NewsAd1
രാഷ്ട്രീയ റിപ്പോർട്ടിംഗും മാധ്യമ ധാർമ്മികതയും
പ്രവീൺ കുമാർ പി
28 May 2026, 1:31 am
main image of news

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ ദൗത്യം കേവലം വാർത്തകൾ റിപ്പോർട്ട് ചെയ്യുകയല്ല; മറിച്ച്, സംഭവങ്ങളെ കൃത്യതയോടും നിഷ്പക്ഷതയോടും വസ്തുനിഷ്ഠമായ പശ്ചാത്തലത്തോടും കൂടി ജനങ്ങളിലെത്തിക്കുക എന്നതാണ്. വാർത്താ ചാനലുകളിലെ തത്സമയ ചർച്ചകളും സോഷ്യൽ മീഡിയയിലെ പ്രകോപനപരമായ ക്ലിപ്പുകളും നിമിഷനേരം കൊണ്ട് രാഷ്ട്രീയ ചർച്ചകളെ രൂപപ്പെടുത്തുന്ന ഇന്നത്തെ കാലത്ത്, മാധ്യമങ്ങളുടെ പങ്ക് ഏറെ നിർണ്ണായകമാണ്.

ഈ സാഹചര്യത്തിൽ, പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സന്ദർശനം നടത്തിയതിനെ, മുൻപ് ബിനീഷ് കോടിയേരിയുടെ (അവർ പറയുന്നത് പോലെ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെതല്ല) വസതിയിൽ നടന്ന റെയ്ഡുമായി ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള ന്യൂസ് ചാനലുകൾ താരതമ്യം ചെയ്തത് വലിയൊരു ചോദ്യമുയർത്തുന്നു: മാധ്യമങ്ങൾ സത്യത്തേക്കാളുപരി രാഷ്ട്രീയ അജണ്ടകൾക്കാണോ മുൻഗണന നൽകുന്നത്?

 image 2 of news

2020-ൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന ഇഡി റെയ്ഡ്, ബെംഗളൂരുവിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായിരുന്നു. അന്ന് കേന്ദ്ര ഏജൻസികൾ നേരിട്ട് അന്വേഷിച്ചിരുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ടതായിരുന്നു ആ കേസ്. ആ കേസിൽ ബിനീഷിനെ ബംഗളൂരുവിൽ അറസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ആ റെയ്‌ഡ്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ, ഇഡി ഉദ്യോഗസ്ഥർ അവരുടെ നിയമപരമായ കർത്തവ്യം നിർവഹിക്കുകയാണെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസത്തേത് ന അത്തരം ഒരു സന്ദർഭമല്ല. രണ്ടിലുമുള്ളത് സമാനമായ രാഷ്ട്രീയ സാഹചര്യവുമല്ല . വസ്തുതകളും നിയമപരമായ സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കെ, ഇവ രണ്ടും തമ്മിൽ താരതമ്യം ചെയ്ത് 'ഇരട്ടത്താപ്പ്' എന്ന പരിവേഷം നൽകാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് തെറ്റായ വാർത്താ ശൈലിയാണ്.
HomeAd1
 image 3 of news

രാഷ്ട്രീയനേതൃത്വത്തെ ചോദ്യം ചെയ്യാനും അവരുടെ ചെയ്തികളെ വിലയിരുത്താനും മാധ്യമങ്ങൾക്ക് പൂർണ്ണമായ അവകാശമുണ്ട്. എന്നാൽ, ആ വിമർശനം വസ്തുതകളിലും സന്തുലിതാവസ്ഥയിലും അധിഷ്ഠിതമായിരിക്കണം. രാഷ്ട്രീയ വിരോധം തീർക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നത്, ആ സ്ഥാപനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഓരോ വാർത്തയെയും കൃത്യമായ സന്ദർഭത്തിൽ നോക്കിക്കാണാതെ, സെലക്ടീവ് ആയ വിവരങ്ങൾ മാത്രം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് മാധ്യമധർമ്മത്തിന് ചേർന്നതല്ല.

ഒരു മാധ്യമത്തിന്റെ വിശ്വാസ്യത നിലനിൽക്കുന്നത് അത് എല്ലാ പക്ഷങ്ങളെയും തുല്യമായ അളവുകോൽ വെച്ച് അളക്കുമ്പോഴാണ്. ചിലരെ മാത്രം ലക്ഷ്യമിട്ട് അമിതാവേശത്തോടെ റിപ്പോർട്ടിംഗ് നടത്തുമ്പോൾ, അത് യഥാർത്ഥ ജേണലിസത്തെ ദുർബലപ്പെടുത്തുന്നു.

 image 4 of news

മുഖ്യധാരാ മാധ്യമങ്ങളിൽ വിശ്വാസം കുറയുന്നതുകൊണ്ടാണ് പലരും ഇപ്പോൾ സോഷ്യൽ മീഡിയയിലെ സ്വതന്ത്ര അഭിപ്രായങ്ങളെ ആശ്രയിക്കുന്നത്. മാധ്യമങ്ങൾ രാഷ്ട്രീയത്തിന്റെ ചട്ടുകമായി മാറിയാൽ, പിന്നീട് ഈ സ്ഥാപനങ്ങൾക്ക് തങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുക പ്രയാസമായിരിക്കും

ആരോഗ്യമുള്ള ജനാധിപത്യത്തിന് നിഷ്പക്ഷമായ മാധ്യമങ്ങൾ അനിവാര്യമാണ്. വാർത്തകൾ എരിയുന്ന തീയിൽ എണ്ണയൊഴിക്കുന്നതിന് പകരം, ജനങ്ങൾക്ക് കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാൻ ഉതകുന്ന വിശകലനങ്ങളാകണം നൽകേണ്ടത്.

മാധ്യമങ്ങൾ വില്ലന്മാരെയും നായകന്മാരെയും സൃഷ്ടിക്കാനല്ല, മറിച്ച് സത്യം സത്യസന്ധമായി ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താനാണ് പരിശ്രമിക്കേണ്ടത്. സത്യസന്ധമായ റിപ്പോർട്ടിംഗിലൂടെ മാത്രമേ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജനാഭിപ്രായവും വിശ്വാസവും നിലനിർത്താൻ കഴിയൂ.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