NewsAd1
ദൃശ്യം 4 - അഥവാ പിടിക്കപ്പെട്ട ജോർജ് കുട്ടി.
മോഹന കൃഷ്ണൻ
27 May 2026, 2:37 am
main image of news

'മേക് ബിലീഫ്' ആണ് അഭിനയത്തിന്റെ കാതൽ. ഇല്ലാത്തതൊന്ന് ഉണ്ടെന്ന് കണ്ടിരിക്കുന്നവനെ വിശ്വസിപ്പിക്കുന്ന സമർത്ഥമായ ഒരു കപടനാടകം. മോഹൻലാൽ പറഞ്ഞ് പലവട്ടം നാം ഇത് കേട്ടിട്ടുണ്ട്. കാപട്യം കലയാക്കിയ കലാകാരനാണ് മോഹൻ ലാൽ എന്ന് അടിവരയിടുന്ന ഒരു ലൈവ് പെർഫോമൻസായിരുന്നു രണ്ടു ദിവസം മുമ്പ് നാം കടവന്ത്രയിൽ കണ്ടത്. ഫാൽക്കേ നേടിയ ലാലേട്ടന്റെ ഏറ്റവും മോശം അഭിനയങ്ങളിൽ ഒടുവിലത്തേത് ...

വെറും മൂന്നോ നാലോ ആഴ്ചകൾക്കു മുൻപായിരുന്നു വൻതുക പ്രതിഫലം വാങ്ങി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലാൽ എന്ന താരം പെയിന്റടിച്ച് വെളുപ്പിക്കാനിറങ്ങിയത്. ഫ്രണ്ട്സ് സിനിമയിലെന്നപോലെ ഈ ദൗത്യം എട്ടു നിലയിൽ പൊട്ടിയത് വൈകാതെ നാം കണ്ടു.

 image 2 of news

'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം'എന്ന നിലയിലുള്ള പി ആർ അധിഷ്ഠിത ചോദ്യങ്ങൾ പിണറായിയെ നോക്കി 'ചോയ്ച്ചു ചോയ്ച്ചു'മുന്നേറിയ ലാലേട്ടന്റെ എല്ലാ നീക്കങ്ങളും അടപടലം തകർന്നത് മേയ് നാലിനായിരുന്നു.

ബഹുജനത്തിന്റെ മുന്നിൽ വൻ വിശ്വാസ്യതാനഷ്ടം വന്നു പോയ പിണറായി വിജയന് മോഹൻ ലാലിലൂടെ അത് വീണ്ടെടുക്കാനാകുമെന്ന പാഴ് മോഹമായിരുന്നു പി ആർ സംഘത്തെ നയിച്ചിട്ടുണ്ടാവുക. എന്നാൽ വ്യക്തിയെന്നനിലയിൽ പിണറായിയുടെ അത്ര പോലും വിശ്വാസ്യതയും പിന്തുണയുമില്ലാത്ത ഒരാളാണ് ലാലെന്ന് തെരഞ്ഞെടുപ്പു ഫലത്തോടെ വ്യക്തമായി.
HomeAd1
 image 3 of news

പിണറായി അഭിമുഖം വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ദേശീയ മാധ്യമത്തിലെ പോഡ്കാസ്റ്റിൽ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി 'എല്ലാം പറഞ്ഞ് കോംപ്ലിമെന്റാ'ക്കാനും ലാലേട്ടന് ഒരു മടിയുമുണ്ടായില്ല.

അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നതിലെ യുക്തി എന്താവാം!എന്തു വ്യക്തിത്വമാണ് അത്തരക്കാരിലുള്ളത് ? ആരെങ്കിലുമൊക്കെ വിളിച്ചു കൂട്ടുന്ന ആൾക്കൂട്ടങ്ങളിൽ ഇറങ്ങി ആളു കളിക്കുന്നത് കേമത്തമായി കരുതരുത്.

 image 4 of news

വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള ഒട്ടേറെ കലാകാരരും സാസ്കാരിക പ്രവർത്തകരും നമുക്കിടയിലുണ്ട്. ഭരണാധികാരികളെ ബഹുമാനിക്കുന്നതും സാധാരണം.എന്നാൽ അസാധാരണ മെയ് വഴക്കത്തോടെ രാഷ്ട്രീയ നേതാക്കളെ മാറി മാറി വല്ലാതങ്ങു സുഖിപ്പിക്കുന്നത് സദുദ്ദേശപരമല്ലെന്ന് ഫാൻസുകാർ പോലും തിരിച്ചറിയുന്നുണ്ട്

