NewsAd1
പപ്പൻ (പാർട്ടിയുടെ ) പ്രിയപ്പെട്ട പപ്പൻ..
ഡോ എസ് ശിവപ്രസാദ്
16 June 2026, 6:47 pm
main image of news

കഷ്ടകാലം വരുമ്പോൾ തോളിലിട്ട തോർത്ത് സ്വയം കഴുത്തിൽ ചുറ്റും, പണി തരും എന്ന് സഖാക്കൾ ഇപ്പോൾ മനസ്സിൽ ഓർക്കുന്നുണ്ടാകും. എ.കെ.ജി സെന്ററിലെ അവസ്ഥ കണ്ടാൽ അടിയന്തരാവസ്ഥക്കാലത്തെ കോൺഗ്രസുകാർ പോലും സഹതാപത്തോടെ ഒരു ചായ നൽകും. ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ അകപ്പെട്ട പാർട്ടിയുടെ കണ്ണിലുണ്ണിയായ മുൻ എം.എൽ.എയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ എന്ന നമ്മുടെ സ്വന്തം 'പപ്പേട്ടനെ' സസ്‌പെൻഡ് ചെയ്ത വാർത്ത കേട്ടപ്പോൾ പ്രബുദ്ധരായ മലയാളി ജനത ഒന്നിച്ച് മൂക്കത്ത് വിരൽ വെച്ചുപോയി—"ഹൊ! എന്തൊരു പാർട്ടി അച്ചടക്കം!"

ആത്മകഥയും പറയാൻ ബാക്കിവെച്ച കാര്യങ്ങളും അഴിഞ്ഞു വീണാൽ ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നിൽ പ്രവർത്തിച്ച ദൈവ തുല്യൻ ആര് എന്ന പൊതു താൽപര്യ ചോദ്യത്തിന് ഉത്തരമാകും. അങ്ങിനെയെങ്ങാനും സംഭവിച്ചാൽ പാർട്ടിയും പിന്നാലെ ആ ദൈവവും പത്മവ്യൂഹത്തിലാകും. പേടിയുണ്ടെങ്കിലും അത് പുറത്തു കാണിക്കരുത് അതാണല്ലോ അതിന്റെ ഒരു ഇത് .

 image 2 of news

പപ്പൻ സഖാവിന്റെ കയ്യിലുള്ളത് നനഞ്ഞ പടക്കമോ ഓലപ്പാമ്പോ അല്ല എന്ന് ദൈവതുല്യനറിയാം. കയ്യിലിരിക്കുന്ന സാധനങ്ങളുടെ വില പപ്പനും അറിയാം. പാർട്ടിയെ നന്നായി അറിയാം എന്നുള്ളത് കൊണ്ടാണ് പലതും കയ്യിൽ സൂക്ഷിച്ചത്.

എത്ര കൂവിവിളിച്ചാലും കുലുങ്ങാത്ത പിണറായിസത്തിന്റെ കോട്ടയ്ക്ക് ഒടുവിൽ ഒരു പത്മകുമാറിന്റെ 'ആത്മകഥാ ബോംബും' ചില ഫയൽ രഹസ്യങ്ങളും തുരങ്കം വെച്ചിരിക്കുന്നു. ശരിക്കും പറഞ്ഞാൽ ഇതൊരു അച്ചടക്ക നടപടിയല്ല. കയ്യിലിരിക്കുന്ന ബോംബ് സ്വന്തം മടിയിൽ കിടന്നു പൊട്ടാതിരിക്കാൻ ദൈവതുല്യൻ കാണിച്ച വെറും 'കൺകെട്ടുവിദ്യ' മാത്രം. പുറത്താക്കിയാൽ പപ്പൻ പഴയ കഥകൾ വിളിച്ചുപറയും, സസ്‌പെൻഷനിൽ കാര്യങ്ങൾ തീർപ്പാക്കിയാൽ "നീ ഞങ്ങടെ ആളാടാ, കുറച്ചുകാലം മാറിനിൽക്ക്" എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാം. എന്തൊരു ബുദ്ധി!
HomeAd1
 image 3 of news

ശിവശങ്കരന്റെയും സ്വപ്ന സുരേഷിന്റെയും ഒക്കെ പുസ്തകങ്ങൾ കണ്ട് പുഞ്ചിരിച്ച സി.പി.എം, പപ്പേട്ടൻ ഒരു 'ആത്മകഥ' എഴുതാൻ പേനയെടുത്തു എന്ന് കേട്ടപ്പോഴേക്കും വിറച്ചുപോയി. പുറത്താക്കൽ വജ്രായുധം ഞൊടിയിടയിൽ വെറും സസ്‌പെൻഷനിൽ വെറും ശൂ ആയി' ഒതുങ്ങി. പാർട്ടിയും പപ്പനും വീണ്ടും സയാമീസ് ഇരട്ടകൾ. ഒരാൾക്ക് തുമ്മിയാൽ മറ്റേയാൾക്ക് പനിപിടിക്കും. അയ്യപ്പനല്ല, പാർട്ടിയുടെ നിലനിൽപ്പാണ് ഇപ്പോൾ ഇരുവർക്കും മുഖ്യം!

