കുടുംബത്തിൻ്റെയും സന്താനങ്ങളുടേയും ഐശ്വര്യത്തിന് പരദേവതയെ പൂജിക്കേണ്ടത് അനിവാര്യം
1 May 2024
1 May 2024, 3:12 am
പരദേവത, ഭരദേവത, കുലദേവത എന്നിവയെല്ലാം ഒന്നാണോ...? പരദേവതയെ കണ്ടെത്തുന്നതെങ്ങനെ? പരദേവതയെ പൂജിച്ചില്ലെങ്കിലുള്ള ദോഷമെന്ത്? പരദേവത ഏതെന്നറിയാത്തപ്പോൾ എന്ത് ചെയ്യണം.
ഒന്നാമതായി പരദേവത, ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒന്നാണോയെന്ന് ചിന്തിക്കാം.
ഈ നാമങ്ങളെല്ലാം ഒരേ അർത്ഥത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിഘണ്ടുക്കളിൽ കാണപ്പെടുന്നു. ഒരു കുടുംബമോ ,ഒരു വംശമോ പാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്നതും കുടുംബത്തിന്റെയോ വംശത്തിന്റേയോ രക്ഷയുടെ ചുമതലയുള്ളതുമായി സങ്കല്പിക്കപ്പെടുന്നതുമായ ദേവതയാണ് പര ദൈവം. ഓരോ നാമങ്ങളും ഈ അർത്ഥത്തെ പ്രകാശിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
'പരദേവത'' എന്ന നാമത്തിന് കുടുംബ ദൈവം അഥവാ കുടുംബ ദേവത.
'ഭര ദേവത'യെന്ന നാമത്തിൽ 'ഭര'യെന്ന വാക്കിന് ഭരിക്കുക, രക്ഷിക്കുക, താങ്ങുക എന്നീ അർത്ഥങ്ങളാണുള്ളത്. കുടുംബത്തിന്റെ അല്ലെങ്കിൽ വംശത്തിന്റെ രക്ഷയുടെ ചുമതലയുള്ളതിനാൽ ആ വംശത്തെ രക്ഷിക്കുന്നവൻ അഥവാ വഹിക്കുന്നവൻ, എന്ന അർത്ഥത്തിൽ പരദേവത ഭര ദേവതയായി.
'കുലദേവത'യെന്നാൽ കുലത്തെ സംരക്ഷിക്കുന്ന ദേവത. ഒരു കുലത്തിന്റെ ദേവതയാണ് കുലദേവത.
ഇനി ധർമ്മദേവത' എന്തെന്ന് നോക്കാം. ഓരോ കുടുംബത്തിനും അല്ലെങ്കിൽ വംശത്തിനും ആചരിക്കേണ്ടതായ ചില ധർമ്മങ്ങളുണ്ട്. കുലത്തെ സംരക്ഷിക്കുന്ന ദേവത തന്നെയാണ് ആ വിധ ധർമ്മങ്ങളെയും ഭരിക്കുന്നത് അഥവാ സംരക്ഷിക്കുന്നത്.
" കുലം ച കുലധർമ്മം ച മാം ച പാലയ പാലയ''
അങ്ങനെ കുലധർമ്മങ്ങളെ പാലിക്കുന്നതിനാൽ പരദേവത ധർമ്മദേവതയുമാകുന്നു. കൂടാതെ ധർമ്മ ദേവതക്ക് വംശപാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്ന ദേവതയെന്ന് ശബ്ദതാരാവലിയിൽ പറയുന്നു. ഈ വിധം പരദേവത ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒരേ അർത്ഥത്തെ തന്നെയാണ് ദ്യോതിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം.
ഇനി മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് നോക്കാം. ഇവിടെ മാതാവു വഴി പിതാവു വഴി എന്നതിന് പ്രസക്തിയില്ല. കാരണം പൂർവ്വികാചാര്യന്മാർ ധർമ്മദേവത അഥവാ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം എവിടെയും പറയാത്തതിനാൽ രണ്ട് വഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്ന് പറയാൻ കഴിയും.
പരദേവതയാരെന്ന് കണ്ടെത്തുവാൻ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും -
ഇനി എങ്ങനെയാണ് ആരാധിക്കേണ്ടത്?
കൗളാചാരപ്രകാരമോ സമയാചാരപ്രകാരമോ വേണ്ടത്?
'എന്തു ചെയ്തു പണ്ടുള്ളോരെന്നറിഞ്ഞതു ചെയ്യണം
ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ "
അതിനാൽ പൂർവ്വികർ ആചരിച്ചിരുന്നത് ഏത് വിധമെന്നറിഞ്ഞ് അതേ വിധം ആചരിക്കുകയാണ് വേണ്ടത്. മറ്റൊരു രീതിയിലുമുള്ള ആചരണത്തിന് പ്രസക്തിയില്ലായെന്ന് ഇതിനാൽ വ്യക്തമാകുന്നു.
