ഡോ. എം.കെ. റാം, സിനിൽ സവാദ്..... ദ റിയൽ കേരള സ്റ്റോറിയുടെ ഏറ്റവും പുതിയ നായകർ. പുരോഗമന നവോത്ഥാന മുന്നണികൾ ആകെ മാറ്റിമറിച്ചുവെന്ന് അവകാശപ്പെടുന്ന സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ ശരിയായ പ്രതിനിധികൾ .....
അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിഥിൻ രാജിന്റെ മരണത്തിന് പിന്നാലെ ഡോ റാം എന്ന അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണുയർന്നത്. ജാതിയുംനിറവും അടിസ്ഥാനമാക്കി വ്യക്ത്യധിക്ഷേപം ചെയ്യുകയെന്നത് റാമിന്റെ പ്രധാന വിനോദമായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. നിഥിൻ രാജിനെ സ്വയം മരണത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് റാമിന്റെ നിരന്തര പരിഹാസവുമാണെന്ന് വ്യക്തമാവുന്നു.
നമ്പർ വൺ കേരളത്തിന്റെ വർത്തമാന കാല അവസ്ഥകൾ ഇങ്ങിനെയൊക്കെയും കൂടിയാണെന്ന് പറയുമ്പോൾ പരിഭവിക്കരുത്. ഇതര സംസ്ഥാനത്തു നിന്നും വന്ന കല്യാണപ്രായമെത്താത്ത ഒരു പെൺകുട്ടിയെ, അവളുടെയും അവർക്കൊപ്പമുണ്ടായിരുന്ന അവന്റെയും താത്പര്യമെന്ന ഒരേയൊരു കാരണം പറഞ്ഞ് കെട്ടു നടത്താൻ ഉത്സാഹിച്ച പുരോഗമന രാഷ്ട്രീയ കക്ഷികൾ ചുറ്റുവട്ടത്തു നടക്കുന്ന തനി കേരളീയമായ ഈ ദുരാചാരങ്ങൾക്കെതിരേ എന്തു നിലപാടാണെടുക്കുക?
വേടൻ എന്ന റാപ്പറോട് ഇതെഴുതുന്ന ആളിനുള്ള മതിപ്പ് രണ്ടേ രണ്ടു കാര്യങ്ങളിലാണ്. ഒന്ന് വേടൻ അതീവ ഹൃദ്യമായി വരികൾ സൃഷ്ടിക്കുന്നു. രണ്ടാമത്തേത്, ജാതിയുടെ പേരിൽ വരയ്ക്ക് പുറത്തു നിറുത്തപ്പെട്ട ഒരു മനുഷ്യ സമൂഹത്തിൽപ്പെട്ടയാളാണ് താനെന്ന് തലനിവർത്തി നിന്നു പറയുന്നു. താൻ പാണനോ പറയനോ തമ്പുരാനോ അല്ലെന്നും അങ്ങിനെയാണെങ്കിൽത്തന്നെ ഒരു 'ഡാഷും' ഇല്ലെന്നും പറയാനുള്ള ആർജ്ജവം കാട്ടുന്നു.
കേരളത്തിൽ ജാതി നിലനിറുത്തുന്നതിൽ എല്ലാ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കും തന്ത്ര പ്രധാനമായ പങ്കുണ്ട്. തെരഞ്ഞെടുപ്പിൽ സീറ്റ് നിശ്ചയിക്കുന്നതു മുതൽ ആരംഭിക്കും ഇവരുടെ ജാതി ചിന്ത. പുരോഗമന ഇടതു പക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി പോലും തങ്ങളുടെ തലമുതിർന്ന ദളിത് നേതാക്കൾക്ക് ( പോലും)പൊതുമണ്ഡലത്തിൽ സീറ്റ് നൽകാൻ തയ്യാറാവാത്തത് ഇപ്പോഴും പോയിട്ടില്ലാത്ത ജാതിചിന്തയുടെ മറ്റൊരു ഉദാഹരണം.വകുപ്പുവിഭജനത്തിലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും ഒക്കെ ആഴത്തിൽ പ്രതിഫലിക്കുന്നതും ഇതേ പരിഗണന തന്നെ.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



