NewsAd1
'സണ്ണിയളിയൻ' സതീശന്റെ പുത്തൻ വിസ്മയം.
ബാലകൃഷ്ണൻ കാരോട്
2 June 2026, 5:35 pm
main image of news

വിസ്മയങ്ങൾ എമ്പാടും നിറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്സ്. സോണിയയും രാഹുലും പ്രിയങ്കയും നയിക്കുന്ന നല്ല തറവാടിത്തുള്ള കുടുംബപാർട്ടി. കണ്ണുതട്ടാതിരിക്കാൻ നമ്മുടെ കെ.സി വേണുഗോപാലും ഖാർഗേജിയും കൂടിയായാൽ ഹൈക്കമാൻഡ് എന്ന വിസ്മയമായി. .

കുറേ പതിവ് എക്ട്രാ നടീനടന്മാരാണ് പിന്നെയുള്ളത്. തത്വത്തിൽ അവരും ഹൈക്കമാൻഡ് തന്നെ. പൊട്ടിട്ടവരും ജുബ്ബാ ഇട്ടവരും പാർട്ടിയിൽ അന്യം നിന്നവരുമായ സീനിയർ സിറ്റിസൺസിന്റെ ഒരു ബാൻഡുസംഘമാണിത്. പാർട്ടിക്കുള്ളിൽ സംഘർഷം നിലനില്ക്കുന്നിടങ്ങളിലെത്തി അണ്ടിപ്പരിപ്പ് കൊറിക്കുകയും ചായകുടിക്കുകയുംചെയ്താൽ ഇവരുടെ ജന്മ ദൗത്യം പൂർത്തിയായി. അന്തിമ തീരുമാനത്തിന് സോണിയയെയോ രാഹുൽജിയെയോ ചുമതലപ്പെടുത്തകയെന്ന ഒരു വരി ഉത്തരവാദിത്തമേ ദില്ലിയിൽ നിന്ന് വണ്ടി കയറുമ്പോൾ ഇവർക്കുള്ളൂ എന്നതാണ് മറ്റൊരു വിസ്മയം .

 image 2 of news

കേരളത്തിൽ ഈ എക്ട്രാകൾ വീണ്ടുമെത്താൻ പോകുന്നതായി കേൾക്കുന്നു. ഇക്കുറി പാർട്ടിക്ക് ഭരണമുള്ളതു കൊണ്ട് ഭക്ഷണമെനുവിലും തർക്ക പരിഹാര ചർച്ചാ ദിനങ്ങളിലും വർധനവുണ്ടാവും. ചുരുക്കത്തിൽ ഇത്തവണത്തേത് എട്ടും കൂട്ടിയുള്ള നല്ല ഉശിരൻ ചർച്ച!

തെരഞ്ഞെടുപ്പ് കഴിഞ്ഞ് വമ്പൻ ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തിലെത്തിയപ്പോൾ സംഘടനയെ നിയന്ത്രിക്കേണ്ടവർ എൻ ബ്ലോക്കായി ഇന്ദിരാഭവനത്തിൽ നിന്ന് ഇറങ്ങിയോടി മന്ത്രിമന്ദിരങ്ങളിൽ ചേക്കേറിയതാണ് സമീപകാല വിസ്മയം. പാർട്ടി അവിടെത്തന്നെയുണ്ടാവും. മന്ത്രിസഭ അങ്ങിനെയല്ലല്ലോ എന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്.
HomeAd1
 image 3 of news

കോൺഗ്രസ്സിന് വിസ്മയ വിജയം ലഭിച്ചപ്പോൾ കെ.പി സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഒരു നിമിഷംപോലും പാഴാക്കാതെ ആപ്പീസു പൂട്ടി മന്ത്രിക്കുപ്പായം തുന്നി. രാജ്യത്ത് പാർട്ടിയുടെ ഏറ്റവും സുപ്രധാനമായ തസ്തികയിലിരിക്കുന്ന കെ സി വേണുഗോപാൽജി മുഖ്യമന്ത്രിക്കുപ്പായം തുന്നിയ സാഹചര്യത്തിൽ സണ്ണിച്ചായന് മന്ത്രി സ്ഥാനമല്ലേ ആഗ്രഹിക്കാൻ പറ്റൂ. റവന്യൂ ഇല്ലെങ്കിൽ പോട്ടെ. കറണ്ട് കിട്ടിയല്ലോ.അത്രേം ആശ്വാസം ! എ.പി അനിൽ കുമാറും പിസി ഓട്ടപ്പന്തയത്തിൽ ജയിച്ച് മന്ത്രിമാരായി. സംഘടന വഴിയാധാരമായി.