മുഖ്യമന്ത്രി വിഡി സതീശനും എംഎൽഎമാർക്കും നൽകിയ പൗര സ്വീകരണത്തിൽ മമ്മൂട്ടി അടക്കമുള്ളവർ കാര്യമാത്രമായി സംസാരിച്ചപ്പോൾ എഴുതിച്ച് തയ്യാർ ചെയ്ത സ്ക്രിപ്റ്റുമായി മ്യൂസിക്കിന്റെ അകമ്പടിയോടെ നരസിംഹം ശൈലിയിൽ ഓടിക്കയറിയ ചടുലത ഒരു നല്ല പിആറെന്നു നിനയ്ക്കുക വയ്യ.
ചരിത്രവും പൗരധർമവും സാമൂഹിക ശാസ്ത്രവും സോഷ്യൽ കമ്മിറ്റ്മെന്റുമൊക്കെ കമ്പോടു കമ്പ് ആ പ്രസംഗത്തിൽ വെട്ടിത്തിളച്ചു... വെറും ചളുവായി മാറി അതെല്ലാം.ഒരു ജനകീയ വിഷയത്തിൽ പോലും അർത്ഥവത്തായി പ്രതികരിക്കാത്ത ആളായിരുന്നു ഇക്കാലമത്രയും മിസ്റ്റർ ലാൽ. അന്തസ്സാര ശൂന്യമായ വാക്കുകളാണ് പ്രസംഗത്തിലുടനീളം മുഴച്ചു നിന്നത്.
പതിവുരീതി അനുസരിച്ച് മുഖ്യമന്ത്രി സതീശനെ പരമാവധി പുകഴ്ത്താനും ലാൽ മറന്നില്ല. ആത്മാർത്ഥമായിരുന്നെങ്കിൽ ഇപ്പറഞ്ഞതിൽ ഒരു വാക്കെങ്കിലും മുമ്പും ആകാമായിരുന്നില്ലെ?
നായകനല്ല, നായകനെ മെടഞ്ഞെടുക്കുന്ന തിരക്കഥാകാരനും സംവിധായകനുമാണ് യഥാർഥ ഹീറോ എന്ന ശ്രീനിവാസന്റെ നിരീക്ഷണം ഇവിടെ അന്വർത്ഥമാകുന്നു. ലാലിന്റെ പ്രസംഗം തയ്യാർ ചെയ്ത പ്രോഫഷണൽ എഴുത്തുകാരനാണ് ഇവിടെ ഹീറോ!
പുതിയ ലൊക്കേഷനിൽ പുതിയ തിരനാടകം.....ആകെ മൊത്തം അടിപൊളി..

പൊതു ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സെലിബ്രിറ്റികളുടെ ഇടപെടൽ ആത്മാർത്ഥതയുള്ളതാകണം. മയക്കുമരുന്നിനും ലഹരിക്കുമെതിരേ സർക്കാർ പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ തന്നെ 'വൈകിട്ടെന്താ പരിപാടി' യെന്ന വഷളൻ ചോദ്യവുമായി കോർപറേറ്റ് പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാൻ തീരുമാനിക്കുന്നത് ഉളുപ്പില്ലായ്മ എന്ന സവിശേഷതകൊണ്ടു മാത്രമാണ്. മദ്യപനായി അകാലത്തിൽ മരിച്ച സുഹൃത്തിനെ ആ ദു:ശീലത്തിൽ നിന്ന് പിന്തിരിക്കാൻ ശ്രമിക്കാതിരുന്നതാണ് ജീവിതത്തിൽ കുറ്റബോധം തോന്നിച്ച ഏക സംഭവമെന്നൊക്കെ പിണറായി അടിച്ചു വിടുമ്പോൾ അതിനനുസരിച്ചുള്ള ഭാവങ്ങൾ മുഖത്ത് വരുത്തി ലാലേട്ടൻ ജനങ്ങളെ അത് ' മേക് ബിലീഫ്' ആക്കാൻ നോക്കുമ്പോൾ പൊളിയുന്നത് അഭിനയ ശേഷി മാത്രമല്ല വിശ്വാസ്യതയുമാണ്.

പണ്ടൊരു വേദിയിൽ ലാലേട്ടൻ പാടാൻ തുടങ്ങും മുമ്പ് പാട്ട് നമ്മുടെ കർണപുടങ്ങളിൽ എത്തിയ അപൂർവ്വാനുഭവം വച്ചു പറഞ്ഞാൽ എല്ലാം അഭിനയമാണ്.നാട്യമാണ്.കാപട്യമാണ്.
മോഹൽ ലാൽ, താങ്കളുടെ രാഷ്ട്രീയം എന്തോ ആവട്ടെ.
അതിനുള്ള താങ്കളുടെ അവകാശത്തെ സല്യൂട്ട് ചെയ്യുന്നു. പക്ഷേ ഇത് രാഷ്ട്രീയമോ സദാചാരമോ ധാർമ്മികതയാ അല്ല.
വ്യത്യസ്ത രാഷ്ട്രീയ വേദികളിലൂടെയുള്ള താങ്കളുടെ അഭിനയ പരീക്ഷണങ്ങൾ താങ്കളുടെ മോശം പടങ്ങളുടേതിനേക്കാൾ വലിയ ദുരന്തമാണ് താങ്കൾക്ക് സമ്പാദിച്ചു തരിക.
ജോർജ് കുട്ടി ഒരു കാലത്തും പിടിക്കപ്പെടില്ല എന്ന തോന്നൽ അസംബന്ധമാണ്.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