NewsAd1
മുസ്ലീം ലീഗും സ്ഥലത്തെ പ്രധാന ദിവ്യൻമാരും
ഡോ രാഖി എസ്.ദേശം
22 May 2026, 2:34 pm
main image of news

പിണറായി മാറി വിഡി സതീശൻ സർക്കാർ വന്നതു മുതൽ സംഘ പരിവാറിനും സി പി എമ്മിനും സൈബറിടങ്ങളിൽ ഒരു കാര്യത്തിൽ കൂടി അഭിപ്രായ ഐക്യമുണ്ടായിരിക്കുന്നു; 'യഥാർത്ഥത്തിൽ ഇനി കേരള ഭരണം നയിക്കുന്നത് ഇനി മുസ്ലിം ലീഗ് ആയിരിക്കും.'

ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി. നിയമസഭയിലെ മൂന്നാമത്തെ വലിയ പാർട്ടി.മുസ്ലിം ലീഗിനെ കോരി വറുക്കുന്നവർ ചിലത് അറിയണം.
മതം,മതവർഗീയത, മതതീവ്രവാദം ,രാഷ്ട്രീയ പാർട്ടി,മതസമൂഹം എന്നിവയെ വിവേചിച്ചറിയാത്തവർ ഈ ഖണ്ഡന പണിക്ക് മുതിരരുത്

 image 2 of news

യുഡിഎഫ് കൂട്ടായ്മയുടെ കെട്ടുറപ്പിനും സദ്ഭരണത്തിനും ഇടപെടൽ നടത്താൻ അർഹതപ്പെട്ടവരാണ് മുസ്ലിം ലീഗ്.വെയിലു കൊണ്ടത് അവരാണ് പെരുന്നയിലെ മൂപ്പിൽ നായർക്കു അതറിയണമെന്നില്ല. പഴയ നമ്പറുകൾ വീശുകയാണ് ഈ വയോധികൻ.കോൺഗ്രസ് ജനാധിപത്യം അട്ടിമറിച്ചു. ലീഗിനു വഴങ്ങി തുടങ്ങി അനുസാരികൾക്കിടെ രമേശൻ നായർക്കായി ദില്ലിയിലേക്ക് കമ്പിയടിക്കാനും ഇതിയാൻ മറന്നില്ല.

90 കഴിഞ്ഞ നടേശൻ മുതലാളിയുടെ പിണറായി സ്തുതിയും മുസ്ലിം നരേറ്റിവുകളും ഒന്നാം തരം കോമഡി സ്കിറ്റുകളാണ്. അജണ്ടകളാണ്.
ഇതിയാന്റെ ആകാശത്ത് കാക്ക(പറക്കുന്ന ജീവി)മലർന്നു പറക്കുകയാണ്. മെയ് നാലു മുതൽ. സീറ്റ് 102 നേടി ആഴ്ചകൾ കഴിഞ്ഞിട്ടും രാജി വെക്കുമെന്ന ബഡായി സേട്ടൻ മറന്നു പോയിരിക്കുന്നു.
HomeAd1
 image 3 of news

കാന്തപുരം ജ്ഞാന നഗരിയിൽ അമർന്ന് എൽഡിഎഫിന് വോട്ടു നൽകാൻ അഖില ലോക അനുയായികളെ ഉദ്ബോധിച്ചിരുന്നു. പിണറായി സക്കാത്തു നൽകിയ യുനാനി സർവ്വകലാശാലയ്ക്കുള്ള ഉപകാര സ്മരണ. പക്ഷേ ബോധനം ഫലം കണ്ടതേയില്ല.. ലീഡർ സെലക്ഷൻ വന്നപ്പോൾ ഉസ്താദ് ദില്ലിക്കു കമ്പി അടിച്ചു.കെസിക്കു വേണ്ടി. എന്താ കഥ. നാട്ടാരെ കൊണ്ടു പറയിക്കാൻ മുസല്യാരുടെ ഓരോരു തമാശകൾ!

