NewsAd1
'രാജ'ഭരണത്തിന് അന്ത്യം... ഇനി വീട്ടിൽ പോയി ചോദിക്കാം.
ബാലകൃഷ്ണൻ കാരോട്
4 May 2026, 7:19 am
main image of news

സ്വന്തം വീട്ടിലെ പട്ടിയോടും അതിന് നൽകുന്ന ആഹാരം തട്ടിപ്പറിച്ച് ഭക്ഷിക്കാനെത്തുന്ന കാക്കയോടും ഒരേ പോലെ കരുണ കാട്ടുന്ന ഹൃദയാലു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം - അതെന്തായാലും കഴിക്കാൻ ഇഷ്ടപ്പെടുന്ന കുടുംബ സ്ഥൻ... ചെറുപ്പകാലത്ത് സുഹൃത്തും ഒരു ധനികന്റെ മകനുമായ ഒരാളുടെ മദ്യപാനാസക്തി മാറ്റിയെടുക്കാനാവാത്തതിൽ (മാത്രം ) ഇപ്പോഴും പശ്ചാത്തപിക്കുന്ന സാധാരണക്കാരൻ . തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കണ്ടെടുത്ത നന്മയുടെ ആൾരൂപം പിണറായി വിജയന്റെ എടുത്തു പറയാവുന്ന സവിശേഷതകളാണ് ഇവ.

കോടികൾ പൊടിപൊടിച്ച; ചരിത്രത്തിൽ ഇതേ വരെയുണ്ടാവാത്ത പരസ്യ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം മാത്രമായിരുന്നു അത്. പത്തുവർഷം സാമാന്യജനങ്ങളെ പുറത്തു നിറുത്തിയ പിണറായി എന്ന മാടമ്പി മുഖ്യമന്ത്രിക്ക് മുഖം നന്നാക്കാതെ പൊതുജനത്തെ അഭിമുഖീകരിക്കാൻ കഴിയില്ലെന്ന് സിപിഎം നു മാത്രമല്ല സാക്ഷാൽ പിണറായിക്കുതന്നെ അറിയാമായിരുന്നു. അതിന് മോഹൻലാലിനെ മുന്നിൽ നിറുത്തിയുള്ള അഭിമുഖംനല്ല ഉപാധിയാവുമെന്ന് കണ്ടെത്തിയ പി ആർ ബുദ്ധിയെ നമിക്കണം.

 image 2 of news

പക്ഷേ സത്യത്തിന്റെ മുഖം പിണറായിയുടെ മുഖം പോലെ തന്നെ വികൃതമാണെന്ന് വൈകാതെ ജനം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. പൊതുസമ്മേളനത്തിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച സ്വന്തം പാർട്ടി അനുഭാവിയെ 'അതങ്ങ് വീട്ടിൽ പോയി ചോദിക്കാൻ' ഉപദേശിച്ചതിലൂടെയാണ് പിണറായി തനിസ്വരൂപം പുറത്തെടുത്തത്.

സംസ്ഥാനത്തിന് അങ്ങോളമിങ്ങോളം പടുകൂറ്റൻ ഫ്ലക്സുകളിൽ സ്വന്തം മുഖം മാത്രം വച്ച് പ്രചാരണത്തിനിറങ്ങാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിണറായിക്ക് മാത്രമേ ഉളുപ്പില്ലായ്മയുണ്ടാവൂ. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന ചോദ്യത്തിലൂടെ'ഞാനല്ലാതെ മറ്റാരുണ്ട്' എന്ന ഏകാധിപതിയുടെ ചോദ്യമുയർത്തി ജനങ്ങളെ വെല്ലുവിളിക്കാനുള്ള പിണറായിയുടെ ധാർഷ്ട്യം മണ്ടയ്ക്കിട്ടുള്ള ചുറ്റികൽ പ്രഹരത്തിൽ കുറഞ്ഞൊന്നും അർഹിക്കുന്നില്ല.
HomeAd1
 image 3 of news

ഈ തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഇടതു മനസ്സാണ്. ഈ തെരഞ്ഞെടുപ്പു കൊണ്ട് ഇടതുപക്ഷം തകർന്ന് തരിപ്പണമാകരുതെന്ന് ആഗ്രഹിച്ച യഥാർത്ഥ സഖാക്കളുടെ ആത്മാർത്ഥമായ വിധിയെഴുത്ത്.

കേരളത്തിൽ പിണറായി മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു അസ്വീകാര്യവും അശ്ലീലവുമായ ഒരു നേതൃമാതൃകയാണ് സൃഷ്ടിച്ചത്. ഇത് പിൻപറ്റി വാക്കിലും നോക്കിലും നടപ്പിലുമെല്ലാം പിണറായിയെ ആവാഹിക്കുന്ന ഒരു ഡസൻ പിണറായിസ്റ്റുകളെയെങ്കിലും സൃഷ്ടിച്ചെടുത്തു എന്നതാണ് പാർട്ടിക്കുള്ള മറ്റൊരു ദുര്യോഗം. മരുമകൻ മുഹമ്മദ് റിയാസ് കൂനുൾപ്പടെ പിണറായിയെ അനുകരിക്കുമ്പോൾ എം സ്വരാജ്, എ എ റഹിം, രാജീവ്, സജി ചെറിയാൻ,എം വി ഗോവിന്ദൻ തുടങ്ങി ചെറുതും ഇടത്തരവും വലുതുമായ ഒരു കൂട്ടം ക്ലോണുകളാണ് ഒരു ഘോഷയാത്രയായി പിന്നാലെ വരുന്നത്.

ഭാരതത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ ചെറു തുടിപ്പെങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സഖാക്കളാണ് വോട്ട് മാറ്റിക്കുത്തിയതെന്നു വ്യക്തം. പിണറായി താമസിക്കുന്ന വീടുൾപ്പെടുന്ന ബൂത്തിൽ പോലും പിന്നിലായതിൽപ്പരം തിരിച്ചടിയൊന്നും തമ്പ്രാന് ഇനി കിട്ടാനുമില്ല.രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് സ്വന്തം വാർഡിൽ പോലും വിലയില്ലാതെ ധാർമികമായി പരാജയപ്പെട്ടാണ് ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുന്നത്. കാലം കാത്തു വച്ച കാവ്യനീതി.

എൽ.ഡി എഫ് അല്ലാതെ മറ്റാര് ? എന്ന ടാഗ് ലൈൻ ഇടതിനെ തിരിഞ്ഞു കൊത്തിയോ? ഓരോ വോട്ടറും മനസ്സിൽ ഈ ചോദ്യവുമായി ബൂത്തിലെത്തുകയും എൽ ഡി എഫ് അല്ലാതെ മറ്റാര് എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും കണ്ടെത്തുകയും ചെയ്തതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയം.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