NewsAd1
ഡബിളാ... ഡബിള്.... അവിടേം കാണും ഇവിടേം കാണും....
മോഹന കൃഷ്ണൻ
17 May 2026, 5:19 am
main image of news

ഇത്തവണ ഡബിളാണ്‌ സഭയുടെ ഐശ്വര്യം. രണ്ടു പിണറായിമാർ... ഒന്ന് കാണഭൂതൻ സാക്ഷാൽ പിണറായി... തിരസ്കൃതനും പരിക്ഷീണനും പാർട്ടിക്കുള്ളിൽ നിന്നു തന്നെ അപമാനങ്ങൾ ഏറ്റു വാങ്ങാൻ ജീവിതം ബാക്കിയായവനുമായ സഖാവ്. അപരൻ ഖദറിട്ട യഥാർഥ പോരാളി.... കാർക്കശ്യത്തിന്റെ കാര്യത്തിൽ പിണറായിയുടെ ഡബിൾ... അഹോരാത്രം പണി എടുത്തും നിശബ്ദമായി തന്റെ സോഷ്യൽ ഗ്രാഫ് മെല്ലെ ഉയർത്തിയും ഉയർന്നുവന്ന, സഹൃദയനും കൊങ്ങികളിൽ കാണാത്ത വായനാശീലവും കാഴ്ചപ്പാടുകളുമുള്ളവനുമായ വി ഡി എസ്.

സതീശനെ നിയമസഭാ കക്ഷി നേതായായി പ്രഖ്യാപിച്ചപ്പോൾ ഉയർന്ന ഒരു മുദ്രാവാക്യമുണ്ട്... 'കണ്ണേ കരളേ വി ഡി എസേ.....'
പണ്ട് ഇത് ഉയർന്നത് വി എസിനു വേണ്ടിയാണ്.
ജനകീയതയുടെയും വ്യക്തമായ നിലപാടുകളുടെയും കാര്യത്തിൽ വി എസിന്റെ ഡബിളുമാണ് നിലവിൽ സതീശൻ.

 image 2 of news

അച്യുതമോനാൻ കഴിഞ്ഞാൽ സാഹിത്യ താത്പര്യവും പുസ്തക വായനയുമുള്ള മുഖ്യമന്ത്രിയും, രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മുമ്പനും വിഡിയാകാം. തരൂരിനെ മാറ്റി നിർത്തിയാൽ ഫിക്ഷനും നോൺ ഫിക്ഷനും വായിക്കുന്ന, രാജ്യത്തെ അപ്ഡേറ്റായ രാഷ്ട്രിയക്കാരിൽ ഒന്നാമനും ഇദ്ദേഹമാകാം.

ലോക വ്യാപാര വ്യവസായ തൊഴിൽ മേഖലകളെയും വികസനത്തെയും കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടുകൾ തന്നെ വി.ഡി സതീശന് ഉത്തമ ഭരണാധികാരിയാകാനുള്ള യോഗ്യത നൽകുന്നു.ഇക്കാര്യത്തിൽ കേരളത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാരും എൽ കെ ജി നിലവാരത്തിലാണെന്നും പറയേണ്ടിവരും.
HomeAd1
 image 3 of news

പ്രതിപക്ഷ നേതാവാകാൻ ഇപ്പോഴത്തെ പിണറായിക്ക് ഒരു കൂസലുമുണ്ടായില്ല (പഴയ പിണറായിയാരുന്നെങ്കിൽ...)ജനം അറംപുറം തൊഴിച്ചിട്ടും വലിച്ചെറിഞ്ഞിട്ടും വലിഞ്ഞു കയറുന്ന വയോധിതകതയോട് അനുകമ്പ ഉള്ളവരാകുക. ദുർബ്ബലമായ, തകർന്നപോയ ഒരു മുന്നണിയുടെ ശകടം വലിക്കാൻ ഇതു തന്നെ ധാരാളം.

