മലയാളി മറന്ന മലയാള പുത്രൻ്റെ ചരിത്രം പറഞ്ഞ് വടക്ക് നിന്നൊരു ചലച്ചിത്രം
3 days ago
അറിയാം സി. ശങ്കരൻ നായർ എന്ന ധീര ദേശാഭിമാനിയെ...
പഴയ മലബാർ പ്രദേശത്ത്, ഇന്നത്തെ പാലക്കാട് ജില്ലയിലെ മങ്കര എന്ന സ്ഥലത്ത് 1857 ൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിക്കുന്നു. കോഴിക്കോട് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് മദ്രാസ് പ്രസിഡൻസി കോളെജിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. തുടർന്ന് വിദേശത്ത് ഉന്നത വിദ്യാഭ്യാസം. പഠനത്തിന് ശേഷം ബ്രിട്ടീഷ് കോടതിയിൽ ബാരിസ്റ്ററായി ജോലി ചെയ്യാൻ തുടങ്ങി. ചെറുപ്പം മുതൽ ദേശീയ പ്രസ്ഥാനമായിരുന്ന കോൺഗ്രസിൽ ശങ്കരൻ നായർ സജീവമായിരുന്നു. 1897 ൽ AlCC യുടെ പന്ത്രണ്ടാമത്തെ പ്രസിഡൻ്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പണ്ഡിതനും ദേശീയവാദിയും സർവ്വോപരി രാഷ്ട്ര തന്ത്രജ്ഞനുമായ ചേറ്റൂർ ശങ്കരൻ നായർക്ക് 1912 ൽ ബ്രിട്ടീഷ് സർക്കാർ ‘സർ’പദവി നൽകി ആദരിച്ചു. നായരുടെ കഴിവും പാണ്ഡിത്യവും കണക്കിലെടുത്ത് അദ്ദേഹത്തെ വൈസ്രോയി എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാക്കി. ഒരു ഭാരതീയന് അക്കാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ പദവിയായിരുന്നു ഇത്. വിദ്യാഭ്യാസ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട മന്ത്രി ആയിട്ടായിരുന്നു അദ്ദേഹത്തിൻ്റെ നിയമനം. ആ ജോലി തുടർന്ന് വരവെയാണ് ചേറ്റൂരിൻ്റെ ജീവിതത്തെ മാറ്റി മറിച്ച സംഭവം നടന്നത്.
1919 ഏപ്രിൽ 13-ന് അമൃത്സറിലെ ജാലിയൻവാലാബാഗിൽ റൗളക്ട് ആക്ടിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ഉത്തരവിട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് നിരായുധരായ സാധാരണക്കാരെ സൈനികർ നിഷ്കരുണം വെടിവച്ചു കൊന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു നിർണായക വഴിത്തിരിവായി ഈ കൂട്ടക്കൊല മാറി.
ബ്രിട്ടീഷ് സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായി. എന്നാൽ കൂട്ടക്കൊലയെ ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇതിൽ കുപിതനായ ചേറ്റൂർ ശങ്കരൻ നായർ ‘സർ’പദവി ഉപേക്ഷിച്ച് പ്രതിഷേധിച്ചു, മാത്രമല്ല വൈസ്രോയി കൗൺസിലിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തു. ആ സമയത്ത് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഏക ഇന്ത്യക്കാരനായിരുന്നു ശങ്കരൻ നായർ. ബ്രിട്ടീഷുകാർ അമ്പരന്നു. അവരുടെ മുന്നിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു നീക്കം. അദ്ദേഹത്തിന്റെ രാജി കൊളോണിയൽ ഭരണകൂടത്തിൽ ഞെട്ടൽ സൃഷ്ടിച്ചു. അദ്ദേഹത്തിൻ്റെ രാജി രാജ്യത്തുടനീളമുള്ള ദേശീയ വികാരങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ കാരണമായി. ചേറ്റൂരിൻ്റെ രാജിയെ തുടർന്ന്
പഞ്ചാബിലെ പട്ടാള നിയമം പിൻവലിക്കുന്നതിനും കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ലോർഡ് വില്യം ഹണ്ടറിന്റെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനും സർക്കാർ നിർബന്ധിതമായി.