സാഹിത്യ സൃഷ്ടിയല്ല...ബജറ്റ്
എം.രഞ്ജിത്ത്
19 June 2026, 5:07 pm
ദീർഘ വീക്ഷണമുള്ള കാഴ്പ്പാടുകളും സമീപനങ്ങളും
പങ്കു വയ്ക്കുന്നു എന്നതാണ് വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിന്റെ വൺ ലൈനർ. ഭാവി കേരളത്തെ രൂപപ്പെടുത്തുന്ന ഒരു റോഡ് മാപ്പ് ഇവിടെ തെളിയുന്നുണ്ട്.
സമാധാനവും സ്വസ്ഥതയും വഴിയിൽ ഉപേഷിച്ച മലയാളികൾ ,വാരിക്കൂട്ടുന്ന ഇഎംഐകളിലാണ് ഉണ്ടുറങ്ങുന്നത്. .ഇനാമുകളും ഇളവുകളും സൗജന്യങ്ങളും അവനെ ഹരം കൊള്ളിക്കും.അവരുടെ അതിരില്ലാത്ത ആർത്തികളെ പരിചരിക്കാനാണ് ഉൽസവ നോട്ടിസു പോലെ ഈ ബനാന റിപ്പബ്ലിക്കിൽ ബജറ്റ് കുണുങ്ങിക്കുണുങ്ങി എത്തിച്ചേരുന്നത്
വിവിധ വികസന മോഡലുകൾ ഈ പുതുക്കിയ ബജറ്റിൽ ചർച്ച ചെയ്യുന്നു. പ്രവാസികളുമായി,സഹകരണ മേഖലയുമായി, പൊതു മേഖലയുമായി,സ്വകാര്യ സംരംഭകരുമായി.ഇതു നല്ലൊരു തുടക്കമാണ്.
മുദ്രാവാക്യ കവിതകളും കഥകളിപ്പദങ്ങളും കോർത്തിണക്കിയ ഫൈൻ ആർട്സ് കോളെജ് മാഗസിനുകളെ പിൻപറ്റിയ, ക്ളീഷേകൾ നിറഞ്ഞ പഴയ ബജറ്റ് രേഖകൾ നമ്മെ മുൾമുനയിൽ നിർത്തി വായിപ്പിച്ച താടിക്കാരെ മറക്കുവതെങ്ങനെ?
സുഖിപ്പിക്കുന്ന പോപ്പുലിസ്റ്റ് ചേരുവകൾ പതിവു പോലെ ഇതിലും സന്നിവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ബജറ്റുകളിലെ ആശയഗംഭീരമായ ഭാവനകൾ ഇവിടെയും പീലി വിടർത്തുന്നു .ആ ചിറകൊടിഞ്ഞ കിനാവുകൾ ഇനി പുനർജനിക്കാം.
ഗവേഷണ ബിരുദത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ ദിവസ വേതനത്തിന് കാമ്പസുകളിൽ അലയുന്നവർ,ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിടെക്കുകളുമായി കാര്യാലയങ്ങൾ തോറും കയറിയിറങ്ങുന്നവർ ,പഠിച്ചതിന്റെ പേരിൽ ജീവിതം തുലഞ്ഞു പോയവർ. അവരുടെ കേൾക്കാത്ത ശബ്ദങ്ങൾ ഈ രേഖയിൽ മുഴക്കത്തോടെ സ്പന്ദിക്കുന്നുവെന്നത് ആശ്വസം നൽകുന്നു. .സർക്കാർ ജെൻസികളെ അഭിസംബോധന ചെയ്യുന്നത് ഭാവിക്ക് ഗുണകരമാണ്
കേരളത്തിനു ലോകത്തിലേക്കും ലോകത്തിനു കേരളത്തിലേക്കും കടന്നുവരാനുള്ള ഉൾക്കാഴ്ചയാണ് ഈ ബജറ്റിന്റെ ഹൈലൈറ്റ്.ഇത് യുവതയെ ഉത്തേജിപ്പിക്കും.ബജറ്റ് ടാർഗറ്റുകൾ മാറിമറിഞ്ഞാലും ഈ രേഖ ഉയർത്തുന്ന സന്ദേശവും നൈതികതയും പൊതു സമുഹത്തെ വല്ലാതെ സ്വാധിനിക്കും എന്നതിൽ സംശയമില്ല.