നിയമസഭാ സമ്മേളനങ്ങളിൽ പ്രതിപക്ഷം ആമയും ഭരണപക്ഷം മുയലുമാകാനാണ് സാധ്യത. പിണറായിക്കായി കമ്പോടു കമ്പ് കുറിപ്പുകൾ എഴുതിയെഴുതി എഴുത്തച്ചൻമാർ നേതാവിനൊപ്പം വിയർക്കും. പുലിക്കു പകരം പൂച്ചയായി നാലുകാലിൽ ഏതവസരത്തിലും ലാൻഡ് ചെയ്യാനുള്ള മെയ് വഴക്കം തുണച്ചേക്കാം.പായാരം പറയുന്ന തത്വജ്ഞാനി കളമശേരിയിൽ നടുവെട്ടി കിടപ്പിലാണല്ലോ. പുലിയായി വന്നതും എലിയായി വരുന്നതും കാണേണ്ടി വരുന്നത് വിടി ബലറാമിന്റെ തലവിധി.

 image 4 of news

എൽഡിഎഫ് യുഡിഎഫിനു ഉദാരമായി സംഭാവന ചെയ്ത മൂന്നു മഹാരഥികളുടെ നടുക്ക് ഇരുന്നു വേണം പിണറായിക്ക് സമയം തള്ളി നീക്കാൻ. സ്പീക്കർ കസേരയിൽ മ ഇരിക്കാൻ അവസരം ലഭിച്ചാൽ രമയെ മാഡം എന്ന് വിളിക്കേണ്ടി വരുന്നതും നെഞ്ചിടിപ്പു കൂട്ടും.

ഒരിടത്തും ജയിക്കില്ലെന്ന് മുത്തപ്പനെ പ്രതി ആണയിട്ടവരെല്ലാം മൂന്നു ബിജെപിക്കാരെ കണ്ട് ഇളിഭ്യച്ചിരി പാസാക്കണം.കൈ കൊടുക്കണം..അവർ പറയുതെന്തും കേൾക്കുകയും
ഗ്രൂപ്പ് ഫോട്ടോകൾ എടുക്കുകയും വേണം.
കാലം കരണത്ത് നൽകുന്ന കാവ്യനീതി.
ദൈവമേ,ഇത്തരം ദുരവസ്ഥ ശത്രുവിനു പോലും വരുത്തരുതേ... എന്തൊരു പരീ....ക്ഷണംഉറപ്പും നിശ്ചയവും നിലപാടുമുള്ള വടശേരിക്കാരൻ ദാമോദരൻ മകൻ സതീശനെ കുനിഞ്ഞു നിന്നു ശീലിച്ച കോൺഗ്രസ് സാമാജികർക്കും ഭയക്കേണ്ടി വരും. അജണ്ട സെറ്റ് ചെയ്തുവരുന്ന മന്ത്രി പുംഗവന്മാർ തീർച്ചയായും ഭയക്കണം.ആയിരം കോഴിക്ക് അരക്കാട എന്നാണല്ലോ പ്രമാണം.
സമവായം,സർവ്വ മന്ത്രം.. സ്നേഹം,കെട്ടിപ്പിടുത്തം,കിസ്സിങ്ങ്,ക്വിസ്സിംഗ്... പതുങ്ങുന്ന കടുവയെ ഭയക്കണമെന്ന് ശിക്കാരി ശംഭു പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. സായിപ്പിന്റെ ഒരു രസികൻ ശൈലി ഓർത്തു പോകുന്നു. TO GIVE A WIDE BERTH..

