NewsAd1
കലയും കഞ്ചാവും കാപട്യക്കാരായ നമ്മളും..!
ഡോ. എസ്. ശിവപ്രസാദ്
1 May 2025, 2:50 pm
main image of news

സ്വന്തം ശരീരത്തിനും മനസ്സിനും നേരെ അവനവൻ പ്രയോഗിക്കുന്ന രാസായുധമാണ് രാസലഹരി. മത്ത് പിടിപ്പിക്കുകയും മയക്കം വരുത്തുകയും നമ്മെ നാമല്ലാത്തവരാക്കി മാറ്റുകയും മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും ജൈവിക താളത്തെ തെറ്റിച്ച് നമ്മെ അപകടകരമായ അവസ്ഥയിലേക്ക് പരിണമിപ്പിക്കുന്ന ഒന്നാണ് രാസ ലഹരി. നാം നമ്മെ സ്വയം മറക്കുന്ന അവസ്ഥ. അമിത ഊർജ്ജം സൃഷ്ടിച്ച് ആക്രമണോത്സുകതയുടെ ആഴങ്ങളിലേക്ക് പോലും നമ്മെ തള്ളിവിടാൻ സാധ്യതയുള്ള എന്തോ ഒരു ഇത്. കൂടുതൽ ഡിബേറ്റ്ബിൾ ആയ ഒരു വിഷയമാണ് ലഹരി. ലഹരിയെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ള ഒരു സമൂഹത്തോട് അവരുടെ വ്യക്തിപരതയിൽ കടന്നു കയറാതെ സാമൂഹ്യ വിപത്തായി മാറുന്ന അമിത ലഹരി ഉപയോഗം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്.

