NewsAd1
നായര് പിടിച്ച പൂക്കി വാൽ
ബാലകൃഷ്ണൻ കാരോട്
16 July 2026, 6:09 pm
main image of news

പെരുന്നയിൽ നിന്ന് വരുന്ന വാർത്തകൾ കേട്ടാൽ ശരീരമാകെ പെരുത്ത് കയറും. പലപ്പോഴും എസ് എസ് ആസ്ഥാനമല്ല, വത്തിക്കാനോ വൈറ്റ് ഹൗസോ ആണ് അവിടമെന്ന് തോന്നുകയും ചെയ്യും. ഒരു പോപ്പ് ഉണ്ട് അവിടെ. ഡംഭ് മൂത്ത ഒരു ട്രമ്പ് .പേര് സുകുമാരൻ നായർ. അഖില ലോക നായർ സാമ്രാജ്യത്തിന്റെ മുടി ചൂടാ മന്നവൻ.

അദ്ദേഹത്തെ കാണാനും മന്നംസമാധിയിൽ പൂക്കൾ സമർപ്പിക്കാനും അപ്പോയിന്റ്മെന്റ് കിട്ടണമെങ്കിൽ ഇത്തിരി വിയർക്കേണ്ടിവരും. യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ അനുമതിയുമായി വന്നാൽ സന്ദർശനം എളുപ്പമാവും.. ഇല്ലേൽ ഇച്ചിരി പുളിക്കും...

കേരളത്തിലെ രാഷ്ട്രീയകാലാവസ്ഥയിൽ സുനിശ്ചിതമായ രണ്ട് കാര്യങ്ങളേ ഉള്ളൂ. ഒന്ന്, മഴക്കാലത്ത് സർവ്വമാന സ്ഥലത്തും വെള്ളം ഇരച്ചു കയറും. രണ്ട്, എത്ര കൊടി കെട്ടിയവരായാലും പെരുന്നയുടെ ഗേറ്റ് നായൻമാരിൽ ചിലർക്കു മുന്നിൽ അടയും.

ഈ ഗേറ്റ് ഇതുവരെ അടഞ്ഞവരുടെ ആകെയുള്ള പട്ടിക നോക്കിയാൽ ആകെമൊത്തം കൺഫ്യൂഷനാവും.
സുരേഷ് ഗോപി വന്നു. ഗേറ്റ് അടഞ്ഞു. അദ്ദേഹം' ഷിറ്റ്' എന്ന് സൗമ്യമായി പ്രതികരിച്ച് ദില്ലിക്ക് വണ്ടി വിട്ടു. 'ഇന്ത്യ ഇന്ത്യയുടേതെന്നും സുകുമാരൻ നായർ സുകുമാരൻ നായരുടേതെന്നും' അവകാശപ്പെടുന്ന മന്നത്തിന്റെ പ്രതിമ ദിവസങ്ങൾക്കുള്ളിൽ ദില്ലിയിലുയർന്നു. ഓർമ്മയുണ്ടോ ഈ മുഖം എന്ന് ആരോടെക്കെയോ ആംഗ്യഭാഷയിൽ ചോദിച്ച് പ്രതിമയ്ക്കു മുന്നിൽ സുരേഷ് ഗോപി പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചു. അതായത്, പെരുന്നയിൽ ചെന്നുകയറി മന്നത്തിനെ കാണാനായില്ലെങ്കിൽ മന്നത്തെ ഡൽഹിയിലേക്ക് വരുത്തി കാണാൻ മടിക്കില്ല എന്ന ഒരു പുതിയ ബി ജെ പി ലൈൻ വിപ്ലവം..
HomeAd1

