NewsAd1
ഈ തെരഞ്ഞെടുപ്പിൽ വി എസും ഉമ്മൻ ചാണ്ടിയും...
അനിൽ ബാലകൃഷ്ണൻ
1 April 2026, 11:02 am
main image of news

വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി.... കേരളത്തിന്റെ ഭരണ-രാഷ്ട്രീയ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത രണ്ടു പേരുകൾ ... രണ്ടു വ്യക്തിത്വങ്ങൾ... ഈ തെരഞ്ഞെടുപ്പിൽ അവർക്ക് എവിടെയാണ് സ്ഥാനം?

പ്രതിനിധാനം ചെയ്ത സംഘടനകളോടുള്ള ആദർശപരവും ആത്മാർത്ഥവുമായ കൂറാണ് രണ്ടു പേരുടെയും അടിസ്ഥാന സമാനത. നിലപാടുകളിലുള്ള ഉറപ്പും വിട്ടുവീഴ്ചയില്ലായ്മയും വി എസിനെയും ഉമ്മൻ ചാണ്ടിയെയും ജനഹൃദയങ്ങളിൽ കുടിയിരുത്തി.

 image 2 of news

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ശരിയായ ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനാണ് വി എസ് പോരാടിയത്. അതിൽ നിന്നുള്ള സൂക്ഷ്മ വ്യതിചലനങ്ങൾ പോലും പൊറുക്കാൻ അദ്ദേഹം തയ്യാറായില്ല. പരിസ്ഥിതി, സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങൾ, അഴിമതി തുടങ്ങിയവയിൽ വി എസ് ന്റെ അഭിപ്രായങ്ങൾക്ക് പലപ്പോലും പൊതുസമ്മതിയുണ്ടായി. പല പ്രശ്നങ്ങളിലും വി എസിന്റെ നിലപാടറിയാൻ ബഹുജനങ്ങളും ഇതര രാഷ്ട്രീയ കക്ഷികളും കാതോർത്തുനിന്നു. പൊതു വേദിയിൽ രൂക്ഷ വിമർശനമുന്നയിക്കുകയും പിന്നരങ്ങിൽ കെട്ടിപ്പുണരുകയും ചെയ്യുന്ന രീതി വി എസിനില്ലായിരുന്നു. ബാലകൃഷ്ണപിള്ള, കുഞ്ഞാലിക്കുട്ടി, നീലലോഹിതദാസൻ നാടാർ തുടങ്ങിയ രാഷ്ട്രീയക്കാരോടു മാത്രമല്ല ജഗതി ശ്രീകുമാറിനെപ്പോലെ ജ്വലിച്ചു നിന്ന അഭിനേതാക്കളോട് പോലും ഇതേ നിലപാടു തന്നെ സ്വീകരിക്കാൻ വി.എസിനല്ലാതെ മറ്റാർക്കാണ് കഴിയുക. ടി പി ചന്ദ്രശേഖരനെപ്പോലെ പാർട്ടി ശത്രുവായി പ്രഖ്യാപിച്ച ഒരാൾ നിഷ്ടൂരമായി കൊല ചെയ്യപ്പെട്ടപ്പോൾ പാർട്ടി വിലക്ക് മറികടന്ന് നേരിട്ടെത്തി ആ കുടുംബത്തെ സമാശ്വസിപ്പിക്കാൻ വി എസ് അല്ലാതെ മറ്റാരാണ് ധൈര്യം കാട്ടുക!

