NewsAd1
അശോകും പ്രശാന്തും പിന്നെ പ്രേംകുമാറും..
ആർ സതീഷ്, ആവള
8 June 2026, 3:26 am
main image of news

സസ്പെൻഷനിലായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥർ ഡോ ബി അശോകിനെയും പ്രശാന്തിനെയും സർവ്വീസിൽ തിരിച്ചെടുത്തു. നല്ലത്. വളരെ നല്ലത്... കൊടുംപാതകങ്ങൾ എന്തെങ്കിലും ചെയ്തതിന്റെ പേരിലായിരുന്നില്ലല്ലോ ഇരുവരുടെയും സസ്പെൻഷൻ. പിണറായി സർക്കാരിന്റെയും സർക്കാരിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെയും നിയമവിരുദ്ധ പ്രവൃത്തികൾ പരസ്യമായി ചോദ്യം ചെയ്തുവെന്നതാണ് ഇരുവരുടെയും പേരിലുയർത്തിയ കുറ്റങ്ങളുടെ ചുരുക്കെഴുത്ത്.

2026ഏപ്രിൽ 29 നാണ് ഡോ ബി അശോകിനെ സസ്പെൻഡു ചെയ്തത്. ത്രിശങ്കുവിലായിരുന്ന
സർക്കാരിന്റെ ഒടുക്കത്തെ പ്രതികാരം...
ഊർദ്ധശ്വാസം ആഞ്ഞുവലിച്ചുള്ള അവസാന വെട്ട്...
വോട്ടെല്ലാം പെട്ടിയിലായി എണ്ണിത്തിട്ടപ്പെടുത്താൻ നാലഞ്ച് ദിവസങ്ങൾ മാത്രമുള്ളപ്പോൾ കാവൽ പിണറായി സർക്കാർ ധൃതിപിടിച്ച് ഇണ്ടാസിറക്കി. അച്ചടക്കലംഘനത്തിന്റെ പേരിൽ അശോക് ഡോക്ടർ "കടക്ക് പുറത്ത്...."

 image 2 of news

നിയമസഭയിലേക്ക് വോട്ടുചെയ്ത ശേഷം വാർത്തകളിൽ വേണ്ടത്ര മസാലയില്ലാതെ ജനം ബോറടിച്ചിരിക്കുമ്പോഴാണ് അശോകിന്റെ സർജിക്കൽ സ്ട്രൈക്ക്. മറുനാടൻ മലയാളി തുടങ്ങി ഏതാനും ആന്റി പിണറായി മാധ്യമങ്ങളിൽ അശോകൻ സാർ താണ്ഡവമാടി. മസാലയോട് മസാല! ജനം ഹാപ്പി. വോട്ടിടും മുമ്പായിരുന്നെങ്കിൽ യു.ഡി എഫ് ന് നൂറ് മേനി വിളവെടുക്കാൻ പാകത്തിനുള്ളതായിരുന്നു പിണറായിയുടെ നേർക്കുള്ള അശോകിന്റെ വെടിക്കെട്ട്.

കോഴിക്കോട് കളക്ടറായിരിക്കേ, മാറിയ കാലത്തിനുസരിച്ച് സമൂഹ മാധ്യമത്തിലൂടെയും ക്രിയാത്മകമായ ഇടപെടലുകൾ നടത്തി ബഹുജനങ്ങളുടെ 'ബ്രോ' ആയി മാറിയ പ്രശാന്തിനെ സസ്പെൻഡു ചെയ്തത് 2024 സെപ്തംബറിൽ.
മുതിർന്ന ഒരു മേലധികാരിയെ സോഷ്യൽ മീഡിയാ പോസ്റ്റിൽ 'മാടമ്പള്ളിയിലെ മനോരോഗി'എന്ന് 'ജാതിപ്പേരു വിളിച്ചു കളിയാക്കി'യതിന്റെ സാരസ്യം പരിഗണിച്ചായിരുന്നു ഇത്. പിന്നീട് സസ്പെൻഷൻ പുതുക്കൽ തുടർന്ന് ഇത് പുതുക്കാൻ വേണ്ടി മാത്രം ഒരു സർവ്വീസ് ബുക്കു തന്നെ വേണ്ടി വരുമെന്ന സ്ഥിതിയിലായി കാര്യങ്ങൾ. സാമാന്യം നല്ല സബ്സിസ്റ്റൻസ് അലവൻസുള്ളതുകൊണ്ട് രണ്ടു വർഷത്തോളം നീണ്ട വിശ്രമജീവിതം പ്രശാന്ത് ആഘോഷമാക്കി. പറയാനുള്ളതൊക്കെച്ചേർത്ത് ഒരു പുസ്തകമെഴുതി, മാധ്യമങ്ങൾക്ക് അഭിമുഖം നൽകി. മറ്റു ചെലവുകൾ ചുരുക്കി ആ വഴിക്കും കാശുണ്ടാക്കി.
HomeAd1
 image 3 of news

ഇപ്പോൾ സതീശൻ സർക്കാർ ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കുമ്പോൾ നഷ്ടം ജനങ്ങൾക്ക് മാത്രം. രണ്ടാൾക്കും ഇതേ വരെയുള്ള ശമ്പളക്കുടിശ്ശിക കണക്കുതീർത്ത് കൊടുക്കണം. ചെയ്യാത്ത( ചെയ്യിക്കാത്ത) ജോലിക്കുള്ള കൂലി നമ്മുടെ പോക്കറ്റിൽ നിന്ന് !

