NewsAd1
അച്ഛനുറങ്ങാത്ത വീട്
രതീഷ് കൃഷ്ണരാജ്
2 June 2026, 1:56 am
main image of news

മാസപ്പടി കേസിലെ തുടർ നടപടികൾ വെള്ളിയാഴ്ച വരെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു.CMRLന്റെ അപ്പീലിൽ കക്ഷിയല്ലാത്തതിനാൽ വീണയ്ക്കെതിരെയുള്ള നടപടികൾ ഇഡിക്ക് വേണമെങ്കിൽ തുടരാം.എങ്കിലും വിധി വരുന്ന വെള്ളിയാഴ്ച വരെ സാഹസങ്ങളൊന്നുമുണ്ടാവില്ലെന്ന ചെറിയൊരാശ്വാസമുണ്ടാവും വീണയ്ക്ക്.ഒപ്പം പിതാവിനും പരിശുദ്ധാത്മാക്കൾക്കും.

വീണയെ അന്വേഷിച്ചാണ് ഇ ഡി വന്നതെന്നറിയാനുള്ള മാനസിക വളർച്ചയില്ലാത്ത സഖാക്കൾ അത് പിണറായിക്കെതിരേയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയായി വ്യാഖ്യാനിച്ചു. ശരിക്കും വീണയ്ക്കുവേണ്ടിയായിരുന്നു മിഷൻ. അതിനുള്ള രക്ഷാ പ്രവർത്തനമാണ് ബേക്കറിയിലെ മൂന്നു ലക്ഷം രൂപ വാടകയുള്ള വീടിനു മുന്നിൽ അരങ്ങേറിയത്

 image 2 of news

രാജ്യത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റും പ്രതിപക്ഷ നേതാവുമായ പിണറായിക്ക് ഏകെജി ക്വാർട്ടേഴ്സും,കന്റോൺമെന്റ് ഹൗസും തികയാതെ വന്നിരിക്കുന്നു. പണത്തൂക്കത്തിലും പകിട്ടിലും കൂടിയാണ്, പണ്ട് പട്ടിണി ജാഥ നടത്തിയ പതിത രാഷ്ട്രീയത്തിന്റെ സമകാലിക നേതാവിനെ അടയാളപ്പേടുത്തേണ്ടത്.

പാർട്ടി ഗുണ്ടകളുടെയും ക്രിമിനലുകളുടെയും ഒരു അനൗപചാരികമായ സംസ്ഥാനസമ്മേളനം കൂടിയായി മാറി ഇവിടം. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ നടത്തിയ മാസ് ഡെമൻസ്ട്രേഷൻ ഈഡിയുടെ നെഞ്ചിലേക്കായിപ്പോയി. ആളറിയതെ കളിക്കരുതല്ലോ.
കസർത്ത് കാട്ടി , നിരായുധനായ കോൺഗ്രസുകാരുടെ നെഞ്ചിൽ പൊങ്കാലയിട്ട് വീരസ്യത്തോടെ നിൽക്കുന്നത് പഴയ ഓർമ്മകൾ മാത്രമെന്നറിയുക. .
കൊൽക്കത്തയിൽ ഇ ഡിക്കു നേരെ വീരസ്യം കാട്ടിയ തൃണമൂൽ നേതാവ് ജയിലിൽ ഉണ്ട തിന്നാൻ തുടങ്ങിയിട്ട് രണ്ടു വർഷവും ഒരു മാസവുമായി.കഠിന തടവ് ഇനിയും ഒരു വർഷം നീളും. പരോൾ നൽകാൻ മാമനും മാമിയും ഉണ്ടാകില്ല.തീഹാർ വേണോ പരപ്പന ആഗ്രഹാര വേണോ എന്ന തീരുമാനം മാത്രം മതി.
തീഹാറിലായാൽ ഗുണ്ടകളുടെ ഉഴിച്ചിലും സൗജന്യ സേവനമായി ലഭ്യമാക്കും.
HomeAd1
 image 3 of news

മാസപ്പടി കേസിൽ മകളാണ് പ്രതി.അപ്പനല്ല. അപ്പന്റെ പെരേല് പൊറുതിയാക്കിച്ചത് അപ്പന്റെ കാഞ്ഞ ബുദ്ധി.ഇ ഡിക്ക് കണ്ടവന്റെ വീട്ടിൽ പോകാൻ കഴിയില്ലല്ലോ. കേറിവാടാ മക്കളെ എന്നു വഴിയെ പോയവരെ വിളിച്ചു വരുത്തി . പിന്നെ വെടക്കാക്കി തനിക്കാക്കി. എന്തു നല്ല അപ്പൻ!ഇനി ഈ പെര വെറും വീടല്ല. അച്ഛനുറങ്ങാത്ത വീട്!

