റൺ ബേബീ... റൺ.. (ഫോർ ബംഗാൾ)
മോഹൻ കെ
15 April 2026, 8:30 am
'കേണലിന് ആരും എഴുതുന്നില്ല'
ഗാർസിയ മാർക്വിസിന്റെ ഒരു കൃതിയുടെ ശീർഷകമാണിത്. നോർത്ത് കൊൽക്കൊത്തയിലെ അലുമുദിൻ തെരുവിലെ സിപിഎം ആസ്ഥാനമായ മുസഫർ അഹമ്മദ് ഭവനിൽ ആരവങ്ങളില്ല.ഒരുവേള തിളച്ചു നിന്ന ഈയിടം ഇന്നു ഗതകാലങ്ങളിലാണ് ജീവിക്കുന്നത്.
തെരഞ്ഞെടുപ്പ് ചൂടിൽ പടിഞ്ഞാറൻ ബംഗാൾ ജ്വലിക്കുമ്പോൾ ഈ മന്ദിരം നിസ്സംഗമാണ്. ആളനക്കമില്ലാത്ത ഒരു പഴയ കെട്ടിടം .അതിൽ ചില പഴയ കാറുകൾ, പഴയ ചില പോസ്റ്ററുകൾ. സെക്യൂരിറ്റി ജീവനക്കാരാണ് ഇവിടെ പ്രധാനികൾ. തൂത്തെറിയപ്പെട്ട ഒരു പാർട്ടിയുടെ ഗതികേടുകൾ.!
ഗതകാല ഗരിമകളുടെ അവശേഷിപ്പുകൾ മായുന്നില്ല. നേതാക്കളില്ലാത്ത വാർറൂമില്ലാത്ത തോൽക്കാനുള്ള ഒരങ്കം.
മറുപടി പറയാനും സെക്യൂരിറ്റി ജീവനക്കാർ മാത്രം. എന്തൊരു ദുരന്തം!
അധികാരമില്ലാത്ത നാട്ടിൽ മിക്കയിടത്തും പാർട്ടിയില്ല. ഏര്യാ കമ്മിറ്റി സെക്രട്ടറിമാരും അംഗങ്ങളും നാട്ടുകാരും കേരളത്തിൽ പൊറോട്ട അടിക്കുകയാണ്.
അടിയും തൊഴിയുമേറ്റ സാധാരണക്കാരന്റെ വിപ്ലവം തകർന്നു പോയിരിക്കുന്നു.
നീണ്ട 34 വർഷങ്ങൾ ഭരിച്ച പാർട്ടി.1977 മുതൽ 2000വരെ ജ്യോതിബസു. തുടർന്ന് 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യ.
2011ൽ തോൽക്കുമ്പോഴും 29.58 ശതമാനം വോട്ട് നേടി. സീറ്റുകളും. 2016ൽ വോട്ട് വിഹിതം 19.75 ശതമാനമായി കുറഞ്ഞു. എങ്കിലും സീറ്റുകൾ കിട്ടി.2021ൽ സഭയിൽ സിപിഎം സംപൂജ്യരായി.നേടിയ വോട്ട് 4.75 ശതമാനം.
ഈ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളെങ്കിലും നേടുകയാണ് ലക്ഷ്യം.
പ്രചാരണത്തിന് ഒരു ദിവസം ബേബി സഖാവെത്തി.ഇനിയാരും വരാനില്ലെന്നു പാർട്ടിക്കാർ. കേരളത്തിലിരുന്ന് ആരെയും ഇപ്പോൾ ഡാഷ്മോനെ എന്നു വിളിക്കാം.കൽക്കട്ടയിൽ അത് പറ്റില്ല. ദേഹരക്ഷ നോക്കണം.കടപ്പുറത്ത് പാദുകവും വലിച്ചെറിഞ്ഞ് കണ്ട വണ്ടിയിൽ സ്കൂട്ടായത് ഇവിടെ വിലപ്പോയെന്നും വരില്ല.
