NewsAd1
വേടന്റെ റാപ്പ്; ഗോവിന്ദന്റെയും
മോഹൻ കെ കൃഷ്ണൻ
21 May 2025, 6:53 am
main image of news

പാവങ്ങളുടെ പടത്തലവൻ ഏകെജി എങ്കിൽ ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്ന് നമ്മുടെ സെക്രട്ടറി ഗോവിന്ദൻ.എന്നാൽ അവിടയും നിൽക്കാതെ തന്റെ അനുപമമായ സംഗീതജ്ഞാനം മാപ്രകൾക്ക് പകർന്നു നൽകുന്നുമുണ്ട്..

റിഥവും പൊയറ്റ്രി
യും ചേർന്നതാണ് റാപ്പെന്നും അതു ലോകമാകെ വ്യാപിക്കുകയാണെന്നും അദ്ദേഹം തള്ളിമറിച്ചു.2004 ൽ ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയെ എന്ന ഗാനത്തെ കുറിച്ചും മലയാളത്തിൽ ഈ ശാഖയുടെ വികാസ പരിണാമവും സ്വാധീനവും തുടങ്ങിയ ഇൻസ്റ്റ്ന്റ് അറിവുകളിൽ മലയാളം വ്രീളാവിവശയായി കാൽ നഖം കൊണ്ടൊരു വരവരച്ചതു മാത്രം ബാക്കിയായുണ്ട്.

 image 2 of news

പുലിപ്പല്ലായാലും പൂച്ചയുടെ നഖമായാലും ഏതു പണ്ടാരമായാലും മയക്കു മരുന്നു കൈവശം വച്ചാലും ഇല്ലേലും റാപ്പറെ മൊത്തമായി സംരക്ഷിക്കുമെന്നു സെക്രട്ടറി സഖാവിന്റെ ദൃഢ പ്രതിജ്ഞ . ആർഎസ്എസിനും കേസരി സംയോജകനും കലയെയും സംഗീതത്തെയും കുറിച്ചു ഒന്നുമറിയിലെന്ന് കടലാസ് നൽകാനും എല്ലാമറിയുന്ന ഗോവിന്ദൻ റെഡി. തന്റെ ബോധവും അബോധവുമാണ് നാട്ടാർക്കും എന്നാവും ഇട്ടന്റെ ചിന്ത. ആളു ഫയങ്കരൻ തന്നെ!

വേടന്റെ പാട്ടിന് ആളു കൂടുന്നു. ഇലക്ഷൻ വരികയല്ലേ. ആൾകൂട്ടത്തിന്റെ വോട്ടു വേണം വേടനിൽ ചാരി അതു പിടിക്കാമോ. പിടിച്ചാൽ കിട്ടുമോ പിടിച്ചാൽ പിണങ്ങുമോ? പ്രധാനമന്ത്രി മോദി ദേശദ്രോഹിയാണെന്ന വേടന്റെ പാട്ടിന് എത്ര അർത്ഥതലങ്ങളുണ്ട് എന്ന ന്വേഷിക്കാൻ പണ്ടാണെങ്കിൽ എം.എ ബേബിയെ നിയോഗിക്കാമായിരുന്നു. ഇപ്പോൾ ബേബി സഖാവിന്റെ ഇരിപ്പിടം മുകളിലായതിനാൽ നിയോഗം അവിടന്ന് ഇങ്ങോട്ടാകാനാണ് സാധ്യത.അസ്തിത്വ ആകുലതകൾ അങ്ങനെ പെരുകുന്നു. വേടനും വേടന്റെ നിറവും വേടന്റെ വരിയും നല്ല നിലയിൽ വിൽക്കാം.ഡിമാന്റുള്ള ചരക്കുകളാണ്. ചുമ്മാതങ്ങു തള്ളാം. പോരുന്നെങ്കിൽ പോരട്ടെ. കറുപ്പിൽ വശം കെടുന്ന ഭൂതരായരും കൊടുത്തു ഒരു നീണ്ട ഹസ്തദാനം! പോരെ പൂരം !
HomeAd1
 image 3 of news

