NewsAd1
മുണ്ടത്തിക്കോട് ദുരന്തം കാത്തിരിക്കുന്ന മുഖ്യമന്ത്രി മോഹങ്ങൾ
മോഹനകൃഷ്ണൻ
29 April 2026, 5:19 am
main image of news

പിണറായി പറയും പോലെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്.രാജ്യത്ത് അവരുടെ അവശേഷിക്കുന്ന അപൂർവം മരുപ്പച്ചകളിൽ ഒന്നാണ് കേരളം. അവിടെ അസ്ഥിരതയും അരാജകത്വവും പടർത്തി ഉള്ളതും തല്ലി കെടുത്താനുള്ള ദൗത്യത്തിലാണ് ഹൈക്കമാൻഡും അതിനു മേൽ പ്രഹരശേഷിയുള്ള ലോക്കമാൻഡുകളും.

രാജ്യത്തെ എതാണ്ട് എല്ലാ പിസിസി,ഡിസിസി ആപ്പീസുകളിലും പട്ടി പെറ്റു കിടക്കുകയാണ്.തെരഞ്ഞെടുപ്പ് കാലത്ത് മാത്രം തുറക്കുന്ന ഉൽസവ കമ്മിറ്റി ആപ്പീസുകൾ. സ്ഥാനാർത്ഥിത്വത്തിനായും അധികാരസ്ഥാനങ്ങൾക്കായുമുള്ള കൂട്ട നിലവിളികളാണ് ആപ്പീസുകളിലെ ഉണർത്തുപാട്ടുകൾ.

 image 2 of news

ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടർ പട്ടിക പോലും അവ്യക്തം. ആ സൂത്രത്തിൽ തരൂർ പോലും പെട്ടു പോയി. ആദ്യം SIR നടപ്പാക്കേണ്ടത് ഈ പട്ടികയിലാണ്.

കേരളത്തിലെ വിജയം(?) സിപിഎം കുന്തളിപ്പിന്റെ ഫലമായുള്ള അവസരമായി മാത്രം കരുതണം. പാർട്ടിയെ ഉപ്പുവച്ച കലമായി ഉപമിച്ച പ്രവചന സിംഹം നിസ്സാരനല്ലല്ലോ ?
അഹങ്കാരവും തൻ പ്രമാണിത്വവും വാവിട്ട നാവും കൊണ്ട് എടതൻ സ്വന്തം കുഴി മാന്തി.. എടതരാണ് ഇപ്പോഴും യുഡിഎഫിന്റെ ഐശ്വര്യാറോയ്!
HomeAd1
 image 3 of news

മുഖ്യമന്ത്രിയാകാനുള്ള ഭൈമീ കാമുകൻ ദില്ലിയിൽ ഉടുത്തൊരുങ്ങുന്നതായാണ് കേൾവി. കർണാടകയിലെ അധികാരത്തർക്കത്താൽ ദില്ലിയിൽ കുടിയിരുത്തപ്പെട്ട നേതാവാണ് ഖാർഗെ. അധ്യക്ഷൻ എന്ന മുൾകിരീടം വച്ചുമാറി രാഹുൽ സ്കൂട്ടായി. ആളും അർത്ഥവും അംഗീകാരവുമുള്ള ശിവകുമാറിനെ കർണാടകയിൽ ഇപ്പോഴും രണ്ടാമനാക്കി നിർത്തുന്ന രാജതന്ത്രം ഇവിടെ പൊടി തട്ടി എടുക്കുകയാണോ ?

പശ്ചിമ ബംഗാളിൽ പാർട്ടിയുടെ പതനത്തിനു ചെറുതല്ലാത്ത സംഭാവന ചെയ്ത മുൻഷിയുടെ കളത്രം കേരളത്തിലെ കർമങ്ങൾക്ക് സാക്ഷിയാവും.
രാഷ്ട്രീയവും ജനകീയവുമായ ഉൾകാഴ്ചയുടെ അഭാവം മുമ്പ് രാഹുലിൽ പ്രകടമായിരുന്നു. അതിലൊന്നാണ് കെ.സി. ദില്ലിയിലെ അധികാര സാധ്യതകളുടെ വിദൂരതയാവാം പുതീയ വേഷപ്പകർച്ചയ്ക്കൊരുങ്ങാൻ കാരണം.
സോണിയാ ഗാന്ധിയെ കണ്ടപ്പോൾ ഗുലാം നബി ആസാദിനു കിട്ടിയ തിട്ടൂരം കെസിയെ കാണാനായിരുന്നു. ആസാദിന് അത് അപമാനകരമായി തോന്നി. ആസാദ് ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ വള്ളി നിക്കറിട്ട ചെറു ബാലൻ മാത്രമായിരുന്ന കെസിയെ കാണുക എന്നത് സാമാന്യ മര്യാദ ഇല്ലാത്ത നിർദ്ദേശമായിരുന്നു.ഒടുവിൽ ആസാദ് പാർട്ടി വിട്ടു.

 image 4 of news

ലീഡറുടെ വാദ്യവാദക സംഘത്തോടൊപ്പം വഴിയറിയാതെ കുഴങ്ങിയ ചെറുപ്പക്കാരൻ. ലീഡറുടെ നാവിൻ തുമ്പിൽ നിന്നും ഉതിർന്നു വീണ കാസറഗോഡിലെ സ്ഥാനാർത്ഥിത്വം. പിന്നെ ബോധം പോയി ലീഡറുടെ കാലിൽ സാഷ്ടാംഗം വീണു കിടക്കുന്ന മാതൃഭൂമിയിലെ രണ്ടു കോളം ചിത്രം.

