കണ്ണൂരിലെ കള്ളൻ
മോഹൻ കെ കൃഷ്ണൻ
18 April 2025, 2:34 am
ചെറുകഥ എന്ന സാഹിത്യ സങ്കേതത്തെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച കാഥികനായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. വാസനാവികൃതി എന്നാണ് ആദ്യകഥയുടെ പേര്. മക്കത്തായം വഴിയും മരുമക്കത്തായം വഴിയും മോഷണം വാസനയായി ലഭിച്ച കാടതിരുള്ള വീട്ടിലെ ഒരു പഴയ കള്ളന്റെ കഥയാണിത്.
മോഷണവും അക്രമ വാസനയും ജന്മനാൽ സിദ്ധമായ ഇക്കണ്ടക്കുറുപ്പെന്ന കഥാനായകൻ തൃശ്ശൂരിലെ ഒരു നമ്പൂതിരിയുടെ ഭവനത്തിലാണ് കവർച്ചയ്ക്കു കയറുന്നത്. മുതലുകൾ ഉള്ളിടങ്ങൾ കള്ളന്മാർക്ക് അറിയാം. നമ്പൂതിരി ഉണരാതിരിക്കാൻ പാലിൽ കറുപ്പ് നൽകിയായിരുന്നു കലാപരിപാടി. കട്ടമുതൽ കാമുകിയായ കല്യാണിക്കുട്ടിക്കു നൽകുകയായിരുന്നു കുറുപ്പ്. പുത്ര പുത്രി കളത്രാദികൾ ആയിട്ടില്ല.കാമുകി ആ ആഭരണപ്പെട്ടിയിൽ നിന്നും ഒരു മോതിരം പ്രണയത്തിന്റെ ഉപഹാരമായി കുറുപ്പിന്റെ വിരലിൽ ചാർത്തുകയും ചെയ്തു.
നിലാവുണ്ടെന്നു കരുതി വെളുക്കും വരെ കക്കാൻ ഒരു കള്ളനും ഇതുവരെയും കഴിഞ്ഞിട്ടില്ലല്ലോ. കാമുകി ചാർത്തിക്കൊടുത്ത മോതിരം തന്നെ വിനയായി.മോഷണത്തിനുള്ള തെളിവുമായി. മോഷണക്കുറ്റം മാത്രമല്ല അമിതമായി കറുപ്പു നൽകി നമ്പൂതിരിയെ കൊല്ലാൻ ശ്രമിച്ചു എന്ന അധിക കുറ്റവും ഇക്കണ്ടക്കുറുപ്പിന്റെ തലയിലായി. കള്ളൻ അങ്ങനെ പിടിക്കപ്പെട്ടു. പൂർവ്വികർ ഉള്ളതിനാലും അവരിൽ ആദരവുള്ളതിനാലും അവരുടെ സൽപ്പേരിനു കളങ്കം വരാതിരിക്കാനും മോഷണകല നിർത്തി കാശിക്കു പോകാൻ ഇക്കണ്ടക്കുറുപ്പു തീരുമാനിക്കുന്നതോടെ വാസനാ വികൃതി എന്ന ആദ്യ ചെറുകഥക്ക് പരിസമാപ്തിയാകുന്നു.
ഇന്നായിരുന്നെങ്കിൽ ഈ കഥയ്ക്ക് ഈ പരിണാമഗുപ്തി ആവശ്യമില്ല. ചോര വാസനയ്ക്ക് മൂല്യവും ജനപ്രീതിയും ആരാധനയും ഏറിയ നവയുഗമാണിത്. പാപബോധവും മോക്ഷ യാത്രയും കാലം വിസ്മൃതമാക്കിയ അനുഷ്ഠാനങ്ങളുമായും മാറിക്കഴിഞ്ഞു
പുതിയ ഭാവുകത്വം ഇങ്ങനെയാണ്:
മഴ ഉറങ്ങി. മഴ ചെറുതായി.രവി ചാഞ്ഞു കിടന്നു. മൂകളിൽ, വെളുത്ത കാലവർഷം പെരു വിരലോളം ചുരുങ്ങി. ബസ് വരാനായി രവി കാത്തു കിടന്നു.(ഓ.വി വിജയൻ.) കാലത്തെ,കർമത്തെ, ഭാവുകത്വത്തെ, അസ്തിത്വത്തെ, ജീവിതത്തിന്റെ വിധിവിപര്യയങ്ങളെ പൊളിച്ചെഴുതുന്ന രവി കഥാകാരന്റെ പരകായ പ്രവേശമായി മാറുകയാണിവിടെ.
ഇന്നത്തെ തളിപ്പറമ്പയിൽ പണ്ടത്തെ പെരിഞ്ചല്ലൂർ ഗ്രാമത്തിൽ 1861ലാണ് കുഞ്ഞിരാമൻ എന്ന കേസരി പിറന്നത്. ജന്മിയായിട്ടും അടിയാൻമാർ നൽകിയ പുരസ്കാരം വിലക്കുകൾ അവഗണിച്ചു സ്വീകരിച്ചു.1891ൽ വിദ്യാവിനോദിനിയിലായിരുന്നു ഈ കള്ളന്റെ ഈ കഥ അച്ചടിച്ചു വന്നത്.
Keywords:
Recent in Culture
Must Read
Latest News
In News for a while now..