കേരളത്തിലെ നവോത്ഥാന നായകരുടെ സംഭാവനകൾക്കൊപ്പം, നമ്മുടെ പിൻതലമുറക്കാരായ മലയാളികൾ ഉൾപ്പെടെ ഉള്ളവർ, ലോകമെമ്പാടും സഞ്ചരിച്ചും ജീവിച്ചും ആർജിച്ച; അറിവിൻ്റെയും പരിചയത്തിൻ്റെയും അടിത്തറയിൽ, കെട്ടി ഉയർത്തിയതാണ്, നാമിന്ന് ആവർത്തിച്ച് പറയുന്ന പ്രബുദ്ധ കേരളം എന്നത്. വികസിത രാജ്യങ്ങൾക്ക് അസൂയയും വികസ്വര രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതുമായ നമ്മുടെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾ നിമിഷാർദ്ധം കൊണ്ട് നേടിയതല്ല എന്ന് ചുരുക്കം. എന്നാൽ നാം നേടിയ സ്വപ്നതുല്യമായ നേട്ടങ്ങളെ തച്ചു തകർക്കുന്നവയായി, കേരളത്തിലെ സ്വപ്നങ്ങൾക്കും ചിന്തകൾക്കും രൂപ പരിണാമം
സംഭവിച്ചിരിക്കുന്നോ, എന്ന ആത്മ പരിശോധനയ്ക്ക് വഴിമരുന്നിടുന്ന വാർത്തകളാണ് ലഹരി ഉപയോഗം സംബന്ധിച്ച് ദിവസേന പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ, ഗാർഹിക പീഡനങ്ങൾ, വിവാഹമോചനം, ലൈംഗിക അതിക്രമങ്ങൾ, ആത്മഹത്യ, കുടുംബ ബന്ധങ്ങളുടെ ശൈഥില്യം, പിഞ്ചുകുഞ്ഞുങ്ങൾക്ക് എതിരെ പോലുമുള്ള പൈശാചികമായ പീഡനങ്ങൾ എന്നിവയിലൊക്കെ ലഹരി പ്രധാന പ്രതിസ്ഥാനത്ത് വരുന്ന വാർത്തകൾ ഏറി വരുന്നു.
സാമൂഹ്യജീവയായി മാറിയ നാളുകൾ മുതൽക്ക് മനുഷ്യൻ ഏതെങ്കിലും ഒരു ലഹരിയുമായി ബന്ധപ്പെട്ടിരുന്നിരിക്കണം. മദ്യവും മദിരാക്ഷിയും മയക്കുമരുന്നും, ഒറ്റയ്ക്കും കൂട്ടായുമുള്ള താല്പര്യങ്ങൾക്കായി ഉപയോഗിച്ച ചരിത്രമാണ് മാനവരാശിയുടേത്. അതെ പെണ്ണും പ്രണയവും പണവും പുസ്തകവും യാത്രയും ലഹരിയാക്കിയ എത്രയോ പേരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്. ചില ലഹരികൾ നമ്മെ ഉണർത്തും. ചിലത് തളർത്തും. ചിലർക്ക് പുസ്തകമാണ് ലഹരി. ചിലർക്ക് വായനയാണ് ലഹരിയെങ്കിൽ ചിലർക്ക് പണം മറ്റ് ചിലർക്ക് പ്രണയം. കള്ളും കഞ്ചാവും കള്ളപ്പണവും അധികാരവും ലഹരിയായി കൊണ്ടുനടക്കുന്ന വേറെ ചിലർ. അതെ പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല ഏതെങ്കിലും ഒരർത്ഥത്തിൽ ലഹരിയിൽ അഭിരമിക്കാത്തവരായി ആരുമില്ല എന്ന് ചുരുക്കം. വിവരസാങ്കേതികവിദ്യയുടെയും ആർട്ടിഫിഷൽ ഇന്റലിജൻസിൻ്റെയും ഈ പുതിയ ലോകക്രമത്തിൽ നമ്മിൽ പലരും ക്രമേണ രാസ ലഹരിയിൽ ഉന്മത്തരായി ഉന്മാദാവസ്ഥ തേടുന്നവരായി മാറി കഴിഞ്ഞിരിക്കുന്നു.
മനസ്സ് മരവിപ്പിക്കുകയും ആശങ്ക ജനിപ്പിക്കുകയും ചെയ്യുന്ന അമിത ലഹരി ഉപയോഗത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാർത്തകൾ നമുക്കിടയിൽ പതിവായി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സർവ മേഖലകളിലും ഔന്നത്യം പുലർത്തുന്നു എന്നവകാശപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്തിലാണ് ഇതെന്നോർക്കണം. മാതൃകയാകേണ്ടവരിൽ നിന്നു പോലും
കേരളത്തനിമയെ പിന്നോട്ടടിക്കുന്ന ലഹരി സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നു.

 image 2 of news

ഒരു ചെറിയ ന്യൂനപക്ഷം ലഹരിക്കടിപ്പെടുമ്പോൾ ആ കരിനിഴൽ പ്രഹരമേല്പിക്കുന്നത് വലിയൊരു വിഭാഗം ആൾക്കാരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മേലാണ്. ഗതിയില്ലാത്തവൻ്റെ ലഹരി ഉപയോഗം പോലെയല്ല ഇൻഫ്ലുവൻസേഴ്സിൻ്റെ ലഹരി ഉപയോഗം. അതുകൊണ്ടാണ് കലാരംഗത്ത് ഉള്ളവരുടെ വിശേഷിച്ചും സിനിമ രംഗത്തുള്ളവരുടെ ലഹരി ഉപയോഗം കൂടുതൽ വാർത്തയാകുന്നതും ചർച്ചയാകുന്നതും.