ഒരു കൈ സഹായത്തിന് കാവിലെ പാട്ടുമൽസര വിജയികളായ ജയ്ക്കിനെയും റഹീമിനെയും ശിവൻകുട്ടി അണ്ണനെയും പരിഗണിക്കാം.കൂടെ പൊട്ടാസും വാഴക്കുലയുമാകാം. ഹൗറാ പാലത്തു നിന്നും ഒത്തു പിടിച്ചാൽ ചിലപ്പോൾ മലയും...
വംഗ ഭൂമിയുടെ ഉൾത്തലങ്ങളിൽ ചിതറിപ്പോയ സ്വപ്നങ്ങളുടെ വക്കുകളിൽ ഇപ്പോഴും ചോര പൊടിയുന്നുണ്ട്...
ബംഗാളിൽ കരുത്തു കാട്ടി ഇടതു മുന്നണി,ജനപ്രവാഹമായി സ്ഥാനാർത്ഥി പര്യടനങ്ങൾ... ദേശാഭിമാനിയുടെ തലക്കെട്ടു കൾ. റിപ്പോർട്ടിംഗ്.സ്ത്രീകളും യുവാക്കളും തടിച്ചു കൂടുന്നു.പുഷ്പഹാരവും പുഷ്പവൃഷ്ടിയും ...തൃണമൂലിന്റെ ആക്രമണ ഭീഷണി ചെറുത്താണ് പര്യടനം എന്നും കഥനം.
യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾക്ക് കർമ്മപദ്ധതി, ഒരു കുടുംബത്തിൽ ഒരാൾക്കു സ്ഥിരം ജോലി, വാർധക്യ പെൻഷൻ,100യൂണിറ്റ് സൗജന്യ വൈദ്യുതി... വാഗ്ദാനങ്ങൾ വിതറി ഇടതു പ്രകടന പത്രിക. പാഴായ നീണ്ട 34 വർഷങ്ങൾ!. തിരിഞ്ഞ് കൊത്തുന്ന വാഗ്ദത്തങ്ങൾ.
എല്ലാത്തിലും ഒന്നാമതായ കേരള വികസന മാതൃക കൽക്കട്ടയിൽ എടുക്കാച്ചരക്കാണ്.വികസന തള്ളുകൾ വ്യാജ നിർമ്മിതികളെന്നു തെളിയുന്നു. ഊറ്റം കൊണ്ട ബദലുകളെല്ലാം സ്വാഹ !
പണ്ട് ജ്യോതിബസു പാർട്ടിയെ തിരുത്താൻ ശ്രമിച്ചു. ഇപ്പോൾ വംഗ ജനത പാർട്ടിയെ തന്നെ തുരത്തി...ചരിത്രപരമായ വങ്കത്തം ഓർത്ത്.
സിദ്ധാർത്ഥ ശങ്കർ റോയിയുടെ കിരാത ഭരണമായിരുന്നു കോൺഗ്രസിനെ തകർത്തത്.കമ്മികളുടെ തേർവാഴ്ച മമതക്കു വഴിവെട്ടി.അവർ പിൻതുടർന്നത് കമ്മി ടെക്സ്റ്റുകളായിരുന്നു.ദീദിയോട് കണക്ക് പറയാനും ആളു വരുന്നുണ്ട്.
കൊൽക്കൊത്ത തെരുവുകളിൽ നടന്ന അവകാശ സമരങ്ങളെ പൊലിസിനൊപ്പം അടിച്ചൊതുക്കിയത് കുറുവടി ഏന്തിയ ഗുണ്ടാ സഖാക്കൾ ആയിരുന്നു.അതിന്റെ മിനിയേച്ചർ ഇവിടെയും അരങ്ങേറി. അടി. അത് ആരുടെയും കുത്തകയല്ല. കണ്ണൂരായാലും കൊൽക്കൊത്തയായാലും...