അല്ലെങ്കിലും ഈ ദില്ലി നായൻമാരെ സുകുമാരൻ നായർ സാബിന് പണ്ടേ ഇഷ്ടമില്ല;അവിടെ അംഗത്വമെടുത്ത തരൂർ ശശിയണ്ണനെയും.'ദില്ലി നായർ ഈസ് സില്ലി നായർ' എന്നാണ് നല്ല കരിമ്പുനായരായ സുകുവേട്ടന്റെ പക്ഷം. ശശി തരൂരിനു മുന്നിലും പെരുന്നയിലെ ഗേറ്റ് അടഞ്ഞതാണ്. പാവം ഇംഗ്ലീഷിൽ അതേക്കുറിച്ച് ആത്മഗതം നടത്തി സമാധാനിച്ചു.ഗേറ്റ് അടച്ചതിനെപ്പറ്റി ഇംഗ്ലീഷിൽ അത്ര മനോഹരമായി അതിനു മുമ്പോ പിമ്പോ ആരും ആത്മഗതിച്ചിട്ടില്ല. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ വന്നപ്പോൾ ഗേറ്റ് പാതി അടഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ച് അത്രയേ അടയ്ക്കാൻ പറ്റൂ...അദ്ദാണ്

തിണ്ണയിൽ നിരങ്ങാൻ തയാറല്ലെന്ന വി.ഡി.സതീശന്റെ തെരഞ്ഞെടുപ്പു കാല പ്രസ്താവന കേട്ടപ്പോൾ സുകുമാരൻ നായർ സൗകുമാര ഭാവം വിട്ട് രൗദ്രത്തിൽ പിടിച്ചു. നായരല്ലാത്ത പിണറായി യോഗ്യനാണെന്ന് എൻ എസ് എസ് സീലുവച്ച് സർട്ടിഫിക്കറ്റും കൊടുത്തു.പക്ഷേ ജനറൽ സെക്രട്ടറിയുടെ മാനം ലച്ചിക്കേണ്ട നായൻമാർ ചെവിയിലെ പൂട മറച്ച് തെരഞ്ഞെടുപ്പിൽ മറിച്ചു കുത്തി.

എൻ എസ് എസിന്റെ എഴുതപ്പെടാത്ത നിയമാവലി ഇങ്ങനെയാണ്. നായർ ഐക്യത്തിനാണ് പ്രസ്ഥാനം. ഐക്യം വിട്ടൊരു കളിയില്ല. നായർ ( അതായത് നായൻമാർ ) ഒറ്റക്കെട്ടാണ്. നേതാവ് പറയും മറ്റുള്ളർ ഒറ്റക്കെട്ടായി നിന്ന് വള്ളിപുള്ളി മാറാതെ അനുസരിക്കും.സമുദായത്തിന് വേണ്ടി എല്ലാവരും ഒന്നിച്ചുനില്ക്കുകയും,ഇരിക്കുകയും ആവശ്യമെങ്കിൽ മന്ദം മന്ദം നടന്ന് പെരുന്ന വരെ എത്തുകയും വേണം, പക്ഷെ ആസ്ഥാനത്ത് കയറി മന്നത്തെ കാണണമെങ്കിൽ നേതാവിന്റെ പ്രത്യേക അനുമതി കിട്ടിയേ പറ്റൂ.

കാലം കറങ്ങി. ഭരണം മാറി. ഇതുവരെ ഗേറ്റ് അടച്ച് അകത്തിരുന്ന മാഷിന് ഇപ്പോൾ ഗേറ്റിൽ മുട്ടേണ്ട ഗതികേട് വന്നു.
മുഖ്യമന്ത്രി വി.ഡി സതീശനെ കാണാൻ സുകുമാരൻ നായർ ആഗ്രഹം പ്രകടിപ്പിച്ചു. സതീശൻ സത്യപ്രതിജ്ഞാ ദിനത്തിൽ ഉറക്കെ നയം പ്രഖ്യാപിച്ചു, ഞാൻ മേനോനാണ് നായരല്ല!
കാണാൻ തത്കാലം സമയം തരാൻ സൗകര്യമില്ല. സംഗതി പുറത്തറിഞ്ഞത് സതീശൻ മേനോൻ പറഞ്ഞിട്ടല്ല; നായരുടെ നാവിൽ നിന്നു തന്നെയാണ്. നമ്മളങ്ങനെ പറയുമോ എന്നു പറഞ്ഞ് സതീശൻ പൂക്കിച്ചിരി ഒരിക്കൽ കൂടി പുറത്തെടുത്തു.
എന്നാലും എന്റെ മേൻ...നേ

