മനസ്സിനെ നോവിക്കുന്ന യക്ഷിക്കഥ
ഡോ. ടി കെ സന്തോഷ്കുമാർ
15 April 2026, 5:55 pm
കലാച്ചി വായിച്ചു തീർന്നു. എഴുത്തുകാരി എന്ന നിലയിൽ നോവലിൻ്റെ കലയിൽ കെ. ആർ. മീര വീണ്ടും വിസ്മയം തീർത്തിരിക്കുകയാണ്. നോവൽ ഇറങ്ങിയപ്പോൾത്തന്നെ വാങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് വായിച്ചു പൂർത്തിയായത് .
സർറിയലിസ്റ്റിക് അനുഭവങ്ങളുടെ മാന്ത്രികഘടനയിലൂടെ നടുക്കുന്ന യഥാർത്ഥ്യങ്ങളുടെ ആവിഷ്കാരം. ജാപ്പനീസ് യക്ഷിക്കഥയുമായി ആദ്യം തന്നെ ആഖ്യാനത്തെ മീര ബന്ധിപ്പിച്ചു. അത് കണ്ടപ്പോൾ മീര തന്നെത്തന്നെ വിശദമാക്കി എഴുതിയ സന്ദർഭം ഞാൻ ഓർത്തു:" ദുർമരണം പ്രാപിച്ചൊരുവൾ ആവാസമുറപ്പിച്ച പാലമരമായിരുന്നു ഞാൻ. നിരന്തരം ആഞ്ഞടിച്ച ചുഴലിക്കാറ്റുകളിൽ അവളും ഞാനും ഒന്നിച്ചുലഞ്ഞു. ഇളകി മറിച്ച ഭൂകമ്പങ്ങളിൽ അവളും ഞാനും ഒന്നിച്ചു ചുഴന്നു. എപ്പോഴോ അവളേത് ഞാനേത് എന്ന വേർതിരിവു മാഞ്ഞു . എൻ്റെ വരണ്ട പുറംതൊലി മുറിഞ്ഞപ്പോൾ അവളുടെ വയലറ്റ് രക്തമൊഴുകി. അവളുടെ മഞ്ഞൾക്കണ്ണീരിൽ എനിക്കു കടൽപ്പച്ചവേരുകൾ പൊടിച്ചു. അവളുടെ മയിൽനീലയസ്ഥികളിൽ തൂവെള്ളശിഖരങ്ങൾ പടർന്നു. അവൾ ഹൃദയച്ചുവപ്പുള്ള ഇലകൾ കൊഴിച്ചു. കടുപ്പമുള്ള കല്ലുകൾ പുഷ്പിച്ചു."
മീര തന്നിലെ എഴുത്തുകാരിയേയും എഴുത്തിനേയും കണ്ടെത്തുന്ന വിധം കലാച്ചിയിൽ കൂടുതൽ തീവ്രമായി അനുഭവിക്കാൻ പറ്റുന്നു.
യക്ഷി കുടികൊണ്ട പാലമരം; ആഞ്ഞടിച്ച ചുഴലിക്കാറ്റുകൾ; ഇളകി മറിച്ച ഭൂകമ്പങ്ങൾ; യക്ഷിയും താനും തമ്മിലുള്ള വേർതിരിവ് ഇല്ലാതാകൽ - ഈ പ്രക്രിയകളെല്ലാം ഈ നോവലിനെ യക്ഷിക്കഥയുടെ മാന്ത്രികതയിലേക്ക് പിടിച്ചു കൊണ്ടുപോകുന്നു. അതിൻ്റെ ആഖ്യാനഭൂപടം രാജ്യാതിർത്തി കടന്ന് പോകുകയാണ്. കസഖ്സ്ഥാനിലേക്ക്; ഉറക്കവ്യാധി ബാധിച്ച നഷ്ട പ്രദേശത്തേക്ക് . ആ പോക്കിൽ രാഷ്ട്രീയവും മതവും ദേശീയവാദവും കുഴഞ്ഞുമറിഞ്ഞ പൗരത്വത്തിൻ്റെ സംഘർഷം കൊടുമ്പിരി കൊള്ളുകയാണ്. അത് നമ്മുടെ തന്നെ ദേശാതിർത്തികളെയും സ്ഥലകാലങ്ങളെയും മുഖാമുഖം നിർത്തുന്നു. അങ്ങനെ നോവൽ രാഷ്ട്രീയഭാഷയായി പരിണമിക്കുകയാണ്.
