നെഹ്റുവിയൻ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായ ഒരു ചിന്താധാര രാജ്യത്ത് ശക്തി ആർജിച്ചതിന്റെ ഫലമായി മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി രാജ്യത്ത് നിലവിൽ വന്ന സുസ്ഥിരവും ശക്തവുമായ ഭരണകൂടത്തിൻ്റെ സ്വാഭാവികമായ വളർച്ചാസൂചികയിൽ സ്വസ്ഥത നഷ്ടപ്പെട്ട പ്രതിപക്ഷ കക്ഷികളും അവർക്ക് താങ്ങായി നിൽക്കുന്നു എന്ന ആരോപണം പേറുന്ന ദേശത്തിന് പുറത്തെ ഡീപ്പ് സ്റ്റേറ്റ് പോലുള്ള ശക്തികളും ഒരുമിച്ച് ചേർന്ന് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോലാഹലങ്ങൾക്ക് നടുവിലൂടെയാണ് വർത്തമാനകാല ഭാരതം നടന്ന് മുന്നേറുന്നത്.
സൂക്ഷ്മമായി പരിശോധിച്ചാൽ ദീർഘനാൾ രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് അറിഞ്ഞോ അറിയാതെയോ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനും അതുവഴി ഭരണം നിലനിർത്താനും ശ്രമിച്ച പല വിഷയങ്ങളും രാജ്യ വികസനത്തിന് ഉതകുന്നതായിരുന്നില്ല എന്ന കാഴ്ചപ്പാടായിരുന്നു ബിജെപി ക്ക്. അതുകൊണ്ടുതന്നെ അതൊക്കെ പൊളിച്ചെഴുതാനും കോൺഗ്രസിനെ ജനഹൃദയങ്ങളിൽ നിന്ന് പറിച്ചു കളയാനുമുള്ള ശ്രമങ്ങളും ഉണ്ടായി. അധികാരം നഷ്ടപ്പെട്ട കോൺഗ്രസ്സ് മറ്റ് ചെറു പാർട്ടികളെ ചേർത്തുനിർത്തിയുള്ള ഒരു പോരാട്ടത്തിന് നിർബന്ധിതമായി. അപകടകരമായ വിട്ടുവീഴ്ചകളുടെ ഒരു പെരുമഴയായിരുന്നു പിന്നീട്. പഴയകാല അഴിമതി കഥകളെ പലതും ചികഞ്ഞെടുത്ത് അന്വേഷണ ഏജൻസികൾ വഴി കോൺഗ്രസിലേത് ഉൾപ്പെടെ പല പാർട്ടികളിലെ നേതാക്കളെയും ജയിലഴിക്കുള്ളിലാക്കാനുള്ള ബിജെപി ശ്രമം കോൺഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള സ്വാഭാവിക പരിണാമമായിരുന്നു. മറയ്ക്കാനും ഒളിയ്ക്കാനും പലതും ഉണ്ടായിരുന്ന നേതാക്കൾക്ക് പിടിച്ചുനിൽക്കാൻ പ്രയാസമായി മാറി.
സ്വയം ഭരണാവകാശമുള്ള രാജ്യങ്ങളാവാൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങൾ ഏറി വരുന്നോ എന്ന ചിന്ത ബലപ്പെടുന്നു. ബലഹീനതയിൽ നിന്നും ഭയത്തിൽ നിന്നും രക്ഷ നേടാൻ അസത്യപ്രചരണങ്ങളെ ആശ്രയിക്കുന്ന നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആ മാർഗത്തിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറായില്ലെങ്കിൽ ദേശവിരുദ്ധരായി മുദ്രകുത്തി ഭാവി തലമുറ അവരെചവറ്റുകുട്ടയിൽ എറിയും. അതുണ്ടാകാതിരിക്കട്ടെ, ആർക്കും.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..