മാധ്യമങ്ങളിൽ വരാത്ത ഒരു ഹ്യൂമൺ ഇന്ററസ്റ്റ് സ്റ്റോറി
ബാലകൃഷ്ണൻ കാരോട്
3 July 2026, 6:20 pm
മാധ്യമ പ്രവർത്തകർക്കെന്താ, കൊമ്പുണ്ടോ? സമൂഹത്തിലെ എല്ലാ കൊള്ളരുതായ്മകൾക്കുമെതിരേ കൊമ്പു കുലുക്കി വരുന്നവരാണ്. അധാർമ്മികത, മനുഷ്യത്വമില്ലായ്മ, നീതിനിഷേധം ഇവയൊക്കെ ഇത്തിരിപ്പോരം പോലും വച്ചു പൊറുപ്പിക്കാൻ പറ്റില്ലെന്ന് ഉറക്കെ വ്രതമെടുത്തവരാണ്. പക്ഷേ അവനവന്റെ കാര്യം വരുമ്പോൾ നമ്മൾ മാധ്യമപ്രവർത്തകരും മറ്റുള്ളവരും തമ്മിൽ വ്യത്യാസം വരാൻ നമുക്കെന്താ കൊമ്പുണ്ടോ?
സംസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ പ്രബല സംഘടനയായ കേരളാ യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റിന്റെ
(കെ യു ഡബ്ല്യു ജെ )യുടെ ആസ്ഥാനം തിരുവനന്തപുരത്താണ്. തലസ്ഥാനത്തെത്തുന്ന ആർക്കും, റോഡുവികസനം വന്നപ്പോൾ പോലും ഒരടി പിന്നോട്ടുമാറാതെ തലയുയർത്തിത്തന്നെ നില്ക്കുന്ന ആസ്ഥാനമന്ദിരം കാണാം. മാധ്യമ കുലപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേസരിയുടെ പേരിലാണ് കെട്ടിടം അറിയപ്പെടുന്നത്; കേസരി സ്മാരക മന്ദിരം.
കേസരി സ്മാരകത്തിലെത്തുന്ന മാധ്യമ പ്രവർത്തകർക്കും രാഷ്ട്രീയ സാംസ്കാരിക നേതാക്കൾക്കും ചിരപരിചിതനായ ഒരാളുണ്ടായിരുന്നു അവിടെ. അവിടെത്തനെ പ്രവർത്തിക്കുന്ന കെയുഡബ്ല്യു ജെ ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായായി സേവനമനുഷ്ഠിച്ചുവന്ന സൗമ്യനായ പ്രദീപ് കുമാർ.
41 വർഷം കേസരിയുടെ എല്ലാമെല്ലാമായിരുന്ന പ്രദീപ് കുമാർ ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലായി. തന്റെ അവസ്ഥ വിശദീകരിച്ചും അവധി ആവശ്യപ്പെട്ടും പ്രദീപ് ജില്ലാ പ്രസിഡന്റിനും സെക്രട്ടറിക്കും കത്തു നൽകി.എന്നാൽ പിന്നീട് സംഭവിച്ചത് മാധ്യമ ഭാഷയിൽ പറഞ്ഞാൽ നഗ്നമായ നെറികേടിന്റെ വേറിട്ട ഒരു 'ഹ്യൂമൺ ഇന്ററസ്റ്റ് സ്റ്റോറി'
ഹൃദ്രോഗിയായ പ്രദീപിനെ ജോലിയിൽ നിന്നൊഴിവാക്കി പ്രസിഡൻ്റിനു വേണ്ടപ്പെട്ടയാളെ നിയമിച്ചെന്നു മാത്രമല്ല വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തു.