എങ്ങനെ പരദേവതയെ പൂജിക്കണമെന്ന് വ്യക്തമാക്കി.
പരദേവതാപൂജ ചെയ്തില്ലെങ്കിൽ എന്താണ് ദോഷം?
കുടുംബങ്ങളിൽ ദുർമ്മരണങ്ങളും രോഗ ദുരിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും സന്താന പ്രശ്നങ്ങളും ഐശ്വര്യക്ഷയവും തീവ്രതരമായ രീതിയിൽ അനുഭവിക്കാൻ ഇത് കാരണമാകുന്നു. എന്നാൽ വിധി പ്രകാരം പൂജിച്ചാൽ 'ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ ' എന്ന് പ്രശ്ന രീതിയിൽ പറയുന്നു. അതായത് കുലദൈവം അഥവാ പരദേവത പ്രസാദിച്ചാലേ കുടുംബത്തിൽ ഐശ്വര്യമുണ്ടാവൂ.
പ്രശ്നമാർഗ്ഗം 15-ാം അധ്യായം 30-ാം ശ്ലോകം നോക്കുക.
' വാച്യാ ഭക്ത്യാ പ്രതിസമമിദം പൂജനീയം
സമൃദ്ധ്യൈ '-
ഈ ധർമ്മദൈവം കുടുംബസമൃദ്ധിക്ക് വേണ്ടി പ്രതിസമം അഥവാ പ്രതിവർഷം അല്ലെങ്കിൽ വർഷം തോറും ഭക്തിപൂർവ്വം പൂജിക്കപ്പെടേണ്ടതാണ്. അതിനാൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പരദേവതയെ ഭക്തിപൂർവ്വം പൂജിക്കണമെന്നും അതിലൂടെ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ എന്നും തെളിയുന്നു.
കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? അപ്പോൾ ആരെ ആരാധിക്കണം.
ഇത് പലർക്കും സംശയമാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ യാതൊരു വിഷമവും വേണ്ട, സകല ദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്. എങ്ങനെയെന്നാൽ പരദേവത, കുലദേവതാ ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം.
ഒന്നാമത് പരദേവതയെടുക്കാം.
'പര ' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ, പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ദേവതയെന്ന വാക്ക് 'ദിവ്' എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം. അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു. കൂടാതെ 'പര ' എന്നത്
ശബ്ദത്തിന്റെ ആദിരൂപമാണ്.
പരദേവത, ഭരദേവത എന്നിവയെന്തെന്ന് വ്യക്തമാക്കി. ഇനി കുലദേവതാപ്പൊരുൾ നോക്കാം.
കുലം' എന്നതിന് അനേകം അർത്ഥങ്ങളുണ്ട്.
'കുലം ജനപഥേ ഗൃഹേ സജാതീയ
ഗണേ ഗോത്രേ ദേഹേപി കഥിതം'
എന്ന് വിശ്വകോശം.
അതായത് ജനപഥം, ഗൃഹം, സജാതീയ ഗണം, ഗോത്രം, ദേഹം എന്നർത്ഥം. കൂടാതെ വംശം, ദേശം, വർഗ്ഗം, എന്നീ അർത്ഥങ്ങളുമുണ്ട്. ദേവി ഇതിലെല്ലാം സ്ഥിതി ചെയ്യുന്നു.
'പൂജനീയാ ജനൈർദേവി
സ്ഥാനേ സ്ഥാനേ പുരേ പുരേ
ഗൃഹേ ഗൃഹേ ശക്തിപരെർ
ഗ്രാമേ ഗ്രാമേ വനേ വനേ'
ഓരോഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ യോഗ്യതയുള്ളവളാണ് ശ്രീദേവിയെന്നർത്ഥം. അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ് പരമേശ്വരി.
ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം 'കുലസങ്കേതപാലിനി' എന്നാണ്. ഇവിടെ സങ്കേതം എന്നതിന് 'പ്രജ്ഞപ്തി' യെന്ന് പര്യായം. അതായത് ജ്ഞാനം എന്നർത്ഥം (ശബ്ദകല്പദ്രുമം വർഗ്ഗീയവ്യഞ്ജന ഖണ്ഡം) പാലിനിയെന്നാൽ പാലിക്കുന്നവൾ, രക്ഷിക്കുന്നവൾ എന്നർത്ഥം. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ അനേകം കുലങ്ങളെ അഥവാ വംശങ്ങളെയും കുല ജ്ഞാനത്തേയും പാലിച്ചുകൊണ്ട്,രക്ഷിച്ചു കൊണ്ട് നിലകൊള്ളുന്നതിനാൽ ദേവി കുലദേവതയാണ്.
