NewsAd1
ശരണ്യ 'സൂപ്പർ ശരണ്യ'യാവുന്നതെങ്ങിനെ !
പ്രശാന്ത് IAS
6 April 2026, 10:52 am
main image of news

വനത്തിനുള്ളിൽ ട്രെക്കിംഗിനു പോയി ഒറ്റപ്പെട്ട് നാലാം ദിവസം രക്ഷനേടിയ ശരണ്യയെ വാഴ്ത്തുന്നവർ അറിയാൻ ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് ഐ എ എസ് (പ്രശാന്ത് വാസുദേവൻ നായർ) എഴുതിയ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം.

ശരണ്യ തിരിച്ചെത്തി.
അവളുടെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒപ്പം നമുക്കും ആശ്വസിക്കാം.
ആശ്വസിക്കാം എന്നതിനപ്പുറം ശരണ്യയെ നമ്മൾ ധൈര്യത്തിന്റെ പേരിൽ പ്രശംസിക്കുന്നത് ഒരു തെറ്റായ മാതൃക സൃഷ്ടിക്കില്ലേ എന്നാണ് എൻ്റെ സംശയം!
'സൂപ്പർ ശരണ്യ' എന്നായിരുന്നു ഏഷ്യാനെറ്റിന്റെ ഹെഡ് ലൈൻ !

 image 2 of news

കാരണം, ധൈര്യത്തിന്റെ പേരിൽ അഥവാ പിൻബലത്തിൽ ഞാനും നിങ്ങളും ഒക്കെ പലപ്പോഴും കാട്ടുന്ന ചില ശ്രദ്ധക്കുറവും അവധാനതയും ഒക്കെ ശരണ്യയുടെ ഭാഗത്തുനിന്നും വന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ പറയുമ്പോൾ അത് ആ കുട്ടിയോട് ചെയ്യുന്ന നീതികേട് അല്ല എന്ന് മനസ്സിലാക്കുക. മറിച്ച് സമൂഹത്തോട് കാട്ടുന്ന നീതിയാണ്.

എത്ര പെട്ടെന്നാണ് കാട്ടിനകത്ത് ഒറ്റപ്പെട്ട ശരണ്യയുടെ മൊബൈൽ ഫോണിൻ്റെ ചാർജ് തീർന്നത് എന്നോർക്കുക!
ഒരു പവർ ബാങ്ക് പോലും ആ കുട്ടിയുടെ കയ്യിൽ ഇല്ലായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്?
അര ലിറ്റർ വെള്ളത്തിൻ്റെ കുപ്പി മാത്രമാണ് ആഹാരം എന്ന് പറയാൻ കയ്യിൽ ഉണ്ടായിരുന്നത്!
അത്തരം ഒരു ട്രക്കിംഗിൽ ആവശ്യത്തിന് എനർജി ഫുഡ് നമ്മൾ കരുതിയിരിക്കണം.
എറണാകുളത്തു നിന്ന് ഒറ്റയ്ക്ക് വളരെ ദൂരം താണ്ടി കർണാടകയിലെത്തി ഒട്ടും പരിചിതരല്ലാത്ത സംഘാംഗങ്ങളോടൊപ്പം ഒരു ട്രക്കിങ്ങിനു പോവുകയാണ് ശരണ്യ.
അതും കൊടും വനത്തിനുള്ളിൽ !
സോളോ ട്രാവൽ എന്നത് പ്രശംസിക്കപ്പെടേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതും ആണ്.
പ്രത്യേകിച്ചും വനിതകൾ അതിൽ ഏർപ്പെടുമ്പോഴും അത് ട്രക്കിംഗ് പോലുള്ള ഒരു സാഹസിക പ്രവർത്തനമാകുമ്പോഴും.
പക്ഷേ അവിടെ അവർ / നമ്മൾ സ്വീകരിക്കേണ്ട ധാരാളം മുൻ കരുതലുകൾ ഉണ്ട്.
HomeAd1
 image 3 of news

മുൻകൂട്ടി അത്തരമൊരു ട്രക്കിങ്ങിന് പോകുമ്പോൾ ഒരു പവർ ബാങ്ക്, ഫുൾ ചാർജ് ചെയ്ത് വ്യത്യസ്തമായ സിം ഇട്ടിട്ടുള്ള മറ്റൊരു മൊബൈൽ, ഒരു കോമ്പസ്, ഫിസിക്കൽ ആയുള്ള മാപ്പ്, ഫസ്റ്റ് എയ്ഡ് കിറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങൾ നനയാതെ സൂക്ഷിക്കാനുള്ള കവറോ ബാഗോ , തെന്നാൻ സാധ്യതയുള്ള ഇടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ധരിക്കേണ്ട തരം ചെരുപ്പ്, ഒരു ടോർച്ച് അല്ലെങ്കിൽ ഹെഡ് ലാമ്പ്, വാട്ടർപ്രൂഫ് ആയ വസ്ത്രം ഇതൊന്നും ആഡംബരങ്ങളല്ല , മറിച്ച് അവശ്യം വേണ്ടതാണ്. ഇതിൽ എന്തൊക്കെ ശരണ്യ കരുതിയിരുന്നു എന്നെനിക്കറിയില്ല. ഒരു ഷോർട്ട് ട്രക്കിംഗ് ആണെങ്കിൽക്കൂടിയും അതിനനുസരിച്ച് നമ്മൾ തയ്യാറായിരിക്കണം.

