ⓘ WEBSITE UNDER DEVELOPMENT

NewsAd1
ഇഷ്ടദേവതാ ഭജനത്തിനും ആരാധനക്കും തെരഞ്ഞെടുക്കേണ്ട ദിവസങ്ങൾ
5 May 2024
5 May 2024, 2:58 am
main image of news

ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്‍പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും ഉപാസനയും ഈ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് അനുഷ്ഠിച്ചുവരുന്നത്

🪔ഞായര്‍
സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായര്‍. സംസ്‌കൃതത്തിലും ഹിന്ദിയിലും ഞായര്‍ ‘രവിവാര’മാണ്. ‘രവി’ എന്നാല്‍ ‘സൂര്യന്‍’ എന്നര്‍ഥം. കാലത്തിന്റെ കര്‍മസാക്ഷിയായ സൂര്യഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക്സംബന്ധമായ രോഗങ്ങളില്‍നിന്നു മുക്തി നേടാനാകുമെന്നാണ് വിശ്വാസം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും സൂര്യനെ പ്രാര്‍ഥിക്കുന്നതു നല്ലതാണ്. ആഗ്രഹസാഫല്യമാണ് സൂര്യഭഗവാന്‍ നല്‍കുന്ന അനുഗ്രഹം. ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടത്. നെറ്റിയില്‍ രക്തചന്ദനക്കുറി അണിയുന്നതും നല്ലതാണ്. ഭദ്രകാളിയെ ഉപാസിക്കുന്നതിനും ഞായറാഴ്ച വിശിഷ്ടമാണ്.
🪔തിങ്കള്‍
ശിവഭജനത്തിനു തിങ്കളാഴ്ച ഉത്തമം. ഉഗ്രകോപിയാണെന്നാണ് പൊതുവേ കഥകള്‍ പറയുന്നതെങ്കിലും ക്ഷിപ്രപ്രസാദി കൂടിയാണ് ഭഗവാന്‍ ശിവന്‍. മംഗല്യവതികളല്ലാത്ത പെണ്‍കുട്ടികള്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കാന്‍ ശിവനെ പ്രാര്‍ഥിക്കാറുണ്ട്. വിവാഹിതര്‍ ദീര്‍ഘമാംഗല്യത്തിനു വേണ്ടിയും മഹാദേവനെ പ്രാര്‍ഥിക്കുകയും തിങ്കളാഴ്ച വ്രതം നോല്‍ക്കുകയും ചെയ്യുന്നു. ബുദ്ധിവളര്‍ച്ചയ്ക്കും ആഗ്രഹസാഫല്യത്തിനും തിങ്കളാഴ്ച ഭജനം ഉത്തമം.
🪔ചൊവ്വ
ഗണപതി, ദുര്‍ഗ്ഗ, ഭദ്രകാളി, ഹനുമാന്‍ എന്നീ ദേവതകളെ ഉപാസിക്കാന്‍ ഉത്തമമായ ദിവസമാണ് ചൊവ്വ. വിശേഷിച്ചും, ഹനുമാനെ. പ്രശ്നകാരകനായ ചൊവ്വയെ ഭജിക്കുന്നതുവഴി ദോഷഫലങ്ങള്‍ കുറയ്ക്കാനാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ചുവപ്പാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്ന നിറം. ചൊവ്വാഴ്ച ഹനുമാനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും ചില പ്രദേശങ്ങളില്‍ മുരുകനെയും ഭജിക്കുന്നു. ദമ്പതികള്‍ സല്‍സന്താനലബ്ധിക്കുവേണ്ടിയും കുടുംബൈശ്വര്യത്തിനു വേണ്ടിയുമാണ് ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നത്. ജാതകപ്രകാരം ചൊവ്വാദോഷമുള്ളവര്‍ക്ക് ആപത്തുകള്‍ കുറയ്ക്കാനും ചൊവ്വാവ്രതം സഹായിക്കുന്നു.
🪔ബുധന്‍
