ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ജനാധിപത്യ ഭരണകൂടം വാഴുന്ന നാടാണല്ലോ ഭാരതം. നമ്മുടെ ആ ഭരണഘടനയിൽ ഏതെങ്കിലും ഒരു ഭേദഗതി വരുത്തണമെങ്കിൽ ഇരു സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം കൂടിയേ തീരൂ എന്നതുമാണ് നിയമം. എന്നാൽ തമിഴ്നാട് നിയമസഭ രണ്ടാമതും പാസാക്കി ഗവർണർക്ക് അയച്ച ബില്ലുകൾ ദീർഘനാൾ മാറ്റിവെച്ച ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവെച്ചതും തുടർന്ന് ഗവർണർ മാർക്ക് എന്നപോലെ ബില്ലുകൾ അന്യായമായി വച്ചു താമസിപ്പിക്കാൻ രാഷ്ട്രപതിക്കും കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി ഉള്ള സുപ്രീം കോടതി വിധിയും രാജ്യത്ത് ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിയൊരുക്കികഴിഞ്ഞു
ലെജിസ്ലേചറിനും എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ഉള്ള അവകാശങ്ങളും അധികാരങ്ങളും എന്തൊക്കെയാണെന്ന് കൃത്യമായിത്തന്നെ നിർവചിച്ചിട്ടുള്ള ഭരണഘടനയാണ് ഭാരതത്തിന്റെത്. പാർലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കി നിയമങ്ങൾ സൃഷ്ടിക്കാനോ തിരുത്താനോ അത്തരത്തിൽ ഒരു വിധി പ്രഖ്യാപിക്കാനോ ഉള്ള അധികാരം സുപ്രീംകോടതിക്കില്ല എന്ന് ഇതിനോടകം പല കോണുകളിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നു കഴിഞ്ഞു. ഫലത്തിൽ ഭരണഘടനാ ഭേദഗതിക്ക് തുല്യമാണ് സുപ്രീംകോടതിയുടെ വിധി എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭരണഘടനാഭേദഗതി ആകട്ടെ അനുഛേദം 368 പ്രകാരം പാർലമെന്റിന് മാത്രമുള്ള അധികാരമാണ് താനും. എന്നാൽ ബിൽ ഭരണഘടനാപരം ആണോ അല്ലയോ എന്ന് രാഷ്ട്രപതിയോ കേന്ദ്രസർക്കാരോ അല്ല സുപ്രീം കോടതിയാണ് തീരുമാനിക്കേണ്ടത് എന്നാണ് വിധി പ്രഖ്യാപിച്ച കോടതിയുടെ നിലപാട്.
സഭകളിൽ എത്തുന്ന ബില്ലുകൾ ഒപ്പുവച്ച് പാസാക്കുന്നത് സംസ്ഥാനങ്ങളിൽ ഗവർണർമാരും പാർലമെൻറ് രാഷ്ട്രപതിയുമാണ് . ബില്ലുകൾ പാസാക്കുകയോ പിടിച്ചു വെക്കുകയോ നിർദ്ദേശങ്ങളുടെ പാർലമെന്റിന് മുന്നിൽ സമർപ്പിക്കുകയോ ചെയ്യാനുള്ള അധികാരം ഗവർണർക്കും രാഷ്ട്രപതിക്കും ഉണ്ട്. മൂന്നുമാസകാലത്തിനുള്ളിൽ പാസാക്കണം എന്ന ഒരു നിയമം ഒരിടത്തും പറയുന്നില്ല എന്നാണ് വിദഗ്ധ മതം. മൂന്നുമാസത്തിനുള്ളിൽ പാസാക്കിയില്ലെങ്കിൽ നിയമം നിലവിൽ വന്നതായി കണക്കാക്കാം എന്ന് ഭരണഘടനയിൽ ഒരിടത്തും പറയാത്ത കാര്യം പറയാൻ സുപ്രീംകോടതിയിലെ രണ്ടംഗ ബഞ്ചിന് എന്തധികാരം എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ.
രാജ്യത്തെയും ഭരണഘടനയെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒരു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി അല്ലെങ്കിൽ പ്രഥമ പുരുഷൻ എന്ന രീതിയിലെ ആദ്യ ചുമതല രാഷ്ട്രപതിക്കാണ്.
ഗവർണർ മാരെ പോലെ നോമിനികളായി എത്തുന്നവരല്ല രാഷ്ട്രപതിമാർ. പ്രാതിനിധ്യ സ്വഭാവമുള്ള എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടാണ് രാഷ്ട്രപതി പദവിയിൽ ഒരു ഇന്ത്യക്കാരൻ എത്തുന്നത്. ഏതെങ്കിലും ഒരു അനിതാര സാധാരണ സാഹചര്യത്തിൽ ഭരണഘടനാപരമല്ലാത്ത ഏതെങ്കിലും നിയമം പാർലമെൻറ് പാസാക്കിയാൽ അതിന്മേൽ ഒപ്പുവെക്കാതിരിക്കാനുള്ള അധികാരവും രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. ഗവർണർമാരെ പോലെയല്ല രാഷ്ട്രപതിയെ പുറത്താക്കണമെങ്കിൽ ഇംപീച്ച്മെൻറ് വേണ്ടിവരും രാജ്യത്തെയും ഭരണഘടനയെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒരു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി അല്ലെങ്കിൽ പ്രഥമ പുരുഷൻ എന്ന രീതിയിലെ ആദ്യ ചുമതല രാഷ്ട്രപതിക്കാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പുതിയ നിയമനിർമ്മാണത്തിനായി പാർലമെന്റിനോട് ആവശ്യപ്പെടുന്നതിനു പകരം
രാഷ്ട്രപതിയുടെ അവകാശങ്ങളിൽ മേൽ കൈകടത്തുന്ന രീതിയിൽ സുപ്രീംകോടതി ഒരുമ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് നിദാനം. റിവ്യൂ ചെയ്യണം എന്ന നിലപാട് കേന്ദ്രസർക്കാർ എടുക്കുന്നതോടെ വരും ദിനങ്ങളിൽ നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും ഇതു സംബന്ധിച്ച ഏറെ ചർച്ചകൾ ഉയരും.
ഭരണഘടനാ സ്ഥാപനം ആയി വിവക്ഷിക്കപ്പെടുന്ന ഗവർണർമാർ എന്തിന് എന്ന് ചോദിക്കുന്നവർ ഉണ്ടാകാം. അവർ നാളെ രാഷ്ട്രപതി പദവിയേയും ചോദ്യം ചെയ്യും. ഒക്കെ അറിവും അറിവു കേടും ആവാം. മേൽപ്പറഞ്ഞ അഭിപ്രായങ്ങളെ സാധൂകരിക്കുന്ന ചില പരാമർശങ്ങളും നടപടികളും കോടതികളിൽ നിന്നായാലോ എന്നാണ് ഉയരുന്ന ചോദ്യങ്ങൾ. തമിഴ്നാട് ഗവർണർ പിടിച്ചു വെക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയച്ചു നൽകുകയും ചെയ്ത ബില്ലുകൾ മൂന്നുമാസ കാലയളവിനുള്ളിൽ ഒപ്പുവച്ച് വിട്ടില്ലെങ്കിൽ നിയമനിർമ്മാണം നടന്നതായി കരുതണം എന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചിന്റെ വിധി രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്ന അമ്പരപ്പ് ചെറുതല്ല.