പത്മ: മാലിന്യമകറ്റുന്നവനും,മാലിന്യമാകുന്നവനും
സ്വാതി എം.
25 June 2026, 2:51 pm
പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാന നഗരിയായ ചണ്ഡിഗഡിലെ പ്രഭാതങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്ന കാഴ്ച.
നഗരം ശുചിയാക്കാൻ ഒരു ഉന്തു വണ്ടിയുമായി നീങ്ങുന്ന റിട്ടയർ ചെയ്ത ഒരു ഡിഐജിയെ ഈ വീഥികളിൽ നമുക്കു കാണാം.കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ആ കർമം അനുസ്യൂതം അദ്ദേഹം നിർവഹിക്കുന്നു. അതാണ് ഈ റിയൽ സ്റ്റോറിയുടെ ഹൈലൈറ്റ്.
1996 ൽ ആയിരുന്നു ഇന്ദർജിത് സിംഗ് സിദ്ദു ഐപിഎസ് എന്ന ഉദ്യോഗസ്ഥൻ ഡിഐജി പദത്തിൽ നിന്നും വിരമിച്ചത്. സാഗ്രൂർ സ്വദേശിയായ അദ്ദേഹം ചണ്ഡിഗഡിൽ തന്റെ വിശ്രമ ജീവിതത്തിനായി തിരഞ്ഞെടുത്തു. തൊട്ടടുത്ത നാളുകളിൽ തന്നെ തന്റെ അനുപമദൗത്യമായ നഗര ശുചീകരണത്തിനും തുടക്കമിട്ടു.
അത്യന്താധുനികമായ രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട നഗരം എന്ന് ലോകം അറിയുന്ന ചണ്ഡിഗഡ് മാലിന്യക്കൂമ്പാരമായി മാറുന്നത് അദ്ദേഹത്തിന് അസഹ്യമായി തോന്നി. ഇതിന് ഒരറുതി വരുത്താൻ അദ്ദേഹം തുനിഞ്ഞിറങ്ങി.
കിഴക്ക് വെള്ളകീറുമ്പോൾ തന്നെ ഉന്തു വണ്ടിയുമായി ബസ് സ്റ്റാൻഡുകളിലും തെരുവോരങ്ങളിലും പാർക്കു കളിലും കമ്പോളങ്ങളിലും അദ്ദേഹം എത്തി. തനിയെ മാലിന്യം ശേഖരിച്ചു. അതു സംസ്കരിച്ചു. തപസ്യപോലെ ആ നിഷ്കാമകർമം മുന്നോട്ടു പോകുകയായിരുന്നു.
സ്വച്ഛ് ഭാരത് ഉൾപ്പടെയുള്ള സർക്കാരുകളുടെ മാലിന്യ നിർമാർജന പദ്ധതികളും പരിപാടികളും ആരംഭിക്കുന്നതിനും പതിറ്റാണ്ടു മുമ്പായിരുന്നു സിദ്ദുവിന്റെ ഈ ഒറ്റയാൾ പോരാട്ടമെന്നും നാമറിയണം.
നഗരവാസികൾ ഈ കാഴ്ചകൾ കണ്ട് പതിവ് രീതികൾക്ക് ഒട്ടും ഭംഗം വരുത്താതെ തന്നെ പ്രതികരിച്ചു.ചാടു വാക്കുകൾ കൊണ്ടും, പൊളിവചനങ്ങൾ കൊണ്ടും,നാണം കെടുത്തുന്ന വർത്തമാനം കൊണ്ടും, കൊള്ളി വാക്കുകൾ കൊണ്ടും....
ഈ റിട്ടയേർഡ് ഐപിഎസുകാരന് ലജ്ജിക്കാൻ കാരണമേതുമില്ലായിരുന്നു.പക്ഷേ
തെരുവിലേക്ക് മാലിന്യം തള്ളാൻ ഒരു മാനവും നാണവും ഇല്ലാത്തവർ ഒരാൾ അത് വാരിപ്പെറുക്കി ശുചിയാക്കുന്നതു കാണുമ്പോൾ ലജ്ജിക്കുക തന്നെ വേണം. അവർക്ക് പരിഹസിക്കാൻ എന്തവകാശം എന്നതായിരുന്നു സിദ്ദു സാറിന്റെ സ്റ്റാൻഡ്.
ഗുരു നാനാക്കിന്റെ വചനങ്ങളാണ് തന്റെ സപര്യയ്ക്കുള്ള അടിസ്ഥാനമായി അദ്ദേഹം ഉരുവിട്ടിരുന്നത്.