പക്ഷേ പാർട്ടിയെ പെറ്റമ്മയെപ്പോലെ കാണുന്നവരുമുണ്ടല്ലോ. 'തോറ്റ എം എൽ എ മാർ', നിയമസഭയിൽ മത്സരിക്കാൻ അനുവാദം ലഭിക്കാത്ത പാർലമെന്റ് അംഗങ്ങൾ, വിന്റേജ് മോഡൽ മൂപ്പിൽസ് നേതാക്കൾ അങ്ങനെ വന്നു വന്ന് ഇപ്പോൾ ഒരു പ്ലീനത്തിനുള്ള ആർക്കാരുണ്ട് പാർട്ടി തകരാതെ കാക്കാനുള്ള മോഹവുമായി കേരളം മുതൽ നയി ദില്ലി വരെയുള്ള ചുറ്റിക്കറക്കത്തിൽ. പക്ഷേ എല്ലാർക്കും പ്രസിഡന്റായാൽ മതി.

 image 4 of news

മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം നോക്കി വേണം പാർട്ടി പദവികളിൽ ആളെടുക്കാനെന്ന് ആവശ്യമുയരുന്നുണ്ട്. അങ്ങനെ വരുമ്പോൾ കൃസ്ത്യാനിക്ക് നറുക്ക വീഴുമെന്ന വിശ്വാസത്തിൽ കെ.സി ജോസഫ്, ആന്റോ ആന്റണി, ബെന്നി ബഹന്നാൻ, ജോസഫ് വാഴയ്ക്കൻ, വിൻസെന്റ് തുടങ്ങിയവരുടെ നഗരപ്രദക്ഷിണം ഒരു വഴിക്ക് നടക്കുമ്പോൾ രണ്ടു തവണ താത്കാലിക പ്രസിഡന്റായി പാർട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത മുൻപരിചയത്തിന്റെ ബലത്തിൽ എം എം ഹസ്സനും ഒപ്പമുണ്ട്. ഉറപ്പായും ജയിക്കുമായിരുന്ന തനിക്ക് തോൽവി മണ്ഡലം തന്ന് തേയ്ച്ചതിന് പരിഹാരമായി പ്രസിഡന്റ് പദവി കിട്ടണമെന്ന ആവശ്യവുമായി വി എസ് ശിവകുമാർ, ദളിത് പിന്നാക്ക പ്രസിഡന്റ് കേരളത്തിൽ കോൺഗ്രസ്സിന് പുത്തൻമുഖം നൽകും എന്ന വാദമുയർത്തി കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും കളത്തിലുണ്ട്. എല്ലാർക്കും സമ്മതമെങ്കിൽ ഒരു വട്ടം കൂടി പ്രസിഡന്റാവാൻ താൻ തയ്യാർ എന്ന ഒരു ഭാവം വി എം സുധീരനുമുണ്ടെന്ന് കേൾക്കുന്നു.

ഇതിനിടെ പൂക്കി മുഖ്യമന്ത്രി എന്ന അധിക ചുമതലയിലേക്ക് കൂടി നിയുക്തനായ വിഡി സതീശനും മന്ത്രിസഭയും ഹണിമൂൺ കാലം കഴിഞ്ഞ് ജനാഭിപ്രായം കാക്കുകയാണ്. പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടാനും സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ഉദ്യോഗസ്ഥനെ സസ്പെന്റു ചെയ്യാനുമുള്ള തീരുമാനങ്ങൾ റദ്ദു ചെയ്ത് സതീശൻ തന്റെ വിസ്മയ പരമ്പരയിൽ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പുതിയ അധ്യായം എഴുതിച്ചേർത്തു. വിസ്മയം അല്ലാതെന്ത്!

ഇടതു സർക്കാരിൽ മന്ത്രിയായിരിക്കേ ഇ പി ജയരാജിന്റെ ബന്ധുവിന് നിയമനം നൽകിയത് വിവാദമാക്കുകയും ജയരാജനെ ചിറ്റപ്പൻ ജയരാജനെന്ന് പുനർനാമകരണം ചെയ്ത് നിരന്തരം ട്രോളുകയും ചെയ്ത കോൺഗ്രസ്സ് സണ്ണി ജോസഫ് മന്ത്രിയിലൂടെ സമനിലയിലെത്തിയിരിക്കുന്നു. സ്വന്തം അളിയന് മന്ത്രിയാപ്പീസിൽ സെക്രട്ടറിയായി നിയമനം നൽകിയാണ് കെപിസിസിയുടെ കാവൽ പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് വിസ്മയം തീർത്തത്. നല്ലവനായ സണ്ണിച്ചായൻ ഇനി സണ്ണിയളിയൻ എന്നായിരിക്കും അറിയപ്പെടുക.

ഇവ്വിധമാണ് വിസ്മയങ്ങളുടെ പോക്കെങ്കിൽ അധിക നാൾ അവ താങ്ങാൻ തങ്ങൾക്കാവില്ല എന്നാണ് പൊതുജനം പറയുന്നത്

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