2025 ജൂൺ 23നാണ്
തിരുവനന്തപുരം ശ്രീചിത്രയിൽ പ്രദീപ് ഹൃദ്രോഗചികിത്സയ്ക്ക് അഡ്‌മിറ്റായത്.ജോലിയുമായി ബന്ധപ്പെട്ട് പ്രദീപിന്റെ കൈവശം ഉണ്ടായിരുന്ന എല്ലാ ഓഫീസ് രേഖകളും ഓഫീസിൻ്റെ താക്കോൽകൂട്ടം, മെയിൽ പാസ് വേർഡ് തുടങ്ങിയവയും ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടാണ് പ്രദീപ് ആശുപത്രിയിലേക്ക് പോയത്. ജൂൺ 24ന് ഓപ്പൺഹാർട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രദീപ്
തുടർന്ന് മെഡിക്കൽ വിശ്രമത്തിലായി. ജൂൺ 23 മുതൽ സെപ്റ്റംബർ 23വരേയ്ക്കുള്ള മെഡിക്കൽ അവധിക്കത്ത് സംഘടനയുടെ ജില്ലാ പ്രസിഡൻറിനും സെക്രട്ടറിക്കും ജൂലൈ 5 ശനിയാഴ്ച ഇ മെയിൽ മുഖാന്തിരം അയച്ചു.
അവധി കഴിഞ്ഞപ്പോൾത്തന്നെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാണെന്ന കാര്യം പ്രസിഡന്റിനെ അറിയിച്ചെങ്കിലും ധൃതിവയ്‌ക്കേണ്ടെന്നും കുറച്ചുകൂടി വിശ്രമിച്ച് ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ട് വന്നാൽ മതിയെന്നും ആയിരുന്നു നിർദേശം.
ഇതനുസരിച്ച് മൂന്നുമാസം കൂടി മെഡിക്കൽ ലീവ് നീട്ടാനുള്ള അപേക്ഷ ബന്ധപ്പെട്ടവർക്ക് സെപ്‌തംബർ 24ന് ഇമെയിൽ ചെയ്തു. വിശ്രമത്തിനു ശേഷമുള്ള പരിശോധനയിൽ ആരോഗ്യവാനെന്നും ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്നും ഡോക്ടർ അറിയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി, ജനുവരി 1 മുതൽ ജോലിക്കെത്താൻ തയ്യാറാണെന്ന് കാണിച്ച് ഡിസംബർ 29ന് പ്രദീപ് കത്തു നൽകി.
എന്നാൽ ജനുവരി ഒന്നിന് ഓഫീസിലെത്തിയ പ്രദീപിനെ ഞെട്ടിച്ചു കൊണ്ട് പകരം വേറെറൊരാളെ നിയമിച്ചുവെന്നും ഇനി വരേണ്ടതില്ലെന്നുമുള്ള പ പ്രതികരണമാണ് പ്രസിഡന്റിൽ നിന്നുണ്ടായത്. എന്നാൽ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഒരു മാസത്തിന കം നൽകാമെന്നും അദ്ദേഹം വാക്കാൽ ഉറപ്പുനൽകി.
.
പിന്നീട് പലതവണ സെക്രട്ടറിയെയും പ്രസിഡൻ്റിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പല തവണ മെയിലിലും വാട്‌സാപ്പിലും കത്തു നൽകി. ഒന്നിനും മറുപടിയോ പ്രതികരണമോ ഉണ്ടായില്ല.
ഇപ്പോൾ മാസം12 കഴിയുമ്പോഴും ഒന്നും സംഭവിക്കാതെയും പരിഹാരമാകാതെയും കാര്യങ്ങൾ നില്ക്കുന്നു.
കിട്ടികൊണ്ടിരുന്ന വരുമാനം നിലച്ചതിനാൽ പ്രദീപിന്റെ ജീവിതം അതീവ കഷ്ടതയിലാണ്. ഇങ്ങനെ തുടർന്നാൽ കുടുംബസമേതമുള്ള കൂട്ട ആത്മഹത്യ മാത്രമാണ് പോം വഴിയെന്ന് പറഞ്ഞ് കെ യു ഡബ്ല്യു ജെ സംസ്ഥാനകമ്മിറ്റിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് പ്രദീപ്.
ഗുണപാഠം: മാധ്യമങ്ങളിൽ വരുന്ന മനുഷ്യാവകാശലംഘനങ്ങളെയും കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തികളെയും കുറിച്ചുള്ള വാർത്തകളെല്ലാം മാധ്യമ ലോകത്തിന് പുറത്ത് സംഭവിക്കുന്നവയാണ്. ഇവിടെ നടക്കുന്നവ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾക്ക് മനസ്സില്ല!