NewsAd1
അശോകൻ സാറേ, ഇത് ശോകം!
ഡോ എസ് ശിവപ്രസാദ്
1 May 2026, 1:09 am
main image of news

ആഗ്രഹവും കഴിവും ഉണ്ടെങ്കിൽ പ്പോലും പല കാരണങ്ങളാൽ പലർക്കും ലഭിക്കാതെ പോകുന്ന ഒരു സേവനമേഖലയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതലാക്കി അറിവിൻ്റെ വഴിയിലൂടെ നേടുന്ന വിജയത്തിനൊടുവിൽ രാജ്യത്തിൻ്റെ ഭരണ സംവിധാനത്തിലേക്ക് കടക്കുന്ന ഇക്കൂട്ടരെ കാത്തിരിക്കുന്നതാകട്ടെ ഉയർന്ന ഉത്തരവാദിത്തബോധവും വെല്ലുവിളികളും.

ജനാധിപത്യത്തിന്റെ സജീവതയും സുതാര്യതയും നിലനിർത്താൻ അനിവാര്യമായ ഒരു സധൈര്യഇടപെടലായി മാറുമ്പോഴാണ് ഉത്തരവാദിത്തത്തിന്റെ കാവൽക്കാരായി ഐ എ എസ്സുകാർ മാറുന്നത്.
ലക്ഷ്യം സംശുദ്ധമെങ്കിലും അഭിപ്രായങ്ങളും എതിർപ്പുകളും ബന്ധപ്പെട്ട വേദികളിൽ പറയുകയും ഫയലുകളിൽ കുറിക്കുകയും ചെയ്യുന്നതിനു പകരം സമൂഹത്തിൽ ഒച്ചയും ബഹളവും ആശങ്കകളും സൃഷ്ടിച്ച് രാഷ്ട്രീയ നേതൃത്വത്തെയും സർക്കാരിനെയും പരസ്യമായി വിമർശിക്കാനുള്ള സമ്പൂർണ്ണ സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് ഏതെങ്കിലും ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചിന്തിച്ചാൽ അത് ഭരണസംവിധാനത്തിനെതിരെയുള്ള അനുവദനീയമോ അനുകരണീയമോ അല്ലാത്ത പോരാട്ടമായി മാറും.

 image 2 of news

അധികാരത്തിന്റെ അകത്തളങ്ങളിലെ അഴിമതിക്കെതിരെയുള്ള സർക്കാരുദ്യോഗസ്ഥരുടെ പോരാട്ടം സമൂഹനന്മ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ കൂടി സർവീസ് ചട്ടങ്ങൾ മറികടക്കുന്നതാവരുത്. ഇതു തിരിച്ചറിഞ്ഞ് ഐ എ എസ് ഒഴിഞ്ഞ് പോയ എത്രയോ പേരുണ്ട് നാട്ടിൽ.

ഇങ്ങനെയല്ലാതെ ഭരണത്തിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ പോരാടുന്നവരും കുറവല്ല. മാധ്യമ ശ്രദ്ധയും വീര പരിവേഷവുമൊക്കെ ഇക്കൂട്ടർക്ക് ലഭിച്ചുവെന്നും വരാം. കുറച്ചുനാളുകളായി ഈ പട്ടികയിൽ ഇടം പിടിക്കാനുള്ള പോരാട്ടത്തിലായിരുന്നു ബി അശോക് ഐഎഎസ് . ഇപ്പോഴിതാ കാവൽ സർക്കാരിന്റെ ഇല്ലാത്ത അധികാരവാളിന് ഇരയായും അശോക് മാറിയിരിക്കുന്നു.
HomeAd1
 image 3 of news

എന്നാൽ ഇത്തരം പോരാട്ടങ്ങളുയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥർ ഇങ്ങനെ തുടങ്ങിയാൽ സർക്കാർ സംവിധാനം താറുമാറാകില്ലേ എന്നതാണ് ഉയരുന്ന സാമാന്യമായ ചോദ്യം.

ലക്ഷ്യം നല്ലതായിരുന്നാൽ പ്പോലും സർവീസ് ചട്ടങ്ങളെ മറികടന്നുള്ള പോരാട്ടം ആശാസ്യമല്ല.
അവകാശപരിധിക്കുള്ളിൽ നിന്നുകൊണ്ട് സർക്കാർ സംവിധാനങ്ങളെ അവർക്ക് തിരുത്താം. ഇങ്ങനെ ആദ്യ മര്യാദ കാട്ടേണ്ടവരാണ് ഐഎഎസ് ഉദ്യോഗസ്ഥർ. സർക്കാർ സംവിധാനങ്ങളോട് പടവെട്ടി ഐ എ എസ് എന്ന വാൽ മുറിച്ച് പുറത്തുപോയ മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരെ മാതൃകയാക്കാവുന്നതേയുള്ളൂ

 image 4 of news

ഉള്ളിൽ നിന്ന് പരസ്യ വിമർശനമുന്നയിക്കുന്ന ഏതാനും പേർ സർവീസിൽ ഉണ്ടെങ്കിൽ ബ്യൂറോക്രസി ഭരണം കയ്യാളുന്ന അവസ്ഥ വരും.അങ്ങിനെയെങ്കിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് എന്തു പ്രസക്തി !

