റിപ്പോർട്ടർമാർ നമ്മുടെ മാധ്യമ ലോകത്ത് നിന്നും തിരോഭവിക്കുന്ന ഇലപൊഴിയും കാലമാണിത്. അക്ഷരങ്ങളിൽ അഗ്നി പടർത്തിയ വാർത്താ ലേഖകരും വിശകലന വിദഗ്ധരും വരികളിലും വരികൾക്കിടയിലും കൂടി നമ്മെ വരികൾക്കപ്പുറത്തേക്ക് നയിച്ച പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകർ ഇന്ന് ഇൻഡസ്ട്രിയൽ അനിവാര്യരല്ല.
സിസിടിവി കാമറകളും വെഹിക്കിൾ കാമറകളും സംഭവം തത്സമയം പകർത്തുന്ന മൊബൈലുകളുമാണ് മാധ്യമ റിപ്പോർട്ടർമാരെ റദ്ദു ചെയ്യുന്നത്. അതിനു പിന്നാലെ പായാൻ വിധിക്കപ്പെട്ട പരാന്ന ജീവിയാണ് ഇന്നത്തെ റിപ്പോർട്ടർ.
യുക്രൈൻ യുദ്ധം കവറേജ് ചെയ്തത് ആം ചെയർ ജേണലിസം(Arm chair journalism) വഴിയാണ്.മാധ്യമങ്ങൾക്ക് റിപ്പോർട്ടു ചെയ്യാൻ ആരെയും അയക്കേണ്ടി വന്നില്ല.പലായനം ചെയ്തുകൊണ്ടിരുന്ന മലയാളി വിദ്യാർത്ഥികൾ തുറന്നുവച്ച മൊബൈലുകളിലൂടെയും അവരുടെ തത്സമയ വികാര നിർഭരമായ വിവരണങ്ങളിലൂടെയും ആ യുദ്ധം നമ്മൾ പത്ര ഓഫിസിലെ കസാലയിൽ ഇരുന്ന് പൊലിപ്പിക്കുകയും പെരുപ്പിക്കുകയും വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്തു.
ഇക്കാലത്തെ നിയമസഭയിലെ ബജറ്റ് റിപ്പോർട്ടുകളും എഐയുടെ ഒരു പാർട്ടിസിപ്പേറ്ററി ജേണലിസം കൂടിയാകുന്നുണ്ട്.ബജറ്റിലെ വലിയ വലിയ ഡോക്കുമെന്റുകൾ ഏതു ഫോർമാറ്റിലും സ്കാൻ ചെയ്ത് ആവശ്യപ്പെടുന്ന രീതിയിൽ നാം ചുട്ടെടുത്തു. മിനക്കേടും അത്യദ്ധ്വാനവും ടെൻഷനും എല്ലാം ഒഴിവായി. നിയമസഭാ റിപ്പോർട്ടിംഗിൽ അഭിമാന ഭാജനങ്ങളായി വാഴുന്ന മാധ്യമ പ്രവർത്തകർക്ക് നമോവാകം!
കശ്മീർ സംഘർഷകാലത്തും ഓപ്പറേഷൻ സിന്ദൂർ,പഹൽ ഗാം കാലത്തും വിഷയങ്ങൾ കവർ ചെയ്യാൻ പോകാത്ത പ്രമുഖ ചാനലുകളുണ്ട്. നേപ്പാളിലെ ജൻസി കലാപം റിപ്പോർട്ടു ചെയ്യാൻ പോയത് മാതൃഭൂമി മാത്രമായിരുന്നു.എഐ ടൂളുകൾ തന്നെയാണ് ഇവിടെയും ശരണം. മിഡ്ജേണിയും ക്ളിങ് എഐ യും പോലുള്ള അനലധി പ്ളാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തി വളരെ സ്വാഭാവികമായ ചിത്രങ്ങളും വീഡിയോകളും യുദ്ധ രംഗങ്ങളും തനിമയോടെ പുന:സൃഷ്ടിക്കാൻ ഇന്നു കഴിയും എന്നതു തന്നെ മാധ്യമ പ്രവർത്തകരെ കൈയ്യൊഴിഞ്ഞ് മാധ്യമങ്ങൾ എങ്ങോ കുതിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



