NewsAd1
കരുവന്നൂർ വീരന്മാരായ കായംകുളം കൊച്ചുണ്ണിമാർ.
മോഹൻ കെ കൃഷ്ണൻ
28 May 2025, 6:15 pm
main image of news

ആസൂത്രിതമായ കൊള്ളയും കവർച്ചയും മോഷണവും തിരിമറികളും നിത്യാഭ്യാസമാക്കിയ ഒരു അധോലോക സംഘമാണ് ഇന്നു നവകേരളം സൃഷ്ടിക്കാൻ വേഷ്ടിയും മുറുക്കി നമ്മുടെ മുന്നിൽ മൂന്നാം കിട കിടിതാപ്പുകളുമായി നാണവും ഉളുപ്പുമില്ലാതെ ഒളിസേവ നടത്തുന്നത്.

സി പി എം നേതാക്കൾ ഒന്നാകെയും പാർട്ടി തന്നെയും ഏതാണ്ട് 180 കോടി രൂപയുടെ ബിനാമി വായ്പ തട്ടിപ്പാണ് ഒരു സഹകരണ സ്ഥാപനത്തിൽ നടത്തിയത്. പാർട്ടിയുടെ അഞ്ച് രഹസ്യ അക്കൗണ്ടുകളിൽ ഈ പണമെത്തി. ഇതുപയോഗിച്ച് ആസ്തിയുണ്ടാക്കി. ബാങ്ക് ഭരണ സമിതിയെ അസ്ഥിരമാക്കി പാർട്ടി കമ്മിറ്റിയും ഫ്രാക്ഷൻ കമ്മറ്റിയും ബാങ്കിൽ കൈകടത്തി.അടിച്ചു മാറ്റിയ 180 കോടിയിൽ 128 കോടിയുടെ മുതൽ ഈഡി കണ്ട് കെട്ടി. 300 കോടി രൂപയുടെ ക്രമക്കേടുകളാണ് ഇതുവരെയും കണ്ടെത്തിയത്. പാർട്ടി നേതാക്കളും പാർട്ടിയും തന്നെയാണ് പ്രതിപ്പട്ടികയിൽ ഇടം നേടിയത്. സാധാരണ മോഷ്ടാക്കളുടെ നമ്പറുകൾ തന്നെയാണ് ഇവിടെയും പ്രതിരോധം

 image 2 of news

ജനക്ഷേമവും തൊഴിലാളി ക്ഷേമവും വിപ്ലവവും കയറ്റിറക്കാനും ജനനവും ജീവിതവും ഉഴിഞ്ഞും പിഴിഞ്ഞും വച്ചു എന്നു വായ്ക്കുരവയിടുന്ന മുതലുകളാണ് ഈ കളവുകേസിലെ മുഖ്യ മുഖങ്ങൾ. നാം ഇതുവരെ കണ്ട കളവുകൾ കടുകുമണികൾ മാത്രമാണെന്ന അറിവും വിനയപൂർവ്വം സ്വീകരിക്കുക.

ഈ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സെക്രട്ടറിയുടെ ഉവാച. അല്ലാതെ വേറെ എന്തലമ്പാണ് മുന്നിലുള്ളത് സെക്രട്ടറി? അഗ്നിപഥങ്ങൾ താണ്ടിയ വിമോചന പോരാട്ടമല്ലല്ലോ, ശുദ്ധമായ മോഷണ കേസല്ലേ ഇത്. അപ്പോൾ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുക. ഔദാസീന ന്യായം.! നിലവാരം കുറഞ്ഞ വിവർത്തന വാക്യങ്ങൾ രംഗബോധമില്ലാതെയും ഏതോ വലിയ കാര്യമായും തട്ടിവിടുന്നതു പോലെ ഒരഭ്യാസം.
HomeAd1
 image 3 of news

ഇനി ഈഡിയെ പരസ്യമായി തെറിവിളിച്ച് സായൂജ്യമടയാനെങ്കിൽ കമ്പിത്തപാലാഫീസിന്റെ മുറ്റങ്ങളിലും ഏജീസ് ആപ്പീസ് കവാടങ്ങളിലും സായാഹ്ന ധർമരോഷങ്ങളാകാം. അവിടങ്ങളിൽ അനുഷ്ഠാനം എന്നോണം ഇരുന്നു കൊടുക്കാൻ നമ്മുടെ ഭക്തർ ശരണം വിളികളുമായി ഓടി എത്തും. അതോടെ സമരകേരളം ഇരമ്പുന്നതായി കൂലി എഴുത്തുകാർ പാർട്ടി പത്രത്തിൽ വച്ചങ്ങു കീറും.

