പേഴ്സണലായിട്ട് പറയുവാ......
മോഹന കൃഷ്ണൻ
20 May 2026, 2:20 am
ജോപ്പൻ നമ്മുടെ ഓർമകളിൽ നിവരുന്ന ദിനങ്ങളാണിപ്പോൾ.
മന്ത്രി ആപ്പീസിന്റെ ബ്രാൻഡ് അംബാസിഡറായ കീഴ്ജീവനക്കാരൻ സ്വന്തം ഭവനത്തിൽ മന്ത്രിയുടെ ശൈലിയിൽ തന്നെ 'പരാതി പരിഹാരം' നടത്തി മന്ത്രിമാരെ തകർത്തതും ചരിത്രം.അതിവേഗം ബഹുദൂരം!
ഭേദപ്പെട്ട നിലവാരത്തിലുള്ള കാവിലെ പാട്ടു മൽസരത്തിലെ വിന്നറും റണ്ണർ അപ്പുകളും ഇപ്പോൾ ശാന്തരാണ്.
മന്ത്രിമാരുടെ സെലക്ഷൻ ട്രയലിൽ സെലക്ഷൻ ബോർഡിനു അധികം വിയർക്കേണ്ടി വന്നില്ല. കെ.കെ രമയെ തത്കാലം മറക്കാം.
പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളാണ് ഇപ്പോൾ സജീവം. സൂക്ഷ്മത പാലിച്ചില്ലെങ്കിൽ മന്ത്രിമാരുടെ പതിനാറടിയന്തിരവും നടത്തുന്ന അന്തകരാണവർ.
മുഖ്യമന്ത്രിയിൽ നിന്നും ഒരു ഔദാര്യവും കോൺഗ്രസ് മന്ത്രിമാർ പ്രതീക്ഷിക്കരുത്. കഴിഞ്ഞ കാലത്തെ പോലെ ന്യായീകരിച്ച് മെഴുകാനും ആരുമുണ്ടാകില്ല.
യുഡിഎഫ് കാലം, സ്ഥാന മോഹികളുടെ മാമ്പൂക്കാലം കൂടിയാണ്. സ്റ്റാഫിൽ കയറാൻ വെട്ടുകിളികൾ തിരുവനന്തപുരത്ത് പറന്നിറങ്ങും. സത്രങ്ങളിൽ പാർക്കും ഖാർഗേയും രാഹുലും മുതൽ കഥാവശേഷരായ മഹത്തുക്കളുടെ വരെ ശുപാർശക്കത്തുകളും കൈയ്യിലുണ്ടാവും. തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ ഉണ്ടായതിനേക്കാൾ പുരുഷാരം ഇനി എന്നും സെക്രട്ടറിയേറ്റിലും പരിസരങ്ങളിലും കാണും.
പാർട്ടിയുടെ ചേക്കു മണ്ഡലം പ്രസിഡന്റുമാരും ഷുഗറും ബിപിയും കലശലായുള്ള അടുത്തൂണുകാരായ ഗ്രഹിണിക്കാരും ചക്കകൂട്ടാനെ പൊതിയും.സട കൊഴിഞ്ഞ മാധ്യമ സിങ്കങ്ങളും പഴയ ധീര കൃത്യങ്ങൾ പൊലിപ്പിച്ച് അലയുന്നുണ്ട് അനന്തപുരിയിൽ
കള്ളന്മാരും ദല്ലാൾമാരും പെൺവേട്ടക്കാരും എല്ലാം ഒപ്പിച്ചു നൽകുന്നതിൽ വിരുതരും ക്രിമിനൽ പശ്ചാത്തലമുള്ളവരും മോശം ട്രാക്കുള്ളവരും നാട്ടാരെ വെറുപ്പിക്കുന്നവരും പേഴ്സണൽ സ്റ്റാഫിലെ വ്യാളീമുഖങ്ങളായതിന് കാലം സാക്ഷി.
മന്ത്രിമാരെ
മൊത്തമായും ചില്ലറയായും തൂക്കി വിറ്റ സഹായികളെയും നാമറിയും.മന്ത്രിമാരെക്കാൾ വലിയവാഴുന്നോരായി അവർ.
മന്ത്രിയുടെ വിവരക്കേടിന്റെ തോതനുസരിച്ചാണ് സ്റ്റാഫിന്റെ പ്രസക്തി.
കുറെ സാമുദായിക നേതാക്കളും വ്യവസായികളും രാഷ്ടീയ കുതന്ത്രക്കാരുമാണ് സ്റ്റാഫിന്റെ യഥാർത്ഥ യജമാനൻമാർ. ഗജ പോക്കിരികൾ വകുപ്പ് തല ഉപദേശകരായി വിളയാടിയ കാലവുമുണ്ട്.
സാമൂഹിക ബോധമുള്ളവരും ശാന്തരും ആർത്തി ഇല്ലാത്തവരും ആകണം പേഴ്സണൽ സ്റ്റാഫിൽ കടന്നുവരേണ്ടത്. പഴയ മുഖ്യമന്ത്രിയുടെ ഓഫീസിലേതു പോലെ പരാതിക്കാരായ സാമാന്യ ജനത്തെക്കണ്ടാൽ മുഖം വലിഞ്ഞു മുറുകുന്ന ദിനേശൻമാരും സർക്കാരിനെത്തന്നെ വെറുപ്പിക്കുന്ന വീര രവീന്ദ്രൻമാരും ഒഴിവായാൽ എത്രയും നന്ന്..
സിപിഎമ്മിന്റെ തേർവാഴ്ചക്ക് ഇരയായ എല്ലാ ജില്ലകളിലെയും പ്രവർത്തകർക്ക് നിയമനങ്ങളിൽ മുൻഗണന നൽകണം.മച്ചമ്പിയും മരുമോനും അച്ചിമാരുടെ ഉടപ്പിറന്നോനും കാമുകിയും കരയോഗക്കാരനും നിരങ്ങിയാൽ പത്രങ്ങളിൽ സ്കൂപ്പുകൾ നിറയും.തെരുവുകൾ കത്തും.വികസന രാഷ്ട്രിയം ഹുതാ ഹവാ.!
ആലിനെക്കാൾ വലുതാണ് അതിന്റെ വേരുപടലം.പിൻസീറ്റ് ഡ്രൈവർമാരാണ് മന്ത്രിമാരെ പലപ്പോഴും കുഴിയിൽ ചാടിക്കുന്നത്. പെൺ മന്ത്രിമാരുടെ മാപ്പിളമാരും ഒടപ്പിറന്നോനും ചേർന്നാവും വാരിക്കുഴി ഒരുക്കുക.
പകിട്ടും പത്രാസും അമിത സർക്കീട്ടും ഗമണ്ടൻ വാചകങ്ങളും ഒഴിവാക്കി െ പേഴ്സണൽ സ്റ്റാഫിന്റെ ആപ്പുകളിൽ വീഴാതെ ആപ്പീസിലിരുന്നു ഫയൽ പഠിച്ച് മുന്നോട്ടു പോയാൽ പിന്നീട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആപ്പീസിന്റെ വരാന്തയിലെ സ്ഥിരമായ അന്തിയുറങ്ങുന്നതു ഒഴിവാക്കാം.മുന്നണിയേയും രക്ഷിക്കാം
ബൈ...
ബൈദ ബൈ.!?