കൊമ്പനെ തല്ലി
ചെമ്പന് കൊള്ളിക്കുമ്പോൾ...
രഞ്ജിത് എം
17 August 2026, 3:38 am
മുഖ്യമന്ത്രി വിഡി സതീശൻ പിണറായിക്കും സിപിഎമ്മിനും വേണ്ടി നടത്തുന്ന പ്രതിവാര നെയ്യഭിഷേകമാണ് ലൈവായി നാം കാണുന്നത്.തസ്കര വീരർ. കാണിക്കയും കനകവും കട്ടിളപ്പടിയും കാശും എള്ളുണ്ടയും മുതൽ ചുരണ്ടിയും മുറിച്ചും മാന്തിയും ആവോളം മുതലുകൾ ആന്തി. ബിംബം ബാക്കിവച്ചത് ഭാഗ്യം.ഇനി അതും സൂക്ഷ്മമായി പരിശോധിക്കണം. ഒത്തുവന്നെങ്കിൽ...ഭഗവാനെ അതും.. ചൂട്ട് കറ്റ, നെയ്യ്, വരെ... വീരപ്പനു പഠിച്ചവർ ഇപ്പോൾ തടവറയിലേക്ക് പോകുന്ന തിരക്കിലാണ്. ആ തടവറ തകർക്കണമെന്നാണ് ഡിഫി പിള്ളേരുടെ പൂതി.
സിപിഎം നോമിനികളായി എത്തിയ ദേവസ്വം മുൻ അധ്യക്ഷന്മാരെല്ലാം കൂട്ടായി പാടി. 'വലയിൽ വീണ കിളികളാണു നാം!' ആർത്തി മൂത്ത ആ ഭക്തഷഡ്പദങ്ങളുടെ ആദ്ധ്യാത്മിക സന്നിതിയാണോ കൽത്തുറുങ്കുകൾ.?
കൂട്ടം തെറ്റിയ ചില പെണ്ണുങ്ങളായിരുന്നു 'പുതിയ' നവോത്ഥാനത്തിന് രസ്ന കലക്കിയത്. അവരുടെ കൈയ്യും പിടിച്ചാണ് കാനന പാതെ 'കല്ലും മുള്ളും കാലുക്കുത്തെ' എന്നു വികട സരസ്വതിയുമായി മൂപ്പിലാൻ നടന്നത്. നവോത്ഥാനത്തിന്റെ പുതിയ മണ്ണെണ്ണപ്പന്തവുമായി. പിന്നീട് നായകർ വാലും ചുരുട്ടി ആഗോള അയ്യപ്പനെ തിരഞ്ഞ് പണി എരന്നു വാങ്ങി. അതിലുമുണ്ട് കക്കലും മുക്കലും..
ജയിലിൽ സിക്സ് കോഴ്സ് അത്താഴവും മുത്താഴവും ഏർപ്പെടുത്തിയ ദീർഘദർശനത്തിന്റെ പൊരുൾ ഇപ്പോഴാണ് തിരിയുന്നത്. കമ്മിറ്റികളിൽ നിന്നും ജയിലറകളിലേക്ക് ഇനി ഒരു ലോങ്ങ് മാർച്ചിനു സ്കോപ്പുണ്ട്.
'തൊഴിൽ അല്ലെങ്കിൽ ജയിൽ'; നമ്മുടെ നാടൻ ചെഗുവേരമാരുടെ പണ്ടത്തെ മുദ്രാവാക്യം. വിയർക്കാതെ പണിത് പണക്കൂനകൾ തീർത്തവർക്ക് ജയിലാണ് ശരണം. ക്രമമനുസരണം ചരിക്കാം. അക്രമം കൂടാതെ വിക്രമരാകാം...അതോടെ എല്ലാവർക്കും ജോർജ്ജ് ഫെർണാണ്ടസായി ജയിലിൽ പാർത്ത് മത്സരിക്കാം. അടിച്ചു മാറ്റലിന്റെ പേരിലുള്ള പാർപ്പാണിത് എന്നതു മാത്രമാണ് മൗലിക വ്യത്യാസം .അത് നമ്മുടെ പത്രം കൊണ്ട് മറയ്ക്കാം. അപ്പോൾ വിപ്ലവം കോരപ്പുഴ കടക്കും;ജാത്യാചാരം വെടിഞ്ഞ്.
താമരപ്പൂംപൈതലുകളെ തൗപ്പൻമാർ ഇപ്പോൾ ലാളിക്കുന്നതു കർത്താ, കർമം, ക്രിയ എന്നിവയിലൂടെയാണ്. . വിപണന ലോജിക്കുകളിൽ അധികാരം കൂടിയായാൽ അത് എക്സ്ട്രാ ലോജിക്കാകുമെന്ന് താർക്കിക മതം!
തൊഴിൽ ഭക്ഷിക്കുന്ന ബകനില്ലാതെ സഖാക്കൾക്കും സഖിമാർക്കും ഒരു നിമിഷം പോലും ഇനി ജീവിക്കാൻ വയ്യേ വയ്യ.
