NewsAd1
സി പി എം വോട്ട് ചോര്‍ച്ച:കണ്ണൂർ വിയർത്തപ്പോൾ ചെറുത്തുനിന്നത് അഴീക്കോട് മാത്രം
കണ്ണൂർ ബ്യൂറോ
6 May 2026, 9:25 am
main image of news

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി കോട്ടകളിലെല്ലാം അടിയൊഴുക്ക് അതിശക്തമായപ്പോഴും വോട്ട് ചോര്‍ച്ചക്ക് തടയിട്ട് അഴീക്കോട്. ജില്ലയില്‍ നാളിതുവരെ കാണാത്ത വിധം പാര്‍ട്ടി ഗ്രാമങ്ങളെന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിലെല്ലാം കനത്ത വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്.

സമീപ മണ്ഡലങ്ങളില്‍ 17.82 ശതമാനം വരെ എല്‍ഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ വോട്ട് ചോര്‍ച്ച ഏറെക്കുറെ ചെറുക്കാനായത് അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളിലാണ്. അഴീക്കോട് 1.48 ശതമാനം വോട്ടിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 65794 വോട്ട് നേടിയ കെ വി സുമേഷിന് 45.41 ശതമാനം വോട്ട് വിഹിതമാണ് ഉണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 43.93 ശതമാനമാണ്. 64951 വോട്ട് എല്‍ഡിഎഫ് നേടി. വോട്ട് എണ്ണത്തില്‍ 843 വോട്ടിന്റെ മാത്രം കുറവ്.

 image 2 of news

എല്‍ഡിഎഫ് ശക്തിദുര്‍ഗങ്ങളായ സമീപ മണ്ഡലങ്ങളില്‍ പതിനായിരം മുതല്‍ 24000 വരെ വോട്ടുകള്‍ കുറഞ്ഞപ്പോഴും അഴീക്കോട് എല്‍ഡിഎഫ് വിരുദ്ധ വികാരത്തെ ചെറുത്തു നിന്നു എന്നതാണ് സവിശേഷത. കെ വി സുമേഷിന്‍െ വിനയാന്വിത പെരുമാറ്റവും ജനകീയതയും പൊതുസ്വീകാര്യതയുമാണ് മറ്റിടങ്ങളില്‍ അലയടിച്ച എതിര്‍ തരംഗത്തെ ചെറുക്കാന്‍ അഴീക്കോടിന് ശക്തിയായത് എന്നാണ് വിലയിരുത്തല്‍. പയ്യന്നൂരില്‍ 17.82, മട്ടന്നൂര്‍ 13.8, തളിപ്പറമ്പില്‍ 10.76, ധര്‍മടത്ത് 9.74, കല്ല്യാശ്ശേരി 9.4, തലശ്ശേരി 12.94 എന്നിങ്ങനെ വന്‍ ചോര്‍ച്ച ഉണ്ടായപ്പോഴാണ് അഴീക്കോടിന്റെ ചിത്രം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സവിശേഷ ശ്രദ്ധ നേടുന്നത്.യുഡിഎഫ് സ്ഥാനാര്‍ഥി കരീം ചേലേരിക്ക് വോട്ട് വിഹിതം 41.17 ശതമാനത്തില്‍ നിന്ന് 43.69 എന്ന നിലയില്‍ മാത്രമാണ് ഈ അനുകൂല തരംഗത്തിലും വര്‍ധിപ്പിക്കാനായത്. ആകെ വോട്ടില്‍ 4949 വോട്ട് വര്‍ധിപ്പിച്ച് 2.52 ശതമാനം വോട്ട് വിഹിതം ഉയര്‍ത്തി.

കൂത്തുപറമ്പ് ആണ് എതിര്‍ തരംഗത്തെ ചെറുക്കുന്നതില്‍ അഴീക്കോടിന് പിന്നില്‍ രണ്ടാമത് ഉള്ളത്. ഇവിടെ ആര്‍ജെഡിയിലെ പി കെ പ്രവീണിന്റെ വോട്ട് നഷ്ടം 2.33 ശതമാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70626 വോട്ട് നേടിയ എല്‍ഡിഎഫിലെ കെ പി മോഹനന്റെ വോട്ട് വിഹിതം 45.36 ശതമാനമായിരുന്നു. ഇത്തവണ അത് 43.03 ശതമാനമായാണ് കുറഞ്ഞത്. ആകെ വോട്ട് 70448.
യുഡിഎഫ് വോട്ട് വിഹിതം 39.23 ല്‍ നിന്ന് 3.01 ശതമാനം വര്‍ധിപ്പിച്ച് 42.24 ലേക്ക് ഉയര്‍ന്നു. ആകെ വോട്ട് 61085 ല്‍ നിന്ന് 69162 ലേക്ക് വര്‍ധിച്ചു.
HomeAd1
 image 3 of news

