NewsAd1
തകർന്നു വീണ സിമന്റ് വിഗ്രഹം...
ഡോ. എസ്. ശിവപ്രസാദ്
4 May 2026, 1:51 pm
main image of news

അങ്ങനെ ഒടുവിൽ ജനം രക്ഷാപ്രവർത്തനം സ്വയം ഏറ്റെടുത്തു . ജനാധിപത്യത്തിന്റെ ഏറ്റവും മൂർച്ചയേറിയ വോട്ടെന്ന ആയുധം കരുവാക്കി ഞങ്ങളല്ലാതെ മറ്റാരുണ്ട് എന്ന ഇടതുപക്ഷ ചോദ്യത്തിനുള്ള മറുപടിയാണ് യുഡിഎഫ് നേടിയ ചരിത്ര വിജയം. ജനത്തിന് താൽക്കാലിക ആശ്വാസം. വരാനിരിക്കുന്നത് ഇതിലും വലുതാകുമോ ആവോ. കണ്ടറിയണം.

അങ്ങ് ബംഗാളിലും ത്രിപുരയിലൂടെയും ഇടതുപക്ഷ ബോർഡ് തൂക്കി ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ അവസാന ഓട്ടം കേരളത്തിലും നിലച്ചു. കമ്മ്യൂണിസ്റ്റ് വണ്ടി അങ്ങനെ കട്ടപ്പുറത്തായി.
വ്യത്യസ്തതയുടെ ഇടതുപക്ഷ നിറം രാജ്യത്ത് നിലനിൽക്കണം എന്ന അഭിപ്രായക്കാരനാണ് ഇപ്പാഴും ഞാൻ. എന്നാൽ ഇടതുപക്ഷത്തെ കണ്ണും പൊത്തി , കയ്യും പൂട്ടി അന്ധമായി അനുകൂലിക്കാൻ കഴിയുകയും ഇല്ല.
ഇടതുപക്ഷ അവതാളത്തിനൊത്ത് തുള്ളിയും കയ്യടിച്ചും ക്യാപ്റ്റൻ എന്നുവിളിച്ചും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന മാധ്യമപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി റൂട്ട് മാറിയും ട്രാക്ക് തെറ്റിയുമാണ് ഇടതുപക്ഷ വണ്ടി ഓടുന്നത് എന്ന് എന്നെ പോലെയുള്ള പല മാധ്യമ പ്രവർത്തകരും നിരന്തരമായി ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. വിദ്വേഷ രഹിതമായ വാക്കുകളിലൂടെ ഇക്കാര്യം ഓർമ്മിപ്പിക്കുക എന്നത് ഞങ്ങളുടെ കടമയും ഉത്തരവാദിത്തവും ആയിരുന്നു. പാർട്ടി അടിമകളുടെ സംഘികൾ എന്ന വിളിപ്പേരിൽ കുലുങ്ങാതെ, അറയ്ക്കാതെ വണ്ടി കട്ടപ്പുറത്താകും എന്ന അപ്രിയ സത്യം ഞങ്ങൾ വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. സൈബർ വെട്ടുകിളി കൂട്ടങ്ങൾ ഞങ്ങളെ വട്ടംചുറ്റി പറന്നു. അരുതാത്തത് സംഭവിക്കാതിരിക്കാൻ ഉള്ള ഞങ്ങളുടെ ശ്രമത്തെ ആരും കണ്ടില്ല. പതിവുപോലെ ഇപ്പോൾ പറയുന്നു, തെറ്റുണ്ടെങ്കിൽ (ഉണ്ടെന്ന് ഇപ്പോഴും ഉറപ്പില്ല!)തിരുത്തും പോലും.
കഷ്ടം..

 image 2 of news

മുഖ്യമന്ത്രി പദത്തിൽ സ്വയം മറന്ന അല്ലയോ സഖാവേ, ഉത്തമരായ സഖാക്കളെയല്ല താങ്കൾ സൃഷ്ടിച്ചു കൊണ്ടിരുന്നത്. അടിമകളെയാണ് . ആ അടിമകളാണ് താങ്കളെ ഭയന്ന് താങ്കൾക്ക് വേണ്ടി കീർത്തനങ്ങൾ എഴുതിക്കൊണ്ടിരുന്നത്. അതിൽ താങ്കൾ മയങ്ങി . അരുത് സഖാവേ എന്നു പറയാൻ അടിമകൾക്ക് ധൈര്യമുണ്ടായിരുന്നില്ല.

