NewsAd1
കേരളത്തിൽ'പ്രളയം' വീണ്ടുമെത്തുമ്പോൾ...
അനിൽ ബാലകൃഷ്ണൻ
28 April 2026, 3:12 pm
main image of news

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് കേരത്തെയാകെ ഉലച്ച പ്രളയമുണ്ടായത്.സംസ്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തം. തുടർച്ചയായി പെയ്ത പെരുമഴയും മറ്റ് പല ഘടകങ്ങളും ചേർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 484 പേർ മരിച്ചതായാണ് ഔദ്യോഗികകണക്ക്. 14 ലക്ഷത്തിലധികം ആളുകൾ ആഴ്ചകളോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി.

തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ സമയമായിരുന്നു അത്. ജൂലൈ 1-മുതൽ ഓഗസ്റ്റ് 19-വരെ അന്ന് കേരളത്തിൽ 3100 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തു, സാധാരണയുള്ളതിന്റെ 164 ശതമാനത്തിലധികം. മേഘവിസ്ഫോടനങ്ങൾ, അന്തരീക്ഷ ന്യൂനമർദം, റോസ്ബി-ഗ്രാവിറ്റി തരംഗങ്ങൾ തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങളും പ്രധാന കാരണങ്ങളായിരുന്നു.
പാടങ്ങൾ നികത്തൽ, പാറ ഖനനം കാരണമുള്ള മലയോര ഉരുൾപൊട്ടലുകൾ എന്നിവ പ്രകൃതി ദുരന്തത്തിന് മനുഷ്യന്റെഭാഗത്തുനിന്നുള്ള സംഭാവനകളായി മാറി. അണക്കെട്ടുകളുടെ ഏകോപനമില്ലായ്മയും കാരണമായെന്ന് പിന്നീടു നടന്ന അന്വേഷണങ്ങളിൽ വ്യക്തമായി.

 image 2 of news

പ്രളയം മൂന്നാർ, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളെ ഗുരുതരമായി ബാധിച്ചു. 57000 ൽപ്പരം വീടുകൾ തകർന്നു, 8000 കിലോമീറ്റർ റോഡുകൾ താറുമാറായി. വിവിധ സേനാവിഭാഗങ്ങൾ, ദുരന്ത രക്ഷാ സേന, മറ്റു സർക്കാർ ഏജൻസികൾ എന്നിവയുടെയും സേവന സന്നദ്ധരായ മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ള നാട്ടുകാരുടെയും ശ്രമഫലമായി 10 ലക്ഷത്തിലധികം പേരെ രക്ഷിച്ചു.ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും കാരുണ്യം സഹായമായി ഒഴുകിയെത്തി.ക്രമേണ പ്രളയത്തിന്റെ മുറിപ്പാടുകളിൽ നിന്നും ഓർമ്മകളിൽ നിന്നും നമ്മൾ സ്വാഭാവികമായി വിടുതൽ നേടി.

കേരളത്തിൽ പിന്നെയും വേനലും ശൈത്യവും മഴയും വസന്തവുമൊക്കെ വന്നു. പ്രളയം ഇതിവൃത്തമാക്കി സിനിമ വന്നു. പല തെരഞ്ഞെടുപ്പുകൾ വന്നു. പ്രളയത്തിൽ മരണമടഞ്ഞ അഞ്ഞൂറോളം പേരുടെ ഓർമ്മകളും പലതരം നഷ്ടങ്ങൾ സംഭവിച്ചവരുടെ തുടർ യാതനകളും അവരുടെ കുടുംബങ്ങൾക്ക് മാത്രമായി വിട്ടു കൊടുത്ത് നമ്മൾ കൈകൾ കഴുകി.
HomeAd1
 image 3 of news

ഇപ്പോൾ പരേതാത്മാക്കൾ ചേർന്ന് ഉഗ്രരൂപിയായ ഒരു ഭൂതത്തെ പുറത്തുവിട്ടിരിക്കുന്നു. എല്ലാവരും ചേർന്ന് പ്രകൃതിയുടെ മേൽ അടിച്ചേല്പിച്ച പ്രളയത്തിന്റെ പ്രധാന ഉത്തരവാദിത്തം മനുഷ്യ രൂപം പൂണ്ട ചില അധമൻമാർക്കാണെന്ന വെളിപ്പെടുത്തലാണത്.