പാർട്ടിക്കുള്ളിലെ വലതു പക്ഷ വ്യതിയാനങ്ങളെ വി എസ് ചോദ്യം ചെയ്തു. ഒരിക്കൽ തനിക്കൊപ്പം നടക്കുകയും തന്റെ പരിലാളനങ്ങളേറ്റ് വളർന്നു വരികയും ചെയ്ത പിണറായിയോടു പോലും ഇക്കാര്യത്തിൽ സന്ധിയാവാൻ വി എസ് തയ്യാറായില്ല. വി എസ്,പിണറായി വിഭാഗങ്ങളായി പാർട്ടിയിൽ ഇരു ചേരികളുണ്ടാവുകയും ഇരുവരും പരസ്യമായിപ്പോലും നേർക്കുനേർ വരികയും ചെയ്തു. അപ്പോഴും വി എസാണ് ശരിയെന്ന് ഒരു പൊതു
ബോധം രൂപപ്പെട്ടതെങ്ങിനെയെന്നത് അത്ഭുതമാണ്.
HomeAd1
 image 3 of news

വി എസ് ന്റെ ശരിയും ജനകീയതയും ഉയർത്തിക്കാട്ടിയാണ് പത്തു വർഷം മുമ്പ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങൾ അതിനൊപ്പം ചേർന്നു. ഒന്നാംപിണറായി സർക്കാർ അധികാരത്തിലെത്തി. എന്നാൽ തുടർ ഭരണത്തിനായുള്ള തെരഞ്ഞെടുപ്പിൽ വി എസ് അത്രയൊന്നും പ്രൊജക്ട് ചെയ്യപ്പെടാതിരിക്കാൻ പിണറായിയുടെ നേതൃത്വത്തിൽ പാർട്ടിയും സർക്കാരും ജാഗ്രത പുലർത്തി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അനാരോഗ്യവും അസുഖാവസ്ഥകളും കാരണം വി എസ് അപ്രസക്തനായി. പലഘട്ടങ്ങളിലായി സർക്കാരിനും പിണറായിക്കുമെതിരേ ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്നു വന്നപ്പോൾ വി എസിന് പ്രതികരിക്കാനുള്ള ആരോഗ്യമുണ്ടായിരുന്നെങ്കിലെന്ന് പാർട്ടിക്കുള്ളിൽ ഉള്ളവർ പോലും ആഗ്രഹിച്ചു.

പാർട്ടിയെ കൈപ്പിടിയിലാക്കി വച്ചിരുന്ന കരുണാകരനെതിരേ കലഹിച്ചും പടനയിച്ചുമാണ് ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ മുൻനിരയിലേക്കെത്തുന്നത്. ആന്റണിയുടെ മുഖ്യപടനായകനായി കോൺഗ്രസ്സിലെ ഇരു വിഭാഗങ്ങളിലൊന്നിന്റെ നേതൃസ്ഥാനത്തെത്തി. പുതുപ്പള്ളിയെന്ന സ്വന്തം തട്ടകത്തിൽ അനിഷേധ്യനായി തുടരാനായത് പക്ഷേ കാപട്യമില്ലാത്ത സ്നേഹവും കാരുണ്യവും അദ്ദേഹം എല്ലായ്പ്പോഴും നാട്ടുകാരോട് കാണിച്ചതു കൊണ്ടു കൂടിയാണ്.
മന്ത്രിയും മുഖ്യമന്ത്രിയുമായപ്പോഴും ഉമ്മൻ ചാണ്ടിക്ക് സ്വന്തം ശൈലി തന്നെയായിരുന്നു ശരണം. ആൾക്കൂട്ടത്തിലൊരാളായി അവസാനം വരെ നിന്ന്, മറ്റാർക്കും മാതൃകയാക്കാനാവാത്ത ഒരു രാഷ്ട്രീയ സേവന മാതൃക അദ്ദേഹം സൃഷ്ടിച്ചു. ജനസമ്പർക്കമില്ലാത്ത ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതത്തിൽ.