മലയാളിയുടെ മനസ്സിന് വഴങ്ങാത്ത പലതും താങ്കളുടെ പ്രസ്ഥാനത്തിൽ നിന്ന് ഈ കാലയളവിൽ ഉണ്ടായി. ഒക്കെ താങ്കൾ മുന്നിൽ നിന്ന് നയിച്ചു. മലയാളികളെ സബ് സ്റ്റാൻഡേർഡ് ആയി കാണുന്ന പ്രവണതയും സമീപനവും ഉണ്ടാവാതിരിക്കേണ്ടതിന്റെ പ്രഥമ ഉത്തരവാദിത്തം സിപിഎമ്മിനാണ് എന്നതും താങ്കൾ മറന്നു.
പരസ്യ ചർച്ചകളിൽ വരാത്ത പലതും പോളിസി വ്യതിയാനങ്ങൾ ആയി ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കപ്പെട്ടു. ആഗോള മൂലധന ശക്തികൾ മാരീചരൂപം പൂണ്ട കൺസൾട്ടൺസികളായി മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണം ഏറ്റെടുത്തു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണ്ട എന്ന് തീരുമാനിച്ചിടത്തുനിന്ന് സ്വകാര്യ സർവ്വകലാശാലകളിലേക്കുള്ള വ്യതിയാനം പോലെ എന്തെല്ലാം എന്തെല്ലാം...
HomeAd1

മന്ത്രി പുംഗവന്മാരെ ബഹുമാനപ്പെട്ട എന്ന് അധിസംബോധന ചെയ്യണമെന്ന ഉത്തരവ് അങ്ങ് വടക്കല്ല, കേരളത്തിലാണ് ഇറക്കിയത് . ഇഷ്ടനിറമായ കറുപ്പണിഞ്ഞ് താങ്കൾ സഞ്ചരിക്കുന്ന വഴിയിൽ ആർക്കെങ്കിലും നിൽക്കാൻ ആകുമായിരുന്നോ. പൊതുയോഗത്തിലെ പ്രാസംഗികനോട് ചോദ്യം ചോദിക്കുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാത്ത പാവം ഒരുവൻ നിഷ്കളങ്കമായി ചോദ്യമുന്നയിച്ചാൽ വീട്ടിൽ പോയി ചോദിക്കൂ എന്നായിരുന്നോ പറയേണ്ടിയിരുന്നത്. ചോദ്യങ്ങൾ ഉയർത്തുന്ന എല്ലാവരും നിങ്ങൾക്ക് ഡാഷ് മോൻമാരല്ലേ. സെൽഫി എടുക്കാൻ വന്നവരെയും മൈക്ക് ഓപ്പറേറ്റർമാരെയും പോലും താങ്കൾ വെറുതെ വിട്ടില്ല .ഇതാണോ നമ്മുടെ തലമുറ കണ്ടു പഠിക്കേണ്ടതും പിന്തുടരേണ്ടതും ദീർഘനാളുകളുടെ കോൺഗ്രസ് ഭരണത്തിൽ ചെളിക്കുണ്ടായി മാറിയ വടക്കേ ഇന്ത്യയിൽ മുഴുവൻ താമര വിരിയുന്നത് കൊച്ചു കേരളത്തിൽ ഇരുന്നു നമ്മളും കണ്ടതല്ലേ. പൗരത്വ ഭേദഗതി, മുത്തലാഖ്, കാശ്മീർ വിഷയം, വഖഫ് നിയമ ഭേദഗതി എന്നിങ്ങനെ പരിഹാരമില്ല, ഒരിക്കലും തീരില്ല എന്നൊക്കെ ചിന്തിച്ചിരുന്ന പല വിഷയങ്ങളും നിസ്സാരമായി പരിഹാരം ഉണ്ടായത് താമരക്കാലത്തല്ലേ. ഇപ്പോൾ ഇതാ വീണ്ടും കേരളത്തിലും ഒന്നല്ല; മൂന്ന് താമരകൾ വിരിയാൻ താങ്കളുടെ ഭരണത്തിലൂടെ സാധിച്ചിരിക്കുന്നു.

കളി തീരാൻ സെക്കണ്ടുകൾ ബാക്കി നിൽക്കുമ്പോഴും ഗോളടിക്കാൻ ശ്രമവും കഴിവും ഉള്ളവനാണ് താങ്കൾ . ഭരണത്തിൽ എത്തുക, ഭരണം നിലനിർത്തുക എന്നത് പാർലമെൻററി ജനാധിപത്യത്തിന്റെ ആത്യന്തികമായ ലക്ഷ്യമായിരിക്കാം. പക്ഷേ അതിനുമുപരിയായ ഉദ്ദേശലക്ഷ്യങ്ങളാണ് ആശയപരമായ അടിത്തറയിലൂടെ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ലക്ഷ്യമിടുന്നതെന്ന് താങ്കൾ മറന്നു.
എങ്ങനെയും ഭരണം നിലനിർത്തുക, അതിന്റെ സുഖസൗകര്യങ്ങൾ പരമാവധി വീതം വച്ച് ആനന്ദിക്കുക എന്നതൊന്നും വിപ്ലവ പ്രസ്ഥാനങ്ങൾ വിഭാവന ചെയ്യുന്ന ലക്ഷ്യങ്ങളേ അല്ല.
നിയതമായ ആ പാതയിൽ നിന്ന് വ്യതിചലിച്ചാണ് പാർട്ടി കുറച്ചു കാലങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഉൾപ്പാർട്ടി ജനാധിപത്യമോ വ്യത്യസ്ത ആശയങ്ങൾ പേറുന്ന ആശയസംവാദങ്ങളോ ആഭ്യന്തര ജനാധിപത്യമോ പാർട്ടിയിൽ ഉണ്ടായിട്ട് കാലമേറെയായി .

