ⓘ WEBSITE UNDER DEVELOPMENT

NewsAd1
വിനാശകാലേ വിപരീത ബുദ്ധി..
എൻ.എസ്. അനിൽകുമാർ
5 May 2025, 4:50 am
main image of news

വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ആഘോഷപൂർവ്വം കൊണ്ടാടിയ പിണറായി വിജയന് പക്ഷേ, പരിപാടിക്ക് ശേഷം അദ്ദേഹം പ്രതീക്ഷിച്ച മാധ്യമ ശ്രദ്ധയും പ്രചാരണവും ലഭിക്കാതെ പോയി. ഉദ്ഘാടന ദിവസം നരേന്ദ്ര മോദി കമ്മ്യൂണിസ്റ്റുകളേയും, ഇണ്ടി സഖ്യത്തേയും തൻ്റെ സ്വതസിദ്ധ ശൈലിയിൽ കണക്കിന് കളിയാക്കി ചടങ്ങിലേയും മാധ്യമങ്ങളിലേയും താരമായി. ഒരു ദിവസം കഴിഞ്ഞപ്പോൾ, വിഴിഞ്ഞത്തിൻ്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞത് ബി ജെ പി പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ.“ ചുമരും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി” എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന തരത്തിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ താരമായി. അതിന് കാരണക്കാരനായത്, പിണറായി വിജയന്റെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്.

‘കേരളത്തിലെ ഏറ്റവും വലിയ വ്യവസായം വിവാദമാണ് ’ എന്ന ഒരു പ്രയോഗം നിലവിലുണ്ടല്ലോ. വിഴിഞ്ഞത്തും ഇത് ആവർത്തിച്ചു. വി.ഡി സതീശനെ തുറമുഖ ഉദ്ഘാടനത്തിന് നേരിട്ട്
ക്ഷണിക്കാത്തതിൻ്റെ പേരിൽ വിവാദം ഉണ്ടാക്കി, ചടങ്ങിൽ നിന്ന് വിട്ടു നിന്നു. അതേ സമയം, സംസ്ഥാന സർക്കാർ ക്ഷണിക്കാത്ത ബി ജെ പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഉദ്ഘാടന വേദിയിൽ ഇരിപ്പിടം ലഭിച്ചു. അദ്ദേഹം പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് ഒരു മണിക്കൂർ മുമ്പ് വേദിയിലെത്തി തൻ്റെ ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചു. വേദിയിൽ പ്രാതിനിധ്യം ലഭിക്കാതെ, സദസ്സിൽ ഇരിക്കേണ്ടി വന്ന മരുമകന് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. ഈ അനിഷ്ടത്തിൽ ഞെരിപിരി കൊണ്ടിരുന്ന റിയാസ് മന്ത്രിയുടെ അവസ്ഥ മീഡിയവൺ ചാനലിൻ്റെ റിപ്പോർട്ടർക്ക് മനസ്സിലായി. തുറമുഖത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകുന്നതിന് പകരം മന്ത്രി പറഞ്ഞു,“ നിങ്ങളുടെ ക്യാമറ അങ്ങോട്ട് (വേദി) തിരിക്ക്. കണ്ടില്ലേ ഒരാൾ ആദ്യമേ വന്നിരിക്കുന്നത്. ഇത് അല്പത്തരമല്ലേ’. ബി ജെ പി പ്രസിഡൻ്റിനെ ഉദ്ദേശിച്ച് പരിഹാസരൂപേണ പറഞ്ഞ ഈ വാക്കുകൾ സഖാക്കൾ ട്രോളാക്കി മാറ്റി. ബി ജെ പിയുടെ IT സെൽ ഉടച്ച് വാർത്തത് സഖാക്കൾ അറിഞ്ഞിട്ടുണ്ടാകില്ല. മിനിറ്റുകൾക്കകം അവരുടെ
‘മറുട്രോൾ’കളം പിടിച്ചു. പിണറായി സകുടുംബം വിഴിഞ്ഞം തുറമുഖത്ത് സന്ദർശനം നടത്തിയതും, ഒപ്പം മറ്റ് പല ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുത്ത ദൃശ്യങ്ങൾ ചേർത്ത് മരുമകൻ്റെ ‘അല്പത്തരമല്ലേ’ എന്ന ഡയലോഗും ചേർത്ത് നിർമ്മിച്ച ട്രോൾ നിലം തൊടാതെ ഓടുകയാണ്,“ചക്കിന് വച്ചത് കൊക്കിന് കൊണ്ടു” അത്ര തന്നെ.
രാജീവ് ചന്ദ്രശേഖറിനും ബി ജെ പിക്കും മരുമകൻ്റെ പരിഹാസം
“ ഉർവ്വശീ ശാപം ഉപകാരം” എന്നത് പോലെ ആയി. കേരളത്തിലാകമാനം ബി ജെ പി യുടെ പുതിയ പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ പ്രസിദ്ധനായി. ഔപചാരിക മാധ്യമങ്ങൾ പോലെയല്ല, സാമൂഹ്യ മാധ്യമങ്ങൾ. അവിടെ ആളുകളെ പ്രശസ്തരാക്കുന്നത് നെഗറ്റീവ് ട്രോളുകളാണ്. രാഷ്ട്രീയ നേതാക്കളെ ട്രോളുന്നത് കാണാൻ മലയാളികൾക്ക് ഹരമാണ്.ബി ജെ പി നേതാക്കളാണെങ്കിൽ ഹരം കൂടും, വ്യാപകമായി ഷെയർ ചെയ്ത് സന്തോഷിക്കും. രാജീവ് ചന്ദ്രശേഖറിൻ്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. മന്ത്രി റിയാസിൻ്റെ ചെലവിൽ അദ്ദേഹത്തിന് വൻ പ്രചാരണം ലഭിച്ചു. മറുഭാഗത്ത് ഈ ട്രോൾ പ്രചരിപ്പിക്കുന്ന തിരക്കിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉദ്ഘാടന വിശേഷങ്ങളും പിണറായി വിജയന്റെ പ്രസംഗത്തേയും മറന്നു. ഫലമോ, ബിജെപി പ്രസിഡൻ്റിന് CPM മന്ത്രിയുടെ ‘അല്പത്തരം’ കാരണം സോഷ്യൽ മീഡിയയിൽ നല്ല പ്രചാരണവും ലഭിച്ചു. ചുരുക്കി പറഞ്ഞാൽ, മോദിയും രാജീവ് ചന്ദ്രശേഖറും കൂടി വിഴിഞ്ഞത്തെ
‘ഹാക്ക്’ ചെയ്തു.

 image 2 of news
HomeAd1

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