അതൊന്നുമില്ലാതെ ട്രക്കിങ്ങിന് പോകുന്നത് സാഹസികതയോ ധൈര്യമോ ആയി കണക്കാക്കരുത്.
അങ്ങനെ കണക്കാക്കിയാൽ , ഇനിയും നമ്മുടെ ചെറുപ്പക്കാർ അത്തരം സാഹസങ്ങൾക്ക് മുതിരും.
അത് അപകടമാണ്.
അത്തരം മാതൃകകൾ നമ്മൾ സൃഷ്ടിക്കരുത്.
നോക്കൂ, പലപ്പോഴും തേക്കടിയിൽ ടൂർ പോകുന്ന നമ്മൾ അവിടെച്ചെന്ന ശേഷം മാത്രം യദൃച്ഛയാ വനം വകുപ്പിൻ്റെ ട്രക്കിങ്ങിന് പോകാറുണ്ട്.
ഏതാനും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ട്രക്കിംഗ് ആണെങ്കിൽപ്പോലും അവിടെയും മുൻകരുതലുകൾ സ്വീകരിക്കാതെ പോകുന്നത് അപകടമാണ് എന്നാണ് എൻ്റെ പക്ഷം.
ഒരിക്കലെങ്കിലും ഞാനും അത്തരത്തിൽ പോയിട്ടുണ്ട്.
അവിടെ ഒരു കാട്ടാനയുടെ ആക്രമണം ഉണ്ടായി എന്ന് കരുതുക.
നമ്മൾ പലതായി ചിതറിപ്പോകുന്നു എന്ന് കരുതുക.
ശരണ്യയുടെ അതേ സാഹചര്യത്തിൽ അല്ലേ ഒരു പക്ഷേ നമ്മളും പെടുക ?
അപ്പോൾ മിനിമം സംവിധാനങ്ങൾ നമ്മുടെ കയ്യിൽ ഉണ്ടായിരിക്കണ്ടേ ?

 image 4 of news

രാവിലെ ഒരാളുമായി സംസാരിച്ചപ്പോൾ ചിലരൊക്കെ ഈ സംഭവത്തിൽ ദുരൂഹത അഭിപ്രായപ്പെട്ടതായി പറഞ്ഞു കേട്ടു. പക്ഷേ എനിക്കങ്ങനെ തോന്നിയില്ല.

അത്തരം സംശയങ്ങൾക്ക് ഒരു കാരണം ചുണ്ടിക്കാട്ടപ്പെട്ടത്, 2022 ൽ മലമ്പുഴ മലഞ്ചരുവിൽ ഒരു ബാബു കുടുങ്ങിയതും സൈന്യം വരെ ഇടപെട്ടതും ഒടുവിൽ ഒരു സൈനികൻ അവനെ രക്ഷപ്പെടുത്തിയതുമായ വാർത്ത ഉൾപ്പെടെ ചിലതാണ്.
അവിടെ അനുമതി ഇല്ലാതെ അയാൾ അത്തരമൊരു പ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു.
മാത്രമല്ല പിന്നീട് ലഹരിയുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട് വന്നിരുന്നു.
അന്നവനെപ്പറ്റി ഒരു കവിത തന്നെ എഴുതിയ ഞാൻ പിന്നീട് ഇളിഭ്യനായി !

എന്നാൽ ഇവിടെ അങ്ങനെയല്ല. അനുമതിയുള്ള ട്രക്കിങ്ങിൽ തന്നെയാണ് ശരണ്യ പങ്കെടുത്തത്. പക്ഷേ ശരണ്യക്ക് പറ്റിയ തെറ്റ് ഞാൻ പറഞ്ഞതുപോലെ സാങ്കേതികമായ മുൻകരുതലുകൾ എടുക്കാത്തതും അപരിചിതരുടെ കൂടെ അത്തരം ഒരു സാഹസിക ട്രക്കിങ്ങിന് പോകുമ്പോൾ ഒരു കാരണവശാലും ഒറ്റപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കാതിരുന്നതും ആണ്. താൻ താഴെയായി പോയി എന്നും സംഘാംഗങ്ങളെ മുകളിൽ കണ്ടുവെന്നും ഇടതുവശത്തുകൂടി പോയി മുകളിൽ എത്തിയപ്പോൾ അവരെ അവിടെ കണ്ടില്ല എന്നും അവർ താഴേക്ക് തന്നെ പോയി കാണും എന്ന വിശ്വാസത്തിൽ താഴേക്ക് പോയി എന്നും ആണ് ശരണ്യ പറയുന്നത്. താഴെ ഒറ്റപ്പെട്ടപ്പോഴും മുകളിൽ സംഘങ്ങളെ കാണാതായപ്പോഴും ശരണ്യക്ക് ഒപ്പമുള്ള ഗൈഡിനെ വിളിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ലേ എന്ന സംശയം എനിക്കുണ്ട്. അല്ലാതെ തന്നെ അവരെ കണ്ടുപിടിക്കാം എന്ന് ചിന്തിച്ചെങ്കിൽ അവിടെയാണ് ശരണ്യയ്ക്ക് തെറ്റ് പറ്റിയത്.