 image 4 of news

പ്രസ്ഥാനത്തിലും ഉപരിയായി വ്യക്തികളാണ് ആരോപണങ്ങളിൽ പെട്ടു കൊണ്ടിരിക്കുന്നത് എന്നതാണ് അതിശയപ്പെടുത്തുന്നത്. വ്യക്തികൾ എന്നത് പോലും ചുരുങ്ങി വ്യക്തി എന്നതിലേക്ക് ആണ് ആരോപണങ്ങളുടെ മുന ചെന്നെത്തുന്നത് . ഒരു മഹാ പ്രസ്ഥാനത്തിൽ ഒരൊറ്റ അഭിപ്രായം മാത്രമേ ഉള്ളൂ എന്നത് ചൂണ്ടിക്കാട്ടുന്നത് ഗുരുതരമായ അപകടത്തിലേക്കാണ്. അപകടകരമായ മൗനം പിന്തുടരുന്ന ഒരുപറ്റം ബുദ്ധിജീവികൾ ഉൾപ്പെടുന്ന പ്രസ്ഥാനത്തിന് ഒരഭിപ്രായം മാത്രം ഉണ്ടാകുക എന്നത് സാമാന്യ ചിന്തയ്ക്ക് വഴങ്ങുന്നതല്ല. അത്തരക്കാരുടെ മൗനം പാർട്ടിയെ സംബന്ധിച്ചിടത്തോളം കുറ്റകരമായ അനാസ്ഥയാണ്. ഒക്കെ തെളിയുമ്പോഴേക്കും എല്ലും തോലും ആയി പാർട്ടി നിർജീവമായി കഴിഞ്ഞിരിക്കും. .

ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും പ്രസ്ഥാനം ഒറ്റക്കെട്ടാണെന്നും വരുത്തിത്തീർക്കാനുള്ള ചുമട്ടു തൊഴിലാളികളായി ഇടത് ബുദ്ധിജീവികൾ അധ:പതിച്ചു. മനസ്സും ശരീരവും പ്രവൃത്തിയും കൊണ്ട് അവർ ദാസ്യ വൃത്തി ചെയ്ത് കസേരകൾ കാത്തു
കല്പിത കാരാഗ്രഹത്തിന്റെ കമ്മ്യൂണിസ്റ്റ് തടവറയിൽപ്പെട്ട് സംഘർഷം അനുഭവിക്കുന്ന ഇടതുപക്ഷ ബുദ്ധി ജീവികളെ ഓർത്ത് കാലം ലജ്ജിക്കും. ശരീരം കൊണ്ട് പണിയെടുത്തു ജീവിക്കുന്ന ഒരായിരം തൊഴിലാളികൾ കെട്ടി ഉയർത്തിയ ഒരു മഹാപ്രസ്ഥാനത്തിന്റെ അമരത്തുള്ളവരുടെ സ്ഥിതി നാളെ താഴെത്തട്ടിലെ വിയർപ്പിന്റെ മണം പേറുന്ന തൊഴിലാളികൾ അറിയുമ്പോൾ അവർ നിങ്ങൾക്ക് മാപ്പ് തരില്ല.

നയിക്കുന്നവൻ സംശയത്തിന് അതീതനാകണമെന്നും കറപുരളാത്തവൻ ആയിരിക്കണമെന്നും പാർട്ടി പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നിലനിൽക്കേണ്ടത് പാർട്ടിയല്ലേ പദവി അല്ലല്ലോ.