മാസ് അപ്പീൽ കൊണ്ട് അഥവാ ലോകത്തെ ഏറ്റവും ജനപ്രിയമായ മാധ്യമം എന്ന നിലയിൽ സോഷ്യൽ ഈവിൾസിനെ പ്രമോട്ട് ചെയ്യുന്ന രംഗങ്ങൾ അച്ചടക്കത്തോടെ കൈകാര്യം ചെയ്യേണ്ട ബാധ്യത സിനിമയ്ക്കുണ്ട്. കോടമ്പാക്കത്ത് നിന്ന് കൊച്ചിയിലേക്ക് കേറി താമസം തുടങ്ങിയ മലയാള സിനിമയുടെ ആദ്യകാലം ഹാസ്യ - കുടുംബ ചിത്രങ്ങൾ കൊണ്ട് സമ്പന്നമായിരുന്നെങ്കിൽ പിന്നീടുണ്ടായ സിനിമകളുടെ ഇതിവൃത്തത്തിൽ പലതിലും ലഹരിയുടെ അമിത പ്രാധാന്യം ഉണ്ടായി എന്നതല്ലേ സത്യം. സിനിമാ സെറ്റുകൾ കള്ളും കഞ്ചാവും കൊണ്ടു നിറയുന്നു എന്ന ആരോപണവും ഉയർന്നു. തീപ്പെട്ടി കമ്പനിയിൽ നിന്നുയരുന്ന പോലെ കാരവനുകളിൽ നിന്ന് പുക ഉയർന്നു എന്ന് പലരും അടക്കം പറഞ്ഞു..
ഈ കാലഘട്ടത്തിലാണ് നടിയെ തട്ടിക്കൊണ്ടു പോകലും തുടർന്ന് സംഭവിച്ചുകൂടാത്ത പലതും സംഭവിച്ചതും. ആരെങ്കിലും ആരെയെങ്കിലും ടാർഗറ്റ് ചെയ്തിരുന്നോ ഇല്ലയോ എന്നുള്ളത് ഇവിടെ വിഷയമല്ല. കുതികാൽ വെട്ടുകളും ഒറ്റുകളും താര പരിവേഷകരുടെ ഇടയിൽ ഇല്ലാതെ വരില്ലല്ലോ. സംഗതി എന്തായാലും ആ സംഭവത്തോടെ മലയാള സിനിമ ഒരു യു ടേൺ എടുക്കുകയായിരുന്നു. തുടർന്ന് പുതിയ ടീമുകളും പുതിയ സമവാക്യങ്ങളും ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയ്ക്ക് മലയാള സിനിമ സാക്ഷ്യം വഹിച്ചു.
കലാകാരന്മാർക്ക് സമൂഹം അനുവദിച്ച് നൽകിയ ചില അപ്രഖ്യാപിത ഇളവുകൾ സിനിമ സെറ്റുകളിൽ ദുരുപയോഗം ചെയ്യപ്പെടുന്നോ എന്നും സംശയവും ബലപ്പെട്ടു.
ലഹരിയുടെ വഴിയിലെത്തി ജീവിതം മാറിമറിഞ്ഞ കലാകാരന്മാരുടെ പട്ടിക പറഞ്ഞാൽ തീരില്ല. ലഹരി വിരുദ്ധ കമ്പയിനുകളുടെ ഭാഗമായി നിൽക്കുകയും പിന്നീട് തെളിവ് സഹിതം ലഹരി ഉപയോഗത്തിന് പിടിക്കപ്പെടുകയും ചെയ്യുമ്പോൾ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് ഇൻഫ്ളവൻസേഴ്സിന് രക്ഷപ്പെടാൻ പല പഴുതകളും ഉണ്ടാകും. എന്നാൽ ഇൻഫ്ലുവൻസർസിൻ്റെ ജീവിതശൈലി പിന്തുടരുന്നതിൽ ആവേശം കാട്ടുന്ന യുവതലമുറയുടെ കാര്യം അതല്ല. ഇവിടെയാണ് സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ആൾക്കാർ കൂടുതൽ ഉത്തരവാദിത്വം കാട്ടേണ്ടത്.
HomeAd1
 image 3 of news

പുതിയ കാലഘട്ടത്തിൻ്റെ നിറവും മണവും സ്വഭാവവും ഇടകലർത്തി തുടർന്നുണ്ടായ സിനിമകളിൽ അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗവും ഉപഭോഗവും വ്യാപകമായി ചിത്രീകരിക്കപ്പെട്ടു. പല സിനിമകളും അവയുടെ കണ്ടന്റ് കൊണ്ട് നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ അപ്പാടെ തകർക്കുന്നവയായിരുന്നു.

