NewsAd1
'കരിയും കരിമരുന്നും: പുനരാലോചന വൈകാതിരിക്കാം.
രാജീവൻ എസ്
21 April 2026, 5:22 pm
main image of news

വീണ്ടും ഒരു വെടിക്കെട്ട് ദുരന്തത്തിനു കൂടി കേരളം സാക്ഷിയാകുന്നു. തൃശൂർപൂര ആഘോഷത്തിനായി വെടിക്കോപ്പുകൾ തയ്യാറാക്കി വന്ന മുണ്ടത്തിക്കോട്ടെ നിർമ്മാണ ശാലയിലാണ് ഉച്ചയോടെ വൻ പൊട്ടിത്തെറിയുണ്ടായത്.ഇതേവരെ 13 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചുപേരുടെ മൃതദേഹങ്ങളും മറ്റുള്ളവ ശരീര ഭാഗങ്ങളായുമാണ് ലഭിച്ചത്. പൊള്ളലേറ്റ പലരുടെയും സ്ഥിതി ഗുരുതരമായി തുടരുന്നു.15 പേർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്

അപകടത്തിൽ ആർ ഡി ഓയുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അഞ്ചു നാൾക്കപ്പുറം തൃശ്ശൂർ പൂരവും അതിനു മുമ്പ് സാമ്പിൾ വെടിക്കെട്ടും നടക്കാനിരിക്കേയാണ് നാടിനെ നടുക്കത്തിലും സങ്കടത്തിന്റെ നടുക്കടലിലുമാഴ്ത്തിയ ദുരന്തമുണ്ടായത്.

ഉത്സവങ്ങളോടനുബന്ധിച്ച് 'വൻപിച്ച കരിമരുന്നു പ്രയോഗവും' കൂടിയുണ്ടെങ്കിലേ ദേവൻമാർക്കും ഭക്തജനത്തിനും സംതൃപ്തിയുണ്ടാകൂ എന്ന നില കൈവന്നിട്ട് പല പതിറ്റാണ്ടുകളാവുന്നു. കൊടും ചൂടിൽ ആനകളെ നടത്തിച്ച് ദേവൻമാരെ എഴുന്നള്ളിച്ച് പ്രീതിപ്പെടുത്തുന്ന രീതിയും മാറ്റമില്ലാതെ തുടരുന്നു. രണ്ടും പലതവണ കോടതികൾ നിയന്ത്രണങ്ങളേർപ്പെടുത്തുകയോ ഭാഗികമായെങ്കിലും തടയുകയോ ചെയ്തിട്ടുള്ളതാണ്. 'കരിയും വേണ്ട, കരിമരുന്നും വേണ്ട' എന്ന് ഒരു നൂറ്റാണ്ടിനു മുൻപേ ശ്രീനാരായണ ഗുരു പറഞ്ഞതിന്റെ സാംഗത്യം 'നവാനന്തര' സാഹചര്യത്തിലെത്തിയെന്ന് മേനി പറയുമ്പോഴും കേരളം മനസ്സിലാക്കിയിട്ടില്ല.

ഇത്തവണ കേരളത്തിൽ പകൽ സമയത്തെ ചൂട് പല ജില്ലകളിലും ശരാശരി നാല്പതിനോടടുക്കുകയാണ്. ഈ സമയത്തുതന്നെയാണ് മതവ്യത്യാസമില്ലാതെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ആരാധനാലയങ്ങളിലേയും ഉത്സവങ്ങളും അരങ്ങേറുന്നത്. പലയിടങ്ങളിലും ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന പലതരത്തിലുള്ള ആചാരങ്ങളും ആഘോഷപരിപാടികളും അരങ്ങേറുന്നു..
HomeAd1
 image 3 of news

ആനപ്പുറത്ത് എഴുന്നെള്ളത്തും സ്ത്രീ സഹസ്രങ്ങൾ പങ്കെടുക്കുന്ന പൊങ്കാലകളും കൊടും ചൂടിനെയും അവഗണിച്ചും ഹൈന്ദവ ആരാധനാലയങ്ങളിൽ അരങ്ങേറുമ്പോൾ ഇതര മത ആരാധനയോടനുബന്ധിച്ചും ഘോഷയാത്രകളും മറ്റു പരിപാടികളും ഇതേ തരത്തിൽ തന്നെ സംഘടിപ്പിക്കപ്പെടുന്നു.

ഒരു ദുരന്തം ഉണ്ടാകുമ്പോൾ പലതരത്തിലുള്ള അന്വേഷണ പ്രഹസനങ്ങൾ നടത്തി കാര്യങ്ങൾ ശുഭകരമായി അവസാനിപ്പിക്കുകയാണ് പതിവ്. ബന്ധുക്കൾക്ക് നഷ്ടപരിഹാരം നേതാക്കളുടെ സന്ദർശനവും അനുശോചനങ്ങളുമുണ്ടാവും. ഇവിടെയും അതിനപ്പുറം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാൻ ഒരു കാരണവുമില്ല.

 image 4 of news

ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കുറിച്ച് അഭിപ്രായം പറയാൻ പൗരന്മാർക്കും ബഹുജന സംഘടനകൾക്കും കോടതിയും സർക്കാരും അവസരം നൽകിയിരിക്കുകയാണ് ഇപ്പോൾ. അഭിപ്രായം പറയാനും തീരുമാനം എടുക്കാനും ഇനിയും മടി കാണിക്കേണ്ടതില്ല.

കാലഹരണപ്പെട്ട ആഘോഷങ്ങളും ആചാരങ്ങളും അവസാനിപ്പിക്കുക തന്നെ വേണം. അവ ജീവജാലങ്ങളെ സംബന്ധിച്ച് മാരകമായി മാറുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