കോൺഗ്രസ്സുകാർക്ക് ഇനി നെഹ്രുവിന്റെ പ്രധാനമന്ത്രിയെന്ന നിലയിലെ റെക്കോർഡിനെച്ചൊല്ലി മേനി പറയാനാവില്ല. രാജ്യത്ത് കോൺഗ്രസ്സിന്റെ അടിവേരറുത്ത നരേന്ദ്ര ദാമോദർദാസ് മോദിഅതും കൊണ്ടുപോയി...
അതേ സമയം ദില്ലിയിൽ'എങ്കിലും നീ വന്നല്ലോടി' എന്ന മട്ടിൽ ഇന്ത്യയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറുടെ മാതാവ് സോണിയാജി, ബംഗാൾ പൂച്ചയായി മാറിയ മമതയെ കെട്ടിപ്പിടിക്കുന്ന ദൃശ്യം കണ്ട് കോൺഗ്രസ്സ് അണികൾ പോലും മൂക്കത്ത് വിരൽ വെച്ചു പോയി. ബംഗാളിൽ പണ്ട് കടുവയായിരുന്നപ്പോഴത്തെ കൊലവിളികളും ചീത്തവിളികളും മറന്ന്, വെറും രണ്ടു തുള്ളി കണ്ണീരിനും കരച്ചിലിനും മൂക്ക് പിഴിച്ചിലിനും ഒടുവിൽ സോണിയാജി പേരിൽ മാത്രം മമതയുള്ള ആ സ്ത്രീയെ നെഞ്ചോട് ചേർത്തു. ഇറ്റാലിയൻ സാരിത്തുമ്പ് കൊണ്ട് കണ്ണീരൊപ്പി.
അനന്തരവൻ അഭിഷേകിനെ സ്ത്രീകൾ തെരുവിൽ കൈകാര്യം ചെയ്ത കഥ വല്യമ്മച്ചിയോട് പറഞ്ഞ് മമത കരഞ്ഞെന്നാണ് കോൺഗ്രസുകാരുടെ അടക്കംപറച്ചിൽ. രാഷ്ട്രീയം കൊണ്ട് വട്ടുപിടിക്കുമ്പോൾ പട്ടായയിലും ഗൗരവമുള്ള മറ്റ് യോഗങ്ങൾക്ക് മുമ്പും പിമ്പും ഇടയിലും സ്കൂബാ ഡൈവിങ്ങിനും ചില്ലടിക്കാനും പോകുന്ന രാഹുലിനേക്കാൾ എത്രയോ ഭേദമാണ് അഭിഷേക് ബാനർജി എന്ന സത്യം ഇറ്റാലിയൻ സാരിത്തുമ്പ് കൊണ്ട് സോണിയയിലെ മാതൃത്വം മറച്ചുപിടിച്ചു.
സയാമീസ് ഇരട്ടകളെപ്പോലെ നടന്നിരുന്ന പലരും ഇത്തവണ ഇണ്ടി സഖ്യത്തിന്റെ മീറ്റിംഗിൽ നിന്ന് വലിഞ്ഞത് സ്വാഭാവികം. അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന കോൺഗ്രസ് നിലപാടിൽ സ്റ്റാലിൻ മുറുമുറുപ്പിലായതും സ്വാഭാവികം. ഓൻ മോദിയുടെ ഡിജിറ്റൽ ചൂണ്ടയിൽ കൊത്തിയതായാണ് ഒടുവിൽ കിട്ടുന്ന വിവരം. ഇനിയിപ്പോൾ അവർ പരസ്പര സഹായസഹകരണ സംഘമായി മാറിയേക്കാം. കാലമിത്രയും ദീദിയുടെ പാദപൂജ ചെയ്ത് ജീവിക്കേണ്ടിവന്ന തൃണമൂൽ കോൺഗ്രസിലെ പുരുഷകേസരികൾ, അവസരം കിട്ടിയതോടെ മോദിയുടെയും അമിത് ഷായുടെയും ചിറകിനടിയിൽ ഒളിക്കാനായി കാവി വസ്ത്രം തുന്നുന്ന തിരക്കിലാണിപ്പോൾ. ജയ് ശ്രീറാം വിളിച്ച് തൊണ്ട ശുദ്ധിയാക്കുന്നു. മേൽതട്ട് രാഷ്ട്രീയത്തിൽ മാത്രം സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന പരമസത്യം അവർ വീണ്ടും തെളിയിക്കുന്നു.
കേരളത്തിൽ വന്ന് 'കാരണഭൂതനെ' തെറി പറഞ്ഞതിന് പരിഹാര പൂജ ചെയ്തില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് കടക്കുമെന്നാണ് സിപിഎമ്മിന്റെ പരമോന്നത പദവിയിലിരിക്കുന്ന ബേബിക്കുട്ടന്റെ ഭീഷണി. സംഗതി സൂചിപ്പിച്ച് കോൺഗ്രസ് പ്രസിഡന്റ് ഖാർഗെക്ക് ഇതിയാൻ കത്തയച്ചിട്ടുണ്ട്. കലികാല വൈഭവം! ചിന്തയിലും പ്രവൃത്തിയിലും അംഗ പരിമിതരായ പ്രതിപക്ഷ നേതാക്കളുടെ ഈ മുടന്തൽ മുതലെടുത്ത് നെഹ്റുവിന്റെ റെക്കോർഡുകൾ നരേന്ദ്ര മോദി മറികടന്നു.ആ 4399 ഇനി പഴങ്കഥ.ഇങ്ങനെ പോയാൽ മറ്റാരെയും ഇത് മറികടക്കാൻ മോദിജി അനുവദിക്കുകയുമില്ല.
ഭരണചക്രം തിരിക്കുന്ന ആ മച്ചാനെ ആരും ഇതുവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഒട്ടിനിന്നോ കൈക്കൂലി കൊടുത്തോ നേടിയതല്ല ലോകരാഷ്ട്രങ്ങൾ അദ്ദേഹത്തിന് നൽകിയ പരമോന്നത ബഹുമതികളായ 35 സമ്മാനങ്ങൾ.
പ്രതിപക്ഷം തൊടുത്തു വിടുന്ന ജാതി, മത, കസേരകളുടെ വിഷയമ്പുകളും ട്രമ്പിന്റെ നയതന്ത്ര നീക്കങ്ങളുടെ മിസൈലുകളും പോലും മോദിക്ക് പുഷ്പശരങ്ങളായി മാറുന്ന വിചിത്ര മായാജാലത്തിനാണ് രാജ്യവും ലോകവും സാക്ഷ്യം വഹിക്കുന്നത്. സബ് കെ സാഥ് സബ് കാ വികാസ് എന്നു പറഞ്ഞപ്പോൾ പ്രതിപക്ഷം ഇത്രയൊന്നും ചിന്തിച്ചില്ല. പ്രതിപക്ഷത്തെ കൂടി ഉൾകൊള്ളിച്ചു കൊണ്ടുള്ള inclusive Politics. അതാണ് ദേശീയതയിൽ ഊന്നിയുള്ള വികസന മന്ത്രം.
ഇതൊക്കെ മറന്നും പരസ്പരം പാരവെച്ചും കാലുവാരിയും പ്രതിപക്ഷം ശുഷ്കിക്കുമ്പോൾ 56 ഇഞ്ച് നെഞ്ചളവിന്റെ ബലമുള്ള ഭരണപക്ഷം അവരുടെ ഭരണ സിംഹാസനം നൂറ്റാണ്ടുകളിലേക്ക് ഇൻഷ്വർ ചെയ്ത് ഭദ്രമാക്കുന്ന തിരക്കിലാണ്.