ലഹരി വ്യാപനം ലക്ഷ്യമിട്ടുള്ള നിക്ഷിപ്ത താല്പര്യക്കാർ മലയാളം സിനിമ മേഖലയിൽ വളഞ്ഞ വഴിയിലൂടെ കയറി കയറിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്ന സിനിമകളും ഇക്കാലത്തുണ്ടായി.
പുതിയ കാലഘട്ടത്തിന്റെ സിനിമ എന്ന പേരിൽ അവ സമൂഹത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചില്ലറയല്ല . ആൺ പെൺ സൗഹൃദത്തെയും ബന്ധങ്ങളെയും പുരുഷ മേധാവിത്വത്തിന്റെ ഒരു പ്രത്യേക മച്യുരിറ്റിയിൽ കൈകാര്യം ചെയ്ത സിനിമകളായിരുന്നു പണ്ടെങ്കിൽ അത്തരം സൗഹൃദങ്ങളെയും ജീവിതശൈലികളെയും
വേറിട്ട തലത്തിൽ നോക്കിക്കണ്ട പുതിയസിനിമകളെ പഴയ തലമുറയിൽ പെട്ടവർക്ക് ദഹിച്ചില്ല എന്നതും ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
കാമ്പസുകളെ ഇളക്കിമറിച്ച പുതിയ ചില സിനിമകളുടെ സ്വാധീനത്താൽ തകർന്നുപോയത് ഒരുപക്ഷേ നമ്മുടെ വിദ്യാഭ്യാസ മേഖല കൂടിയാണ്. അധ്യാപകർക്ക് ക്ലാസിൽ നിൽക്കാൻ കഴിയാത്ത സാഹചര്യങ്ങൾ പോലും പലപ്പോഴും സൃഷ്ടിക്കപ്പെട്ടു. സിനിമയെ സിനിമയായി കാണണം എന്നത് കേവലം ജല്പനമായും ഉപരിപ്ളവമായും അവശേഷിച്ചു. മാതാപിതാക്കളുടെ അമിത സമ്മർദ്ദം കൊണ്ട് ലഹരിയുടെ വഴികൾ തേടുന്ന കുട്ടികളും കുറവായിരുന്നില്ല. ലഹരി വിരുദ്ധ കാമ്പയിനുകൾ നമ്മുടെ കലാലയങ്ങളിൽ പണ്ടെങ്ങുമില്ലാത്തവിധം വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. വിനോദമായി കണ്ടുകളയേണ്ട ഒന്നിനെ ഗൗരവമായി സമീപിച്ച നമ്മുടെ യുവതലമുറയെ വിശേഷിച്ചും കൗമാരത്തെ തിരുത്താൻ തയ്യാറാകാതെ ബാലാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേര് പറഞ്ഞ് പലതിനെയും നാം തള്ളികളഞ്ഞു.
കലയുടെ പേരിൽ പൊതിഞ്ഞു നൽകിയ ലഹരിയുടെ പുതിയ പരീക്ഷണങ്ങൾക്കായി നമ്മുടെ പുതിയ കൗമാരക്കാർ ആവേശം കൊണ്ടു. യംഗർ ജനറേഷനെ നിയന്ത്രിക്കാൻ കുടുംബവും അധ്യാപകരും സർക്കാരും പോലീസും പൊതുസമൂഹവും മുന്നോട്ടുവന്നു. ലഹരി ഉപയോഗം സംബന്ധിച്ച സത്യം ഉറക്കെ പറയാൻ പലരും പല കാരണങ്ങൾ കൊണ്ടും തയ്യാറായിരുന്നില്ല. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തിരയാൻ പോലീസോ മറ്റ് ഏജൻസികളോ വേണ്ട എന്ന് സിനിമാ മേഖലയിലെ സംഘടനകൾ ഒറ്റക്കെട്ടായി നിന്ന് വിളിച്ചു കൂവി. മറ്റെല്ലാ തൊഴിലിടങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉയർന്നാലോ എന്ന് ആരും ഓർത്തില്ല. സാമൂഹ്യ ഉത്തരവാദിത്വവും ബാധ്യതയും തങ്ങൾക്കുമുണ്ട് എന്ന കാര്യം നമ്മിൽ പലരും മറന്നു.

