കളിച്ചു കളിച്ച് പ്രധാനമന്ത്രി സകല കളിനിയമങ്ങളും കാറ്റിൽപ്പറത്തിയപ്പോഴേ പറഞ്ഞതാണ്.വേണ്ട...വേണ്ട.. റഹിം സഖാവ് പറഞ്ഞതാണ് ശരി. വിനാശ കാലേ... വിപരീത ബുദ്ധി!
വീണാ തായ്ക്കണ്ടിയുടെ പണാപഹരണ കേസിൽ നടത്തിയ ഈഡി റെയ്ഡിനെ ലോകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അപലപിച്ചതായി ദേശാഭിമാനി ദിന പത്രം നമ്മെ തെര്യപ്പെടുത്തുന്നു.വീണ, വിജയനെ മുൻ നിർത്തിയാണ് ഈ കലാസന്ധ്യ. മകളെ രക്ഷിച്ചെടുക്കണം;അതാണ് മിഷൻ.പശുവിനെ പിടിക്കാൻ വരുമ്പോൾ. അതിനെ തെങ്ങിൽ കെട്ടിയിട്ടിട്ട് തെങ്ങിനെ കുറിച്ച് ഉപന്യസിക്കുകയാണ് ഇപ്പോൾ സിപിഎം.
സത്യം വദ:ധർമം ചര:. അതാണ് നമ്മുടെ പാർട്ടിയും പത്രവും... അവർ ഉരുക്കഴിക്കുന്ന കാപ്സൂളുകൾ വിഴുങ്ങുന്ന അന്തങ്ങൾക്കാണ് മോക്ഷ പ്രാപ്തി. അവൻ മാത്രം നമ്മുടെ ആൾ ദൈവം.അവനിൽ കൂറില്ലാത്തവനുമേൽ തൽക്ഷണം രക്ഷാ പ്രവർത്തനം നടത്തണം.ജയനും ജയഭാരതിയും .ഉണ്ണിയും ഉണ്ണിമേരിയും സണ്ണി ലിയോണും അവൻ തന്നെ!
കേരളത്തിലെ ഹീന കർമത്തെ മെഴുകിയവരിൽ മുമ്പിൽ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റു പാർട്ടിയാണെന്ന് നമ്മുടെ പ്രവ്ദ. മാത്രമല്ല ഗ്രീസിലെ പാർട്ടിക്കും തുർക്കിയിലെ പാർട്ടിക്കുമുണ്ട് ഏറെ കുണ്ഠിതങ്ങൾ. വീണയുടെയും വിജയന്റെയും വിമോചന പോരാട്ടങ്ങളെ തകർക്കുന്ന ജണ്ടയും അജണ്ടയുമാണ് ഇതിനു പിന്നിലും മുന്നിലും ഉള്ളതെന്ന് പാക്കിസ്ഥാൻ പാർട്ടിയും ശ്രീലങ്കൻ പാർട്ടിയും കട്ടായം മൊഴിഞ്ഞെന്നും പത്ര സാക്ഷ്യം. തുർക്കി കമ്മ്യൂണിസ്റ്റു പാർട്ടി സംഭവത്തിൽ ഞെട്ടുകയും വിഷാദിക്കുകയും ചെയ്തിട്ടുണ്ട്.
വിലയിരുത്തലുകളിൽ നാരായണ പിള്ള സാറിനെ അതിലംഘിക്കും ബേബി സഖാവ്. കോവിഡിനെതിരെയുള്ള യുദ്ധം മുതലാളിത്ത വിരുദ്ധ യുദ്ധം കൂടിയാണെന്ന വെളിപാട് മഹോന്നതം. വാക്സിൻ കൊണ്ട് കോവിഡിനെ പരാജയപ്പെടുത്തി.മുതലാളിത്ത വിരുദ്ധ വാക്സിൻ ദില്ലിയിലും തിരുവനന്തപുരത്തും വികസിപ്പിക്കുന്ന തിരക്കിലാണ്. ഇടതു പക്ഷത്തിന്റെ വീഴ്ചയുടെ പിന്നിലും മുന്നിലും മുതലാളിത്തിന്റെ കറുത്ത കരങ്ങളാണെന്ന ബേബി സഖാവിന്റെ മറ്റൊരു പ്രമാദ വാദം. 5000 പ്രണയിനികളുമായി സാറ്റുകളിക്കുന്നവരും ഉലയാത്ത കപ്പലിൽ കപ്പലണ്ടി കൊറിക്കുന്നവരും ഇരട്ടപ്പൂട്ടു മേസ്തിരിമാരും കുത്തക മുതലാളിത്തം തകർത്ത മൊതലുകളാണ്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