ആയിരം പൂർണചന്ദ്രനെ കണ്ട വയോ വൃദ്ധൻ മുതൽ ബലൂൺ ഊതി വീർപ്പിക്കാൻ വാശിപിടിക്കുന്ന ഇളംമുറക്കാരൻ വരെ മാസ് ക്ലെപ്റ്റോമാനിയയുടെ പിടിയിലാണെന്ന ഭയങ്കരമായ രഹസ്യം ആരോടും ഇനി പറയേണ്ട. പാർട്ടിയിലെ ഭാരവാഹികളുടെ ഗ്രേഡിംഗ് പോലും മോഷണത്തിന്റെ സാന്ദ്രത അനുസരിച്ചാണന്നത് വർഗ ശത്രുക്കൾ പരത്തുന്ന കിംവദന്തികളാണന്ന് വച്ചു കാച്ചാം. വിപ്ലവത്തിന്റെ പേറ്റു നോവിൽ പുളയുന്ന വിപ്ലവ കേരളം അതു തള്ളിക്കളയും എന്ന തള്ളലും നമുക്കു ആവർത്തിച്ച് കൊണ്ടിരിക്കാം.

 image 4 of news

നിയമപരമായി ഈ കേസ് മുന്നോട്ടു പോയാൽ, 501 തവണ കിളിത്തട്ടു കളി മാറ്റാതിരുന്നാൽ വിപ്ലവം പ്രതിപ്പട്ടികയിലെ ഏതെങ്കിലും ഒരു സന്തതിയെ ടാർജറ്റ് ചെയ്യാതിരുന്നാൽ പ്രമാദമായ ഈ പകൽ ക്കൊള്ളയിൽ പ്രതിയായ പാർട്ടിയുടെ അംഗീകാരം പിൻവലിക്കുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മീഷനു സ്വീകരിക്കാം. പാർട്ടി ഓഫീസുകളായി പ്രവർത്തിക്കുന്ന ബഹു നിലകൾ പിടിച്ചെടുക്കാം. സ്നേഹാധിക്യത്താൽ പ്രിയതമയ്ക്കു പണിഞ്ഞു നൽകിയ മിഞ്ചിയും അരപ്പട്ടയും ഒഡ്യാണവും ദേശീയ പാതയിലെ കടമുറികളും കട്ടമുതലായി മുതൽകൂട്ടാം.

അരക്കാതം പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത ദയനീയമായ വയോധികത ആശ്രയത്തിനും കരുണയ്ക്കുമായി നില വിളിക്കുമ്പോൾ അതിനെ വ്യാഘ്ര ഗർജനമാകുന്നത് പി ആറാണ്.ആ വ്യാജ വിനിമയമാണ് വ്യാജ ഇമേജ് വീർപ്പിക്കുന്നത്.

സഞ്ചിതമായ വിഴുപ്പുകളുടെ മാറാപ്പുകൾ മാത്രം ബാക്കിയാകുമ്പോൾ അരക്കില്ലം കത്തിച്ച് സ്കിപ്പാകാൻ തക്കം പാർക്കുകയാണ് സ്തുതി പാഠകർ .വെളുക്കും മുമ്പ് കോഴികൾ ഊഴം വച്ചു കൂകിത്തുടിക്കും. അത് അലംഘനീയമായ വിധി വിഹിതം. അതുവരെ മാത്രമാകും അശാന്തവും അസ്വസ്ഥജനകവുമായ ഈ നിശബ്ദത.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