NewsAd1
തോറ്റിട്ടില്ല.... തോറ്റിട്ടില്ല..
രമ്യ രവീന്ദ്രൻ
1 May 2026, 4:30 am
main image of news

സെൽഫ് പ്രമോഷനും പെയ്ഡ് പ്രമോഷനും വേണ്ടി നാഷണൽ മാർക്കറ്റിംഗ്, മാധ്യമ ഏജൻസികൾ പടച്ചു വിടുന്ന കടലാസു പുലികളാണ് കഴിഞ്ഞ കുറെ മണിക്കൂറുകളായി രാഷ്ട്രീയ നേതാക്കളെ വിഹ്വലാരാക്കുന്നത്.ഉറക്കം കെടുത്തുന്നത്. ഭയം വിതച്ചാൽ പണം കൊയ്യാം ! മൂന്നോ നാലോ നാളുകൾ മാത്രം ആയുസുള്ള എക്സിറ്റ് പോൾ ഫലസൂചികകൾ ഭയമുള്ളവർക്ക് ഇടിത്തീയായി മാറുകയാണോ? പ്രവചനങ്ങൾ ജനങ്ങളുടെ മാൻഡേറ്റല്ലെന്നും അതു പലപ്പോഴും താത്പര്യങ്ങളും അശാസ്ത്രീയതകളും നിറച്ച ലക്ഷ്യവേധിയല്ലാത്ത ഉണ്ടയില്ലാ വെടി വഴിപാടുകളുമാണെന്ന് കരുതുന്നവർ എന്തിനു ഭയ ചകിതരാകണം ?

അതിജീവനം മുഖ്യമാകുമ്പോൾ ഭയം ഭയാനകമാകും ചരിത്രത്തിൽ വിറപ്പിച്ചവരെല്ലാം തന്നെ ഒന്നാം തരം വിറയലുകാരും ആയിരുന്നല്ലോ.
ഇവിടെ ഭയം വിതയ്ക്കുന്നത് ഭാവിയുടെ ആകുലതകളാണ് . തോൽവി ഭയക്കുന്നവരുടെ പ്രതികരണങ്ങൾ അതു വ്യക്തമാക്കുന്നു.

 image 2 of news

അങ്ങു വംഗത്ത് മമത ഖിന്നയാണ്. പോളിംഗ് കഴിഞ്ഞതോടെ മമതയുടെ ശരീര ഭാഷയിലും മുഖഭാവങ്ങളിലും ഒരു ശോകച്ഛവി ദൃശ്യമാണെന്ന് അർണബ് ഗോസ്വാമി നിരീക്ഷിക്കുന്നു. പ്രവചനങ്ങൾ മുഴുവനും തട്ടിപ്പാണെന്ന് ആരോപിക്കുന്ന അവർ മുമ്പ് ഈ നിലപാട് സ്വീകരിച്ചിട്ടില്ല എന്നതു കാണണം. പവറും പണവും കായിക ശേഷിയും കൊണ്ട് ബംഗാളിസ്വത്വത്തെ വരുതിയിൽ കൊണ്ടുവരാനായിരുന്നു ബിജെപി ശ്രമം എന്ന മമതയുടെ നരേറ്റീവ് ഒരു ദീർഘകാല പ്രാപ്പൊഗണ്ടയുടെ തുടക്കമാകാം. ഇരുന്നൂറിലധികം സീറ്റുകൾ നേടുമെന്നും രണ്ട് ദിവസങ്ങളായി താൻ നിദ്രാവിഹീനയാണെന്നും അവർ പറയുന്നു.

അവരുടെതു മാത്രമെന്നു അവർ കരുതുന്ന ഒരു പരമാധികാര പ്രവിശ്യയിൽ സൈന്യവും അധികാരവും പത്തൊൻപതു മുഖ്യമന്ത്രിമാരും അധിനിവേശം നടത്തുന്നു എന്ന വിചിത്രവും വിഭാഗീയവും കടുത്ത പ്രാദേശിക വാദപരവുമായ നിലപാട് അവരുടെ വരാനിരിക്കുന്ന അജണ്ടയുടെ സ്വരൂപം നിർണയിക്കുന്നു.കോൺഫിഡൻസ് ഉള്ളവർക്ക് ഇത്തരം ഡയലോഗുകളുടെ ആവശ്യമില്ല;പ്രത്യേകിച്ചും വോട്ടെടുപ്പിനു ശേഷം.. അപ്പോൾ ഒന്നു വ്യക്തം തോൽവി മണക്കുന്നുണ്ട്. അപായ സൂചനകൾ ചുവരെഴുതുന്നു
HomeAd1
 image 3 of news

എംടി എഴുതാനിരുന്ന മൂന്നാമൂഴത്തെ മൂന്നാം ഭരണം എന്നു പറഞ്ഞ് പാർട്ടിക്കാരെയും നാട്ടുകാരെയും നല്ല നിലയിൽ പറ്റിച്ച നവ കേരള കില്ലാടികൾ മിന്നൽ പിണറായിയായി മാറുന്ന തോൽവിയെ മുന്നേ ആരൂഢത്തിൽ കണ്ടവരാണ്.

പാർട്ടി സിക്രട്ടറി ഫലസൂചികൾക്കു മേൽ മെഴുകി ഒതുക്കി. സർവ്വേകളെ മാന്തിപ്പൊളിച്ചു.
സർവ്വേകളിൽ ഭരണ വിരുദ്ധ വികാരമില്ലെന്നും ഇപ്പോഴും നാട്ടൂകാരുടെ കണ്ണിലുണ്ണി നമ്മുടെ പിണറായി ആണെന്നും ഇതിയാൻ തള്ളി മറിച്ചു. ഈ പി ആറിന് കൂലി ഏതു വിധമെന്നു നിശ്ചയമില്ല.ആരും ഗണിക്കാത്ത സർവ്വേയിലെ ടിപ്പണിയിൽ നിന്നും മൂന്നാമൂഴം മുങ്ങി എടുക്കുകയാണ് ഇഷ്ടൻ.

 image 4 of news

ഇപ്പോഴുള്ള 99 സീറ്റുകളിൽ ഒന്നു കുറഞ്ഞാലും അതു ഭരണവിരുദ്ധമല്ലെന്നാണ് ഗോവിന്ദ മതം.എക്സിറ്റ് പോളുകൾ മൂന്നാം പാദ വിജയം ഉറപ്പിക്കുകയാണെന്നു കൂടി പറഞ്ഞു വെക്കുകയാണ് ഈ മഹാ താന്ത്രികൻ. വരാനിരിക്കുന്ന തള്ളുകളുടെ തുടക്കമാണിത്.

മുങ്ങിത്താഴുമ്പോഴും ബിജെപിയുടെ തലക്കുറിയും ഫലശ്രുതിയും തപ്പാനാണ് തിടുക്കം. തങ്ങൾ തുലയാതിരിക്കാൻ അവർ തുലയട്ടെ എന്നാണ് പ്രാർത്ഥന..

തോറ്റാലും തോറ്റെന്നു പറയാൻ കുറഞ്ഞത് മൂന്നു പാർട്ടി കോൺഗ്രസുകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ തീരുമാനിക്കണം.അതാണ് കീഴ് വഴക്കം. അതെ, തോറ്റിട്ടില്ല തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല.....

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