NewsAd1
കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി
അനിൽ ബാലകൃഷ്ണൻ
31 March 2026, 5:03 pm
main image of news

നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഒന്നുകിൽ ശരിയായ വസ്തുതാ ബോധത്തിലാണ്. അല്ലെങ്കിൽ കറകളഞ്ഞ രാഷ്ട്രീയ കുശാഗ്രതയിലും. അല്ലെങ്കിൽ പ്രസംഗത്തിനിടെ 'കേരളത്തിനും വേണ്ടേ ഒരു വനിതാ മുഖ്യമന്ത്രി?' എന്ന ചോദ്യം ഒരിക്കലും ഉന്നയിക്കില്ലല്ലോ.

കേരളത്തിന്റെ ചരിത്രത്തിൽ ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ഇതേ വരെ ഒരു വനിതയെ മുഖ്യമന്ത്രിയാക്കാൻ ആരും തയാറായിട്ടില്ല. പലപ്പോഴും ചില പേരുകൾ ഉയർന്നു കേട്ടിട്ടുണ്ട്. മിക്കപ്പോഴും ഇടത് ക്യാമ്പുകളിൽ നിന്ന്. വോട്ടെടുപ്പിന് അങ്ങിനെ ഒരു പ്രതീതി നിലനിറുത്തുമെങ്കിലും തീരുമാനത്തിന്റെ ഘട്ടത്തിലെത്തുമ്പോൾ പെണ്ണുങ്ങൾ പടിക്കു പുറത്താകുമെന്ന് ഉറപ്പ്.

കേരംതിങ്ങും കേരളനാട്ടിൽ കെ.ആർ ഗൗരി ഭരിക്കും എന്നൊക്കെയുള്ള വായ്ത്താരികൾക്ക് ബാലറ്റുപെട്ടിവരെ മാത്രമേ ആയുസ്സുണ്ടായിരുന്നു.ആരോഗ്യ മന്ത്രിയെന്ന നിലയിൽ നല്ല പ്രകടനം കാഴ്ചവച്ച് തിളങ്ങിയ കെ കെ ശൈലജ മുഖ്യമന്ത്രിയായി വരണം എന്ന ആഗ്രഹത്തിനും സി പി എം അല്പായുസ്സേ അനുവദിച്ചുള്ളൂ.

ഗൗരിയമ്മയ്ക്ക് പാർട്ടി വിട്ട് പുറത്തു പോകേണ്ടി വന്നതിന് പല കാരണങ്ങളുണ്ടെങ്കിലും പ്രധാന കാരണം, അവർക്കുണ്ടായിരുന്നുവെന്ന് പാർട്ടി കരുതിയ മുഖ്യമന്ത്രിപദ മോഹമായിരുന്നുവെന്നത് രഹസ്യമല്ല. ശൈലജക്ക് ഇക്കുറി മത്സരിക്കാൻ നൽകിയിരിക്കുന്ന മണ്ഡലം ഇക്കാര്യത്തിൽ ഇപ്പോഴും സിപിഎം എടുത്തിരിക്കുന്ന മുൻകരുതൽ തന്നെയാണ് സൂചിപ്പിക്കുന്നത്.
HomeAd1
 image 3 of news

സ്ത്രീ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പെട്ടെന്നുള്ള താത്പര്യത്തിന് എന്താവും കാരണം. ഇത്തവണയും ഇടതുമുന്നണി തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പുളളതുകൊണ്ട് അവർക്ക് ഒരു പാരയാവട്ടെ എന്നു കരുതിയിട്ടാണെന്ന് വിചാരിക്കാനാണ് എളുപ്പം. എന്നാൽ അതിനപ്പുറത്ത് എന്തെങ്കിലും രാഹുലിന്റെ മനസ്സിലുണ്ടോ?

തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ്, ഇക്കുറി തിളക്കമാർന്ന വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇക്കാര്യത്തിൽ രാഹുലിനും ഉറപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി പദം കാംക്ഷിച്ചിരിക്കുന്ന മുൻ നിരയിലെ അര ഡസൻ നേതാക്കളെയും രണ്ടും മൂന്നും നിരയിലുള്ള കാക്കത്തൊള്ളായിരം കോൺഗ്രസ്സുകാരെയും ഒറ്റയടിക്ക് നിലംപരിശാക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി.

കേരളത്തിന്റെ ആദ്യ വനിതാമുഖ്യമന്ത്രിയാവാൻ എന്തായാലും ബിന്ദുകൃഷ്ണയെയോ ഷാനിമോൾ ഉസ്മാനെയോ ആവും രാഹുൽ പരിഗണിക്കുന്നതെന്ന് വിശ്വസിക്കാൻ പറ്റുമോ? അങ്ങിനെയെങ്കിൽ പിന്നെയാരാവും രാഹുലിന്റെ മനസ്സിൽ ?

വയനാട്ടിൽ തെരഞ്ഞെടുപ്പു വിജയം നേടി നില്ക്കുന്ന നേർപെങ്ങൾ പ്രിയങ്കാ ഗാന്ധിയാവുമോ രാഹുലിന്റെയുള്ളിൽ ? സാധ്യത തള്ളിക്കളയാനാവില്ല. രാഷ്ട്രീയമല്ലേ? കേരളചരിത്രത്തിൽ ഒരധ്യായം സ്വന്തം കുടുംബത്തിൽ നിന്നായാൽ പുളിക്കുമോ? അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പു വരുമ്പോൾ മോദി സഖ്യം തോറ്റു തുന്നം പാടിയാൽ നേരാങ്ങള പ്രധാനമന്ത്രിയുമാകും.അല്ലെങ്കിൽ പത്മജ പോയത് പോലെ പ്രധാനമന്ത്രിപദത്തിലുടക്കി അണ്ണനോടും അണ്ണന്റെ പാർട്ടിയോടും പിണങ്ങി പ്രിയങ്ക മോൾ ബിജെപി ഷാൾ അണിയില്ലെന്ന് വിശ്വസിക്കാൻ മാത്രം പവിത്രമൊന്നുമല്ലല്ലോ സമകാല രാഷ്ട്രീയം . ജി സുധാകരൻ മാർക്സിസ്റ്റ് പാർട്ടി വിട്ട് കോൺഗ്രസ്സിനോട് കൂട്ടു ചേർന്നതിനേക്കാൾ വലിയവിസ്മയമൊന്നും ഇനി ആഗോള തലത്തിൽ സംഭവിക്കാനുമില്ലല്ലോ.

ചുരുക്കത്തിൽ കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അടിയൊഴിവാക്കാൻ രാഹുലിറക്കിയ പൂഴിക്കടകനാണ് വനിതാ മുഖ്യമന്ത്രി വാദമെന്ന് സാരം.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