NewsAd1
'ചെക്കോവിന്റെ കുതിര വണ്ടിയിൽ' വായിക്കുമ്പോൾ: ഡോ. ടി കെ സന്തോഷ്കുമാർ
ഡോ. ടി കെ സന്തോഷ് കുമാർ
10 April 2026, 2:10 pm
main image of news

കെ.എം വേണുഗോപാൽ,
ചേട്ടാ നിങ്ങൾ എന്നെ കരയിക്കുന്നു.
ചെക്കോവിൻ്റെ കുതിരവണ്ടിയിൽ എന്ന പുസ്തകം ഇന്ന് കിട്ടി. അതിൻ്റെ ആമുഖത്തിൽ നിങ്ങൾ എഴുതിയത് ഞാൻ വായിക്കട്ടെ: " മരണം അടുത്തുണ്ട് എന്ന തോന്നൽ മുറുകിയപ്പോൾ ഖേദങ്ങളുടെ വരവായി. അമ്മയെ രക്ഷിക്കാഞ്ഞത്, അച്ഛൻ്റെ മനസ്സുടച്ചത്, പ്രണയം പറയാതിരുന്നത്, വാക്കുപാലിക്കാഞ്ഞത്.

 image 2 of news

കെ എം വേണുഗോപാൽ എഴുതിയ ചെക്കോവിന്റെ കുതിരകൾ എന്ന പുസ്തകത്തിന്റെ വായനാനുഭവം എഴുത്തുകാരനും അധ്യാപകനുമായ ഡോ. ടി കെ സന്തോഷ്കുമാർ പങ്കു വയ്ക്കുന്നു. (ഡോ. ടി കെ സന്തോഷ് കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്)

കെ.എം വേണുഗോപാൽ,
ചേട്ടാ നിങ്ങൾ എന്നെ കരയിക്കുന്നു.
'ചെക്കോവിൻ്റെ കുതിരവണ്ടിയിൽ' എന്ന പുസ്തകം ഇന്ന് കിട്ടി. അതിൻ്റെ ആമുഖത്തിൽ നിങ്ങൾ എഴുതിയത് ഞാൻ വായിക്കട്ടെ: " മരണം അടുത്തുണ്ട് എന്ന തോന്നൽ മുറുകിയപ്പോൾ ഖേദങ്ങളുടെ വരവായി. അമ്മയെ രക്ഷിക്കാഞ്ഞത്, അച്ഛൻ്റെ മനസ്സുടച്ചത്, പ്രണയം പറയാതിരുന്നത്, വാക്കുപാലിക്കാഞ്ഞത്.
HomeAd1
 image 3 of news

ശരീരം ഇടറി വീഴുകയും മനസ്സ് നങ്കൂരം തിരയുകയും ചെയ്തപ്പോഴാണ് ആരോഗ്യനികേതനത്തിൽ മനസ്സുറച്ചത്. ശാന്തതയോടെ മൃത്യുദേവതയെ കാത്തിരിക്കുന്ന ജീവൻ മശായിയുടെ ചിത്രം കീമോതെറാപ്പിയെക്കാൾ ഫലപ്രദമായി. "

മരണഭയത്തിൻ്റെ നിഴലിൽ ഇരുന്നെഴുതിയതാണ് ഈ പുസ്തകം എന്ന് സ്വയം സാക്ഷ്യപ്പെടുത്തുമ്പോൾ, തൊണ്ണൂറുകളിൽ കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൻ്റെ ഹോസ്റ്റലിൽ വച്ച് ഞാൻ വായിച്ച നിങ്ങളുടെ ആദ്യപുസ്തകമായ വിലാപങ്ങളുടെ പുസ്തകവും അങ്ങനെ തന്നെയായിരുന്നു എന്നത് ഞാൻ ഓർക്കുന്നു. ഞാൻ എം. എ യ്ക്ക് എത്തുമ്പോൾ നിങ്ങൾ ക്യാമ്പസ് വിട്ടിരുന്നു. മഴ തീർന്നാലും മരം പെയ്യുമല്ലോ. കെ.പി. അപ്പൻ്റെ ക്ഷോഭിക്കുന്നവരുടെ സുവിശേഷം പോലെ വിലാപങ്ങളുടെ പുസ്തകം അക്കാലത്ത് എൻ്റെ ഒരു കൈപ്പുസ്തകമായിരുന്നു. എം. എ യും ജേണലിസം ഡിപ്ലോമയും കഴിഞ്ഞ് മലയാള മനോരമയിൽ ഒരു ഇൻ്റർവ്യൂവിന് ചെന്നപ്പോൾ
അന്നത്തെ മലയാളസാഹിത്യനിരൂപണത്തിലെ പ്രധാനപേരുകൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ എൻ്റെ നാവിൽ നിന്നിറങ്ങിയത് കെ. പി. അപ്പൻ, പി.കെ. രാജശേഖരൻ , കെ. എം. വേണുഗോപാൽ എന്നായിരുന്നു. കെ. എം. വേണുഗോപാൽ അന്ന് മലയാള മനോരമയിൽ സ്റ്റാഫായിരുന്നു.
വാങ്ങിയതും അയച്ചു കിട്ടിയതും ലൈബ്രറിയിൽ നിന്ന് എടുത്തതുമായ പുസ്തകങ്ങൾ എൻ്റെ മുന്നിലിരിക്കുന്നു. പക്ഷേ ഇന്ന് തപാലിലെത്തിയ ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം പെട്ടെന്നു തന്നെ ഞാൻ ഹൃദിസ്ഥമാക്കി. എനിക്ക് എന്നെത്തന്നെ വായിക്കാൻ എളുപ്പമാണല്ലോ എന്നുതോന്നി. അതുകൊണ്ട് ഇതെഴുതാൻ എളുപ്പം.