ഭരണത്തിലിരുന്നവർ ഉദ്യോഗസ്ഥരുമായിച്ചേർന്ന് പണക്കൊതി കൊണ്ട് ചെയ്ത പാതകമാണ് പ്രളയമായി കുത്തിയൊലിച്ചു വന്നതെന്ന ഞെട്ടിക്കുന്ന വാർത്ത സത്യമാണെന്നതിന് കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്.

 image 4 of news

ഈ തെരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ പുറത്തുവിട്ട ശബ്ദരേഖ പ്രളയത്തിന്റെ കാരണങ്ങളിലേക്ക് വ്യക്തമായ സൂചനകളാണ് നൽകിയത്. അന്ന് വകുപ്പുമന്ത്രിയായിരുന്ന സ്വന്തം പാർട്ടിക്കാരൻ കൂടിയായ മാത്യു ടി തോമസിനെതിരേയാണ് കൃഷ്ണൻ കുട്ടി സംസാരിച്ചത്. ഡാമിൽ നിന്ന് മണൽ നീക്കാൻ കരാറെടുത്തവരെ സഹായിക്കാൻ ജലനിരപ്പുയർന്നിട്ടും ഡാം തുറന്നു വിടുന്നത് തടഞ്ഞത് മാത്യു ടി തോമസാണെന്ന് ശബ്ദരേഖ പറയുന്നു. തമിഴ്നാടിന്റെ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്ന കരാറുകാരനെ സഹായിക്കാൻ പിന്നീട് കേരളത്തിലേക്ക് വെള്ളം തുറന്നു വിട്ടതും പ്രശ്നമായി എന്നും ശബ്ദരേഖയിലുണ്ട്.

തമിഴിൽ പുറത്തിറങ്ങുന്ന തട്ടുപൊളിപ്പൻ സിനിമകളിലെ രാഷ്ട്രീയ നേതാക്കൾ ചെയ്യുന്നതിലും ഭീകരമായ നെറികേട് കേരളത്തിലെ ഒരു ഭരണാധികാരി ചെയ്തുവെന്ന് അടിവരയിടുന്ന ആ ശബ്ദ സന്ദേശത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനോ അതിൽ വസ്തുതയുണ്ടോ എന്ന് മനസ്സിലാക്കാനോ മാധ്യമങ്ങളോ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളോ തയ്യാറാവുന്നില്ല എന്നതാണ് വിചിത്രം.

ശബ്ദരേഖ വ്യാജവും നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്രിമ സൃഷ്ടിയാണെന്നുമാണ് കൃഷ്ണൻ കുട്ടി പറയുന്നത്. ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയമായോ ഔദ്യോഗികമായോ തെളിയിക്കപ്പെട്ടിട്ടില്ല. നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച കൃഷ്ണൻകുട്ടി ഇതേവരെ അത്തരത്തിൽ ഏതെങ്കിലും നീക്കം നടത്തിയതായും വിവരമില്ല. ശബ്ദരേഖ കുഴൽനാടന്റെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള സൃഷ്ടിയാണെന്ന് ആരോപിച്ച് മാത്യു ടി തോമസും നിശബ്ദത പാലിക്കുകയാണ്.

തെരഞ്ഞെടുപ്പു കാലത്തെ കേവലമായ ആരോപണങ്ങളിലൊന്നായി തള്ളിക്കളയേണ്ടതല്ല ഇതെന്ന് ഇപ്പോൾ വീണ്ടും ഓർമ്മിപ്പിക്കുകയാണ് മുൻ ഐ എ എസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ. സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹമെഴുതി പ്രസിദ്ധീകരിക്കുന്ന നാം നമ്മെ കൊള്ളയടിക്കുമ്പോൾ എന്ന പുസ്തകത്തിലും ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ടെന്നാണ് വിവരം.
ആരോപണങ്ങൾ വസ്തുതാപരമെങ്കിൽ മനുഷ്യർക്കെതിരേയുള്ള ഹീനമായ കുറ്റകൃത്യമായിക്കണ്ട് ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കേണ്ടതാണ്. രാഷ്ട്രീയ നേതൃങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ഇക്കാര്യത്തിൽ ഒളിച്ചുകളി തുടരുമ്പോൾ എല്ലാവശങ്ങളും പരിശോധിച്ചുള്ള സമഗ്രമായ അന്വേഷണത്തിനായി ബഹുജനാഭിപ്രായം ഉയരണം. പ്രളയ ദുരന്തത്തിനിരയായ നിഷകളങ്കർക്ക് നീതി ലഭിക്കുക തന്നെ വേണം. ഇക്കാര്യത്തിൽ സ്വമേധയാ ഇടപെടാൻ നീതിന്യായ സംവിധാനവും തയാറാവണം.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