മീരയുടെ കഥകളിലും നോവലുകളിലുമെല്ലാം നിർഭയം മുഴങ്ങുന്ന രാഷ്ട്രീയം തന്നെയാണത്.
മീര പറയുന്നുണ്ട്: " കലാച്ചി ഒരു നോവലാണ്. നോവൽ മാത്രമാണ്. ഇതിലെ വസ്തുതകളും രാഷ്ട്രീയവും ചരിത്രവും നിരീക്ഷണങ്ങളും ഒക്കെ എൻ്റേതാണ്. ഇതെല്ലാം ഒരു സ്വപ്നാടകയുടെ വാക്കുകളായി സ്വീകരിക്കുക. ഉറക്കത്തിൽ സംസാരിക്കുന്ന ഒരുവളുടെ വാക്കുകൾക്കുള്ള നിയമസാധുതമാത്രം കല്പിച്ചു തരിക. "
ഇത് വായിക്കുന്നവരുടെ മനസ്സ് നോവണം എന്നു മീര ആഗ്രഹിക്കുന്നു.
തീർച്ചയായും കലാച്ചി നമ്മെ നോവിക്കുന്ന നോവലാണ്. ആ നോവ് നമ്മെ മൂടിയിരിക്കുന്ന ഉറക്കത്തിൽ നിന്നും ഉറക്കം നടിക്കലിൽ നിന്നും അടിച്ചുണർത്തുന്നു. ആ നിലയിൽ ഈ നോവൽ ദേശരാഷ്ട്രകഥാനുയായി ആണ്. അക്ഷരാർത്ഥത്തിൽ ഒരോ സംഭവപരമ്പരയും രക്തം പൊടിഞ്ഞവയാണ്. ശ്വാസം മുട്ടിക്കുന്നതാണ്.മനുഷ്യത്വഹീനമായ മത-രാഷ്ട്രീയ ബാന്ധവത്തിൽ ചതഞ്ഞരയുന്ന ജീവനുകൾ. എല്ലാം യക്ഷിക്കഥകൾക്ക് സമാനം.
യക്ഷിക്കഥകളിലും ഉറക്കക്കഥകളിലും ഏറ്റവും പഴക്കമേറിയ ജപ്പാനിലെ വാമൊഴിക്കഥയായ ഉരശിമ തരോ നോവലിലൂടനീളം ആഖ്യാനത്തെ മാന്ത്രികമാക്കുന്നു. കടലോര ഗ്രാമത്തിലെ യുവാവായിരുന്ന ഉരശിമ താരോ
ഒരു ദിവസം കടൽത്തീരത്ത് കുട്ടികൾ ഉപദ്രവിച്ച ഒരു കടലാമക്കുഞ്ഞിനെ രക്ഷിച്ചു. ആ കടലാമക്കുഞ്ഞ് സമുദ്രങ്ങളുടെ ചക്രവർത്തിയുടെ മകളായിരുന്നു. പിറ്റേന്നു തീരത്തിരിക്കെ ഒരു ഭീമൻ കടലാമ കയറി വന്ന് ഉരശിമ തരോയോട് പറഞ്ഞു, ചക്രവർത്തിയും മകളും താങ്കളെ കാണാനും നന്ദി പറയാനും ആഗ്രഹിക്കുന്നുവെന്ന്.
വെള്ളത്തിനടിയിൽ ശ്വസിക്കാൻ ലഭിച്ച മാന്ത്രികച്ചെകിളകളുമായി ഉരശിമ തരോ സമുദ്രാന്തരത്തിലെ കൊട്ടാരത്തിലെത്തി. ഉരശിമയുടെ മുന്നിൽ അതീവ സുന്ദരിയായ രാജകുമാരിയായി ആ കടലാമക്കുഞ്ഞ് മാറി. അവൾക്കൊപ്പം അയാൾ രാജകീയസൗഭാഗ്യങ്ങൾ അനുഭവിച്ച് കൊട്ടാരത്തിൽ കഴിഞ്ഞു.