നാട്ടിലെ എല്ലാ ബുദ്ധി ജീവികളെയും പുരോഗമന ചിന്താന്ധുരന്മാരെയും കിം കി ഡുക്കിന്റെ ആരാധകരെയും രഹസ്യ സിനിമാ കൊട്ടകയിൽ എത്തിക്കുകയും ഇൻഡസ്ട്രിയിൽ സൂപ്പർ ഡ്യൂപ്പർ സിനിമകളുടെ റിലീസിംഗ് വരെ നിയന്ത്രിക്കുകയും ചെയ്ത ഒരു കാലത്തെ റാണിയായിരുന്നല്ലോ നടി ഷക്കീല. നടപ്പു രീതിയിയനുസരിച്ച്, ആധുനിക കാലത്തെ പടൈ തലൈവിയെന്നും നടന വൈഭവമെന്നും നവോത്ഥാന നായികയെന്നും പ്രകീർത്തിക്കുന്ന ഒരു മാർക്സിസ്റ്റ് വ്യാഖ്യാനം പരക്ഷ അന്നു വന്നില്ല. ഒരു പക്ഷേ അന്നത്തെ സെക്രട്ടറി സംഗീത വിദ്വാൻ ആയിരിക്കില്ല. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കാലവൂമായിരിക്കില്ല. ഇന്നെങ്കിൽ ഷക്കീലയും വിപ്ളവത്തിന്റെ കൊടുവാളാകുമായിരുന്നു. അങ്ങനെ വോട്ടുകളുടെ നയാഗ്ര സൃഷ്ടിക്കാമായിരുന്നു.

ഈ പശ്ചാത്തലത്തിൽ, കട തുറപ്പിനു വന്ന സണ്ണി ലിയോണിനെ വരവേൽക്കാൻ കൊച്ചി നഗരത്തെ സ്തംഭിപ്പിച്ച പുരോഗമന മതേതര ജനാധിപത്യ ജനസഞ്ചയത്തെ ഓർക്കാതെ വയ്യ.
വേടനും ചില്ലറക്കാരനല്ല. നല്ല വായനയും ചിന്തയും ധാരണയും ദുരിത ഭരിതമായ അനുഭവ സമ്പത്തുമുണ്ട്. എക്സലന്റ്! എന്നാൽ ഇവയ്ക്കും മേലാണ് ഈ കപട സമൂഹത്തെ ക്കുറിച്ചുള്ള വേടന്റെ ഉള്ളറിവും വിപണന തന്ത്രവും . എണ്ണത്തിൽ കൂടുതലുള്ള സാമുഹിക ഗ്രൂപ്പുകളെ സുഖിപ്പിക്കാൻ ഇച്ചിരി മുസ്ലിം സ്നേഹം,ഇച്ചിരി സോവിയറ്റ് വിപ്ളവം,ഇച്ചിരി കണ്ണീർ, ഇച്ചിരി ദുരിതം ,മീനവ നൻപൻ, വിമോചനം, ലൗ, ഇച്ചിരി വാൻഗോഗ്,സൂഫി,മെർലിൻ മൻറോ...അങ്ങനെയങ്ങനെ...

 image 4 of news

ആരൂഢത്തിലും സ്വരൂപത്തിലും ഭക്തിയോ വിഭക്തിയോ പാരമ്പര്യത്തനിമയോ പുലർത്താത്ത തികച്ചും പരകീയമായ ഈ പരിപാടി ആരാധനാലയ പരിസരങ്ങളിൽ നിന്നും തീർത്തും അകറ്റേണ്ടതാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.

ക്ലാസിക് മാർക്സിസ്റ്റുകൾക്ക് അരാജകവാദികളുടെ ജീർണതയാണ് ഈ ആവിഷ്കാരം. പക്ഷെ നവലിബറൽ തള്ളുകാർക്ക് അമൃത വാണിയുമാണത്.ചുവപ്പിന്റെ മറവിൽ മൊയലാളി സേവയാണ് ഈ രായപ്പൻമാരുടെ ദൗത്യമെന്നു പ്രാമാണികർ.

ചരിത്രത്തിലെ ആദിമധ്യാന്തങ്ങളെ-1925 നെയും 2025 നെയും- ഒരേ പറ കൊണ്ട് അളന്നിടുന്നതിൽ അവധാനതയുടെ പ്രശ്നമുണ്ട്. അതു ചിലരെ സുഖിപ്പിക്കാമെങ്കിലും ചരിത്രം തന്നെ നിഷ്പ്രഭമായിപ്പോകുന്ന അശ്ലീലമാണത്.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