തങ്ങളുടെ ധർമ്മ ദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മ ദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, മുലകുടുംബത്തിൽ നിന്നും വേർപെട്ട് വദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാൽ യഥാവിധി പരദേവതാ പൂജ നടത്തുവാൻ സാധിക്കാത്തവരും ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ.
ഇനി 'ധർമ്മദേവത'യെന്ന നാമം പരിശോധിക്കാം.
ലളിതാസഹസ്രനാമത്തിലെ 884-ാം നാമം ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം. ധർമ്മമെന്നാൽ സംവർത്ത സ്മൃതി പറയുന്നു,
' യസ്മിൻ ദേശേ യ ആചാരാ പാരമ്പര്യക്രമാ ഗത :
ആമ്നായൈരവിരുദ്ധശ്ച സ ധർമ്മ
പരികീർത്തിത: '
വേദങ്ങളുടെ വിധി നിഷേധങ്ങൾ അനുസരിച്ച് ഓരോ ദേശത്തും പരമ്പരയായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ് ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കുമെല്ലാം ഓരോരോ ധർമ്മങ്ങളുണ്ട്. അത് കാലദേശങ്ങൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കും. അതുപോലെ ജന്മ സ്വഭാവം, സാഹചര്യങ്ങൾ, ജനിതക പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തിധർമ്മങ്ങളും വിത്യസ്തമാകുന്നു. എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും ഒരുപോലെയുള്ള ചില ധർമ്മങ്ങളുണ്ട്.
ഉദാ: മാതാപിതാ ഗുരുർ ദൈവം. അച്ഛനെയും അമ്മയെയും ഗുരുവിനെയും ഈശ്വരനായി കണ്ട് നമസ്ക്കരിക്കണം. ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ വംശപാരമ്പര്യമനുസരിച്ചുള്ള ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെയാണ്.
അതിനാൽ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ധർമ്മദേവതയുമായി.
ഇനി ധർമ്മയെന്നതിന് 'ധരതി ലോകാൻ
ധ്രിയതേ ' എന്ന അർത്ഥത്തിൽ ലോകത്തെ ധരിക്കുന്നത് എന്നർത്ഥം കാണുന്നു. ആധാരാ എന്നാൽ ആധാരമായവൾ എന്നർത്ഥം. അപ്പോൾ ലോകത്തെ ധരിച്ച് അതിന് ആധാരമായി പ്രകാശിക്കുന്നവളാകയാൽ ദേവി ധർമ്മദേവതയുമാകുന്നു.
ഈ ലോകത്തെ സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതും ദേവി തന്നെയാണ്. ഇങ്ങനെ പിന്നെയും പിന്നെയും ദേവിയാൽ ഈ വിശ്വം ധരിക്കപ്പെടുന്നു.
ഇങ്ങനെ' കുലദേവതാ ' നാമവും വിശദമാക്കി.
കുടുംബദേവതകൾ, ഗ്രാമദേവതകൾ, ദേശ ദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു.
"ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ
മമാ പരാ'
ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ.
അതിനാൽ സച്ചിദാനന്ദ സ്വരൂപിണിയായിരിക്കുന്ന, ലഷ്മിയായും കാളിയായും, പാർവ്വതിയായും, സരസ്വതിയായും, ശിവനായും, വിഷ്ണു വായും, ദുർഗ്ഗയായും, അന്നപൂർണ്ണേശ്വരിയായും എല്ലാമായി വിളങ്ങുന്ന സകലദേവതാശക്തികളും ഏകീഭവിച്ച ആ നിത്യ ലീലാമയിയെ, അന്യ ദേവന്മാർ തങ്ങളുടെ കരങ്ങളെക്കൊണ്ട് അഭയവരങ്ങളെ കൊടുക്കുമ്പോൾ തന്റെ ചരണങ്ങളെ കൊണ്ടു തന്നെ സർവ്വ ഐശ്യര്യങ്ങളെയും കൊടുക്കുന്ന, കടാക്ഷ വീക്ഷണത്താൽ തന്നെ അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിക്കുന്ന, അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിക്കുന്ന സൂര്യോ ദയമായ, മന്ദന്മാർക്ക് ബുദ്ധിവികാസമാകുന്ന കല്പകവൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേ നിന്റെ പ്രവാഹമായ, ദരിദ്രന്മാർക്ക് ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണിരത്നത്തിന്റെ സമൂഹമായ, ജനന മരണ സ്വരൂപമായ സംസാരസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് അതിൽ നിന്നുമു
യർത്തുന്നതിനുള്ള വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റയായി ഭവിക്കുന്ന സാക്ഷാൽ ലളിതാ പരമേശ്വരിയുടെ അനുഗ്രഹത്താൽ സകല ദേവതാ പ്രസാദവും ലഭിക്കുന്നതാണെന്ന് വ്യക്തമാകുന്നു.
No keywords
Recent in Astrology
Must Read
Latest News
In News for a while now..