എക്കാലവും സർക്കാരുകൾ ശരിയായ ദിശയിലാണ് ചിന്തിക്കുന്നതെന്ന് അഭിപ്രായമില്ല. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള നിയമപരമായ അവകാശം ഉദ്യോഗസ്ഥർക്കുണ്ട്. എങ്കിലും സിസ്റ്റത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ സിസ്റ്റത്തിനുള്ളിൽ നിൽക്കണം. തനിക്ക് സ്വതന്ത്രമായ ചിന്തയുണ്ടെന്നും മാറിമാറി വരുന്ന സർക്കാരുകളുടെ ചിന്തകൾക്കനുസൃതമായി വിവിധ തലങ്ങളിലും തരങ്ങളിലും പ്രവർത്തിക്കാൻ തനിക്ക് കഴിയില്ലെന്നും ഏതെങ്കിലും ഒരുദ്യോഗസ്ഥൻ നിലപാടെടുത്താൽ എന്താകും അവസ്ഥ ?
ഓരോ സർക്കാരിന്റെയും സമീപനം വേറിട്ടതാകും. അതിനനുസരിച്ച് പ്രവർത്തിക്കലാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം. അവർ നടപ്പാക്കേണ്ടത് സർക്കാർ നയങ്ങളാണ്; അവരുടേതല്ല. . എതിരഭിപ്രായങ്ങൾ ഫയലിൽ എഴുതാം. സർക്കാരിൻ്റെ നിയമപരമല്ലാത്ത കാര്യങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാം.
ഐഎഎസ് ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്യുന്ന ജീവനക്കാർ ഇതേപോലെ പരസ്യമായി ഇവരുടെ അഭിപ്രായങ്ങൾക്കെതിരെ പ്രതികരിച്ചാൽ എന്താകും സർക്കാർ സംവിധാനങ്ങളുടെ അവസ്ഥ.
അശോകിനെതിരെ ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്ന സസ്പെൻഷൻ നടപടി നിയമപരമല്ല. എന്നാൽ മാധ്യമങ്ങളിലൂടെയുള്ള അശോകന്റെ വിമർശനങ്ങളെ കോടതി പോലും ന്യായീകരിക്കാനും ഇടയില്ല.

രാഷ്ട്രീയ നേതൃത്വത്തിനുമുന്നിൽ തോറ്റു പോകുമ്പോഴാണ് ഉദ്യോഗസ്ഥർ പടയൊരുക്കങ്ങളുമായി മാധ്യമങ്ങൾ മുന്നിൽ വരുന്നത്. രാജ്യത്തും സംസ്ഥാനത്തും ഇത് ഒരു പുതിയ വിഷയവുമല്ല. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽപ്പോലും വിവിധ അഭിപ്രായങ്ങളും രാഷ്ട്രീയ ചേരിതിരിവും ഉണ്ട്. സർക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഉണ്ടാകും. പല കാരണങ്ങളാൽ ഇവർ തമ്മിൽ വടംവലിയും ഉണ്ടാവും. ഇവരെല്ലാം അവരവരുടെ വഴിയിലൂടെ സഞ്ചരിച്ചാൽ പിന്നെ സർക്കാർ സംവിധാനം എങ്ങനെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി മാറും. പ്രവർത്തന മികവും പരിചയ സമ്പന്നതയും കൈമുതലായുള്ള രാഷ്ട്രീയക്കാർക്ക് ഐഎഎസ് കാരുടെ പിന്തുണയും കൂടി ലഭ്യമാകുമ്പോഴാണ് ഭരണ നേട്ടമായി അത് മാറുന്നത്. ചീഫ് സെക്രട്ടറി ഹിയറിങ്ങിന് ചെല്ലാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത ഐഎസുകാരുള്ള സംസ്ഥാനമാണ് കേരളം. ഇതേ മാതൃക ഐഎഎസുകാരുടെ കീഴുദ്യോഗസ്ഥർ പിന്തുടർന്നാൽ എന്താകും ഫലം.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും രാഷ്ട്രീയവും മാറ്റിവെച്ച് വിയോജനക്കുറിപ്പുകൾ രേഖപ്പെടുത്തിക്കൊണ്ടുതന്നെ അതത് കാലത്തെ ഭരണസംവിധാനങ്ങളുമായി ഒത്തുചേർന്നുപോകലിന് സർക്കാർ ഉദ്യാഗസ്ഥർ നിർബന്ധിതരാകുന്നു എന്നത് സത്യം. രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതി ക്കഥകൾ പുറത്തു കൊണ്ടുവരാൻ അശോകനെപ്പോലെയുള്ളവരുടെ പോരാട്ടം സഹായിച്ചേക്കും. എന്നാൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള പരസ്യ പ്രതികരണങ്ങൾ നേട്ടങ്ങൾക്കുപരിയായി കോട്ടങ്ങളാകും സമ്മാനിക്കുക.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