ഇത്തരം തെറ്റുകൾ സ്വാഭാവികം അല്ലേ എന്ന് ചോദിക്കരുത്.
കാരണം , ഇത്തരം ചെറിയ തെറ്റുകൾക്ക് പോലും നമ്മൾ കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും.
സാഹസികത എന്നത് , മുൻകരുതലുകൾ എടുത്തുകൊണ്ടു കൂടി ചെയ്യേണ്ടതാണ്.
ധൈര്യവും ആത്മവിശ്വാസവും മാത്രം പോര നമുക്ക് ജീവിതത്തിൽ, മുൻകരുതലുകൾ കൂടി വേണം എന്ന് ശരണ്യയുടെ പാഠം നമ്മളെ പഠിപ്പിക്കുന്നു.
എല്ലാ യാത്രകളിലും നമ്മൾ ഇത്തരം മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു.
ഒന്നു ഗൂഗിൾ ചെയ്താൽ കിട്ടാവുന്ന കാര്യങ്ങളേയുള്ളൂ.
കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ഹിൽ സ്റ്റേഷനുകളിലേക്കുള്ള യാത്രകൾ ഇത്തരത്തിൽ അപകടം നിറഞ്ഞതാണ്.
ഏതു നിമിഷവും ഒരു മലയിടിയാം , ഒരു മരം റോഡിലേക്ക്, നമ്മുടെ വാഹനത്തിന്‍റെ മുകളിലേക്ക് വീഴാം, ചെറിയൊരു ഉരുൾപൊട്ടൽ ഉണ്ടാകാം അങ്ങനെ പലതും സംഭവിക്കാം.
ആ സന്ദർഭങ്ങളിൽ വിനോദത്തിന്റെ പേരിലുള്ള യാത്രകൾ നമ്മൾ ഒഴിവാക്കുന്നതാണ് നല്ലത്.
കഴിവതും നമ്മുടെ യാത്ര സ്വന്തം വാഹനത്തിൽ ആണെങ്കിൽ കുറച്ച് കയർ , നല്ലൊരു വെട്ടുകത്തി തുടങ്ങിയ മിനിമം സംവിധാനങ്ങൾ വണ്ടിയിൽ കരുതുന്നതിൽ തെറ്റില്ല.
മുറിച്ചു മാറ്റാവുന്ന ഒരു മരക്കൊമ്പാണ് എങ്കിൽ
ചില ഒറ്റപ്പെട്ട റോഡുകളിൽ അത് നമുക്ക് സഹായകമാകും.
കനത്ത മഴയുള്ള സന്ദർഭങ്ങളിൽ ജലാശയങ്ങളിലെ യാത്ര സാഹസികമല്ല,
മറിച്ച് ജീവൻ പണയം വയ്ക്കലാണ്!
അവിടെ സാഹസിത കാട്ടുന്നത് വഞ്ചി തുഴയുന്നവനോ ബോട്ട് ഓടിക്കുന്നവനോ ആണ് ,
അല്ലാതെ അതിൽ യാത്ര ചെയ്യുന്ന നമ്മളല്ല.
പലപ്പോഴും ഒരു ലൈഫ് ജാക്കറ്റ് പോലും നമ്മൾ ധരിച്ചിട്ടുണ്ടാവുകയുമില്ല.
വെള്ളച്ചാട്ടങ്ങളിലേക്ക് പോകുമ്പോൾ തെന്നുന്ന പാറകളിൽ കയറി നമ്മൾ സെൽഫി എടുക്കാറുണ്ട് !
ഒരു നിമിഷം മതി ചെറിയ പാറ ആയാൽ പോലും
തെന്നി വീണ് തലയിടിക്കാൻ !
അമിത ധൈര്യം കാട്ടുമ്പോഴും സാഹസികത പ്രകടിപ്പിക്കുമ്പോഴും ജീവൻ നമ്മുടെ കയ്യിൽ അല്ല എന്നും മുൻകരുതലുകൾ ആവശ്യമാണ് എന്നും
അവ ആഡംബരങ്ങൾ അല്ല എന്നും നമുക്ക് ഓർത്തിരിക്കാം.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