കോന്നിയിലെ സഹകരണ ബാങ്കിൽ പാവപ്പെട്ട അണികൾ അറിയാതെ അവരുടെ പേരിൽ വ്യാജ കാർ ലോണെടുത്ത് വണ്ടിയോടിച്ച ചരിത്രമാണ് പപ്പേട്ടനുള്ളത് എന്നാണ് വാർത്തകൾ . അന്ന് ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആ കേസുകളെയെല്ലാം 'ഗംഗാജലം' തളിച്ച് വിശുദ്ധീകരിച്ച് എടുത്തു. അത്രയും വലിയ സാമ്പത്തിക തിരിമറി നടത്തിയ ആൾക്ക് പാർട്ടി കൊടുത്ത സമ്മാനമാണ് ശബരിമല ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി! അഴിമതിക്കാരെയും മാഫിയകളെയും താങ്ങിനടക്കുന്നതിൽ നമ്മുടെ പാർട്ടി കാട്ടുന്ന ഈ ഒരു വലിയ മനസ്സ് ഉണ്ടല്ലോ, അത് കാണാതെ പോയിക്കൂട.

 image 4 of news

ശബരിമലയിലെ നവോത്ഥാന മതിൽ പണിയാൻ സഖാക്കൾ തെരുവിൽ നടക്കുമ്പോൾ, പപ്പേട്ടൻ വീട്ടിലിരുന്ന് പറഞ്ഞു: "എന്റെ കുടുംബത്തിലെ പെണ്ണുങ്ങൾ ആരും മല കയറില്ല". പാർട്ടിയുടെ നവോത്ഥാന സിദ്ധാന്തങ്ങളെ പരസ്യമായി വെല്ലുവിളിച്ചിട്ടും പപ്പന്റെ രോമത്തിൽ തൊടാൻ പോലും പാർട്ടിക്ക് ധൈര്യമുണ്ടായില്ല. മുഖ്യമന്ത്രിക്ക് നേരെ വിരൽ ചൂണ്ടിയാൽ വെട്ടിനിരത്തുന്ന പാർട്ടി, തെക്കൻ കേരളത്തിലെ ഈ പ്രമുഖ നേതാവിനു മുന്നിൽ മാത്രം കൈകൂപ്പി നിന്നു. ഒടുവിൽ സ്വർണ്ണക്കൊള്ളക്കേസിൽ കൈയോടെ പിടികൂടി ജയിലിലിട്ടിട്ടും ' പാവം പപ്പൻ' എന്ന മട്ടിലായിരുന്നു കാര്യങ്ങൾ.

മൂന്നര മാസത്തോളം പപ്പൻ ജയിലിൽ കിടന്നിട്ടും നടപടിയെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ജയിലിൽ ആയതുകൊണ്ട് നേരിട്ട് ചെന്ന് വിശദീകരണം ചോദിക്കാൻ പാർട്ടി ഭരണഘടന അനുവദിക്കുന്നില്ല എന്ന ന്യായീകരണം കേട്ട് മാർക്‌സും എംഗൽസും കല്ലറയ്ക്കുള്ളിൽ കിടന്ന് കോരിത്തരിച്ചു കാണും. തിരഞ്ഞെടുപ്പ് സമയത്ത് പപ്പൻ വായ തുറന്നാൽ പാർട്ടിയുടെ അന്തർനാടകങ്ങൾ മുഴുവൻ ജനം അറിയുമല്ലോ എന്ന് കരുതി ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും, ഇക്കഴിഞ്ഞ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിയുന്നത് വരെ പാർട്ടി കാത്തിരുന്നു.

പുറത്താക്കൽ സസ്പെൻഷൻ ആയി ചുരുങ്ങിയതിനു പിന്നിലെ യഥാർത്ഥ രഹസ്യം പപ്പന്റെ കൈവശമുള്ള ചില കടുത്ത ബ്ലാക്ക് മെയിലിംഗ് രേഖകളാണ്. ശബരിമലയിൽ യുവതികളെ കയറ്റാൻ സർക്കാർ അണിയറയിൽ ഒപ്പിച്ച കുതന്ത്രങ്ങളും, പ്രളയകാലത്ത് കോടികളുടെ മണൽ സ്വകാര്യ കമ്പനിക്ക് കൈമാറിയ ദേവസ്വം ബോർഡിന്റെ കണ്ണിൽപൊടിയിടലുകളും, ഒപ്പം ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പോലീസ് മേധാവിയുടെയും ചീഫ് സെക്രട്ടറിയുടെയും രഹസ്യ സന്ദർശനങ്ങളും ഇതിൽ പെടാം.

ഇതൊക്കെ പുസ്തകമാക്കുമെന്ന് പപ്പൻ ഭീഷണിപ്പെടുത്തിയതോടെ പാർട്ടി വീണു. പുറത്താക്കിയാൽ പപ്പൻ പാർട്ടിയെ വിഴുങ്ങും, സസ്‌പെൻഡ് ചെയ്താൽ ഒന്നടങ്ങും. അടങ്ങിയിരിക്കും. അഴിമതിക്കെതിരെയും അച്ചടക്കത്തിന് എതിരെ മൈക്ക് കെട്ടി പ്രസംഗിക്കുന്ന വിപ്ലവ പ്രസ്ഥാനം, സ്വന്തം തൊലി രക്ഷിക്കാൻ വേണ്ടി ഒരു അഴിമതിക്കാരന് മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന കാഴ്ച. പാർട്ടി ഇപ്പോൾ പല്ലിട കുത്തി പുറത്തിടുന്ന ഇത്തരം നാറുന്ന കഥകളുടെ ദുർഗന്ധം സഹിക്കാനാവാതെ കേരള സമൂഹം.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