അരുമ മകളെ സംരക്ഷിക്കാനുള്ള തന്തയുടെ പരിശ്രമങ്ങളാണ് നാം കാണുന്നത്.പണക്കേസ് പ്രതിയെ സംരക്ഷിക്കുന്നതും പാതകമാണ്.
വീണു പോയ വീണയ്ക്ക് ഒരുകാലത്തും എസ്എഫ്ഐയിലോ ഡിവൈ എഫ് ഐയിലോ കാലണയുടെ അംഗത്വം ഉണ്ടായിരുന്നില്ല. മാത്രമല്ല സ്വാശ്രയ കോളേജുകൾക്കെതിരെ സമരം നടത്തി സഖാക്കളുടെ നെഞ്ചിൻകുടും നട്ടെല്ലും തകരുമ്പോൾ സ്വാശ്രയ കോളേജിൽ തന്നെ പഠിക്കുകയായിരുന്നു കഥാനായിക.ഒരു പണാപഹരണവും ഗുണ്ടാപ്പിരിവും വിസ്മയകരമായി സംഗമിക്കുന്ന ഈ കേസിനെ പാർട്ടിയുടെ അതിജീവനമാക്കുക വഴി പാർട്ടിയും അപ്പൻ നേതാവും ഒരുപോലെ ലീഗൽ സ്ക്രൂട്ടിണിക്ക് വിധേയരായി മാറുന്നു.

 image 4 of news

പണ്ട് ലാവ്ലിൻ കേസ് തുടരാൻ അനുമതി കൊടുത്ത ഒരു ഗവർണർക്ക് പ്രതീകാത്മകമായി നാടു കടത്തൽ പരിപാടി സംഘടിപ്പിച്ച മൊതലുകാളാണിവർ. വീണ ഒരു നീർച്ചാൽ മാത്രം. അതു കഴിഞ്ഞാൽ അഴിമതിയുടെ മഹാസമുദ്രം കാണാം. അവിടെ എത്തരുത്.എത്തിക്കരുത്. ആ അഴിമതി വിപ്ലവം മാത്രമാണ് ഇന്നത്തെ പാർട്ടി ഏടിൽ വിളമ്പുന്ന ജനകീയ ജനാധിപത്യ വിപ്ലവം.

അഴിമതിയിലും പണക്കൊയ്ത്തിലും ആണ്ടുപോയ അവർ ചൂട്ടു കത്തിക്കുന്നത് എല്ലാ സമൂഹ വിരുദ്ധ ചെയ്തികളെയും മഹത്വപ്പെടുത്താനാണ്.
ഇത്ഥം പറഞ്ഞു ഗദയുമെടുത്ത് പോരിനിറങ്ങിയ അന്തങ്ങൾ മാത്രമല്ല,ഇതിനു കാരണഭൂതരായി രാവിലെ മുതൽ പിണറായി വിലാപം പാരായണം ചെയ്ത സർവാണികളും ഇഷ്ടിക പേറിയവനെപ്പോലെ പ്രതിസ്ഥാനത്തുവരണം.ഓടയിലും മല നിഴലിലും മറഞ്ഞിരുന്ന് കല്ലും കട്ടയും മിസൈലാക്കാൻ ഉപദേശിച്ച നാരായണ പിള്ള സാറിനു നമോവാകം!
കണ്ണൂരിലെ കുറപ്പേർ കോടിശ്വരന്മാരായി.കുറെ എതിർ രാഷ്ട്രീയക്കാരെ വകവരുത്തി. ഇതല്ലാതെ എന്താണ് കമ്മ്യൂണിസ്റ്റുകളുടെ സംഭാവനയെന്നു സാദാ പ്രവർത്തകർ പരിശോധിക്കണമെന്നു ജി സുധാകരൻ ആവശ്യപ്പെടുന്നു.

തൊട്ടാൽ,തൊട്ടതിലെല്ലാം വെട്ട് എന്നതാണ് നയം. എ ഐ കാമറകൾ സജ്ജീകരിക്കാൻ തട്ടിക്കൂട്ടിയ ഊരാളുങ്കൽ സംരംഭം വിഴുങ്ങിയത് 157 കോടി.ആ സംരംഭം നാലു മാസം മുന്നേ പൂട്ടി പോകുകയും ചെയ്തു.

ഒരു മഹത്തായ ആശയത്തിൽ തുടങ്ങിയ ഊരാളുങ്കൽ ലോകത്തിലെ ഏറ്റവും വലിയ ബിനാമിയായും വെട്ടിപ്പു കേന്ദ്രമായും പരിവർത്തിപ്പിച്ചത് മൂപ്പൻ സഖാക്കളാണ്. സദസിൽ കസേര ഇടുന്നതു മുതൽ കപ്പൽ നിർമാണം വരെ അവർ ഏറ്റെടുത്തു പണം പങ്കിട്ടു.വാസ്തവത്തിൽ ഇ ഡി അന്വേഷണത്തേക്കാൾ കാര്യക്ഷമമായി ആദ്യം വി ഡി അന്വേഷണം പ്രഖ്യാപിക്കേണ്ടത് പത്താണ്ടത്തെ ഊരാളുങ്കൽ പ്രവർത്തനങ്ങളെക്കുറിച്ചാണ്.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