അടുത്ത ഊഴം സച്ചിദാനന്ദ സ്വാമി വക. അത് കോൺഗ്രസിനുള്ള തത്വഗീതയായിരുന്നു.അതിൽ പിൻകുറിപ്പായി മൂന്നു പേരുകളും!.പിന്നല്ല. ആദ്യം മന്ത്രി.പിന്നെയാകാം മന്ത്രം.

 image 4 of news

സുഡാപ്പികൾക്കു മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കണം. മറ്റിടങ്ങളിൽ പിണറായിസത്തിനു കരുതൽ. നന്മയും തിന്മയും മിക്സ് ചെയ്തൊരു സുലൈമാനി !

തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്ത്,കാസറഗോഡ് മുനിസിപ്പാലിറ്റി ഫലങ്ങൾ ചൂണ്ടിക്കാട്ടി പച്ചയ്ക്കു വർഗീയത വിളമ്പിയ മാന്യനാണ് മുൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ.ഇത്തവണയും ഇദ്ദേഹം ജയിച്ചു.ജയിപ്പിച്ച വോട്ടുകളെക്കുറിച്ച് നാട്ടുകാർക്ക് അറിയാം.എജ്ജാതി മനിശൻമാര്!

ഇതെല്ലാം പരമാവധി മുതലാക്കാൻ ബിജെപിയും മുന്നിലുണ്ട്.ടിപ്പണി അവരുടെ സംഭാവന. ന്യൂനപക്ഷ കേന്ദ്രീകരണം അജണ്ടയാക്കിയാൽ ഫലം ഭൂരിപക്ഷ കേന്ദ്രീകരണം ആകും.എന്നിട്ടും മൂന്നു നേടി ബിജെപി. ചുറ്റിക അരിവാൾ നക്ഷത്രത്തിൽ കുത്തി വന്നവർക്ക് കൈപ്പത്തിയിൽ കുത്താൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.അതു താമരയിലേക്കു മാറാനും വലിയ ചിന്ത വേണ്ടി വരില്ല. സുനാമി വന്നാൽ നമ്മുടെ പരമ്പരാഗത പ്രതിരോധങ്ങളെല്ലാം തകർന്നടിയും. ഒറപ്പില്ല.വരാം.വരാതിരിക്കാം അടിയന്തിരാവസ്ഥ ഒരിക്കലും വരില്ലെന്ന ഉറച്ച വിശ്വാസത്തിന് എമർജൻസി ഡിക്ളയർ ചെയ്യുന്ന സമയം വരെ മാത്രമായിരുന്നു ആയുസ്സ്.

പെരുന്നയും കണിച്ചുകുളങ്ങരയും കാന്തപുരവും സുഡാപ്പികളും കുറുക്കുന്ന രസായനമാണ് കേരള ഭരണം എന്ന കഥാകഥനം പൊട്ടിപ്പൊളിയുകയാണ് എന്നന്നേക്കുമായി...
മുസ്ലിം ലീഗിനെ വിമർശിക്കാം. വിമർശിക്കണം.എന്നാലത് പാർട്ടിയെ മാത്രം ഫോക്കസു ചെയ്യുന്നതാകണം. അതിൽ മതം കലർത്തിയാൽ മത തീവ്രവാദികൾക്ക്
ആളെ കൂട്ടുന്ന കലാപരിപാടിയായി അതു മാറും.
എൽഡിഎഫിനു മുന്നിൽ മൂകരും ബധിരരും വിനീതരുമാകുന്ന സോഷ്യൽ ഗ്രൂപ്പുകൾ യുഡിഎഫിനു മുമ്പിൽ ആളുകളിക്കും.എന്താണതിന്റെ യുക്തി?
ആത്മീയവും ദൈവികവുമായ പ്രാർത്ഥനകൾ ഏകവും അദ്വൈതവുംഅഭിന്നവുമായ സത്ത തേടുമ്പോൾ യഥാർത്ഥ മത വിശ്വാസി വിനീതനാകും. ആ പ്രോസസിലൂടെയാവണം മതേതര കേരളം രൂപപ്പെടേണ്ടത്.
കേരളത്തിലെ ആധുനിക രാഷ്ട്രീയ സമൂഹം പടുത്തുയർത്തുന്ന പുത്തൻ അടയാളപ്പെടുത്തലുകളുടെ പ്രാഗ് രൂപമാണ് പുതിയ നേതൃത്വത്തിന്റെ അവതരണവും അനുബന്ധവും.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