പകലന്തിയോളം പണിയെടുത്ത് അതിൽ നിന്ന് ഒരംശം പാർട്ടിക്ക് നൽകി വിയർപ്പിന്റെ വിലയിൽ ജീവിതം നയിക്കുന്ന പതിനായിരക്കണക്കിന് പാർട്ടി സഖാക്കളുടെ മാതൃകാ പുരുഷനായി മനസ്സിൽ എക്കാലവും ഉണ്ടായിരിക്കുന്നതാണ് അമരത്വം. ആ പതിനായിരങ്ങൾ അർപ്പിച്ച വിശ്വാസവും കൂടിയാണ് തുടർഭരണം. പാർട്ടി എന്തുപറഞ്ഞാലും അത് അപ്പാടെ വിഴുങ്ങും, വിശ്വസിക്കും ഈ പാവങ്ങൾ . അവരെ വഞ്ചിച്ചു കൂടാ. പാർട്ടിയെ ഒട്ടിനിന്ന് ഒക്കത്തു കയറി പദവികൾ ഒപ്പിച്ചവർ അധികം വൈകാതെ പ്രസ്ഥാനത്തെ തള്ളിപ്പറയും. നോക്കിക്കോ
പ്രതിപക്ഷ കക്ഷികൾക്ക് ഈ ജയം വെറും രാഷ്ട്രീയം മാത്രം. പക്ഷേ പ്രസ്ഥാനത്തിന് ഈ തോൽവി നിലനിൽപിനെതിരെയുള്ള ചോദ്യം ചെയ്യലും കൂടിയാണ്. ഉരുണ്ടുകൂടുന്ന ആരോപണങ്ങളെ ചെറുത്തുനിൽക്കാൻ ആകാത്ത ഒരു ദിനം വന്നേക്കും എന്ന ഭീതി ഇതിനോടകം പാർട്ടി സ്നേഹികളുടെ മനസ്സിൽ രൂപം കൊണ്ടു കഴിഞ്ഞു. ഭീതിയുടെയോ അടിമത്തത്തിന്റെയോ ചങ്ങല പൊട്ടിച്ചെറിയാനുള്ള ധൈര്യം അവരും കാണിച്ചു.
കയ്യടിക്കുന്നവനെ മാത്രം കൂടെ നിർത്താൻ ശ്രമിച്ചതിൻ്റെ ഫലമാണ് ഈ പരാജയം.
കമ്മ്യൂണിസ്റ്റുകൾക്ക് എന്താ കൊമ്പുണ്ടോ എന്ന് ചോദിക്കുന്നവർ ഉണ്ടാകും. കമ്മ്യൂണിസ്റ്റുകൾക്ക് കൊമ്പില്ല . പക്ഷേ കമ്മ്യൂണിസത്തിനു കൊമ്പുണ്ട്. അനീതിയെയും അക്രമത്തെയും ദുർനടപ്പുകളെയും കരിപുരണ്ട കാലത്തെയും കുത്തിമറിച്ചിട്ട് ഏവർക്കും തുല്യമായി പ്രകൃതി സമ്പത്തിനെയും സൗകര്യങ്ങളെയും ഒന്നുപോലെ അനുഭവിക്കാൻ പ്രാപ്തമാക്കുന്ന കാരിരുമ്പിന്റെ ശക്തിയുള്ള കൊമ്പ്. ആ ആ കൊമ്പ് ഭംഗിക്ക് വേണ്ടി ഉള്ളതാകുമ്പോഴുള്ള പ്രശ്നമാണ് ഇപ്പോൾ നാം അനുഭവിക്കുന്നത്.
മാധ്യമ ലോകത്തിന്റെ സൗമനസ്യം ആവോളം ലഭിച്ച നേതാവാണ് പിണറായി. ഓഖി, നിപ, സുനാമി, പ്രളയം, ശബരിമല, ഫ്ളാറ്റ് പൊളിക്കൽ, സ്വർണ്ണ കൊള്ള കോവിഡ്, വയനാട് ദുരന്തം. എല്ലാ ദുരിതങ്ങളേയും PR സഹായത്തോടെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതിൽ താങ്കൾ വിജയിച്ചു .
കെപിഎസിയുടെ നാടക അവതരണത്തിലും വലിയ മികവോടെ രചിക്കുന്ന തിരക്കഥയ്ക്ക് ഭൂരിഭാഗം മാധ്യമങ്ങളും കുട പിടിച്ചു .
ഒന്ന് ചീഞ്ഞ് മറ്റുള്ളതിന് വളമായിത്തീരുന്ന സ്വാഭാവിക പ്രക്രിയ ഒരുപക്ഷേ സിപിഎം ൻ്റെ കാര്യത്തിൽ തെറ്റിയേക്കും. അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം നഷ്ടപ്പെട്ടാൽ ആരും ഈ ചിഹ്നത്തിൽ മത്സരിക്കാൻ പോലും തയ്യാറാവില്ല. ഈ ചിഹ്നം പോലും അത്രയേറെ ജനരോഷത്തിനും വെറുപ്പിനും ഇടയാക്കും. ബംഗാളിനും ത്രിപുരയ്ക്കും ശേഷം ഇപ്പോൾ കേരളത്തിലും അരങ്ങേറി കൊണ്ടിരിക്കുന്ന തോൽവി വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. തിരുത്തും പോലും. അതിനിനി എവിടെ സമയം, ആര് അവസരം നൽകാൻ.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