പിണറായി സർക്കാരിന്റെ കാലത്ത് ദുരുപദേശങ്ങളാൽ പുറത്താക്കപ്പെട്ട മറ്റൊരാളാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി നല്ല നിലയിൽ പ്രവർത്തിച്ചു വന്ന നടൻ പ്രേംകുമാർ. സർക്കാരിന് പ്രിയങ്കരനായി ഇരയ്ക്കൊപ്പം നിന്ന സംവിധായകൻ രഞ്ജിത് തന്റെ ലൈംഗികാന്വേഷണ പരീക്ഷണ വിവാദങ്ങളെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ്‌ വൈസ് ചെയർമാനായ പ്രേംകുമാറിലേക്ക് ആ ദൗത്യമെത്തുന്നത്. മികച്ച പ്രവർത്തനം കാഴ്ചവച്ചുവന്ന പ്രേംകുമാറിന് പക്ഷേ ആശാ പ്രവർത്തകരോടുള്ള സഹാനുഭൂതിയുടെ പേരിൽ തലയ്ക്ക് അടി കിട്ടി.

 image 4 of news

സെക്രട്ടറിയേറ്റിനുമുന്നിൽ ആശകൾ നടത്തിയ സമരത്തോട് മനസ്സുകൊണ്ടെങ്കിലും അനുഭാവം പുലർത്താത്ത ഒരാളും കേരളത്തിലുണ്ടയിരുന്നില്ല; ഇടത് സർക്കാരും തൊഴിലാളി പ്രേമത്താൽ ആകെയുലഞ്ഞ അവരുടെ തൊഴിലാളി സംഘടനകളുമൊഴികെ... തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊച്ചിയിൽ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാനൊരുങ്ങിയ മാമാങ്കം ചർച്ചചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ച ഇൻഹൗസ് യോഗത്തിൽ പ്രേംകുമാർ സ്വയം വിമർശനപരമായി ആശാ സമരത്തെ എടുത്തു കാട്ടിയതാണ് കമ്മികളെ ചൊടിപ്പിച്ചത്. ആഗോള കമ്മ്യൂണിസ്റ്റായ ബേബി സഖാവും പങ്കെടുത്ത പരിപാടിയായിരുന്നു. ആശമാർ ചില്ലറക്കാശിനു വേണ്ടി സമരം ചെയ്യുമ്പോൾ കാശ് വാരിക്കോരി ചെലവഴിച്ച് സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നതിന്റെ ഔചിത്യം ജനം ചോദ്യം ചെയ്തേക്കുമെന്ന ന്യായമായ ആശങ്കയാണ് പ്രേംകുമാർ ബേബിക്കു മുന്നിൽ വച്ചത്. മടക്കത്തപാലിൽ തന്നെ ഇണ്ടാസ് വന്നു. അക്കാദമിയിൽ നിന്ന് 'പ്രേംകുമാർ കടക്ക് പുറത്ത്...'

പ്രേംകുമാർ പറഞ്ഞത് ശരിയാവുകയും കളമരങ്ങളുടെ എരികേറ്റലുകൾ കേട്ട് നിഗളിച്ചു പോയ സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കുള്ള ആശകൾ ബഹുജനം പറിച്ചെറിയുകയും ചെയ്തു. ആദ്യ തീരുമാനങ്ങളിലൊന്നായി ആശ മാർക്ക് 3000 രൂപ അധികം നൽകാൻ പുതിയ സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
.
ചലച്ചിത്ര മേളയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രേംകുമാറിനെ ഒഴിവാക്കിയത്. ഈ നീതികേടും പ്രേംകുമാറിന്റെ തുടർ പ്രതികരണങ്ങളും യു ഡി എഫിന്റെ തെരഞ്ഞെടുപ്പു വിജയത്തിന് മറ്റു പല ഘടകങ്ങൾക്കൊപ്പം കാരണമായിട്ടുണ്ട്."ഞങ്ങളുടെ സമരത്തിന്റെ രക്തസാക്ഷി " യെന്ന് ആശാ പ്രവർത്തകർ തന്നെ വിശേഷിപ്പിച്ച പ്രേംകുമാർ പക്ഷേ ഇപ്പോഴും സ്വന്തം നിലപാടുകളിലുറച്ച് വെയിലത്തു നില്ക്കുകയാണ്

തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പിൽ സ്വാധീന ശക്തിയുള്ള പ്രബലമായ ഒരു സമുദായത്തിൽപ്പെട്ടയാളാണ് പ്രേംകുമാർ. സത്യനുശേഷം ആ സമുദായത്തിൽ നിന്നു വന്ന് മലയാള സിനിമയിൽ പേരെടുത്ത ഒരേയൊരാൾ .തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രേംകുമാർ വരുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും ചുരുക്കം പ്രചാരണ പരിപാടികൾക്കപ്പുറം അദ്ദേഹത്തെ കണ്ടില്ല.

അക്കാദമികൾപുന:സംഘടിപ്പിക്കമ്പോൾ ഇടതുസർക്കാർ അപമാനിച്ച് ഇറക്കിവിട്ട പദവിയിൽ പ്രേംകുമാറിന് അവസരം നൽകുമോ? സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ പേരാണ് ചലച്ചിത്ര അക്കാദമിയിലേക്ക് യു ഡി എഫ് സർക്കാർ പരിഗണിക്കുന്നതെന്ന് സൂചനയുണ്ട്. അങ്ങിനെയെങ്കിൽ പ്രേംകുമാറിനായി സർക്കാർ കണ്ടു വച്ചിരിക്കുന്നതെന്താണ് ? ഡോ അശോകിനോടും പ്രശാന്തിനോടും വിഡി എസ് സർക്കാർ കാട്ടിയ നീതി പ്രേംകുമാറിനോടും കാട്ടുമോ? വിസ്മയങ്ങളുടെ കാലമാണല്ലോ. കാത്തിരിക്കാം മറ്റൊരു വി.ഡി എസ് വിസ്മയത്തിനായി.....

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