.കെസിയോ ആർസിയോ ആയിരുന്നേൽ മോഹൻലാലിനെ പോലെ ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിക്കാമായിരുന്നു.ഇനി രാവും പകലും അലയണം പരിപാടി മുന്നോട്ടു കൊണ്ടു പോകാൻ... രാഹുൽ മാങ്കൂട്ടം ഒരു സൂചനയായിരുന്നു.തോറ്റാലും വർഗീയന്മാരുടെ വോട്ടു വേണ്ടന്ന് പറഞ്ഞ അതിസാഹസികതയാണ് ഈ ഭരണം നയിക്കുന്നതെന്നോർത്താൽ പലരുടെയും ആയുസ് നീട്ടിക്കിട്ടും. ഒത്തു തീർപ്പുകൾ മുഖ്യ കലാസന്ധ്യയാക്കിയ കോൺഗ്രസ് ശൈലി ഇന്ന് അകലെയാണ്.സമുദായ വേട്ടാവളിയൻമാരുടെ പാവക്കൂത്തുകൾ കുറച്ചു കാലമെങ്കിലും പടിക്കു പുറത്തു മാത്രം പടം പൊഴിക്കും. എപിമാരും എംഎൽഎമാരും കെപിസിസിയും കര പ്രമാണിമാരും ഒന്നായും കൂട്ടായിചേർന്നും ഒത്തു പിടിച്ചിട്ടും മല പോന്നില്ല. രാഷ്ട്രീയത്തിന്റെ തെമ്മാടിക്കുഴിയിൽ ചവിട്ടി താഴ്ത്താൻ ശ്രമിച്ച കനൽ ഒരഗ്നിശലാകയായ് ജ്വലിക്കുന്നതിനും നാം സാക്ഷി. വാണിഭക്കാർ ഓരം ചേർന്നു നീങ്ങുക. അത് ദേഹരക്ഷക്കു ഗുണം ചെയ്യും.വിവാദ മാദക തിടമ്പുകൾ കുറെ നാളായി വരുമാനം മുട്ടി നിൽക്കുകയാണ്. കുമാരന്മാരും മാനേജർമാരും ഭയക്കരുത്.ജാഗ്രത മതി. വീഴ്ചകളിൽ ആരും ന്യായികരണവും സമാശ്വാസവും പ്രതീക്ഷിക്കരുത്.പുറത്തേക്കുള്ള വഴി ചുവന്ന ദീപങ്ങളാൽ അലങ്കരിക്ക പ്പെട്ടിട്ടുണ്ട്. ആർക്കുമില്ല ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് .

പഴയ പനയോലയിലെ ചാർത്തുകളുടെ ഫലശ്രുതി അത്ര തെളിച്ചമുള്ളതല്ലന്ന തിരിച്ചറിവ് സഖാക്കൾക്കും ആവാം.
ലിബറലിസവും ഉദാര സാമ്പത്തിക നയങ്ങളും കടഞ്ഞെടുത്ത ഒരു പുതു പൗരസമൂഹം ഇവിടെ ഉരുവം കൊണ്ടു കഴിഞ്ഞു. ഇൻഫർമേഷൻ ടെക്നോളജി അശിക്ഷിതരെ പോലും എഐയുടെ അനുഗാമികളുമാക്കിയിരിക്കുന്നു. ഉടൽ ഇവിടെ നിവേശിപ്പിച്ച് ലോകം ചുറ്റുന്ന മലയാളികളാണ് ഇന്നത്തെ കേരളത്തിലെ ജ്ഞാന സമൂഹം. കൊടുങ്ങല്ലുരിലെ ദേവി ബുക്സ്റ്റാൾ ഇറക്കുന്ന ഇക്കിളി വിപ്ളവ ഭജന സമാഹാരം ഇന്ന് വിൽക്കാ ചരക്കാണ്..
കേരളത്തിലെ നവ ലിബറൽ ഉപഭോക്തൃ സമൂഹമാണ് പയ്യന്നൂരും തളിപറമ്പിലും കേരളത്തിലൊട്ടാകെയും ഇടതുമുന്നണിയെ വെട്ടി വെളുപ്പിച്ചത്.
സഖാക്കളായിരുന്നു അതിലൊരു വിഭാഗമെന്നത് പാർട്ടി രഹസ്യമാണ്.പുറത്തറിയരുത്.
ഇനി തിരിച്ചുപോകാൻ നമുക്കു അരണ്യകങ്ങൾ ബാക്കിയില്ല.അക്രമം അഴിച്ചു വിട്ടും അക്രമ സമരം നടത്തിയും രക്തസാക്ഷികളെ മെനഞ്ഞുമുള്ള പഴയ നമ്പരുകളുടെ കാലം കഴിഞ്ഞു.ഭരണം വേണ്ട കൊടി മാത്രം മതി എന്നാണ് ഒരു ഇണ്ടൻ ഈയിടെ മൊഴിഞ്ഞത്. പണ്ഡിതനാണെന്നു തോന്നുന്നു.
വിറ്റു തിന്നാൻ ഇനി അവശേഷിക്കുന്നത് അതു മാത്രമാണല്ലോ, സതീർത്ഥ്യാ....

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