 image 4 of news

വായനക്കാരേ, ചെക്കോവിൻ്റെ കുതിരവണ്ടിയിൽ നിങ്ങൾ കയറണം. അതു നിങ്ങളെ അതിജീവിപ്പിക്കും. എഴുത്ത് / സാഹിത്യം, മരുന്നും മന്ത്രവുമായി മാറുന്നതെങ്ങനെ എന്നതിൻ്റെ സാക്ഷ്യം. കലിയും കാവ്യൗഷധങ്ങളും എന്ന പുസ്തകത്തിൻ്റെ തുടർച്ച ;വിപുലത ; ദാർശനികത ; മൗലികത . താരാശങ്കർ ബന്ദ്യോപാദ്ധ്യായയുടെ അരോഗ്യനികേതനം എന്ന നോവലിലെ ചികിത്സാദർശനം എന്ന ഖണ്ഡം ഈ പുസ്തകത്തിൻ്റെ നാഡിയാണ്. അതിൽ തൊടുക എന്നത് പ്രയാസകരമാണ്. എനിക്കറിയില്ല, പണ്ടെപ്പോഴോ ആ നോവൽ ഒരു നോവായി എൻ്റെ മനസ്സിൽ കയറിക്കൂടിയതാണ്. അതിൻ്റെ ഒരു പൊളിഞ്ഞ പതിപ്പ് ഇപ്പോഴും എൻ്റെ ഒപ്പമുണ്ട് . അതിൻ്റെ ഒരു പുതുപതിപ്പ് ഗവേഷണകാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക്, വിവാഹസമ്മാനമായി ഒപ്പിട്ടു നൽകി. മലയാളത്തിൽ ആ നോവൽ എൻ്റെ ജേണലിസം ഗുരുനാഥൻ ടി എൻ ഗോപകുമാർ ജീവൻമശായ് എന്ന പേരിൽ സിനിമയാക്കിയിരുന്നു. അതിൻ്റെ പ്രിവ്യൂ കണ്ട് ഞാൻ കലാകൗമുദിയിൽ റിവ്യൂ എഴുതി. പ്രസ് ക്ലബിൻ്റെ സൗഹൃദസംഗമത്തിൽ ടി . എൻ. ജി. എന്നെ കൂട്ടുകാർക്ക് പരിചയപ്പെടുത്തി. കെട്ടിപ്പിടിച്ചു. സിനിമ ആരുടെ തോന്നലാണ് എന്ന എൻ്റെ പുസ്തകത്തിൽ ആ ലേഖനം ഇപ്പോഴുണ്ട്. അങ്ങനെ പണ്ടുപണ്ടേ ആരോഗ്യനികേതനം എൻ്റെ കൂടെയുണ്ട്.

ചെക്കോവിൻ്റെ കുതിരവണ്ടിയിൽ താങ്കൾ എഴുതുന്നുണ്ടല്ലോ: " നാം എപ്പോഴും ഒറ്റപ്പെട്ടിരിക്കുന്നു. എന്നും ഇനിയും അങ്ങനെയായിരിക്കും..... സ്നേഹമുള്ളിടത്തോളം സ്നേഹിക്കപ്പെടത്തവരുമുണ്ടാകും. സമ്പത്തുള്ളിടത്തോളം ദരിദ്രരുമുണ്ടാകും. ഉത്സാഹമുള്ളിടത്തോളം മന്ദതയും. ലോകം അങ്ങനെയാണ്. ചെക്കോവ് ഒരിക്കൽ പറഞ്ഞു,Art doesn't have to solve problems,it only has to formulate them correctly. പ്രശ്നത്തിൻ്റെ ഒരു ഭാഗവും നിഷേധിക്കാതെ പൂർണ്ണതയിൽ അറിയിക്കുക എന്നതേ കലാകാരനും ചെയ്യാനാവൂ " . വാസ്തവത്തിൽ പൂർണ്ണത ഒന്നില്ലല്ലോ.

