കമ്മിഷണർ സിനിമയിൽ സുരേഷ് ഗോപി അഭിനയിച്ച പോലീസ് വേഷം വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക മനസ്സുകളിൽ സജീവമാണ്. വളരെ ഊർജ്ജസ്വലതയുള്ള ഒരു ഐ പി എസ് ഓഫീസറായാണ് സുരേഷ് ഗോപി ആ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.നീതികേട് ആരുടെ ഭാഗത്തു നിന്നുണ്ടായാലും ഉയർന്ന ശബ്ദത്തിൽ മുഖത്തു നോക്കി ചോദ്യം ചെയ്യാൻ മടിക്കാത്ത ഭരത് ചന്ദ്രൻ ഐപിഎസ്, അക്കാലത്തും അതിനു ശേഷവും ചെറുപ്പക്കാരായ ഐപിഎസ് ഉദ്യോഗസ്ഥർ മാതൃകയാക്കാനാഗ്രഹിക്കുന്ന കഥാപാത്രം തന്നെ.
അന്ന് അഭിനേതാവായി മാറിയിട്ടില്ലാതിരുന്ന മാധ്യമ പ്രവർത്തകൻ രഞ്ജി പണിക്കരുടെ തിരക്കഥയിലെ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങൾ, മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെ ആകർഷകമായ മോഡുലേഷനിൽ അവതരിപ്പിച്ച് സുരേഷ് ഗോപി കൾട്ടായി. 'ഷിറ്റും', 'ജസ്റ്റ് റിമംബർ ദാറ്റു'മൊക്കെയുൾപ്പെടുന്ന ഉശിരൻ സംഭാഷണങ്ങൾ പിന്നീട് മിമിക്രി ക്കാർ കൂടി ഏറ്റെടുത്ത് അനശ്വരമാക്കി.
ഇപ്പോൾ കമ്മിഷണർ സിനിമയെ നമ്മുടെ ഓർമ്മകളിലേക്ക് കൊണ്ടുവന്നത് നടന്നും സംസ്ഥാന മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറിണ്. വഖബ് ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ എമ്പുരാനുൾപ്പടെ സകല സമകാല സംഗതികളും ചർച്ചയ്ക്ക് വിധേയമായപ്പോൾ കേരളത്തിൽ നിന്ന് അതിനെ പ്രതിരോധിക്കാനുണ്ടായിരുന്നത് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയാണ്. പ്രതിപക്ഷ നിരയിൽ നിന്ന് സി പി എം പ്രതിനിധി ജോൺ ബ്രിട്ടാസ് സുരേഷ് ഗോപിയെ എം പുരാനിലെ മുന്നയോടാണ് ഉപമിച്ചത്. സിനിമ കണ്ടിരുന്നില്ലെങ്കിലും തന്നെ കൊച്ചാക്കാനാണിതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി സുരേഷ് ഗോപിക്കുണ്ടായിരുന്നു
ആ കലിപ്പിൽ പുറത്തുവന്നപ്പോൾ കുത്തിപ്പരിക്കേല്പിക്കാനെന്ന വണ്ണം നീട്ടിപ്പിടിച്ച മൈക്രോ ഫോണുകളുമായി പാപ്പരാസികളായ മാധ്യമ പ്രവർത്തകർ. മുനവച്ച ചോദ്യങ്ങളിൽ കണ്ട്രോൾ നഷ്ടപ്പെട്ടപ്പോൾ വാക്ക് കൈവിട്ടു പോയി. 'ആരാ?
എന്താ?സൂക്ഷിച്ച് സംസാരിക്കണം... ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടുപോയി വച്ചാൽ മതി...' തുടങ്ങി പറഞ്ഞവയെല്ലാം കുഴപ്പമായി.
ഇത്തരം പോക്കണക്കേടുകൾ പറയാൻ മാധ്യമ നിയമപ്രകാരം അധികാരമനുവദിച്ചിട്ടുള്ളത് സാക്ഷാൽ പിണറായി വിജയന് മാത്രം. അദ്ദേഹം ആട്ടിയാലും തുപ്പിയാലും പുറത്തുകടക്കാൻ പറഞ്ഞാലും മാധ്യമങ്ങൾ ക്ഷമിക്കും. വിളിക്കുമ്പോൾ വീണ്ടും ഉളുപ്പുകളേതുമില്ലാതെ അദ്ദേഹത്തിനു മുന്നിൽ എത്തി കുനിഞ്ഞു നില്ക്കുകയും ചെയ്യും. സുരേഷ് ഗോപിക്ക് ഈ ആനുകൂല്യം അനുവദിക്കാൻ പറ്റില്ലല്ലോ.
