദ്യം ചെയ്താൽ തീർന്നു. അവനെയും കുടുംബത്തെയും അവർ പുകയ്ക്കും. കഴിഞ്ഞ പത്തു വർഷം നാട്ടുകാർക്ക് പണി കൊടുത്ത പലരെയും തിരഞ്ഞെടുത്ത പ്രബുദ്ധ പൗരാവലിയെ സമ്മതിക്കണം.1977ലെ പൊതു തെരഞ്ഞെടുപ്പിൽ ബീഹാറികൾ പുലർത്തിയ പൊതു ബോധം പോലും നമുക്കില്ലാതെ പോയി..ഇന്നും ചിലേടങ്ങളിൽ അത് ആവർത്തിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് പകൽ കൊള്ളയാണ്.തട്ടിപ്പും വെട്ടിപ്പും മാത്രമല്ല കള്ളപ്പണം വെളുപ്പിക്കലുമായിരുന്നു. അതു കൈയ്യൊടെ പിടിച്ചപ്പോൾ പഴി മുഴുവൻ കോൺഗ്രസ്സിനും ബിജെപിക്കും ഇ ഡിക്കും! എന്താ കഥ. നിയമപരമായി നേരിടുമെന്നാണ് ഭീഷണി. .രാഷ്ട്രീയമായും നേരിടുമെന്ന് അടുത്ത വാരം പറയും.
HomeAd1
 image 3 of news

ഇ ഡിയാണ് ഇപ്പോൾ വില്ലൻ. പണ്ട് മോദിയും അമിത്ഷായും ഇ ഡിക്കു മുന്നിലിരുന്നു വിചാരണ നേരിട്ടത് മണിക്കൂറുകളാണ് . രാഹുൽ ഗാന്ധിയും അതു നേരിട്ടു. ഒരു സമയത്തും ആരും രക്ഷാ പ്രവർത്തനത്തിന് പാർട്ടി ഗുണ്ടകളെ നിയോഗിച്ചിട്ടില്ല. രാജീവ് ഗാന്ധിയെ വിഴുങ്ങിയ ബൊഫോഴ്സ് കേസിൽ അർമാദിച്ചവരും കൊള്ളിവാക്കുകൾ പറഞ്ഞു നടന്നവരും വെണ്ടക്കാ നിരത്തിയവരും കുറ്റിയറ്റു പോയിട്ടില്ല.അന്ന് സംശുദ്ധതയുടെ ആൾരൂപങ്ങളായിരുന്ന മാന്യർക്ക് ഇന്ന് കോടതിയിൽ നിന്നിറങ്ങാൻ സമയമില്ലാതായി.ശിവശിവ!

കുപ്രസിദ്ധമായ ലാവ്‌ലിൻ കേസിനു മുന്നിൽ ബൊഫോഴ്സ് ഒരു കുഞ്ഞനെലി മാത്രം..
ലാവ് ലിൻ,ലക്ഷണമൊത്ത പണാപഹരണ കേസാണ്. പ്രതിപ്പട്ടികയിലെ ചില സാങ്കേതികതകൾ കൂട്ടാളികൾക്കു പിടിവള്ളിയായി.ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള കോടതി കേസിലെ വിചാരണ മാറ്റിവച്ചതിന്റെ എണ്ണമെടുത്താൽ ഉടനെയുണ്ട് ഡയമണ്ട് ജൂബിലി! ഇനി ഈ കേസിലെ പ്രതികളായ മടിയിൽ കനമില്ലാത്തവർക്ക് കൈ ഉയർത്താം.

 image 4 of news

കള്ളത്തരങ്ങളുടെയും വെട്ടിപ്പുകളുടെയും പരമ്പര തഴച്ചത് സിസ്റ്റത്തെ മുതലെടുത്തായിരുന്നു. കിംഗ് പിന്നുകൾ സേഫായി. പെട്ടു പോയത് ഗുമസ്തനും കണ്ടു നിന്നവരും മാത്രം. .

അഴിമതിയും അപഹരണവും നിത്യ സാധനയാക്കി. ഈ ഭൂമി മലയാളത്തിലെ തൂണിലും തുരുമ്പിലും അതവർ പടർത്തി. പത്താണ്ടിലെ നാൾവഴി അതായിരുന്നു. പരാതിയുമായി പോയാൽ പോകുന്നവന്റെ ശവമെടുപ്പാവും ഫലം. അതായിരുന്നു നടപ്പു രീതി.
ഓരോ അഴിമതിക്കു മുമ്പും പിമ്പും അണികളുടെ തല പെരുപ്പിക്കാൻ തൊഴിലാളി വർഗ സാർവ്വദേശീയതയും ത്യാഗസ്മരണയും വറുത്ത് കോരും.. അന്തങ്ങൾക്ക് അതു മതി.
നിലാവിന്റെ നിറവിൽ നിശ മുഴുവൻ കക്കാൻ കഴിയുമോ ?ഒരാളെയും നിയതി ഇല്ലെന്നു നീതിസാരം.

ആലപ്പുഴയിൽ ഫാക്ടറി തുടങ്ങിയ സായിപ്പുമാരും ഒന്നും രണ്ടും പറ നെല്ലു പത്തായത്തിൽ സൂക്ഷിച്ച ഒരുപിടി മാന്യന്മാരും സംയുക്തമായി വിളയിച്ചതാണ് യഥാർത്ഥത്തിൽ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം. റഷ്യൻ നാടോടി കഥകളുടെ വിവർത്തനം വായിച്ചു മയങ്ങി നാട്ടുവഴികളിൽ നാം കലാപം അഴിച്ചുവിട്ടു. സ്വാതന്ത്യം എന്ന സ്വർഗ സങ്കല്പം പൂത്തുലഞ്ഞ നാളുകൾ! അന്നത്തെ ഇന്ത്യയിലെ എണ്ണം പറഞ്ഞ വികസനത്തിന്റെ രാജശില്പികളിലൊരാളായ സർ സിപിയെ നമ്മുടെ വില്ലനാക്കിയത് അടിസ്ഥാനമില്ലാത്ത ഭാവനകളായിരുന്നു.

സർ സിപിയുടെ അമേരിക്കൻ മോഡൽ നടപ്പായിരുന്നെങ്കിൽ കഴ്സൺ പ്രഭു വിശേഷിപ്പിച്ച പോലെ കേരളം ഒരു വെനീസും സ്വിറ്റ്സർലൻഡും ആകുമായിരുന്നു. നമ്മുടെ നാടും കാടും വയലും മലയും കായലും നാട്ടുചന്തവും കെട്ടു പോകുമായിരുന്നില്ല കണ്ടവന്റെ മുന്നിൽ മലയാളിക്ക് കൈനീട്ടേണ്ടി വരുമായിരുന്നില്ല. ഇനി കരഞ്ഞിട്ട് കാര്യമില്ല.തലേലെഴുത്തിന് തലേൽ മാന്തിയാൽ മായില്ല. ശുഭം.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