മൂന്നാം ദിനം അയാൾക്ക് അമ്മയെ ഓർമ്മ വന്നപ്പോൾ മടങ്ങിപ്പോകാൻ തീരുമാനിച്ചു.
അപ്പോൾ രാജകുമാരി, ഒരിക്കലും തുറക്കരുത് എന്നു നിർദ്ദേശിച്ച് ഒരു പേടകം അയാൾക്ക് നൽകി. തീരത്ത് തിരിച്ചെത്തിയപ്പോൾ അവിടം തീർത്തും അപരിചിതമായി അയാൾക്ക് അനുഭവപ്പെട്ടു. അയാൾ പരിഭ്രാന്തനായി. അയാൾ അയാളെ അവിടെയെല്ലാം അന്വേഷിച്ചപ്പോൾ ഒരാൾ പറഞ്ഞു, പത്തു മുന്നൂറു കൊല്ലം മുമ്പ് അയാളുടെ പേരുള്ള ഒരാളെ കടലിൽ കാണാതായിട്ടുള്ളതായി അയാളുടെ മുത്തശ്ശി പറഞ്ഞ കാര്യം.
ഈ കഥാസന്ദർഭത്തിൽ നോവലിസ്റ്റ് എഴുതുന്നുണ്ട്: "അപ്പനപ്പൂപ്പന്മാരും ബന്ധുക്കളായവരും ജീവിച്ചു മരിച്ച നാട്ടിൽ താൻ അപരിചിതനും അന്യനുമായെന്ന സത്യത്തോട് അയാൾക്ക് പൊരുത്തപ്പെടേണ്ടിവന്നു. " കേവലം മൂന്നു ദിവസം മുന്നൂറു വർഷത്തിൻ്റെ
അപരിചിതത്വം സൃഷ്ടിച്ചു.
തീരത്തിരുന്ന് അയാൾ ഹൃദയം പൊട്ടിക്കരയുകയാണ്. അയളുടെ ആ കരച്ചിലാണ് കലാച്ചി.
നോവൽ എന്ന സാഹിത്യഗണത്തിൽ ഞാൻ
ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് കെ. ആർ. മീര . അതിനു പ്രധാന കാരണം ആരാച്ചാർ എന്ന നോവലാണ്. മാധ്യമം ആഴ്ചപ്പതിപ്പിൽ ആ നോവൽ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു. നോവൽ പുസ്തകരൂപത്തിൽ എത്തിയപ്പോൾ വീണ്ടും വായിച്ചു. അതിൻ്റെ ദൈർഘ്യം കാരണം വായിക്കാൻ വിഷമപ്പെട്ട പല സ്നേഹിതരും വിയോജിപ്പുകൾ പറഞ്ഞു. അപ്പോൾ എനിക്ക് തോന്നിയത്, മലയാള ഭാഷയിൽ ഇത്രയും വലിയ ഒരു നോവൽ ഒരു സ്ത്രീ എഴുതിയിട്ടുണ്ടോ എന്നതായിരുന്നു. ബൃഹത്തും നല്ലതുമായ നോവൽ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും സാധ്യമാകും എന്ന സാക്ഷ്യപ്പെടുത്തലാണ് ആരാച്ചാറിലൂടെ മീര നടത്തിയത്. നോവലിൻ്റെ ബൃഹദ്ഘടന ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല.
കലാച്ചിയും നോവലിൻ്റെ ബൃഹദ്ഘടനയെ കലാത്മകമാക്കുന്നു. അത് ഈ കാലം ആവശ്യപ്പെടുന്ന യക്ഷിക്കഥയുടെ മാന്ത്രിക ഘടനയിലാണ്. നമ്മൾ ജീവിക്കുന്ന കാലത്തിൻ്റെ അതിജീവനത്തിന് ഇത്തരം യക്ഷിക്കഥ വേണ്ടി വരുന്നു. അത് നമ്മെ നമ്മുടെ നിദ്രകളിൽ നിന്ന് ഉണർത്തുന്നു. കലയുടെ യഥാർത്ഥ ധർമ്മം അതാണ് . അതിന് ആലസ്യത്തിൽ നിന്ന് മനുഷ്യരാശിയെ ഉണർത്താൻ പറ്റും. വലിയ എഴുത്തുകാർ എപ്പോഴും മനുഷ്യപക്ഷത്തു നില്ക്കുന്നവരാണ്.