പ്രാണവായു ഗുരുവാണ്. ജീവജലം പിതാവാകുന്നു.ഭൂമിയും ഈ പരിസരവും മാതാവാകുന്നു.ഇതെല്ലാം പരിചരിക്കപ്പെടണം. ശുദ്ധവും പവിത്രവുമായി സൂക്ഷിക്കപ്പെടുമ്പോഴാണ് നാം നല്ല മക്കളായും ഈ ഭൂമിയുടെ അവകാശികളായും മാറുന്നത്.
ഈ എൺപത്തി എട്ടു വയസിലും തുടരുന്ന നിസ്വാർത്ഥവും പവിത്രവുമായ ഈ സാമൂഹിക യജ്ഞത്തിന് വ്യാപകമായ പിന്തുണയാണ് ഇന്നുള്ളത്. സമൂഹമാധ്യമങ്ങളിൽ താരമാണ് അദ്ദേഹം. സിദ്ദു മുന്നോട്ടു വച്ച ദൗത്യം പിൻപറ്റാൻ ഇന്നു പതിനായിരങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. സ്വയം നവീകരിക്കിനും സമൂഹത്തെ പ്രചോദിപ്പിക്കാനും കഴിഞ്ഞ ഈ പോലിസ് ഓഫീസർ ഇന്നറിയപ്പെടുന്നത് ചൂലെടുത്ത യോദ്ധാവ്(Broom warrior)എന്നാണ്.
സർവ്വീസിലിരിക്കെ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടാൻ കഴിഞ്ഞ സമർപ്പിത കരങ്ങളിൽ തന്നെയാണ് രാഷ്ട്രപതിയുടെ ഇത്തവണത്തെ പത്മശ്രീ പുരസ്കാരവും എത്തിച്ചേരുന്നത്..അതുവഴി നന്മകളും സാമൂഹിക പ്രതിബദ്ധതയും ധാർമികതയും കൂടി പുരസ്കരിക്കപ്പെടുന്നുണ്ട്. പത്മാ അവാർഡുകളുടെ പാവനമായ ലക്ഷ്യങ്ങളും ഇവിടെ ധന്യമാകുന്നു.
ഈ പശ്ചാത്തലത്തിലാണ് നമ്മുടെ നാട്ടിൽ നിന്നും പത്മഭൂഷൺ വാങ്ങിയെടുത്ത വെള്ളാപ്പള്ളിയെ കിണറ്റിലിടാൻ തോന്നുന്നത്. പത്മാ അവാർഡുകളുടെ എല്ലാ വിശുദ്ധികളും നന്മകളും പാവനത്വവും ഈ സമ്മാനിക്കലിലൂടെ സ്വയം റദ്ദു ചെയ്യപ്പെടുകയാണ്. ഈ പുരസ്കാരം വിഭാവന ചെയ്യുന്ന എല്ലാ ഉദ്ദേശ ലക്ഷ്യങ്ങളും ചീട്ടു കൊട്ടാരം പോലെ തകർന്ന് തരിപ്പണമാകുന്നു.
ഒരു വലിയ പോരാട്ട പ്രസ്ഥാനത്തെ മണിപവറും മസിൽ പവറും കൊണ്ട് തകർത്ത മാന്യന്റെ പേരാണ് നടേശൻ മുതലാളി. അതിനെ ഒരു പോക്കറ്റ് സംഘടനയാക്കി നടക്കുന്ന ആളിന്റെ പേരാണ് വെള്ളാപ്പള്ളി. ഇനി നാം ഇതിയാനെ പത്മഭൂഷൺ മൊയലാളി.എന്നു വിളിക്കണം. ഏത് മഹത്തായ സന്ദേശമാണ് ഈ മൊയലാളി പൊതുസമൂഹത്തിനു ഔൺസ് കണക്കിന് ചില്ലു പാത്രങ്ങളിൽ പകർന്നു നൽകിയതെന്ന് വിദ്വാൻമാർ പറയുമോ?
വാനരന്മാർ എന്തറിഞ്ഞു വിഭോ....
ദേശീയ പ്രാധാന്യം പരിഗണിച്ചാൽ സിദ്ദുമാരെ പോലെ അർഹതപ്പെട്ടവർ അവാർഡുകൾ നേടും.രാഷ്ട്രീയവും പ്രീണനവും ഒത്തുതീർപ്പും വൊട്ടു പെട്ടിയുമാണ് പരിഗണനയെങ്കിൽ അനർഹരായ വെള്ളാപ്പള്ളിമാർ ഇനിയും അരങ്ങു തകർക്കും. സംശയമില്ല. എന്താ കഥ അല്ലേ?