കെ.കെ ശൈലജ മത്സരിച്ച പേരാവൂരിലും വോട്ട് ചോര്‍ച്ചയുടെ ആഘാതം താരതമ്യേന കുറവാണ്. 2.7 ശതമാനം മാത്രമാണ് ഇവിടെ എല്‍ഡിഎഫിനുണ്ടായ വോട്ട് നഷ്ടത്തിന്റെ തോത്. 44.7 ല്‍ നിന്ന് എല്‍ഡിഎഫ് വോട്ട് വിഹിതം 42 ആയാണ് കുറഞ്ഞത്. എന്നാല്‍ യുഡിഎഫിന് 46.93 ല്‍നിന്ന് 51.46 എന്ന നിലയിലേക്ക് വോട്ട് വിഹിതം ഉയര്‍ത്താനായി. എല്‍ഡിഎഫിന് 1847 വോട്ട് നഷ്ടപ്പെട്ടപ്പോള്‍ യുഡിഎഫിന് 9434 വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.

പാര്‍ട്ടി കോട്ടകളിലെ അടിയൊഴുക്ക് പരിശോധിച്ചാൽ
പയ്യന്നൂരില്‍ എല്‍ഡിഎഫിന് നഷ്ടമായത്
17.82 ശതമാനം വോട്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കനത്ത അടിയൊഴുക്കുണ്ടായത് പയ്യന്നൂരില്‍. സിപിഎം ശക്തി കേന്ദ്രമായ മണ്ഡലങ്ങളിലെല്ലാം പൊതുവില്‍ വലിയ തോതില്‍ വോട്ട് ചോര്‍ന്നു. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങളിലെല്ലാം വോട്ട് ചോര്‍ച്ച ഉണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഏറ്റവും കനത്ത ആഘാതമാണ് പയ്യന്നൂരില്‍ പാര്‍ട്ടി നേരിട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 93695 വോട്ട് നേടിയ എല്‍ഡിഎഫിന് 62.46 ശതമാനമായിരുന്നു വോട്ട് വിഹിതം. ഈ തെരഞ്ഞെടുപ്പില്‍ 17.82 ശതമാനം വോട്ട് വിഹിതമാണ് നഷ്ടമായത്. 24542 വോട്ടിന്റെ ചോര്‍ച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 43915 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 29.29 ശതമാനം മാത്രമായിരുന്നു അത്. ഇത്തവണ അത് 76640 വോട്ടായി കുതിച്ചുയര്‍ന്നു. 32,725 വോട്ടിന്റെ വര്‍ധന. യുഡിഎഫ് വോട്ട് വിഹിതത്തില്‍ 20.22 ശതമാനം വര്‍ധിച്ച് 49.51 എന്ന വമ്പന്‍ നിലിയില്‍ എത്തി. വി കുഞ്ഞികൃഷ്ണന്‍ എന്ന മുന്‍ ജില്ലാ കമ്മിറ്റി അംഗം ഉയര്‍ത്തിയ ഫണ്ട് തട്ടിപ്പ് വിഷയം സാധാരണ വോട്ടര്‍മാരെ മാത്രമല്ല പാര്‍ട്ടി അണികളിലെയും കേഡര്‍മാരിലെയും വലിയ വിഭാഗത്തെയും സ്വാധീനിച്ചുവെന്നാണ് ഈ കണക്കുകള്‍ അടിവരയിടുന്നത്. പാര്‍ട്ടി വോട്ട് വിഹിതത്തില്‍ മൂന്നില്‍ ഒന്ന് നഷ്ടപ്പെട്ടുവെന്നത് അക്ഷരാര്‍ഥത്തില്‍ നേതൃത്വത്തെ ഞെട്ടിക്കുന്നുണ്ട്.