രസം അതൊന്നുമല്ല. തൊഴിലുകൊണ്ട് സുരേഷ് ഗോപിയുടെ സഹപ്രവർത്തകനായ കെ ബി ഗണേഷ് കുമാർ, അവസരം കാര്യമായി മുതലാക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്.
മാധ്യമങ്ങളോടുള്ള സുരേഷ് ഗോപിയുടെ സമീപനത്തെപ്പറ്റി ചോദ്യം വന്നപ്പോൾ ഗണേഷ്കുമാർ ഹാപ്പി.
സുരേഷ് ഗോപി പണ്ടുമുതലേ അല്പത്തം കാട്ടുന്നയാളാണ് എന്നു വരുത്താൻ കമ്മീഷണർ സിനിമയിലെ തൊപ്പി പിന്നീട് സുരേഷ് ഗോപി കൈകാര്യം ചെയ്ത രീതിയാണ് ഗണേഷ് കുമാർ ഉദാഹരിച്ചത്. ഐ പി എസ് എന്നെഴുതി സിനിമയ്ക്കായി ഉപയോഗി ആ തൊപ്പി ഏറെക്കാലം തന്റെ കാറിന്റെ പിന്നിൽ, കണ്ണാടിയിലുടെ നാട്ടാർക്ക് കാണാനാവും വിധം പ്രദർശിപ്പിച്ചാണ് സുരേഷ് ഗോപി നടന്നതെന്ന് ഗണേഷ് പരിഹസിക്കുന്നു. എന്നാൽ ഇതേ തൊപ്പി രക്ഷിതാക്കളുടെ ക്രൂരപീഡനത്തിനിരയായ കുട്ടിക്ക് സമ്മാനിച്ചുവെന്ന വാർത്തകൾ സുരേഷ് അനുയായികൾ വൈകാതെ പുറത്തുവിട്ടു. എന്നാൽ തൊപ്പി ലേലത്തിൽ വയ്ക്കാമായിരുന്നല്ലോ എന്ന പരിഹാസമാണ് ഗണേഷിൽ നിന്ന് പിന്നീടുണ്ടായത്. ഒരേ തൊഴിൽ ചെയ്യുന്നവർ,ഒരേ സംഘടനയിൽ അംഗങ്ങളായവർ.എങ്കിലും എന്തുകൊണ്ടാണ് ഗണേഷ് സുരേഷ് ഗോപിക്കെതിരേ വ്യക്തിപരമായ പരിഹാസ മുന്നയിക്കുന്നതെന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്.
മേജർ രവിയുടെ പട്ടാളം സിനിമകളിൽ അഭിനയിച്ചതിന്റെ പേരിൽ ഗണേഷിന്റെ മറ്റൊരു സഹപ്രവർത്തകനായ മോഹൻലാലിന് ലഫ്റ്റനന്റ് കേണൽ പദവി കിട്ടിയതിലോ അദ്ദേഹം ആ യൂണിഫോമിട്ട് നാടുചുറ്റുന്നതിലോ യാതൊരു അപാകവും ഗണേഷ് കുമാർ ഇതേവരെ കണ്ടിട്ടില്ല. എമ്പുരാൻ വിവാദത്തിനു തൊട്ടുപിന്നാലെ സിനിമയിലെ ഉള്ളടക്കത്തിന്റെ പേരിൽ ലാലേട്ടൻ ക്ഷമ പറഞ്ഞതും ഗണേഷിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. എന്താവാം ഇതിന് കാരണം?
പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രിക്ക് സംസ്ഥാനമന്ത്രിക്കും മേലെയുള്ള സ്ഥാനം ഗണേഷിനെ അസ്വസ്ഥനാക്കുന്നുണ്ട്. സിനിമയ്ക്കുള്ളിലെ പടലപ്പിണക്കങ്ങളും ഗണേഷിന്റെ തൊപ്പിക്കഥയ്ക്കു പിന്നിലുണ്ടെന്നും പറയപ്പെടുന്നു. എന്തായാലും സുരേഷ് ഗോപിയുടെ മാധ്യമങ്ങളോടുള്ള പെരുമാറ്റത്തോളമോ ഒരു പക്ഷേ അതിനെക്കാളുമോ ഔചിത്യമില്ലാത്തതായിപ്പോയി ഗണേഷ് കുമാറിന്റെ തൊപ്പിക്കഥാപ്രസംഗം എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.