മയക്കുമരുന്ന് ഇതിവൃത്തമാക്കപ്പെട്ട പല സിനിമകൾക്കും മാധ്യമങ്ങളിൽ വൻ പ്രാധാന്യം നൽകപ്പെട്ടു. ഉപയോഗിക്കാനും പ്രേരിപ്പിക്കാനും ഇത്തരം സിനിമകൾ അറിഞ്ഞോ അറിയാതെയോ കാരണമായി. വേഗത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായും ചിലരിതിനെ കണ്ടു.

ലഹരി വിരുദ്ധ സന്ദേശം നൽകി ഏതാനും ദിവസങ്ങൾക്കു ശേഷം ലഹരി ഉപയോഗിച്ചതിന്റെ പേരിൽ പിടിക്കപ്പെട്ട വേടൻ എന്ന ഗായകൻ തുറന്ന മനസ്സോടെ സമ്മതിച്ച ഒരു കാര്യമുണ്ട്. താൻ മദ്യപിക്കുന്നയാളും കഞ്ചാവ് ഉപയോഗിക്കുന്ന ആളുമാണ് എന്ന കാര്യം സത്യസന്ധതയോടെ ആ ചെറുപ്പക്കാരൻ തുറന്നുപറഞ്ഞു. ഈ തുറന്നു പറച്ചിലിന്റെ പിന്നിലെ കാര്യം എന്തും ആയി കൊള്ളട്ടെ. അത്തരമൊരു തുറന്നു പറച്ചിലിന് നമ്മിൽ പലരും ഇപ്പോഴും സന്നദ്ധരല്ല എന്നതല്ലേ സത്യം. അതിന് നാം തയ്യാറാകാത്തിടത്തോളം കാലം സമൂഹത്തിൻ്റെ അപചയത്തിന് നമ്മളും കൂടി നേരുത്തരവാദികൾ ആകുന്നു. അവനവൻ്റെ ലഹരിക്കഥകൾ മറച്ചു വച്ച് പിടിക്കപ്പെടുന്നവനെ കല്ലെറിയാനും തെറി പറയാനും ചിലരെ അനുകൂലിക്കാനും നാം മുതിരുന്നത് എന്തിന്. അത്രയെങ്കിലും ചെയ്യാതിരിക്കാൻ കഴിയില്ലേ നമുക്ക്.
പഴയ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ പുത്തൻ സുഖസൗകര്യങ്ങളും മികച്ച ജീവിത സാഹചര്യങ്ങളും കൊണ്ട് സമ്പന്നമാണ് ആധുനിക കാലം. ലഹരിയുടെ പാതയിൽ തെന്നി വീഴാനുള്ള സർവ്വസാധ്യതയും നിഴലിക്കുന്ന ഈ കാലഘട്ടത്തിൽ പുത്തൻ തലമുറയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകണമെങ്കിൽ അവർ ലഹരിയുടെ ആഴക്കയങ്ങളിൽ നിന്ന് അകലെ മാറി നിൽക്കണം.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