പള്ളിച്ചട്ടമ്പി,അഥവാ ചരിത്രബോധമില്ലാത്ത പ്രൊഫഷണൽ നാടകം
ശൈലേന്ദ്രൻ കെ എസ്
15 April 2026, 4:53 pm
ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ഒരു പീരിയഡ് ഡ്രാമയാണ്. വിമോചനസമരകാലത്തെ ഒരു മലയോരഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. ബാലറ്റിലൂടെ അധികാരത്തിലേറിയ ലോകത്തിലെ തന്നെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പുറത്താക്കലിലേക്ക് നയിച്ച സംഘര്‍ഷങ്ങളുടെ ഭാവനാത്മകമായ പുനരാഖ്യാനമാണ് പള്ളിച്ചട്ടമ്പി.
ഭൂപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ചരിത്രപരമായ തീരുമാനങ്ങളുടെ സന്ദര്‍ഭത്തെ ഗൗരവം ഏതുമില്ലാതെയാണ് തിരക്കഥാകൃത്ത് സമീപിച്ചിരിക്കുന്നത്. വികലമായ വ്യാഖ്യാനങ്ങളും അര്‍ധസത്യങ്ങളും യുക്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത അബദ്ധങ്ങളുമൊക്കെച്ചേര്‍ന്ന് വികൃതമാക്കപ്പെട്ട തിരക്കഥാശരീരം തന്നെയാണ് പള്ളിച്ചട്ടമ്പിയുടെ ഏറ്റവും വലിയ പോരായ്മ. ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകള്‍ക്കു ശേഷമാണ് ഡിജോ ജോസ് ആന്തണി പള്ളിച്ചട്ടമ്പിയുമായി പ്രേക്ഷകരിലേക്കെത്തുന്നത്.
അടിമുടി അരോചകമായ നാടകീയതയാണ് പള്ളിച്ചട്ടമ്പിയുടെ സവിശേഷത. പ്രൊഫഷണല്‍ നാടകം ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് സീനുകളുടെ അവതരണം. കഥാപാത്രങ്ങളുടെ ചലനം, പ്രകാശം, നിറങ്ങള്‍, സംഭാഷണങ്ങളുടെ മോഡുലേഷന്‍, കലാസംവിധാനം, കോസ്റ്റ്യൂം എന്നിവയിലൊക്കെ പുതിയകാലത്തെ മലയാള സിനിമയ്ക്ക് ചേരാത്ത കൃത്രിമത്വമാണ് മുഴച്ചു നില്‍ക്കുന്നത്.
കഥാപാത്ര സൃഷ്ടിയിലും കഥാപാത്രങ്ങളുടെ ക്രമാനുഗതമായ വളര്‍ച്ചയിലും സംവിധായകനും തിരക്കഥാകൃത്തും പുലര്‍ത്തിയ ഉദാസീനത അവിശ്വസനീയമാണ്. കഥാഗതിയില്‍ യുക്തിസഹമായ വളര്‍ച്ചയില്ലാതെ വഴിമുട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളെ സിനിമയിലുടനീളം കാണാം. ആക്ഷന്‍ കോറിയോഗ്രഫിയില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ നടത്തിയ ശ്രമം ഒരു പരിധി വരെ വിജയിച്ചുവെന്ന് പറയാം.
പീരിയഡ് സിനിമകളുടെ എക്കാലത്തെയും വെല്ലുവിളിയാണ് സെറ്റുകള്‍. തെര്‍മോകോള്‍ തട്ടിക്കൂട്ടുകളുടെ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്ന കാലത്തു നിന്നും മലയാളി പ്രേക്ഷകര്‍ ഏറെ മുന്നോട്ടു പോയി. നൃത്തനാടകങ്ങളിലേതിനു സമാനമായ വേഷവിധാനങ്ങളോടെ കഥാപാത്രങ്ങള്‍ നെടുങ്കന്‍ ഡയലോഗുകള്‍ പരത്തിപ്പറയുന്ന സിനിമകള്‍ക്ക് കാലം തെറ്റിപ്പോയെന്ന് പറയാതെ വയ്യ.
വിജയരാഘവന്‍, ടി.ജി.രവി എന്നിങ്ങനെ കയ്യടക്കം വന്ന നടന്‍മാര്‍ക്ക് തങ്ങളുടെ വേഷങ്ങള്‍ തന്നെയാണ് പരിമിതിയാവുന്നത്. കയദു ലോഹറിന്റെ നായികാ കഥാപാത്രത്തിന്റെ ഡബ്ബിങ് ചെറുതല്ലാത്ത കല്ലുകടിയാണ്. മലയാളം പോലെ അതി സങ്കീര്‍ണമായ ഒരു ഭാഷയില്‍ സാധാരണ ചെറുകിട തന്ത്രങ്ങളിലൂടെ ഡബ്ബിങ് ശരിയാക്കാമെന്ന് കരുതിയാല്‍ എന്തു സംഭവിക്കുമോ അതാണ് സിനിമയിലുടനീളം.
സിനിമ തന്നെ നാടകമാകുമ്പോഴും അതിനകത്ത് വേറെയും നാടകം. അതൊന്നും പോരാഞ്ഞ് സാധാരണ കഥാപാത്രത്തെ തന്നെ നാടകമാക്കുന്ന പൃഥ്വിരാജിന്റെ വില്ലന്‍ വേഷവും.
കൈതപ്രം എഴുതിയ കാട്ടുചെമ്പകം എന്ന ശരാശരി നിലവാരമുള്ള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജേക്‌സ് ബിജോയിയുടെ പശ്ചാത്തലസംഗീതം ഒന്നോ രണ്ടോ ഇടങ്ങളിലൊഴികെ എവിടെയും മികച്ചതായില്ല.
വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് പള്ളിച്ചട്ടമ്പി. പ്രൊഡക്ഷന്‍ ഡിസൈനിലും കലാസംവിധാനത്തിലും ഏറെ അധ്വാനം നടത്തിയ സിനിമ കൂടിയാണിത്. ഉള്ളുപൊള്ളയായ കഥാപാത്ര നിര്‍മിതിയാലും ഉദാസീനമായ സംവിധാനസമീപനത്താലും സിനിമയുടെ ആസ്വാദ്യത എങ്ങനെ ബാധിക്കപ്പെടുമെന്നതിന്റെ മറ്റൊരുദാഹരണം കൂടിയാവുകയാണ് പള്ളിച്ചട്ടമ്പി