 image 4 of news

തൊട്ടടുത്ത തളിപ്പറമ്പ് മണ്ഡലത്തില്‍ 10.76 ശതമാനം വോട്ടാണ് എല്‍ഡിഎഫില്‍ നിന്ന് ചോര്‍ന്നത്. 52.14 ശതമാനമായിരുന്ന വോട്ട് വിഹിതം 41.38 ശതമാനത്തിലേക്ക് വീണു. കഴിഞ്ഞ തവണ നേടിയ 92870 വോട്ടിന്റെ സ്ഥാനത്ത് ഇത്തവണ 78788 വോട്ട് മാത്രമായി കുറഞ്ഞു. ശക്തമായ പോരാട്ടം നടന്നിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 39.4 ശതമാനം വോട്ടാണ് ഇവിടെ നേടാന്‍ കഴിഞ്ഞിരുന്നത്. അത് ഇത്തവണ 8.57 ശതമാനം വര്‍ധിച്ച് 47.97 ശതമാനത്തിലേക്ക് ഉയര്‍ന്നു. വോട്ട് എണ്ണം 70181 ആയിരുന്നത് 91339 ലേക്കും എത്തി. 21158 വോട്ടിന്റെ വര്‍ധന. ടി കെ ഗോവിന്ദന്‍ എന്ന മുന്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗത്തെ കൂവി വിളിച്ച മലപ്പട്ടത്തെ ബൂത്തില്‍ പോലും വലിയ സ്വാധീനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പയ്യന്നൂര്‍ കഴിഞ്ഞാല്‍ ജില്ലയില്‍ വോട്ട് ചോര്‍ച്ചയില്‍ രണ്ടാം സ്ഥാനത്ത് മട്ടന്നൂര്‍ മണ്ഡലമാണ്. കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് തുരത്തി യുവ നേതാവ് വി കെ സനോജിനെ പരീക്ഷിച്ച മണ്ഡലത്തില്‍ മുന്നണിക്ക് നഷ്ടമായത് 13.8 ശതമാനം വോട്ടാണ്. ശൈലജ ടീച്ചര്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയ മത്സരത്തില്‍ 61.97 ശതമാനമായിരുന്നു വോട്ട് വിഹിതം. 96129 വോട്ടാണ് അന്ന് കിട്ടിയത്. ഇത്തവണ എല്‍ഡിഎഫിന്റെ വോട്ട് 13.8 ശതമാനം കുറഞ്ഞ് 48.17 ആയി കൂപ്പ് കുത്തി. യുഡിഎഫ് ആകട്ടെ 35166 ആയിരുന്ന വോട്ട് 67288 ലേക്ക് ഉയര്‍ത്തി. വോട്ട് വിഹിതം 22.67 ശതമാനത്തില്‍ നിന്ന് 39.79 എന്ന എക്കാലത്തെയും മണ്ഡലത്തിലെ ഉയര്‍ന്ന പോയിന്റിലേക്ക് ഉയര്‍ത്തി. 17.12 ശതമാനമാണ് യുഡിഎഫിന്റെ വോട്ട് വിഹിതം ഇവിടെ വര്‍ധിച്ചത്.

പിണറായി വിജയന്‍ മൂന്നാം അങ്കത്തിന് ഇറങ്ങിയ ധര്‍മടത്ത് 9.74 ശതമാനം വോട്ടാണ് എല്‍ഡിഎഫില്‍ നിന്ന് ചോര്‍ന്നത്. കഴിഞ്ഞ തവണ 59.61 ശതമാനം ഉണ്ടായിരുന്ന വോട്ട് വിഹിതം 49.87 ആയി കുത്തനെ കുറഞ്ഞു. യുഡിഎഫ് ആകട്ടെ 28.33 ശതമാനത്തില്‍ നിന്ന് വോട്ട് വിഹിതം 38.66 ആക്കി ഉയര്‍ത്തി. 10.33 ശതമാനത്തിന്റെ നേട്ടം.

സിപിഎം കുത്തക മണ്ഡലമായ കല്ല്യാശ്ശേരിയിലും വലിയ വോട്ട് ചോര്‍ച്ചയാണ് കണ്ടത്. 9.4 ശതമാനം നഷ്ടമാണ് ഇവിടെ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ 60.62 ശതമാനത്തില്‍ നിന്ന് 51.22 ശതമാനമായാണ് ഇടിവ് സംഭവിച്ചത്. യുഡിഎഫ് 30.13 എന്ന നിലയില്‍ നിന്ന് 9.49 ശതമാനം വര്‍ധിപ്പിച്ച് 39.62 എന്ന നിലയിലേക്ക് വളര്‍ന്നു.
തലശ്ശേരിയിലും വോട്ട് ശതമാനത്തില്‍ കുത്തനെ കുറവുണ്ടായി. കഴിഞ്ഞ തവണ 61.52 ആയിരുന്ന വോട്ട് വിഹിതം 12.94 ശതമാനം കുറഞ്ഞ് 48.58 ആയി. 81810 വോട്ട് നേടിയിരുന്നത് ഇത്തവണ 69743 ലേക്കാണ് വീണത്. 12067 വോട്ടിന്റെ നഷ്ടം. എന്നാല്‍ യുഡിഎഫ് വിഹിതത്തില്‍ 0.44 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഇവിടെ ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഇല്ലാതിരുന്ന മണ്ഡലത്തില്‍ ഇത്തവണ അവര്‍ 15.84 ശതമാനം വോട്ട് നേടി.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