 image 4 of news

മുഖ്യമന്ത്രിയെന്ന നിലയിൽ ഏതു വകുപ്പിലുമുണ്ടാകുന്ന പിഴവുകളുടെ ഉത്തരവാദിത്തം അദ്ദേഹം സ്വയമേറ്റെടുത്തു. നേട്ടങ്ങളുടെ ക്രെഡിറ്റ് എല്ലാർക്കുമായി പങ്കു വച്ചു. രാഷ്ട്രീയ പകയുള്ളവർ തീർത്ത ചതിക്കുഴിയിൽ, അപമാനിതനായി വീഴുമ്പോഴും സത്യം എപ്പോഴായാലും വെളിപ്പെടുമെന്ന സാത്വികഭാവത്തോടെ അതിനെ നേരിട്ടു. സ്വന്തം കുടുംബാംഗങ്ങൾക്കുള്ള മതവിശ്വാസം ചികിത്സയ്ക്ക് തടസ്സമായപ്പോഴും അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയില്ല, പരാതി പറഞ്ഞുമില്ല. ഒടുവിൽ ഒഴിവാക്കാനാവാത്ത മരണത്തിലേക്ക് ശാന്തനായി നടന്നു പോവുകയും ചെയ്തു.

ഏറ്റവും വികാരനിർഭരമായ വിടനൽകലായിരുന്നു വിഎസിനും ഉമ്മൻ ചാണ്ടിക്കും കേരള ജനത നൽകിയത്. ഒരു തുള്ളി പോലും മുറിയാതെ, ഒരാളും നിർബന്ധിക്കാതെ തീവ്ര സങ്കടത്തോടെ ഒരു ആൾക്കടൽ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ ആ യാത്രകൾക്കൊപ്പം ചേർന്നു.
ജനങ്ങളുടെ കണ്ണും കരളും കണ്ണീരോർമ്മയുമായി വി എസും ഉമ്മൻ ചാണ്ടിയും....

ഈ തെരഞ്ഞെടുപ്പിന് ഇടതിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഒരിടത്തും വിഎസ് ഇല്ല. ' മറ്റാരാണുള്ളത്' എന്ന മുദ്രാവാക്യത്തിനു കീഴെ ആകെയുള്ളത് താൻ മാത്രം മതിയെന്ന് തീരുമാനിക്കാൻ പോന്ന ഇരട്ടക്കരളുള്ള ഒരേയൊരാൾ മാത്രം. ഒരു പക്ഷേ വി എസ് അച്യുതാനന്ദന്റെ സന്തതസഹചാരിയെന്ന ഒറ്റ കാരണത്താൽ പാർട്ടി പുറത്താക്കിയ സുരേഷ് മത്സരിക്കുന്ന മലമ്പുഴയിൽ മാത്രമാവും ഇക്കുറി വി എസിന്റെ പേര് പ്രചാരണ രംഗത്ത് ഉയർന്നു കേൾക്കുന്നത്. അതും കമ്മ്യൂണിസ്റ്റ് എതിർചേരിയിൽ നിന്ന്.

ഉമ്മൻ ചാണ്ടിയോട് കാലം അല്പം കൂടി കരുണ കാട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓർമ്മകൾ ഈ തെരഞ്ഞെടുപ്പിൽ ആദ്യ ദിവസം മുതൽ സജീവമാണ്. പൊതു വേദിയിൽ പിണറായി നടത്തുന്ന ഓരോ പ്രതികരണങ്ങളും പെരുമാറ്റവും ഉമ്മൻ ചാണ്ടിയോടുള്ള താരതമ്യത്തിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കുന്നുവെന്നത് യാദൃശ്ചികമല്ല.
ഐക്യജനാധിപത്യ മുന്നണി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച അഞ്ചിന പരിപാടിയിലൊന്ന് 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പദ്ധതിയാണ്. അതിന് ഉമ്മൻ ചാണ്ടിയുടെ പേരുനൽകി മുന്നണി തന്നെ അദ്ദേഹത്തിന്റെ ഓർമ്മകളെ സജീവമാക്കുന്നു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചെലവു ചുരുക്കിയ വേറിട്ട പ്രചാരണ രീതി സ്വീകരിച്ചും ഉമ്മൻ ചാണ്ടിക്ക് അഞ്ജലിയർപ്പിക്കുന്നു.
ഈ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിദൂരത്തു നിന്ന് വിഎസിന്റെ പൊട്ടിച്ചിരി ഉയർന്നു കേൾക്കുമോ എന്ന് കാത്തിരുന്ന് കാണാം..

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