ഈഴവ സമുദായത്തെ വികാരപരമായി അടുപ്പിച്ചും
വെള്ളാപ്പള്ളിക്കിട്ട് ഒരു പണികൊടുത്തും ബജറ്റ് നിവർന്ന് നിൽക്കുന്നു. റബ്ബർ അച്ചായന്മാരെ സാമ്പത്തികമായും മീനവ സമൂഹത്തെ തൊഴിൽ പരമായും ഇതിൽ ശ്രദ്ധയോടെ പരിചരിക്കുന്നുണ്ട്. ഉദ്ദിഷ്ട കാര്യത്തിനു പൂക്കി മുഖ്യന്റെ ഉപകാര സ്മരണ!
പ്രതിപക്ഷ നേതാവിനു സംസാരിക്കാൻ ആങ്ക് ഇല്ലാത്തതിനാൽ ശ്ലോകത്തിൽ കഴിച്ച് രംഗം വിട്ടു.നിലയ വിദ്വാൻമാർ കർമം പൂർത്തിയാക്കി .വിജയന്റെ പേരിൽ ghost writer ഇനി പാർട്ടി പത്രത്തിൽ തകർക്കും
വിദ്യയെ അറിയാത്ത വിദ്യാഭ്യാസ മന്ത്രിമാരും എൽകെജി നിലവാരമില്ലാത്ത എംഎ ക്കാരായ എംപിമാരും ആയുധ പൂജയിൽ മാത്രം രമിക്കുന്ന മുഖ്യമന്ത്രിമാരും നിരങ്ങിയ നാടാണിത്.
പഠിക്കാതിരിക്കാൻ ഭാഗ്യം സിദ്ധിച്ച,കുളിക്കാനും നനക്കാനും മിനക്കെടാതെ ചായകുടിക്കുന്ന പരിപ്പുവട തിന്നുന്ന പ്രവാസിയായ കായ സഞ്ചിക്കാരന്റെ സാമ്പത്തിക പ്രതിബദ്ധത തിരിച്ചറിയുക തന്നെ വേണം.
അവരിൽ നിന്നാണ് തൊഴിലിനോടുള്ള ഭക്തിയും ബിസിനസിനോടുള്ള സമർപ്പണവും ജീവിതത്തോടും ജീവനത്തോടുമുള്ള നിർവ്യാജമായ പാശവും മറ്റുള്ളവരോട് ബഹുമാനപൂർവ്വം കാണാനും വിനയത്തോടെ സംസാരിക്കാനുമുള്ള പാഠങ്ങൾ മലയാളി പഠിക്കേണ്ടത്. അപ്പോൾ തുടങ്ങും വികസത്തിന്റെ മുന്നൊരുക്കങ്ങൾ.
നീളൻ കുപ്പായങ്ങളും ഊശാൻ താടികളും വികസന സെന്ററുകളും ശില്പശാലകളും ജാടകളും വ്യാജങ്ങളും നമ്മുടെ മുന്നിൽ കുത്തി നിർത്തിയ കോലങ്ങൾ മാത്രമാകുന്നു.
സമൂഹമാണ് നാടിനെ നിർമിക്കുന്നതും പുനർ നിർമിക്കുന്നതും.. കാലഹരണപ്പെട്ട വിശ്വാസ പ്രമാണങ്ങളെയും അതുയർത്തുന്ന കടൽ കിഴവന്മാരെയും വെടിഞ്ഞ് പുതുലോകം നിർമിക്കുന്ന സമൂഹ മനസ്സ് രൂപപ്പെടണം. അപ്പോൾ മാത്രമാണ് കേരളം ഒന്നാമതായി തീരുന്നത്. അതാണ് ഈ ബജറ്റിന്റെ പ്രസക്തിയും.