നമ്മുടെ മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്ക് ആണോ? ചുറ്റും കൂടുന്നവർക്ക് മുഴുവൻ കണ്ടക ശനി സമ്മാനിച്ചാണ് പിണറായി വിജയന്റെ മുന്നേറ്റം എന്നതുകൊണ്ട് സംശയിച്ചു പോവുന്നതാണ്.
തുടർച്ചയായ രണ്ടു ഭരണകാലങ്ങളിലായി മുഖ്യമന്ത്രി യിൽ നിന്ന് ഷോക്കേറ്റ് വീണവർ നിരവധിയാണ്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറും, എ ഡി ജി പി എം ആർ അജിത് കുമാറും പ്രസ്സ് സെക്രട്ടറി പി എം മനോജും മുതൽ ഏറ്റവുമൊടുവിൽ കെ എം എബ്രഹാമും വരെ നീളുന്ന സാമാന്യം വലിയ പട്ടികയാണത്. സ്വന്തം പുരയിൽ ഈ വൈദ്യുതാലിംഗനത്തിന് അവസരം ലഭിച്ചത് പ്രിയപുത്രി വീണയ്ക്കാണെന്നതും ഓർക്കാം
എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തതായി നില്ക്കുന്നവർ അഴിമതിയുടെയോ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെയോ കുറ്റകൃത്യങ്ങളുടെയോ പേരിൽ വിവസ്ത്രരാക്കപ്പെടുന്നത് ? ലീഡർ കെ കരുണാകരനു പോലുമില്ലതിരുന്നത്ര ആശ്രിത വാത്സല്യം തന്നെയാണ് അതിനു കാരണം.
ഒന്നുകിൽ നമ്മുടെ മുഖ്യമന്ത്രി വിശ്വസ്തരാൽ വഞ്ചിക്കപ്പെടുന്ന ഒരു നിഷ്കളങ്കനാണ്. അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കുകയെന്നത് പലവിധത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ലൈസൻസാണ്.
തന്റെ പേരുപറഞ്ഞ് സെക്രട്ടറിയേറ്റിന്റെ ഇടനാഴികളിൽ നടന്ന് കൊള്ളരുതായ്മകൾ കാണിക്കാൻ ആരെയും അനുവദിക്കില്ലെന്ന മാസ് സംഭാഷണവുമായി അധികാരമേറ്റ മുഖ്യമന്ത്രിയാണ്. അധികാരം രണ്ടാം പാദത്തിന്റെ അവസാനത്തിലെത്തുമ്പോൾ ഇത് വെറും കോമഡിയായിരുന്നുവെന്ന് ബഹുജനത്തിന് ബോധ്യമാവുന്നു.
വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസിലെ സിബിഐ അന്വേഷണത്തില്‍ വിശദീകരണവുമായി കഴിഞ്ഞ ദിവസം കെ.എം.എബ്രഹാം എത്തി. കിഫ്ബി ജീവനക്കാര്‍ക്കയച്ച വിഷുദിന സന്ദേശത്തിലാണ് അദ്ദേഹം നിലപാട് പറഞ്ഞിരിക്കുന്നത്. പരാതിക്കാനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ അനധികൃതമായി റെസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് ധനവകുപ്പ് സെക്രട്ടറിയായിരിക്കെ പിഴ ചുമത്തിയതിൽ ശത്രുതയുണ്ടായതിനാലാണത്രേ വ്യവഹാരത്തിന് അയാൾ മുതിർന്നത്. മുന്‍ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ 20 കോടി രൂപയുടെ ക്രമക്കേട് ധനവകുപ്പ് സെക്രട്ടറിയായിരിക്കെ കണ്ടെത്തിയിരുന്നു. അതിനാൽ ജേക്കബ് തോമസും ജോമോനൊപ്പം ചേർന്നതാണെന്നും എബ്രഹാം സിദ്ധാന്തിക്കുന്നു.
കോടതി അന്വേഷണത്തിനുത്തരവിടും മുന്‍പ് എല്ലാ രേഖകളും പരിശോധിച്ചില്ലെന്ന സംശയവും കെ.എം.എബ്രഹാം ഉയര്‍ത്തുന്നു. ഭാര്യയുമായി ബന്ധപ്പെട്ട മുഴുവന്‍ ബാങ്ക് രേഖകളും പരിശോധിച്ചില്ല. കൊല്ലത്തെ വ്യാപാര സമുച്ചയം സഹോദരന്‍മാരുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണെന്നും എല്ലാത്തിനും ബാങ്ക് രേഖയുണ്ടെന്നും കൂട്ടിച്ചേർത്ത് തന്റെ കൈകൾ ശുദ്ധമാണെന്നു പറയാനാണ് കെ.എം.എബ്രഹാം ശ്രമിക്കുന്നത്.
എന്നാൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം പിണറായി സർക്കാർ സമ്മാനിച്ച കിഫ്ബി സി.ഇ.ഒ സ്ഥാനത്തു നിന്നും രാജിവെയ്ക്കില്ലെന്ന് അദ്ദേഹം ഉറച്ച ശബ്ദത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ പിൻബലമുള്ള തുകൊണ്ടു തന്നെയാണ്.ശിവശങ്കർ പിന്തുടർന്ന അതേ പാത !
വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതിയാണ് കേസിൽ സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സത്യസന്ധമായ അന്വേഷണം നടത്താന്‍ സിബിഐ അനിവാര്യമാണ്. വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു കെഎം എബ്രഹാം എന്നതും വിമര്‍ശനത്തിനൊപ്പം ഹൈക്കോടതി എടുത്തുകാട്ടി.
സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണമെന്നതാണ് സമാനമായ വിഷയങ്ങളിൽ സി പി എം സ്വീകരിച്ചു വന്ന നിലപാട്. എന്നാൽ സീസർ സംഗയത്തിന് അതീതനാവണമെന്ന് ഒരു ഭാഷാശൈലിയും നിലവിലില്ലാത്തതിനാൽ പിണറായിയോ കിങ്കരൻമാരോ രാജിവക്കേണ്ടതില്ലെന്ന കാപ്സൂളാവും ഇനി ഇടതു കേന്ദ്രങ്ങളിൽ നിന്ന് തുരുതുരെ വരിക.
ആദരണീയനായ സീസർ മഹാരാജാവേ, അങ്ങ് നഗ്നനും സംശയമഹാസമുദ്രത്തിനുള്ളിലുമാണെന്ന് വിളിച്ചു പറയാൻ ഏതെങ്കിലും നിഷ്കളങ്ക 'ബേബി'കൾ നട്ടെല്ലുറപ്പു കാട്ടണേ എന്ന ശരണ മന്ത്രങ്ങളാൽ മുഖരിതമാണ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിന്റെ സാമൂഹികാന്തരീക്ഷം.