പട നയിച്ചവൻ തന്നെയാണ് നാടു നയിക്കേണ്ടത്.ചിതറിപ്പോയ പ്രതീക്ഷകളെയാകെ സാക്ഷാത്കാരിക്കുന്നതിൽ വിജയിച്ച നേതാവാണ് വി ഡി സതീശൻ. പഠനവും മനനവും അത്യദ്ധ്വാനവും എടുത്തു പറയാതെ വയ്യ. സിപിഎമ്മിന്റെ കൂട്ടായ വിമർശനങ്ങളും പരിഹാസങ്ങളും വ്യക്തിഹത്യയും അവഹേളനങ്ങളും സൈബർ ആക്രമണങ്ങളും ചങ്കൂറ്റത്തോടെ നേരിട്ടാണ് ആദ്ദേഹം മുന്നേറിയത്. തെരഞ്ഞെടുപ്പ് കാലത്തു പോലും സമുദായങ്ങളുടെ തിണ്ണ നിരങ്ങി യില്ല. എൻഎസിനെയും എസ് എൻഡിപിയെയും എസ്ഡിപിഐയെയും വെല്ലുവിളിച്ച ആദ്യ നേതാവ് വിഡി സതീശനായിരിക്കും.അതൊരു അപൂർവ്വതയാണ്..
ഒത്തുതീർപ്പുകളിൽ കുടുങ്ങാത്ത,ശക്തനായ മുഖ്യമന്ത്രി ആകാൻ എല്ലാ തരത്തിലും അർഹനാണ് വിഡി സതീശൻ.

പാർട്ടിയുടെ താത്പര്യം മുൻനിർത്തി സ്വീകരിച്ച സമീപനങ്ങളിൽ എംപിമാർക്കും സമുദായ നേതാക്കൾക്കും പാർട്ടിയിലെ ഫ്രിഞ്ചു ഗ്രൂപ്പുകൾക്കും അമർഷമുണ്ട് .അതു മുതലാക്കാനാണ് കെസിയുടെ ശ്രമം. സതീശനെ വെട്ടിയാൽ പ്രതികരണവും പ്രതിഷേധവും തെരുവുകളിൽ നിറയും.വിഎസിനുള്ള സീറ്റു നിഷേധവും തിരുത്തലും ആവർത്തിച്ചേക്കാം. അതു തകർച്ചയുടെ ആഴം കൂട്ടും.

ഇനി അടുത്ത ചോയ്സുകൾ പരിഗണിച്ചാൽ ചെന്നിത്തലയാകാം. തിരുവഞ്ചൂരുമാകാം.തന്റെ തന്നെ അപമാനങ്ങൾ പറഞ്ഞ് ഫ്ലക്സു വച്ചും ഗ്രൂപ്പ് അണികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചും ആഗ്രഹിക്കുന്നത് നേടുന്ന തന്ത്രം കാലഹരണപ്പെട്ടതാണ്. അതുകൊണ്ടാവാം പിണറായിയുടെ പി ആർ ടീം ദില്ലിയിൽ ദേശീയ മാധ്യമത്തിന് അഭിമുഖം സംഘടിപ്പിച്ചതു പോലെയൊന്ന് ചെന്നിത്തലയും പയറ്റിയത്. അതിനും മണ്ട ചീയൽ ബാധിക്കുമെന്ന് ആരറിഞ്ഞു !.
പുതിയ കാലവും ജെൻസിയുമെങ്കിൽ തരൂരാകാം. വനിതയെങ്കിൽ സുചേതന കൃപാലിനി,നന്ദിനി സത്പതി എന്നിവർക്കു തുടർച്ചയായി പ്രിയങ്കയാവാം. ജയിക്കുമെന്നുറപ്പില്ലാത്ത രമ്യാ ഹരിദാസുമാകാം.
എന്തായാലും ഒരു കാര്യമുറപ്പ്. നാലാം തിയതി ജാതകവശാൻ വിധി യുഡിഎഫിന് അനുകൂലമായാൽ പൂര വെടിക്കെട്ടുറപ്പ്. അതിനു മുമ്പ് എല്ലാ വെടിമരുന്നും പുകഞ്ഞു പുകഞ്ഞ് മുണ്ടത്തിക്കോടുണ്ടാവുമോ എന്നു മാത്രമാണ് അറിയേണ്ടത്.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