ചരിത്രം ഇത്രയും മനോഹരമായി റിവേഴ്സ് അടിച്ചത് സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗിന് ശേഷം ഇതാദ്യമായാണ്. പെരുന്നയിൽ നിന്ന് മടക്കത്തപാലിൽ പ്രസ്താവന വന്നു; സുകുമാരൻ നായർ പ്രകോപിതനാണെന്ന്. വർഷത്തിൽ 364 ദിവസവും പ്രകോപിതനായിരിക്കുന്ന ഒരാൾ വീണ്ടും പ്രകോപിതനായി എന്നത് എന്തായാലും ബ്രേക്കിംഗ് ന്യൂസ് ആയില്ല. നായര് വിചാരിക്കുന്നത് ഭൂലോകത്തിന്റെ അച്ചുതണ്ടിരിക്കുന്നത് പെരുന്നയിലാണെന്നാണ്; വെള്ളാപ്പള്ളി അത് കണിച്ചുകുളങ്ങരയ്ക്ക് അപ്പുറത്തേക്ക് വിട്ടു കൊടുക്കില്ലെങ്കിലും...

നായൻമാർക്കു മുന്നിൽ നായർ
മാർ തന്നെ വാതിലടയ്ക്കുന്ന നായൻമാരുടെ സ്ഥാപനമായി പെരുന്ന മാറിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി എന്തു ചെയ്യും മല്ലയ്യാ? നായന്മാർക്ക് ഒരു പുതിയ സംഘടനയും ആസ്ഥാനവുമായാലോ? വേണം എന്ന് പറയുന്നവരോട് മൂക്കില്ലാ രാജ്യം സിനിമയിൽ തിലകൻ പറയും പോലെ 'നൂറ് ശതമാനവും'യോജിക്കാനേ പറ്റൂ.
പുതിയ സംഘടനയ്ക്ക് .'പെരുന്നയിൽ പ്രവേശനം കിട്ടാത്ത നായേഴ്സ് സമാന്തര സൊസൈറ്റി' എന്നാക്കാവുന്നതാണ്. ചുരുക്കപ്പേര് PPK- NSS എന്നു കിട്ടുകയും ചെയ്യും. സംഘടനയിൽ അംഗത്വം കിട്ടാൻ ഒരു യോഗ്യതയേ വേണ്ടൂ. പെരുന്നയുടെ ഗേറ്റിൽ മുട്ടിപ്പായി പ്രാർത്ഥിച്ച് നിരാശരായി മടങ്ങി വന്നവരായിരിണം.
സംഘടനയുടെ ആദ്യ യോഗത്തിൽ തന്നെ വി.ഡി സതീശൻമേനോൻ,സുരേഷ് ഗോപി, ഗണേശ് കുമാർ, ശശി തരൂർ തുടങ്ങിയവരെല്ലാരും ഒരേ സ്റ്റേജിൽ ഇരിക്കും. കേരള രാഷ്ട്രീയത്തിൽ ഇതുവരെ ഒരു സംഘടനയ്ക്കും കൊണ്ടുവരാൻ പറ്റാത്ത ഐക്യം അങ്ങനെ സുകുമാരൻ നായർ ഗേറ്റ് ബ്ലോക് ഇന്ത്യാ പ്രസ്ഥാനത്തിലൂടെ നേടിത്തന്നിരിക്കുന്നു.
അതാണ് അദ്ദേഹത്തിന്റെ മഹത്വം. അദ്ദേഹം വിചാരിച്ചാലും ഇല്ലെങ്കിലും, നായന്മാരെ അദ്ദേഹം ഒന്നിപ്പിക്കും.ഒന്നിപ്പിച്ചേ അടങ്ങൂ. അതിപ്പം ഗേറ്റിന്റെ പുറത്തുനിർത്തിയിട്ടാണെങ്കിലും.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