ശ്രീകൃഷ്ണനാണ് ബുധനാഴ്ചയിലെ ഉപാസനാമൂര്‍ത്തി. ഉത്തരേന്ത്യയില്‍ ബുധനാഴ്ച ശ്രീകൃഷ്ണാംശമുള്ള വിത്തലമൂര്‍ത്തിയെ ആരാധിക്കുന്നു. ചിലയിടങ്ങളില്‍ മഹാവിഷ്ണുവിനെയും ആരാധിക്കുന്നുണ്ട്. സമാധാനപൂര്‍ണമായ കുടുംബജീവിതമാണ് ബുധനാഴ്ചയിലെ ശ്രീകൃഷ്ണോപാസനയുടെ ഫലം. പച്ചനിറമാണ് ഈ ദിവസത്തെ കുറിക്കുന്നത്.
🪔വ്യാഴം
മഹാവിഷ്ണുവിനും ദേവഗുരു ബൃഹസ്പതിക്കും വേണ്ടിയാണ് വ്യാഴാഴ്ചകളിലെ ഉപാസന. മഞ്ഞപുഷ്പങ്ങളും ഫലങ്ങളുമാണ് അന്ന് അര്‍പ്പിക്കേണ്ടത്. ധനാഗമവും സന്തോഷകരമായ ജീവിതവുമാണ് വ്യാഴാഴ്ച വ്രതത്തിന്റെ ഫലം. വ്യാഴാഴ്ച മഹാവിഷ്ണു വേഷപ്രച്ഛന്നനായി ഭക്തരുടെ സമക്ഷം എത്താറുണ്ടെന്നാണ് വിശ്വാസം. ചിലയിടങ്ങളില്‍, ദേവഗുരു ബൃഹസ്പതി ഭക്തരെ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനെത്തുന്നെന്നാണ് വിശ്വാസം. ദേവഗുരുവിനെ ഭജിക്കേണ്ട ദിവസം എന്ന നിലയിലാവാം വ്യാഴാഴ്ചയ്ക്കു ഗുരുവാരം എന്നു പേരുവന്നത്.
🪔വെള്ളി
അമ്മദേവതകള്‍ക്കു പ്രാധാന്യം നല്‍കുന്ന ദിവസമാണ് വെള്ളി. വെള്ളിയാഴ്ചകളില്‍ ദേവീക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെളുത്ത പുഷ്പങ്ങളാണ് വെള്ളിയാഴ്ച ദേവിക്കു സമര്‍പ്പിക്കാന്‍ ഉത്തമം. അന്ന് ഭദ്രകാളിയെയും ദുര്‍ഗ്ഗയെയും ഭജിക്കുന്നത് നല്ലതാണ്. തടസങ്ങള്‍ നീക്കാനും സന്താനലബ്ധിക്കും സന്തോഷകരമായ കുടുംബജീവിതത്തിനും വെള്ളിയാഴ്ചകളില്‍ ദേവിയെ ഭജിക്കുന്നത് ഉത്തമം. ഐശ്വര്യവും സമ്പത്തും നല്‍കുന്ന ശുക്രനും വെള്ളിയാഴ്ച പ്രധാനമാണ്. ജ്യോതിഷപ്രകാരം ശുക്രന്‍ സമ്പത്ത് പ്രദാനം ചെയ്യുന്ന ഘടകമാണ്. ‘തലയില്‍ ശുക്രനുദിക്കുക’ എന്നൊരു ചൊല്ലു തന്നെയുണ്ട്.
🪔ശനി
വിശ്വാസികള്‍ ഏറെ ഭയത്തോടെ വീക്ഷിക്കുന്ന ഗ്രഹമാണ് ശനി. നമ്മെ കുഴപ്പങ്ങളില്‍ചാടിക്കുകയും ധാരാളം ചീത്ത അനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നയാളായാണ് ശനി കരുതപ്പെടുന്നത്. ശനിദോഷങ്ങള്‍ അകലാന്‍ ശനിയെയും ശനിയുടെ അധിപനായ ശാസ്താവിനെയും ഭജിക്കുന്നത് ഉത്തമം. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ടും ശനിദോഷങ്ങളില്‍നിന്നു മോചനം നേടാന്‍ സാധിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. രാവണന്റെ പിടിയില്‍നിന്ന് ഒരിക്കല്‍ ശനിയെ ഹനുമാന്‍ മോചിപ്പിച്ചിട്ടുണ്ട്. ഹനുമാന്‍ സ്വാമിയുടെ ഭക്തരെ ദ്രോഹിക്കില്ലെന്ന് അന്ന് ശനി ഹനുമാനു വാക്കു നല്‍കിയിരുന്നതായി രാമായണം പറയുന്നു. അതുകൊണ്ട് ശനിയാഴ്ച ഹനുമാനെ ഭജിക്കുന്നതും ഉത്തമമാണ്. കറുപ്പു നിറമാണ് ശനിയാഴ്ചയെ കുറിക്കുന്നത്.

HomeAd1

No keywords

home ad2 16*9

Recent in Astrology

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