കാഴ്ച മങ്ങിയ, ചിന്ത ഊർന്നു പോയ, ആയിരം പൂർണ ചന്ദ്രനെ കണ്ട ഒരു വയോധികനെ മുൻ നിർത്തിയാണ് ഇപ്പോഴും പടപ്പുറപ്പാട്. ഒരു പൊടിക്കാറ്റിൽ തോൽക്കുന്ന യുദ്ധം . ഒരു ചാറ്റൽ മഴയിൽ തകരുന്ന വിപ്ലവം. ഇതാണ് എഴുത്തുകാരനായ നബക്കോവിന്റെ നിരീക്ഷണം. ഇവിടെ മൂപ്പിലാൻമാർക്കു മൂലക്കുരുവുമുണ്ട്. അതു വിപ്ലവത്തിനു തടസ്സമാണ്..
വാവടുക്കുമ്പോൾ പ്രാന്ത് കൂടും.. വിശാല കന്നിമാസ പൊതുക്കൂട്ടം അടുക്കും തോറും ശൗരിമാർ അനുവാദമില്ലാതെ കരഞ്ഞു പോകും. ആർത്തി പൂണ്ട അനന്തരവൻമാരുടെ കർക്കിടക വിപ്ലവം അണിയറയിൽ കൊഴുത്തുരുണ്ട് വരികയാണ്..
നേരിട്ട് മൂപ്പിലിനിട്ടു താങ്ങുന്നത് പാർട്ടി വിരുദ്ധവും അച്ചടക്ക ലംഘനവുമാണ്. അതിനാൽ വിഡി സതീശൻ മുഖാന്തിരം ഹോം ഡെലിവറി നടത്തുന്ന ഉപായമാണ് ഇപ്പോൾ പ്രയോഗിച്ചു വരുന്നത്. അത്,അണികളെ സുഖിപ്പിക്കും. മൂപ്പിലാനെ തേയ്ക്കാനും കഴിയും. ഏറ്റവുംഒടുവിൽ ഇതു നടത്തിയത് അപ്പം ഗോവി. ഈ ഗോവി ഗോപിയാകുമോ എന്ന വർണ്യത്തിൽ ആശങ്കയാണ് ഹേതു
പറന്നു പോകുന്ന ഏടാകൂടങ്ങളെയെല്ലാം മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കോണി വച്ചു പിടിക്കുന്ന ഇത്തരം ക്രേയ്സി ബോയ്സാണ് യുഡിഎഫിനു ഐശ്വര്യം നിറക്കുന്നത്. വൈറ്റ് മാറ്റർ കുറഞ്ഞവരിൽ നിന്നും റൈറ്റായ മാറ്ററുകൾ കിട്ടില്ലെന്നുറപ്പ്.
'സന്തോഷ സൂചകമായി
തന്നതിനെ സ്വീകരിച്ച്
ബാലകരാം ഞങ്ങളിതാ
പോകുന്നു. ഇതാ പോകുന്നു
ഞങ്ങൾ പോകുന്നു
(അവസാന മൂന്നു വാക്കുകൾ പിച്ച് സാവധാനം ഉയർത്തി. മൂന്നാവർത്തി വേണമെന്നാണ് വിധി) ഇതാണ് വർത്തമാന കാല നില!
വെള്ളത്തിലാകുന്ന എസ്ഐപി നിക്ഷേപങ്ങളെ ഓർത്താണ് ചേട്ടായിമാരുടെ വിലാപം. കഞ്ഞികുടി തന്നെ മുട്ടുന്ന വിശേഷങ്ങളാണ് ഓരോ നാളും. കേൾക്കുന്നത്. . ചാനലും പത്രവും പലവുരു കണ്ടൂം വായിച്ചുമാണ് അണികൾ കൈപ്പത്തിയിലും കോണിയിലും ആഞ്ഞു കുത്തിയത്. ആ അപകടവും കാണണം.
ജനിച്ച നാട്ടിൽ, സ്വന്തം ബൂത്തു പോലും ചവിട്ടി എറിഞ്ഞ ചില അഴകിയ രാവണന്മാരാണ് ഇന്നത്തെ പ്രഘോഷകർ. അങ്ങാടിയിൽ ചിലവാകാത്ത ചവറുകൾ..
മഴ മേഘങ്ങൾ പേടിച്ചോടാം. കൊട്ടി പ്പെയ്യാം. കടലിനെ അറിയുന്നവർ മുന്നറിയിപ്പുകൾ വക വെയ്ക്കില്ല. പെരേലുള്ളവരും അന്നു വള്ളമിറക്കും. അനിഷ്ടമുണ്ടായാൽ ബിരുദ ഭാഷയിൽ മുഖ്യമന്ത്രിയെ അസഭ്യം പറയാൻ അത് അവസരമൊരുക്കും. പണ്ട് പാദരക്ഷയും തള്ളി ജീവനും കൊണ്ട് കണ്ട വണ്ടിയിൽ എസ്കേപ്പായ പഴയ മുഖ്യനെ നിറചിരിയോടെ സ്വീകരിക്കാം. കടലിൽ മാഞ്ഞവരെ കടലിനു മീതെ നടന്നവൻ കാക്കും