അമ്പലപ്പുഴയിലെ പാർലമെന്ററി വ്യാമോഹങ്ങൾ.
അനിൽ ബാലകൃഷ്ണൻ
29 March 2026, 6:29 am
അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സി പിഎംനെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടമാണ് നടക്കുന്നത്. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയി യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ് സിപിഎം ൽ ഭീതിനിറയ്ക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ ജി. സുധാകരന്റെ സാധ്യതകൾ ശക്തമാണ്. കോൺഗ്രസിന്റെ അകമഴിഞ്ഞ പിന്തുണ തന്നെയാണ് ആദ്യഘടകം. സി പി എം ലെ ഒരു വിഭാഗത്തിന്റെ വോട്ടുകൾ കൂടിനേടാനാകുമെന്ന സുധാകരന്റെ ആത്മവിശ്വാസം സത്യമാകുമോ എന്നതാണ് രണ്ടാമത്തേത്. ഔദ്യോഗിക സിപിഎം നെതിരേ മനസ്സുകൊണ്ട് ഇടഞ്ഞു നില്കുന്ന പാർട്ടി പ്രവർത്തകരുടെ വോട്ട് പുറത്തു പോകാനിടയുണ്ട് എന്നത് എൽ ഡി എഫിൽ ആശങ്കയുളവാക്കുന്നു.
അമ്പലപ്പുഴയിൽ സുധാകരന്റെ പ്രധാന എതിരാളി എച്ച്. സലാം ആണ്. സിറ്റിംഗ് എം എൽ ഏ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സലാമിന്, മുൻപ് സുധാകരനു കിട്ടിയത്ര വോട്ടുകൾ കിട്ടാത്തത് സുധാകരൻ ചരടുവലിച്ചിട്ടാണെന്നായിരുന്നു ജില്ലാഘടകം ആരോപിച്ചത്. ഇത് ശരിവക്കുന്ന തരത്തിലാണ് സുധാകരനെതിരേ തരം താഴ്ത്തൽ നടപടി പാർട്ടി സ്വീകരിച്ചത്.അവിടെ തുടങ്ങിയതാണ് സുധാകരന്റെ പ്രതിഷേധം. പാർട്ടിക്കുവേണ്ടി എളമരം കരീം നടത്തിയ കണ്ടെത്തലുകൾ ശരിയെങ്കിൽ അന്ന് സുധാകരസ്വാധീനത്താൽ പുറത്തുപോയ പാർട്ടി വോട്ടുകൾ ഇക്കുറി സുധാകരന്റെ പെട്ടിയിൽ വീഴും.
സുധാകരൻ മൂന്ന് തവണ അമ്പലപ്പുഴയിൽ നിന്ന് ജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനപ്രീതി ശക്തമാണ്.
എന്നാൽ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നങ്ങൾ സുധാകരന് പിടിവള്ളിയാണ്. എന്നിരുന്നാലും, സുധാകരന്റെ വിജയം ഉറപ്പില്ല. എച്ച്. സലാം ശക്തനായ എതിരാളിയാണ്.
അമ്പലപ്പുഴയിൽ സിപിഎമ്മും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപി മണ്ഡലത്തിൽ ശക്തി പ്രാപിക്കുന്നുണ്ടെന്നത് വസ്തുതയാണ്.എന്നാൽ, കഴിഞ്ഞ തവണ പിടിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ സംഘടിപ്പിക്കുക എന്നതിലപ്പുറമുള്ള മോഹങ്ങളൊന്നും അവർക്കില്ല.
ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റുകൾക്ക് മാനിഫെസ്റ്റോ വായിച്ച് വിശദീകരിച്ച് പാർട്ടി ക്ലാസ്സുകളെടുത്ത സഖാവാണ് സുധാകരൻ. പാർലമെന്ററി വ്യാമോഹമെന്ന കമ്മ്യൂണിസ്റ്റ് പ്രയോഗത്തിന്റെ പോലും ശരിയായ അർത്ഥമറിയാത്തവരാണ് പുതിയകാല കമ്മ്യൂണിസ്റ്റുകൾ. പാർലമെന്ററി സംവിധാനത്തിലൂടെ വിപ്ലവം കൊണ്ടുവരാനാകുമെന്ന അബദ്ധ ധാരണയെയാണ് അങ്ങിനെ വിവക്ഷിക്കുന്നതെന്ന് സുധാകരൻ പറയുമ്പോഴാണ് പിണറായി പോലും ഓർക്കുന്നതെന്ന് ഉറപ്പ്. അതു കൊണ്ടു തന്നെ പുന്നപ്ര വയലാർ സമരവീര്യത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും പതിവു മുദ്രാവാക്യങ്ങൾ രണ്ടാഴ്ച മുൻപുവരെ സജീവ
കമ്മ്യൂണിസ്റ്റുകാരനായിരുന്ന ജി സുധാകരനെതിരേ വർക്കാവുമോ എന്നത് അമ്പലപ്പുഴക്കാർ മാത്രമല്ല അഖിലേന്ത്യാ കമ്മ്യൂണിസ്റ്റുകൾ വരെ ഉറ്റുനോക്കുകയാണ്.