ആവാം..
ഒഴിവു ദിവസത്തെ കളികൾ
എം.രഞ്ജിത്ത്
13 June 2026, 3:27 am
ഈ രാത്രി പുലരില്ല...
പൂങ്കോഴികൾ കൂവില്ല...
ഇന്നു രാത്രി ശിവരാത്രി....
മതി മോഹന ശുഭരാത്രി.....
തരുണ ശരീരങ്ങളുടെ ദേശീയ ഗാനമായി ഇനി ഈ വരികൾ ആലപിക്കപ്പെടാം.കോടതിയുടെ തീരുമാനം വന്നിരിക്കുന്നു. ഫ്രീ ലൗ. ഉപാധി ഒന്നു മാത്രം. നിങ്ങൾ ബാച്ചിലർ ആയിരിക്കണം. നിത്യ കന്യകനെങ്കിൽ ഈ വിശാലമായ പുൽമേട് നിങ്ങൾക്കു സ്വന്തം. നിത്യ കന്യകമാരെ ആവോളം കാണാം.കേൾക്കാം.ആസ്വദിക്കാം.
ടൺ കണക്കിനാകാം ഫൺ.!
പക്ഷെ അറിവും അനുഭവവും നീണ്ട കാലത്തെ തൊഴിൽ പരിചയമുള്ള വിവാഹിതരായ ചുള്ളന്മാർക്ക് ഈ ആനുകൂല്യം നിഷേധിക്കുന്നതു വിവേചനപരമാണെമാണന്ന വാദഗതിയും വന്നേക്കാം.
അതു പോകട്ടെ ,ഇനി കാര്യ പരിപാടിയിലേക്ക് കടക്കാം.
അവിവാഹിതരായ കുമാരന്മാർക്കും കുമാരിമാർക്കും പരസ്പരം സമ്മതമെങ്കിൽ എവിടെയും ഒരുമിക്കാം. ഒരുമിച്ചു കൂടാം.ഒരുമിച്ച് കിടക്കാം.ഒഴിവു ദിവസത്തെ കളികളും(games) പ്ലാൻ ചെയ്യാം. ഇത് സുപ്രീം കോടതിയിലെ ന്യായധിപൻമാരായ മനോജ് മിശ്ര, മൻ മോഹൻ എന്നിവരുടെ വിധിയാണ്. വിവാഹത്തിനു മുമ്പ് അങ്ങോട്ടുമിങ്ങോട്ടുമുള്ള സമ്മതത്തോടെ നടത്തുന്ന സംയോഗങ്ങൾ സ്വഭാവ ദൂഷ്യമായി പരിഗണിക്കാനാവില്ലെന്നതാണ് വിധിയുടെ സത്ത.
സ്വന്തം തന്തയോ തള്ളയോ ഒടപ്പിറന്നാനോ ഇതിനെതിരെ വിരൽ ഞൊടിച്ചാൽ പോലും വിവരമറിയും.ഇത് അവരുടെ
തലവിധി !കുമാരി കുമാര സംഗമം അത്ര വലിയൊരു മോശം പ്രവൃത്തിയായി കാണരുതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.ഒരു വല്ലാത്ത നിരീക്ഷണം!
കോടതി വിധിക്ക് കാരണ ഭൂതമായ കേസ് തെലങ്കാനായിലായിരുന്നു.ഗജുല തിരുപ്പതി എന്ന ശിമിട്ടു പയ്യൻ അയൽ പക്കത്തെ ഗുഡികിയുമായി ലപ്പായി.നീണ്ട നാലു വർഷം. കാമനകൾ കൈമറന്നോ മെയ് മറന്നോ എന്നു പിടിയില്ല. കാമവും സ്നേഹവും കത്തുമ്പോൾ പ്രണയം സംഭവിക്കണം. ഈ പ്രണയപ്പാച്ചിലിൽ എവിടയോ ഒരു നീർവീക്കം വന്നതോടെ തമ്മിൽ തമ്മിൽ ഛകടയായി.യുവതി കോടതിയിൽ പോയി.അടിയറവു പറയിക്കാൻ പീഡന പരാതിയുമായി.
പോക്കില്ലാത്തവൻ പൊലീസിലും പാങ്ങില്ലാത്തവൻ പട്ടാളത്തിലും പോകുന്ന കാലമല്ലല്ലോ. കാമുകിയെ പലപ്പോഴും വിസ്മയിപ്പിച്ച ശാരീരിക മികവിൽ തെലങ്കാനാ പൊലീസിൽ സിലക്ഷൻ ലഭിച്ചപ്പോൾ കേസിന്റെ പേരിൽ സ്വഭാവ ദൂഷ്യമെന്ന കാരണം പറഞ്ഞ്,റിക്രൂട്ട്മെന്റ് ബോർഡ് നിയമനം തടഞ്ഞു.
പൊൺ പീഡകാ,.ഉനക്കു വേലൈ കെടയാത്. നിൽ,മകനെ നിൽ... തിരുപ്പതി നിന്നില്ല.നിയമന നിഷേധത്തിനെതിരെ അയാൾ
ഓടിക്കയറിയത് തെലങ്കാന ഹൈക്കോടതിയിൽ.സിംഗിൾ ബഞ്ച് അനുകൂലമായി.ഡിവിഷൻ ബഞ്ച് വിധി എതിരായി. പിന്നെ വണ്ടി വിട്ടത് ദില്ലിയിലേക്ക്. സുപ്രീംകോടതിയിൽ. അവിടെ തിരുപ്പതിക്ക് 'തിരുപ്പതി'യായ വിധി ലഭിച്ചു.ജോലിയും കിട്ടി. പെണ്ണിനെ ഒഴിവാക്കാനും കഴിഞ്ഞു
ഈ കോടതി വിധി പാരയാവുന്നത് തൗപ്പൻമാർക്കും തായ്മാർക്കും അണ്ണൻമാർക്കുമാണ്.ഓരോ ആഴ്ചയും സ്വന്തം ഇഷ്ടപ്രകാരം വേട്ടവളിയരായ പുതിയ പയലുകൾക്കും പെൺപിളൈ മാർക്കുമൊപ്പം സന്തതിയെ കണ്ടാൽ ജനകനും ജനനിയും ഇനി മുഖം മറയ്ക്കണം.മാറി നിൽക്കണം. വഴക്കിട്ടാൽ പൊലീസ് സ്റ്റേഷൻ. കമിതാവിനെ കൈവച്ചാൽ ജില്ലാ ജയിൽ.കൊന്നാൽ സെൻട്രൽ ജയിൽ.
തന്തമാരുടെ തലേലെഴുത്ത്!കോടതി വിധി നീണാൾ വാഴട്ടെ...
ആണ്ട ബാധ കൊണ്ടേ പോകു.