ആരോഗ്യനികേതനം ബംഗാളി നോവലാണെങ്കിലും അത് നമ്മെ ബന്ധിക്കുന്നത് പ്രാധാനമായും നാഡി പിടിച്ചു നോക്കലിലൂടെയാണ്. ത്രിദോഷങ്ങളുടെ ഏറ്റിറക്കങ്ങൾ; മുത്യംദേവതയുടെ കാലൊച്ചകൾ ... എല്ലാം നാഡീസ്പന്ദങ്ങൾ വൈദ്യനിലെത്തിക്കും. ഈ പുസ്തകത്തിൽ ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ആരോഗ്യനികേതനത്തിലെ ചികിത്സാദർശനം ഏഴ് ഖണ്ഡങ്ങളിലായി വേണുഗോപാൽ എഴുതുമ്പോൾ, വ്യക്തിജീവിതത്തിൽ അദ്ദേഹം നടത്തിയ അത്തരം ചികിത്സാസംഗമങ്ങൾ ഞാൻ ഓർക്കുകകയാണ് . ചങ്ങമ്പള്ളി കുഞ്ഞാലൻ ഗുരുക്കളെ വേണുഗോപാൽ ഇൻ്റർവ്യൂ ചെയ്തപ്പോൾ ആദ്യത്തെ ചോദ്യം, " നാഡി നോക്കി ചികിത്സിക്കുന്ന രീതി ഇവിടെയുണ്ടല്ലോ, അതിൻ്റെ പ്രത്യേകത എന്താണ്?" എന്നായിരുന്നു. അഭിമുഖങ്ങൾ എന്ന പുസ്തകത്തിൽ, ജീവൻ വസിക്കുന്ന കുടിൽ എന്ന പേരിൽ അത് നമുക്ക് ഇപ്പോഴും വായിക്കാം. ആ ചോദ്യത്തിൻ്റെ ഉത്തരം, " ലോകത്ത് എത്രയോ കോടി ജനങ്ങളുണ്ടെങ്കിലും അവരുടെയെല്ലാം വിരലടയാളങ്ങൾ വ്യത്യസ്തമാണ്. ലോകത്ത് അവരെ അടയാളപ്പെടുത്തുന്നത് ഈ വ്യത്യസ്തതയാണ് . നാഡിയുടെ താളം ശ്രദ്ധിക്കുന്ന വൈദ്യന് പകർന്നു കിട്ടുന്നതും ഈ വ്യത്യസ്തതയാണ്. " ജീവൻ മശായിയെത്തന്നെയല്ലേ ഇവിടെ പകർത്തിയിരിക്കുന്നത്? വേണുഗോപാൽ ഈ പുസ്തകത്തിൽ ആരോഗ്യനികേതനത്തെ മുൻനിർത്തി എഴുതുന്നുണ്ട്, " നാഡികൾക്കുള്ളിൽ കാലത്തിൻ്റെ കാലൊച്ച കേൾക്കാം എന്നതാണു മശായിയുടെ വിശേഷജ്ഞാനം. അതുതന്നെയാണ് ശാപവും." സ്വന്തം പുത്രൻ്റെ നാഡി പിടിച്ചു മരണം പ്രവചിക്കേണ്ടിവന്നതിൻ്റെ നിസ്സഹായത , ദീർഘനിശ്വാസ ങ്ങൾക്കപ്പുറം ജീവിതത്തെ വിഴുങ്ങുന്ന വ്യസനമാണ്. അത്തരം വ്യസനങ്ങൾക്കൊപ്പം നീന്തുന്നതാണ് ജീവിതം. "വ്യഥപോലറിവോതിടുന്ന സദ്ഗുരുവും മർത്ത്യനു വേറയില്ല " (ആശാൻ) എന്ന ബോധം നമ്മെ നമ്മുടെ തന്നെ മറവികളിൽ നിന്ന് വിമുക്തമാക്കുന്നു. അതുകൊണ്ട് ഈ പുസ്തകം ഞാൻ ഒന്നുകൂടി വായിക്കുന്നു

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