NewsAd1
രാവണന്റെ രാമായണം
അമൃത എ എം
13 November 2026, 2:31 am
main image of news

നായകനായ പുരുഷോത്തമൻ മര്യാദക്കാരനാവാം. എന്നാൽ പുരുഷാരത്തെ തിയേറ്ററിലെത്തിക്കാൻ പ്രതിനായകൻ തന്നെ വേണം. സിനിമയുടെ ഈ പുതിയ കാല രസതന്ത്രം നന്നായി മനസ്സിലാക്കിയാണ് ഇപ്പോൾ തിയേറ്ററുകളിൽ തകർത്തോടുന്ന രാമായണം സിനിമ സംവിധായകൻ നിതീഷ് തിവാരി ഒരുക്കിയതെന്ന് കരുതണം.

രാമായണ കഥ ഭാരതീയരുടെ രക്തത്തിലലിഞ്ഞതാണ്. വാർത്താ വിനിമയ സംവിധാനങ്ങളില്ലാത്ത കാലത്തു തന്നെ അത് രാജ്യത്തിൽ എല്ലായിടത്തുമുള്ള മനുഷരുടെ ഹൃദയം കവർന്നു. ഇന്ത്യയുടെ ഏതിടത്തിലും രാമായണ കഥാ സന്ദർഭങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ലയിച്ചു കിടക്കുന്നതായി കാണാം. കഥകളായും പാട്ടായും നാടകങ്ങളും ദൃശ്യ രൂപങ്ങളുമായും നമ്മൾ എത്രയെത്ര രാമായണങ്ങൾ കണ്ടറിഞ്ഞിരിക്കുന്നു.
രാമായണത്തെ വെള്ളിത്തിരയിലെത്തിക്കുക എന്നത് പുതിയ കാലത്ത്  ചെറിയ കളിയല്ല. കോടികളും സാങ്കേതികവിദ്യയും താരപ്രഭയും പോരാ; അതിന് ഒരു ഇതിഹാസത്തിന്റെ ആത്മാവും വേണം. നിതീഷ് തിവാരിയുടെ രാമായണം ഈ വലിയ വെല്ലുവിളി ഏറ്റെടുക്കുമ്പോൾ എടുത്ത പറയേണ്ടത് അത് നൽകുന്ന വിസ്മയകരമായ കാഴ്ചാനുഭവം തന്നെയാണ്. പക്ഷേ കഥയുടെ കാര്യത്തിൽ രാമനെക്കാൾ രാവണനാണ് മുന്നിൽ!

 image 2 of news

രൺബീർ കപൂറിന്റെ രാമന് ശാന്തതയുണ്ട്. സായ് പല്ലവിയുടെ സീതയ്ക്ക് സ്വാഭാവികതയും വൈകാരികതയുമുണ്ട്. എന്നാൽ യഷിന്റെ രാവണൻ സ്ക്രീനിലെത്തുമ്പോൾ താരപ്രഭ പത്തിരട്ടിയാകുന്നു. സിനിമയുടെ രണ്ടാം പകുതിയിൽ ചിലപ്പോഴെങ്കിലും കോട്ടിടാത്ത കെ ജി എഫ് നായകനായും യഷ് രംഗപ്രവേശം ചെയ്യുന്നുണ്ട്. എങ്കിലും രാമായണം രാവണൻ തൂക്കി !

രാവണന്റെ പശ്ചാത്തലത്തിനും അധികാരവ്യവസ്ഥയ്ക്കും നൽകിയ പ്രാധാന്യം കഥയ്ക്ക് പുതുമ നൽകുന്നുണ്ടെങ്കിലും രാമന്റെ ധാർമികവും ആത്മീയവുമായ ലോകത്തിന് വേണ്ടത്ര ആഴം ലഭിക്കുന്നില്ല.
രാക്ഷസർ എന്ന ആദി മാനവരും മനുഷ്യരൂപം പൂണ്ട ദേവനും തമ്മിൽ നടന്ന ധർമ്മയുദ്ധത്തിന്റെ കഥയായാണ് നിതീഷ് തിവാരി രാമായണത്തെ ആവിഷ്കരിക്കുന്നത്. അധികാര പ്രമത്തത തലയ്ക്കു പിടിച്ച് മാനവനാശകാരിയായി ഒരു അധികാരി മാറുമ്പോഴുണ്ടാവുന്ന പ്രകൃതിയുടെ സ്വാഭാവികമായ ഇടപെടൽ. എന്നാൽ രാവണന്റെ പശ്ചാത്തലം വിവരിച്ച് കഥ പറയാൻ സംവിധായകൻ നടത്തിയ ശ്രമങ്ങൾ രാവണനിലേക്ക് നായകസ്ഥാനം കൊണ്ടുവരുന്നതു പോലെയാണ് അനുഭവപ്പെടുന്നത്.
HomeAd1
 image 3 of news

ഒസ്കാർ ജേതാക്കളായ DNEG-യുടെ വിഷ്വൽ ഇഫക്റ്റുകളും അയോധ്യയുടെയും ലങ്കയുടെയും പ്രൊഡക്ഷൻ ഡിസൈനും പ്രേക്ഷകർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ദൃശ്യാനുഭവം നൽകുന്നു.  ജടായുവും രാവണനും തമ്മിലുള്ള സംഘട്ടന രംഗം എടുത്തു പറയേണ്ടതാണ്.സാങ്കേതിക മികവിൽ ഈ സിനിമയെ വെല്ലാൻ ഇന്ത്യൻ സിനിമകൾക്ക് ഇനി നന്നായി വിയർക്കേണ്ടിവരും.

എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്ന സംഗീതം വലിയ പ്രതീക്ഷ നൽകിയെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന സംഗീതാനുഭവം  സൃഷ്ടിക്കാനായില്ലെന്നത് പോരായ്മയായി.ഇന്ത്യക്കു പുറത്തുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നത് പ്രധാന ലക്ഷ്യമായി കണ്ടപ്പോഴുള്ള പ്രശ്നമാണിതെന്ന് കരുതണം.

 image 4 of news

നല്ല തയ്യൽക്കാരൻ വെട്ടി വൃത്തിയിൽ തയ്ച്ചെടുത്ത ബ്ലൗസു ധരിച്ച സീതയും മറ്റു സ്ത്രീകളും, സീതയേക്കാൾ ഭംഗിയുള്ള ശൂർപ്പണഖ, തഗ്ഗുകൾക്കായി എഴുതിയതുപോലുള്ള സംഭാഷണങ്ങൾ അതേ രീതിയിൽ തന്നെ ഉരുവിടുന്ന കഥാപാത്രങ്ങൾ... രാമായണസിനിമയിൽ കോമഡിക്ക് കാര്യമായ സാധ്യതയില്ലാത്തതിനാൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ നിതീഷ് കണ്ടെത്തിയ മാർഗങ്ങളിൽ ചിലതാണിവ.

ശൂർപ്പം അഥവാ മുറം പോലെ നഖങ്ങളുള്ളവളാണ്  വാത്മീകി രാമായണത്തിലെ ശൂർപ്പണഖ, നിതീഷിന്റെ ശൂർപ്പണഖ പക്ഷേ ബ്യൂട്ടി പാർലർ  സുന്ദരിയും ഡിസൈൻഡ് വസ്ത്രധാരിണിയുമാണ്.
രാമന്റെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുന്ന അവൾക്ക് ലക്ഷ്മണൻ നൽകുന്ന ശിക്ഷ മൂക്കും മുലയും മുറിച്ചു കളയുക എന്നതായിരുന്നുവെന്നാണ് കവിവാക്യം. എന്നാൽ  ശൂർപ്പണഖയുടെ മൂക്കിന്മേൽ മുറിവേല്പിക്കുക മാത്രം തിവാരിയുടെ ലക്ഷ്മണൻ ചെയ്യുന്നത്. സെൻസർ ബോർഡിനെയും പെണ്ണെഴുത്തുകാരെയും പേടിച്ചിട്ടാവാം.

രാമായണം മോദിയുടെ ഇന്ത്യയിൽ ഒരു സാധാരണ കഥയല്ല. രാമനും രാവണനും സിനിമയിലെ കഥാപാത്രങ്ങൾ മാത്രമല്ല, പലതരം രാഷ്ട്രീയ വ്യാഖ്യാനങ്ങളുടെ പ്രതീകങ്ങൾ കൂടിയാണ്. സിനിമയുടെ പ്രചാരണവും അവതരണവും ഈ ചർച്ചകൾക്ക് ഇടം നൽകുന്നു. എന്നാൽ  രാമന്റെയും ദശരഥന്റെയും സീതയുടെയുമൊക്കെ അന്തർ സംഘർഷങ്ങളിലേക്ക് കടക്കുന്നേയില്ല എന്നത് സിനിമയുടെ പോരായ്മയായി.നീതി, അധികാരം, ധർമം, സ്ത്രീയുടെ ആത്മാഭിമാനം തുടങ്ങിയ വിഷയങ്ങങ്ങൾ സിനിമ ആഴത്തിൽ പരിഗണിക്കുന്നില്ലെന്നു മാത്രമല്ല,രാമായണ രാഷ്ട്രീയത്തിൽ ശരികേടുകളുണ്ടെന്ന ചിന്ത പലകുറി ഉയർത്തുകയും ചെയ്യുന്നു.

കാഴ്ചയുടെ പരമാനന്ദം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാ?
എങ്കിൽ നിതീഷ് തിവാരിയുടെ രാമായണം ഒന്നാം ഭാഗത്തിനായി ടിക്കറ്റെടുത്തോളൂ.
അവതാർ ഉൾപ്പെടെയുള്ള വിദേശ സിനിമകൾ കണ്ട് അന്തം വിട്ട നമുക്ക് ലോകത്തോട് പറയാം.
ഇതാ ഞങ്ങളുടെ അവതാർ...

Keywords:

home ad2 16*9

Recent in Cinema

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